

സിനിമാപ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളായി മാറാന്‍ ഒരുങ്ങുകയാണ് ഓഗസ്റ്റ്. ലോകേഷ് കനകരാജിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം മുതല്‍ സൂര്യ, വിശാല്‍, മാധവന്‍, നയന്‍താര, രവി മോഹന്‍ തുടങ്ങിയവരുടെ വമ്പന്‍ പ്രോജക്ടുകള്‍ വരെ തിയേറ്ററുകളിലെത്തുന്നു. ഓഗസ്റ്റില്‍ റിലീസിനൊരുങ്ങുന്ന എട്ട് തമിഴ് ചിത്രങ്ങളെക്കുറിച്ച് അറിയാം.
ഡിസി
റിലീസ്- ഓഗസ്റ്റ് 7
സംവിധായകന്‍ ലോകേഷ് കനകരാജ് നായകനായി അഭിനയരംഗത്തേക്ക് കടന്നുവരുന്ന ചിത്രം. അനീതിക്കും പോലീസ് അതിക്രമങ്ങള്‍ക്കും എതിരെ പോരാടുന്നവരുടെ കഥയാണ് അരുണ്‍ മാതേശ്വരന്‍ ചിത്രീകരിക്കുന്നത്. ലോകേഷ് കനകരാജിനൊപ്പം വാമിക ഗബ്ബി, സഞ്ജന കൃഷ്ണമൂര്‍ത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ജിഡിഎന്‍
റിലീസ്- ഓഗസ്റ്റ് 7
പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായിയുമായ ജി.ഡി. നായിഡുവിന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ബയോപിക് ആണിത്. ആര്‍. മാധവന്‍, പ്രിയാമണി, ദുഷാര വിജയന്‍ എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍. കൃഷ്ണകുമാര്‍ രാംകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഫോട്ടോഗ്രാഫര്‍
റിലീസ്- ഓഗസ്റ്റ് 7
മതികെട്ടാന്‍ ചോല എന്ന ദുരൂഹത നിറഞ്ഞ വനത്തിലേക്ക് അപൂര്‍വമായ കാഴ്ചകള്‍ പകര്‍ത്തുവാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന മിസ്റ്ററി മാജിക് ഡ്രാമ. അഷറഫ്, ജനനി സനാതനം, കരുണാകരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം അബ്ദുള്‍ ബാസിത് സയ്യിദ്.
മഗുടം
റിലീസ്- ഓഗസ്റ്റ് 14
ശാന്തനായ അച്ഛന്‍ തന്റെ മകനെ അധോലോക സംഘങ്ങളില്‍ നിന്ന് രക്ഷിക്കാനായി സ്വന്തം ഭൂതകാലത്തിലെ അക്രമത്തിന്റെ വഴിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്ന ആക്ഷന്‍ ത്രില്ലര്‍. വിശാല്‍, ദുഷാര വിജയന്‍, അഞ്ജലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍. സംവിധാനം വിശാല്‍.
വിശ്വനാഥ് ആന്‍ഡ് സണ്‍സ്
റിലീസ്- ഓഗസ്റ്റ് 14
40-ാം വയസില്‍ കരിയറിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന പിസ്റ്റള്‍ ഷൂട്ടര്‍ സഞ്ജയ് വിശ്വനാഥിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യ, മമിത ബൈജു, രവീണ ടണ്ടന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വെങ്കി അറ്റ്‌ലൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍.
ഹായ്
റിലീസ്- ഓഗസ്റ്റ് 14
പ്രണയത്തെക്കുറിച്ച് വേറിട്ട രണ്ട് ചിന്താഗതികളുള്ള വ്യക്തികള്‍ യാദൃശ്ചികമായി ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ പ്രമേയമാക്കുന്ന റൊമാന്റിക് ഡ്രാമ. നയന്‍താരയും കവിനുമാണ് പ്രധാന കഥാപാത്രങ്ങള്‍. വിഷ്ണു ഇടവന്‍ ആണ് സംവിധാനം.
മോധാ രാത്തിരി
റിലീസ്- ഓഗസ്റ്റ് 21
ഒരു രാത്രിയില്‍ നടക്കുന്ന അപൂര്‍വ വിവാഹവും, അതില്‍ പുറത്തുവരുന്ന രഹസ്യങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും കോര്‍ത്തിണക്കിയ കോമഡി ത്രില്ലര്‍. ഋഷികാന്ത്, അനിഷ്മ അനില്‍കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍. രാജ കറുപ്പസാമിയാണ് ചിത്രത്തിന്റെ സംവിധാനം.
കരാട്ടെ ബാബു
റിലീസ്- ഓഗസ്റ്റ് 28
രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന ഒരു പ്രാദേശിക നേതാവിന്റെ ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ നിമിഷങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ചിത്രം. രവി മോഹന്‍, നാസര്‍, ശക്തി വാസുദേവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നു. ഗണേഷ് കെ. ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.