
ആദ്യ സിനിമയിലെ ആദ്യ ദിനത്തിലെ ഷൂട്ടിങ് കഴിഞ്ഞ സന്തോഷത്തള്ളിച്ചയിലായിരുന്നു മഞ്ജുഷ തനിക്കായി അനുവദിച്ചിരിക്കുന്ന മുറിയിലേക്ക് രാത്രിഭക്ഷണവും കഴിഞ്ഞെത്തിയത്. ഹിമാലയം ചവിട്ടിക്കേറി വെന്നിക്കൊടി സ്ഥാപിച്ച ഒരുവളുടെ ആവേശത്തിരയായിരുന്നു അവളുടെ മനസ്സിൽ. താൻ ഒരു സിനിമാ നടിയായി മാറുന്നു എന്ന അവിശ്വസനീയമായ നേര് സ്വയം വിശ്വസിപ്പിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
ഉറക്കം മെല്ലെ മെല്ലെ കൺപോളകളിൽ നൃത്തം ചെയ്യാൻ തുടങ്ങുന്ന നേരത്താണ് ആ ശബ്ദം കേട്ടത്. ചില ആക്രോശങ്ങളും ഒരു സ്ത്രീയുടെ കരച്ചിലും പോലെ തോന്നി അവൾക്കത്. മുറിയുടെ പുറത്തായിട്ടാണ് അവൾക്കാ ശബ്ദവും അനക്കങ്ങളും അനുഭവപ്പെട്ടത്. എന്താണ് പ്രശ്നം എന്ന് അറിയാനുള്ള ആകാംക്ഷയോടെ ഓടിച്ചെന്ന് വാതിൽ തുറന്ന അവൾ ഞെട്ടിപ്പോയി. പാതി നഗ്നയായ ഒരു പെൺകുട്ടിയെ രണ്ടു മൂന്നു പേർ ചേർന്ന് വലിച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് അവളുടെ കണ്ണിൽ പെട്ടത്.
ആ ഭീതിപ്പെടുത്തുന്ന അതിക്രമം മഞ്ജുഷയെ അസ്വസ്ഥമാക്കുക മാത്രമല്ല, രോഷാകുലയാക്കുകയും ചെയ്തു. ആ പെൺകുട്ടിയെയും ഇവരെയും താൻ സെറ്റിൽവെച്ച് എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ.. അവൾക്കതായിരുന്നു സംശയം. അവൾ ഉറക്കെ നിലവിളിച്ചു. 'എന്താ നിങ്ങൾ ചെയ്യുന്നത്, എന്താ പ്രശ്നം? എന്തിനാ ഇവളെ ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്? അവളെ വിടൂ, അവളെ വിടാൻ!'
ഒപ്പം തന്നെ ആ പെൺകുട്ടിയും നിലവിളിച്ചു: 'മാഡം, എന്നെ രക്ഷിക്കൂ, മാഡം, എന്നെ രക്ഷിക്കൂ.'
മഞ്ജുഷ ധൈര്യം സംഭരിച്ച് ഓടിച്ചെന്ന്, അവരുടെ മുന്നിൽ നിന്ന് കൊണ്ടവരെ തടഞ്ഞു: 'ഞാൻ ഒച്ചയിടും. അവളെ വിടൂ. ഈ അക്രമം ഞാൻ അനുവദിക്കില്ല.'
അക്കൂട്ടത്തിലെ താടി വച്ചൊരുത്തൻ അയാളുടെ മുഖം കടുപ്പിച്ച്, പല്ല് ഇറുക്കിക്കൊണ്ട്, അവളുടെ മുന്നിലേക്ക് എത്തി കൈ ചൂണ്ടി പറഞ്ഞു: 'മാറിനിന്നോ.. അതാ നിനക്ക് നല്ലത്. നിനക്കെന്താ ഇതിൽ കാര്യം? നീയിത് കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല. വെറുതെ കേറി വിളയാൻ നിന്നാൽ നീ അനുഭവിക്കും. കേറി പൊയ്ക്കോ മുറിയിലേക്ക്.'
