

മണിരത്‌നത്തിന്റെപുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊല്‍ക്കത്തയില്‍ ആരംഭിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തില്‍നിന്നുള്ളതാണു ദൃശ്യങ്ങള്‍. വിജയ് സേതുപതിയുടെ പുതിയ ലുക്കിന് കൈയടിക്കുകയാണ് ആരാധകർ. സായ് പല്ലവിയും പുതിയ മേക്ക് ഓവറിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
'ചെക്ക ചിവന്ത വാനത്തിന്' (2018) ശേഷം മണിരത്‌നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം, സായ് പല്ലവി ആദ്യമായാണ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രണയകഥകള്‍ പശ്ചാത്തലമാക്കുന്നതില്‍ പ്രശസ്തനായ മണിരത്‌നത്തിന്റെ ഈ ചിത്രവും റൊമാന്റിക് ഡ്രാമയായാണ് ഒരുങ്ങുന്നത്.
'മൗനരാഗം', 'അലൈപായുതേ', 'ഓ കാതല്‍ കണ്‍മണി' തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അദ്ദേഹം വീണ്ടും ഈ ജോണറിലേക്കു തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും സുഭാസ്‌കരന്റെ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എ.ആര്‍. റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്. മണിരത്‌നവും എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്ന 20-ാമത്തെ ചിത്രം കൂടിയാണിത്. കമല്‍ ഹാസന്‍ നായകനായെത്തിയ 'തഗ് ലൈഫ്' ആയിരുന്നു മണിരത്‌നത്തിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.