
മദ്രാസിലേയ്ക്കുള്ള തീവണ്ടി യാത്രയിലാണ് നെടുമുടി വേണു ലോഹിയോട് മനസ്സിലുള്ള ആ കഥാതന്തു പറയുന്നത്. നാടകക്കാരായ ഒരു അപ്പനും മകനും അവരുടെ ഹൃദയബന്ധങ്ങളും പശ്ചാത്തലമാക്കിയ കുടുംബകഥ. നടൻ ഇന്നസെൻ്റും അദ്ദേഹത്തിൻ്റെ അപ്പനും തമ്മിലുള്ള ബന്ധത്തിൽ നിന്നായിരുന്നു നെടുമുടിക്ക് കഥയുടെ പ്രചോദനം കിട്ടിയിരുന്നത്. ലോഹിയും സിബിയും ചർച്ചചെയ്ത് അതിനെ പ്രൊജക്ടാക്കി. കൃഷിക്കാരനായ അപ്പനും അയാളുടെ മകനും എന്ന നാടൻ പശ്ചാത്തലത്തിലാണ് ലോഹി കഥ ഒരുക്കിയത്. മോഹൻലാലിനെ നായകനാക്കി കോഴിക്കോടു വെച്ച് ഷൂട്ടിങ്ങും തീരുമാനിക്കപ്പെട്ടു. മദ്രാസിലെ ആർ.ആർ തീയേറ്ററിൽ രണ്ട് ഗാനങ്ങളുടെ റെക്കോഡിങ് രവീന്ദ്രൻ മാഷ് തീർത്തിട്ടുണ്ട്.
പടം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് കോഴിക്കോട് മഹാറാണി ഹോട്ടലിൽ മോഹൻലാലും സിബിയും ലോഹിയും രവീന്ദ്രനുമടക്കം എല്ലാവരും ഒത്തുചേർന്നു. മോഹൻലാൽ അഭ്യർഥിച്ചതു പ്രകാരം കഥ ഒന്നുകൂടി വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്തു ലോഹി. പൂജയുടെ അന്ന് രാവിലെയാണ് ഇതുമായി സാദൃശ്യമുള്ള മറ്റൊരു കഥ ഉണ്ടെന്ന് എല്ലാവരും അറിയുന്നത്. ബാലചന്ദ്രമേനോൻ്റെ 'ഒരു പൈങ്കിളിക്കഥ' എന്ന സിനിമയുടെ കഥയാണ് എങ്ങനെയോ ഈ കഥയുമായി സാമ്യതയിൽ വന്നിരുന്നത്. സിബിയുടെ അസിസ്റ്റൻ്റായിരുന്ന പിന്നീട് സംവിധായകനായ ജോസ് തോമസായിരുന്നു സാദൃശ്യം കണ്ടെത്തിയത്. 1984 ൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ 'ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ?...' എന്ന ഗാനം പോലും എല്ലാവർക്കും അത്രയേറെ പരിചിതമായിരുന്നിട്ടും കഥയിലെ ഈ സാദൃശ്യം സംവിധായകനും തിരക്കഥാകൃത്തും ശ്രദ്ധിച്ചിരുന്നില്ല. ലോഹിയും സിബിയും ഇക്കാര്യം സംസാരിച്ചു. തല്ക്കാലം പൂജ നടക്കട്ടെ എന്ന് സിബി തീരുമാനിച്ചു. പൂജയ്ക്കു ശേഷം നിർമാതാവ് സെവൻ ആർട്സ് വിജയകുമാറുമായും ലാലുമായും സിബി ഈ പ്രതിസന്ധി ചർച്ച ചെയ്തു.
വിവരം പതുക്കെ എല്ലാവരും അറിഞ്ഞു. പുതിയ കഥയും തിരക്കഥയുമായി ഷൂട്ടിങ് തുടങ്ങാൻ ഒരു വർഷമെങ്കിലും താമസിക്കുമെന്നും തത്കാലം ഈ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വരുമെന്നും എല്ലാവരും ഉറപ്പിച്ചു. ഉത്സവത്തിരക്കിൽ നിന്ന മഹാറാണി ഹോട്ടൽ മരണവീടുപോലെ നിശ്ശബ്ദമായി.
'ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു കഥ കണ്ടെത്താൻ കഴിഞ്ഞാൽ പ്രോജക്ട് നടക്കും. അല്ലെങ്കിൽ ഇതു നടക്കില്ല. എന്തു പറയുന്നു?' ഇതായിരുന്നു മോഹൻലാലിൻ്റെ ചോദ്യം. അങ്ങേയറ്റം വിഷമിപ്പിക്കുന്ന ചോദ്യമാണെങ്കിലും സിബി പറഞ്ഞ മറുപടി കേട്ട് ലാലും വിജയകുമാറും ഞെട്ടി. ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് പുതിയ കഥയുമായി വരുമെന്ന് ഉറപ്പു പറഞ്ഞ് സിബി ലാലിൻ്റെ മുറിയിൽ നിന്നിറങ്ങി. തൻ്റെ വജ്രായുധമായ ലോഹിതദാസ് എന്ന പ്രതിഭയിലുള്ള അകമഴിഞ്ഞ വിശ്വാസം മാത്രമാവണം സിബിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്.