അതിനുള്ളിൽ, പിന്നിൽ നിന്ന് മറ്റൊരുത്തൻ ആക്രോശിച്ച്കൊണ്ട് കയറി വന്നു: 'എന്റെ പൊന്ന് താരമേ, വേണ്ടാത്തതിൽ ഒന്നും കേറി ഇടപെടല്ലേ. ഇത് ആർക്ക് വേണ്ടിയാണ് നിനക്കറിയാമോ? നീ ഞെട്ടിപ്പോകും. വേണ്ട, നീ അറിയണ്ട. അതല്ല, ഇവിടെ നടക്കുന്നത് കണ്ട് നിന്റെ മനസ്സ് നടുങ്ങുന്നുവെങ്കിൽ ഒരു കാര്യം ചെയ്യാം. ഇവളെ വിട്ടേക്കാം. പകരം നിന്നെക്കൊണ്ടുപോകാം. എന്താ വരുന്നോ?'
പകച്ച് മഞ്ജുഷ പിന്നിലേക്ക് ഒരു അടി വെച്ചു. അവൾ സ്വന്തം മുറിയിലേക്ക് ഓടിപ്പോയി. അതിനിടെ, അവൾ പിറകിലേക്ക് നോക്കി പറഞ്ഞു: 'നോക്കിക്കോ, ഞാൻ പോലീസിനെ അറിയിക്കും. ഉറപ്പായും വിളിക്കും. എന്ത് തെമ്മാടിത്തരവും കാണിച്ചു കൂട്ടാംന്ന് വിചാരിക്കണ്ട.'
അവളത് പറഞ്ഞ് തീരുന്നതിനു മുന്നേ തന്നെ ആ താടിക്കാരൻ അവളുടെ നേരെ പാഞ്ഞെത്തുന്നത് കണ്ടവൾ വിറച്ചു. എങ്ങനെയൊക്കെയോ അതിനുള്ളിൽ തന്നെ അവൾ പെട്ടെന്ന് വാതിൽ അടച്ചു ഭദ്രമാക്കി. സ്വല്പനേരം വാതിൽ ചവിട്ടുന്ന ശബ്ദം ഉണ്ടായിരുന്നെങ്കിലും, പിന്നീട് പെൺകുട്ടിയുടെ ശബ്ദം നേർത്ത് വന്നതിൽ നിന്ന് അവരവളെ കൊണ്ടുപോയിരിക്കണം എന്ന് മഞ്ജുഷ ഊഹിച്ചു.
അവൾ ഉടനെ തന്നെ എമർജൻസി നമ്പർ ഉപയോഗിച്ച് പോലീസിനെ വിളിച്ച് പരാതി പറഞ്ഞു. നടന്ന സംഭവത്തെക്കുറിച്ച് വിവരങ്ങൾ എല്ലാം അവൾ പങ്കുവെച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് വേണ്ട നടപടികൾ എടുത്തോളാം എന്ന ഉറപ്പിന്റെ ആശ്വാസത്തിൽ അവൾ വിറയ്ക്കുന്ന മനസ്സുമായി നേരം കഴിച്ചുകൂട്ടി.
അര-മുക്കാൽ മണിക്കൂർ കഴിഞ്ഞിരിക്കണം, വാതിലിൽ വീണ്ടും മുട്ട് വന്നു. അവൾ ഞെട്ടിയിറുങ്ങി. തുറക്കുന്നതെന്ത് ധൈര്യത്തിൽ? ആരായിരിക്കും പുറത്ത് എന്ന് എങ്ങനെ അറിയാം? അതും ഇത്തരം ഒരു അതിക്രമം നടന്നതിന്റെ തൊട്ടു പുറകെ! നേരവും പന്തിയല്ല! അവളുടെ മനസ്സിൽ ഭയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി .
'വാതിൽ തുറക്ക്. പോലീസ് ആണ്..' പുറത്ത് നിന്നുള്ള വാക്കുകൾ അധികാര സ്വരത്തിലായിരുന്നു.
അവൾ മടിച്ചു, മടിച്ചു വാതിൽ തുറന്നു. പക്ഷെ പുറത്ത് പോലീസ് ആയിരുന്നില്ല, നേരത്തെ കണ്ടവർക്ക് പുറമേ രണ്ട് പുതിയ മുഖങ്ങളും ഉണ്ടായിരുന്നു.
അവൾ ഞെട്ടി വിറച്ച് വാതിൽ അടയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, അവർ ഉള്ളിലേക്ക് തള്ളിക്കയറി വന്നു. 'നീ പോലീസിനെ വിളിച്ചല്ലേ! പോലീസാണ് ഞങ്ങളെ അന്വേഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. ഞങ്ങൾ വന്നിരിക്കുന്നത് പോലീസിന്റെ ആൾക്കാരായാ. അവര് വിളിച്ചു പറഞ്ഞിരുന്നു. നീ എന്ത് വിചാരിച്ചു, പോലീസിനെ വിളിച്ചു പറഞ്ഞാൽ ഉടനെ ഇവിടെ ഒരു പോലീസ് പടയെത്തുമെന്നോ? ഞങ്ങളെ പൊക്കുമെന്നോ?”
