

സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ നിശ്ചയവും തിയതിയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള് പുറത്ത്. വിവാഹത്തോടനുബന്ധിച്ചുള്ള വിഐപി സ്വീകരണച്ചടങ്ങ് നവംബര് 21-ന് ചെന്നൈയിലെ ഐടിസി ഗ്രാന്ഡ് ചോള ഹോട്ടലില് നടക്കുമെന്ന് ഔദ്യോഗിക ക്ഷണക്കത്തുകള് സ്ഥിരീകരിക്കുന്നു.
നവംബര് 11-ന് ഗ്രീസിലാണ് വിവാഹച്ചടങ്ങുകള് നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഇതിനുശേഷമാണ് ചെന്നൈയില് പ്രമുഖര്ക്കായി വിപുലമായ വിരുന്നുസത്കാരം സംഘടിപ്പിക്കുന്നത്.
വിവാഹത്തോടനുബന്ധിച്ച് പ്രമുഖ രാഷ്ട്രീയ-സിനിമാ നേതാക്കള്ക്ക് കുടുംബാംഗങ്ങള് നേരിട്ട് ക്ഷണക്കത്തുകള് കൈമാറിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തുടങ്ങി നിരവധി പ്രമുഖരെ മാരൻ കുടുംബം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കാവ്യയുടെ പിതാവും സണ് ഗ്രൂപ്പ് ചെയര്മാനുമായ കലാനിധി മാരനും ഭാര്യ കാവേരി മാരനും നേരിട്ടെത്തിയാണ് വിവാഹത്തിന്റെ ക്ഷണക്കത്തുകള് നല്കിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ക്ഷണിക്കാൻ ഇവർക്കൊപ്പം അനിരുദ്ധുമുണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും കലാനിധി മാരനും ഭാര്യയും നേരിട്ടെത്തി വിവാഹവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിന്റെയും ഹൈദ്രാബാദ് സൺ റൈസേഴ്സ് ഉടമ കാവ്യ മാരന്റെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള് സോഷ്യല് മീഡിയയില് സജീവമായിരുന്നു. ഈ വര്ഷത്തെ ഏറ്റവും വലിയ താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്.