സിനിമ നടക്കണമെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ പുതിയ കഥ കണ്ടെത്തണം. കടുത്ത പ്രതിസന്ധിയുടെ മുന്നിലും കീഴടങ്ങാൻ ലോഹിയിലെ പ്രതിഭ തയ്യാറായില്ല. സിബിയും ലോഹിയും കൂടി കാറിൽ പുറത്തു പോയി. കോഴിക്കോട് ബീച്ചിലൂടെ നടന്ന് കുറഞ്ഞ സമയത്തിനുള്ളിൽ കുറേ കാര്യങ്ങൾ അവർ ചർച്ച ചെയ്തു. ലോഹിക്ക് പ്രധാനമായും സിബിയിൽ നിന്ന് വേണ്ടത് ഒരു അനുമതിയായിരുന്നു. മുമ്പ് സിബിയുടെ കുടുംബത്തിലുണ്ടായ ഒരനുഭവം തിരക്കഥയിൽ ഉപയോഗിക്കാനുള്ള സമ്മതം. സിബിയുടെ കുടുംബത്തിലെ ഒരു പ്രധാന ചടങ്ങ് ആഘോഷപൂർവ്വം നടക്കുമ്പോൾ മുതിർന്ന ഒരു കുടുംബാംഗം മറ്റൊരിടത്ത് മരിച്ചു കിടക്കുകയായിരുന്നു. മാറ്റിവെച്ചാലുള്ള വലിയ ബുദ്ധിമുട്ടുകളാലോചിച്ച് മരണവാർത്ത അധികമാരെയും അറിയിക്കാതെ ചടങ്ങ് നടത്തി. പത്രത്തിൽ വന്ന മരണവാർത്ത മറ്റാരും കാണാതിരിക്കാൻ ആ ഭാഗം ആരോ ഒരാൾ മുറിച്ചെടുത്തത് സിബി ഓർമ്മിച്ചിരുന്നു. സിബി പറഞ്ഞു കേട്ട ആ അനുഭവം ലോഹിയെ വല്ലാതെ സ്വാധീച്ചു. അതാണിപ്പോൾ ലോഹിക്ക് വേണ്ടത്. തീർത്തും തൻ്റെ കുടുംബത്തിനകത്ത് മാത്രമറിയാവുന്ന ആ സംഭവം സിനിമയിലുപയോഗിക്കുന്നതിൻ്റെ അനൗചിത്യമോർത്ത് സിബി ലോഹിയെ പിന്തിരിപ്പിക്കാൻ നോക്കി. ലോഹിയാവട്ടെ താൻ പറഞ്ഞതിൻ്റെ സാധ്യതകൾ സിബിയെ മനസ്സിലാക്കിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ലോഹിയുടെ വാക്കുകളിൽ അതിഗംഭീരമായൊരു സിനിമയുടെ സാധ്യതകൾ കണ്ടറിഞ്ഞ സിബിയിലെ സംവിധായകന് പിന്നെ കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല.
ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അവർ തിരിച്ചു വന്നത് പുതിയ കഥയുമായിട്ടായിരുന്നു. ലാലിനോട് പുതിയ കഥ പറഞ്ഞു. 'ഇത്രയും നല്ല കഥയുണ്ടായിട്ടായിരുന്നോ നിങ്ങൾ വെറുതെ മറ്റു കഥകൾ ആലോചിച്ചത്?' എന്നായിരുന്നു മോഹൻ ലാലിൻ്റെ പ്രതികരണം. ഉണ്ടായിരുന്ന കഥയല്ല, ഇപ്പൊ ഉണ്ടാക്കിയ കഥയാണെന്ന് ലോഹി ചിരിച്ചുകൊണ്ട് പറഞ്ഞു.
മറ്റൊരു പ്രതിസന്ധി കൂടി ഉണ്ടായിരുന്നു. മുമ്പ് തീരുമാനിച്ച കഥയ്ക്ക് വേണ്ടി മോഹൻലാലിനെ കൂടാതെ കാസ്റ്റ് ചെയ്തിരുന്നത് മുരളി, തിക്കുറുശ്ശി, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുചിത്ര, ഒടുവിൽ ഉണ്ണികൃഷ്ണൻ, എം.എസ്. തൃപ്പൂണിത്തുറ, ബോബി കൊട്ടാരക്കര തുടങ്ങിയവരെ ആയിരുന്നു. അവരെല്ലാം ഷൂട്ടിനു വേണ്ടി വരികയും ചെയ്തിട്ടുണ്ട്. ആരെയും മടക്കിയയക്കാൻ പറ്റില്ല. എഴുതാൻ പോകുന്ന തിരക്കഥയിലും ഇവരെയൊക്കെത്തന്നെ അഭിനയിപ്പിക്കേണ്ടി വരും.