മഞ്ജുഷ ഭയംകൊണ്ട് ഇറുകി വലിഞ്ഞു വിറയ്ക്കുന്നുണ്ടായിരുന്നു.
'നാളത്തെ നിന്റെ സീൻ ബലാൽക്കാരത്തിന്റേതാണ്, നിനക്കറിയാമല്ലോ. വില്ലൻ ടോം ലാലൻ നിന്നെ ആരുമില്ലാത്ത നേരത്ത് വന്ന് പീഡിപ്പിക്കുന്ന രംഗം. ഒരു ചെറിയ റിഹേഴ്സൽ നന്നായിരിക്കും അല്ലേ, താരമേ? അങ്ങനെയാവുമ്പോൾ കുറച്ചുകൂടി സ്വാഭാവികത കൂടും അഭിനയത്തിൽ, അല്ലേ?' പുതിയ മുഖങ്ങളിലൊരുവൻ ചോദിച്ചു.
ഞെട്ടി വിറങ്ങലിച്ചു നിൽക്കുന്ന മഞ്ജുഷ ദയനീയ സ്വരത്തിൽ കൈകൂപ്പി കേണു: 'അയ്യോ, പ്ലീസ് ഒന്നും ചെയ്യല്ലേ, ഒന്നും ചെയ്യല്ലേ.'
അവൻ ഉറക്കെ ചിരിച്ചു. 'ഇല്ല നിന്നെ തീരെ വിഷമിപ്പിക്കില്ല. നീ വില്ലനാരെന്നറിയണ്ട. എടാ, അവളുടെ കണ്ണും വായും ഇത് വച്ച് അടച്ചോ..' അവൻ ഒരു സ്കാർഫ് കൊടുത്തുകൊണ്ട് പറഞ്ഞു.
താടിക്കാരൻ അതുടനെ കൈയിൽ മേടിച്ച് മഞ്ജുഷയുടെ കണ്ണ് ഇറുക്കിയടച്ചു കെട്ടി, അവളെ എടുത്തു മുറിക്ക് പുറമേക്കെവിടെയോ കൊണ്ടുപോയി. കയ്യും കാലുമിട്ടടിച്ച് കരഞ്ഞു കൊണ്ടിരുന്ന അവളുടെ അരണ്ട ശബ്ദം പുറത്തേക്ക് വന്നതേയില്ല.
അലറിക്കുതിച്ചുകൊണ്ടിരുന്ന അവളെ ഏതോ ഒരു മുറിയിലെ കട്ടിലിൽ കിടത്തി കൈ കെട്ടിയത് മാത്രം അവൾക്കറിയാം. പിന്നീട് ഏതോ കുന്നിൽ നിന്നുരുൾപൊട്ടുന്നത് പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്. ദേഹത്തിന് മീതെക്കൂടെ ഭീകര വേഗത്തിൽ ഉരുളൻ കല്ലുകൾ അവിടവിടെ മുട്ടി ഇടിച്ച് , കയറിയിറങ്ങുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു. പരുപരുത്ത പാറക്കല്ലുകളും ഭീകരശക്തിയോട് മീതേ വീഴുന്നത് പോലെ.. പലതും ദേഹത്തിലേക്ക് തുളച്ചുകയറുന്ന പോലെ!
ആദ്യമാദ്യം അവൾ എതിർക്കാൻ മനസ്സു കൊണ്ടും ദേഹം കൊണ്ടും ശ്രമിച്ചിരുന്നെങ്കിലും ക്രമേണ ബലക്ഷയം വന്ന് അവൾ തളർന്നവശമായി കിടന്നു. മണിക്കൂറുകൾക്ക് ശേഷം അവളെ റൂമിലേക്ക് തിരിച്ച് കൊണ്ട് കിടത്തുമ്പോഴും ദേഹമാസകലം നോവെടുത്തിരുന്ന അവളുടെ മനസ്സതൊരു ദു:സ്വപ്നമായിരിക്കണം എന്നാഗ്രഹിച്ചുകൊണ്ടേയിരുന്നു.
