

തമിഴ് സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷത്തിന് ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ ശനിയാഴ്ച സാക്ഷിയായി. തമിഴ്നാട് മുഖ്യമന്ത്രിയും സിനിമാതാരവുമായ വിജയ്‌യും തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അജിത്ത് കുമാറും നോർതാംപ്ടണിലുള്ള സിൽവർസ്റ്റോണിൽ കണ്ടുമുട്ടി. ഏറെക്കാലമായി ഇരുതാരങ്ങളും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷലിൻ ലെ മാൻസ് കപ്പ് റേസിനിടെയാണ് വിജയ് അജിത്തിനെ കാണാനെത്തിയത്. റേസിങ് താരം കൂടിയായ അജിത്ത് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ വിജയ് റേസ് ഫ്ലാഗ് ഓഫ് ചെയ്യാനാണ് വേദിയിലെത്തിയത്.
ആവേശഭരിതരായ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷം അജിത്തും വിജയ്‌യും ഊഷ്മളമായി ആലിംഗനം ചെയ്തു. ക്യാമറകളുടെ വലിയ നിരയ്ക്ക് മുന്നിലേക്ക് കാറിൽനിന്ന് ഇരുവരും ഇറങ്ങിയപ്പോൾ വേദിയിൽ ‘തല’, ‘ദളപതി’ വിളികൾ മുഴങ്ങി. ബ്രൗൺ നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ വിജയ് റേസിങ് സ്യൂട്ടിലായിരുന്ന അജിത്തിനെ കണ്ട് ഓടിയെത്തി ആലിംഗനം ചെയ്തത് ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു.
ഇരുതാരങ്ങളുടെയും കൂടിക്കാഴ്ച സ്ഥിരീകരിച്ചതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ആവേശമായിരുന്നു. സിനിമാരംഗത്ത് സഹപ്രവർത്തകരായി 34 വർഷം പിന്നിടുന്ന അജിത്തും വിജയ്‌യും തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളായും ഏറ്റവുമധികം ആരാധകപിന്തുണയുള്ള എതിരാളികളുമായാണ് കണക്കാക്കപ്പെടുന്നത്. ഇരുവരുടെയും ആരാധകർക്കിടയിൽ നിരന്തരം മത്സരം നിലനിൽക്കുന്നതിനാൽ, ഇരുതാരങ്ങളും ഒരേ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ നിമിഷം പോലും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.
കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ മോട്ടോർസ്പോർട്സിന് വിജയ് നല്കുന്ന പിന്തുണയെ പ്രശംസിച്ച് അജിത്ത് ആവേശം വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ മോട്ടോർസ്പോർട്സിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ വിജയ് നടത്തുന്ന ശ്രമങ്ങളിൽ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു. സിൽവർസ്റ്റോണിലെത്തി സമയം ചെലവഴിച്ചതിന് തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌ക്ക് നന്ദി അറിയിച്ച അജിത്ത്, സിനിമാരംഗത്ത് തങ്ങൾ 34 വർഷമായി സഹപ്രവർത്തകരാണെന്നും വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ചു.
യോഗ്യതാ റൗണ്ടിൽ എട്ടാം സ്ഥാനത്തെത്തിയ ശേഷമാണ് അജിത്ത് റേസിൽ പങ്കെടുക്കാനൊരുങ്ങിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നിരവധി ആരാധകർ അജിത്തിന് ആവേശകരമായ പിന്തുണ നൽകുകയും ചെയ്തു. ഇതിനിടെ കമന്റേറ്റർ അജിത്തിനെ ‘സിൽവർ ഹെഡ് ടോം ക്രൂസ്’ എന്നാണ് വിശേഷിപ്പിച്ചത്. വിജയ്-അജിത്ത് കൂടിക്കാഴ്ചയുടെ നിർണായക നിമിഷത്തിനായി കാത്തുനിന്ന ആരാധകർ വിജയ്‌യുടെ പോസ്റ്ററുകളുമായി സർക്യൂട്ടിലെ ഗ്രാൻഡ്സ്റ്റാൻഡുകളിലും നിറഞ്ഞു.