രാത്രി കടന്നുപോയിയെങ്കിലും മഞ്ജുഷക്ക് ഞെട്ടലിൽ നിന്ന് പുറത്തു വരാനായിരുന്നില്ല. കുത്തുന്ന വേദനയും കത്തുന്ന നീറ്റലും ചൂളിക്കുന്ന നാണക്കേടും അവളെ ആകെ പുതഞ്ഞു നിന്നിരുന്നു. ഉറക്കമിറങ്ങിപ്പോയ അവളുടെ കണ്ണുകളിൽ ക്ഷീണം ചടഞ്ഞു കൂടി നിന്നു.
രാത്രിയിൽ നടന്നത് ഒരു ഫെയ്സ്ബുക്ക് റീൽ പോലെ ആവർത്തിച്ചാവർത്തിച്ച് അവളുടെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു!
വീണ്ടും കണ്ണു തുറന്നത് ആ കാസ്റ്റിങ് അസിസ്റ്റന്റിന്റെ ശബ്ദം കേട്ടു കൊണ്ടായിരുന്നു. 'എന്താണ് ഇത്ര നേരമായും ഉണർന്നില്ലേ? ഷോട്ട് എടുക്കാൻ നേരമായിത്തുടങ്ങി. പെട്ടെന്ന് റെഡിയാകൂ. ഞാനൊരു 10 മിനിറ്റിൽ തിരിച്ചു വരാം. വേഗം വേഷം മാറിപ്പോണം. ക്യാമറയും സെറ്റും തയ്യാറായി കൊണ്ടിരിക്കുന്നു.'
തലേ ദിവസം കൂടെ നിന്നിരുന്ന അതേ കാസ്റ്റിങ് അസിസ്റ്റൻറ് ആയിരുന്നതെന്ന് അവളറിഞ്ഞു. പലയിടങ്ങളിലും വേദനിക്കുന്ന ശരീരവും അതിലേറെ നോവുന്ന മനസ്സുമായി അവൾ കട്ടിലിൽ കുറച്ചു നേരം കൂടി ഇരുന്നു. എല്ലാം നഷ്ടപ്പെട്ട മനസ്സുമായി, അവൾ സാവധാനം എഴുന്നേറ്റു കുളിമുറിയിൽ പോയി, കണ്ണാടി നോക്കിക്കൊണ്ട് ഏങ്ങിക്കരഞ്ഞു.
കണ്ണാടിയിലെ തന്റെ പ്രതിബിംബം മാത്രമുണ്ട് കൂടെ നിന്ന് ദു:ഖം പങ്കിടാൻ! പ്രതിച്ഛായ തന്നോട് പറയുന്ന പോലെ: 'പലതിനും ഒരു പ്രതിവിധിയും ഉണ്ടാകാൻ ഇടയില്ല, മോളേ.'
എരിയുന്ന ദേഹഭാഗങ്ങളിൽ അവൾ വിതുമ്പി വിതുമ്പി സോപ്പ് തേച്ചു കൊണ്ടിരുന്നു. വീണ്ടും കുളിമുറിയുടെ വാതിൽ താണ്ടി, ആ ശബ്ദം അവളെ തേടി വന്നു. 'ഇനിയും വൈകിയാൽ ഷെഡ്യൂൾ തെറ്റും. പുറത്തേക്ക് വരൂ. ഷോട്ടിന് വേണ്ടി മേക്കപ്പ് ചെയ്തു, ഉടുപ്പും അണിഞ്ഞ്... പോകാറായി. വേഗമാവട്ടെ.'
മരവിച്ച ഹൃദയം കയ്യിലൊതുക്കി, മഞ്ജുഷ കുളി അവസാനിപ്പിച്ച് പുറത്തേക്ക് വന്ന്, കാസ്റ്റിങ് അസിസ്റ്റൻറിന്റെ കൂടെ തണുത്തുറഞ്ഞ ഒരു പ്രതിമ പോലെ നടന്നു. മേക്കപ്പും ഡ്രസ്സിങ്ങും കഴിഞ്ഞ മഞ്ജുഷ സെറ്റിൽ ഒരു പ്രതിമയായിരുന്നു.
സെറ്റിലെത്തിയ ഡയറക്ടർ മഞ്ജുഷയോട് വിശദീകരിച്ചു: 'മഞ്ജുഷാ, അറിയാമല്ലോ..? ഇന്നത്തെ രംഗത്തിൽ, വില്ലൻ നിന്നെ വീട്ടിൽ ഒറ്റയ്ക്ക് കിട്ടുന്ന നേരത്ത് പീഡിപ്പിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യാൻ പോകുന്നത്. രംഗങ്ങളും ഡയലോഗും ഒന്നുകൂടെ വായിച്ചു റെഡിയായിരുന്നോളൂ. ടോം ലാലൻ വന്ന ഉടനെ ഷോട്ട് തുടങ്ങാം. എന്താ ചെറിയൊരു ഉന്മേഷക്കുറവ് പോലെ?”
അവൾ എല്ലാത്തിനും യാന്ത്രികമായ ഒരു തലയാട്ടിലൂടെ മറുപടി നൽകി, കടലാസുകൾ കയ്യിലെടുത്ത് വായിച്ച് കൊണ്ടിരുന്നു.
ആദ്യ ടേക്കിൽ തന്നെ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്ത് തീർത്തുകഴിഞ്ഞ ശേഷം, മഞ്ജുഷയോട് ഡയറക്ടർ അത്ഭുതത്തോടെ പറഞ്ഞു: 'ഒറ്റ ടേക്കിൽ ഇത് തീർക്കാനായി എന്നത് എന്നെ വിസ്മയിപ്പിക്കുന്നു. സത്യം പറയട്ടെ, നീ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വിശ്വാസവുമുണ്ടായിരുന്നില്ല. നിന്റെ ബോഡി ലാംഗ്വേജ്, മുഖഭാവങ്ങൾ, എന്നെ അതിശയിപ്പിച്ചു, മഞ്ജുഷാ. ഈ റേപ്പ് സീനിൽ നീ അഭിനയിക്കുക അല്ലായിരുന്നു, മഞ്ജുഷാ. നീ ജീവിക്കുകയായിരുന്നു. ഒരു നവതാരമായ നീ ഇത്ര തന്മയത്വത്തോടെ അഭിനയിക്കുമെന്ന് ഞാൻ കരുതിയതേ ഇല്ല. നീ ഉയരങ്ങൾ താണ്ടും. സംശയമേയില്ല, ഉയരങ്ങൾ താണ്ടും.”
വില്ലനായ ടോം ലാലനും അതേ അഭിപ്രായം ആയിരുന്നു: 'മഞ്ജുഷ മാസ്സാണ്. എന്തൊരു ജീവസ്സുറ്റ അഭിനയം! ഈ സിനിമ പൊളിക്കും ഉറപ്പാ.'
എല്ലാറ്റിനും മറുപടിയായി മഞ്ജുഷ ഒരു കുഞ്ഞു പുഞ്ചിരി നിർബന്ധിച്ച് മുഖത്ത് കൊണ്ടുവന്നു. പക്ഷെ, ഒന്നും ഉരിയാടാതെ അവൾ താഴേക്ക് നോക്കിക്കൊണ്ടിരുന്നു.
പതിയെപ്പതിയെ അവളുടെ മനസ്സിലൊരു ചോദ്യം കുരുത്തുവന്നു. 'എന്റെ മീതെ നടന്ന ഒരതിക്രമത്തിന് ഞാനിത്തരത്തിൽ എന്നെത്തന്നെ സ്വയം പഴിക്കുന്നതാണോ ശരി? ഇതിലെന്റെ മാത്രമായ ദോഷമെന്ത്? ഞാനിതിൽ നിന്ന് ഉയർത്തെഴുന്നേൽക്കാതിരിക്കുന്നതല്ലേ അതിലും വലിയ വീഴ്ച? ഒന്നും പ്രതിവിധിയാകില്ലെങ്കിലും, ഞാൻ തകരില്ല, ഇതിന്റെ പേരിൽ സ്വയം തകരാൻ ഞാനെന്നെയനുവദിക്കരുത്.'
'അതെ, സിനിമയിലേ അഭിനയമല്ലേ ഇവർ കണ്ടിട്ടുള്ളൂ, ജീവിതത്തിലെ അഭിനയത്തെ മനസ്സിലാക്കാൻ എളുപ്പമല്ലല്ലോ. ഉള്ളുരുകിയാലും, പുറമേക്ക് ഉറച്ച പാറയായി നിന്നാലേ നിക്കാനാവൂ, എന്റെ ജീവനിലതിക്രമിച്ചവരെ എനിക്ക് തോല്പിക്കാനാവൂ.' ഉറച്ചൊരു തീരുമാനവുമായി അവൾ അവളുടെ കനൽകണ്ണുകൾ ചുറ്റുമോടിച്ചു.
ചുറ്റിലുള്ള ചിലരൊക്കെ അവളുടെ കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ, പ്രയാസപ്പെട്ട് മുഖം ഒളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.