പറഞ്ഞ് കാസ്റ്റ് ചെയ്തതുപോലെ എല്ലാവർക്കും യോജിച്ച വേഷങ്ങൾ തന്നെ സൃഷ്ടിക്കാൻ രചനയുടെ മാന്ത്രികനായ ലോഹിക്ക് കഴിഞ്ഞു. നെടുമുടിയുടെ ജോഡിയായ ചേട്ടത്തിയമ്മയായി അഭിനയിക്കാൻ മാത്രം ഒരാളെ അന്വേഷിച്ചു. നടി ലക്ഷ്മിയെ ഉറപ്പിച്ചു. ഫോൺ ചെയ്തന്വേഷിച്ചപ്പോൾ അവർ ഹൈദരാബാദിൽ ഒരു തെലുങ്ക് ലൊക്കേഷനിലേയ്ക്ക് പോവാൻ നിൽക്കുകയാണ്. സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തി മൂന്നാം ദിവസം കോഴിക്കോട്ടെത്തണമെന്ന് ഉറപ്പിച്ചു. തെലുങ്ക് സിനിമ ഓവർടൈം എടുത്ത് തീർത്ത് ഷൂട്ടിങ്ങിൻ്റെ രണ്ടാം ദിവസം ലക്ഷ്മി തൻ്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാവാൻ കോഴിക്കോട്ടെത്തി.
സീനുകൾ എഴുതിത്തുടങ്ങി. കല്ലൂർ രാമനാഥൻ എന്ന പ്രശസ്ത സംഗീതജ്ഞനും കല്ലൂർ ഗോപിനാഥൻ എന്ന സഹോദരനും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ കഥ ശാസ്ത്രീയ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഇഴചേർത്തു. അക്കാലത്ത് സിനിമാ ഇൻഡസ്ട്രി മുഴുവൻ സംസാരവിഷയമായിരുന്ന ഗോസിപ്പായിരുന്നു എം.ജി.രാധാകൃഷ്ണൻ - എം.ജി ശ്രീകുമാർ സഹോദരങ്ങൾക്കിടയിലെ ഈഗോ ക്ലാഷ്. സംഗീതജ്ഞരുടെ കഥ മെനയുമ്പോൾ ലോഹിയുടെയുള്ളിൽ അതും ഒരു ഘടകമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.
ഷൂട്ടിങ് തുടങ്ങും മുമ്പ് അസിസ്റ്റൻറ് ഡയറക്ടേഴ്സിന് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു ലോഹി. രാമനാഥൻ എന്ന വലിയ പാട്ടുകാരന് കച്ചേരി തുടങ്ങുന്ന നേരം ശബ്ദം നഷ്ടമാവുന്നതും ആളുകളെ തൃപ്തിപ്പെടുത്താൻ അനിയൻ ഗോപിനാഥൻ കയറി പാടുന്നതുമായ രംഗം പറഞ്ഞു കഴിഞ്ഞു. അപ്പോഴാണ് ലോഹിയുടെ പ്രിയ സുഹൃത്തും സിബിയുടെ അസിസ്റ്റൻ്റ് ഡയറക്ടറുമായ സുന്ദർദാസ് ഒരു പ്രശ്നം ചൂണ്ടിക്കാണിച്ചത്. 'ശങ്കരാഭരണം' എന്ന പ്രശസ്തമായ ചിത്രത്തിൽ ഇതുപോലൊരു രംഗമുണ്ട്. അത് പ്രശ്നമാവില്ലേ? ലോഹി ചിന്തിച്ചപ്പോൾ ശരിയാണ്. ശബ്ദം നഷ്ടമാവുന്നത് മാറ്റിയേ പറ്റൂ. അതിനുള്ള പോംവഴിയായിട്ടാണ് മദ്യലഹരിയിൽ ശ്രുതിയും താളവും കൈവിട്ടു പോവുന്ന രാമനാഥൻ്റെ അവസ്ഥ ലോഹി സൃഷ്ടിക്കുന്നത്. അത് കഥയിൽ നന്നായി ഇണങ്ങുകയും ചെയ്തു.
മഹാറാണിയിലെ ഒരു മുറിയിൽ തിരക്കഥയെഴുത്തു നടക്കുന്നു മറ്റൊരു മുറിയിൽ കൈതപ്രം ഗാനങ്ങൾ എഴുതുന്നു. അടുത്ത മുറിയിലിരുന്ന് രവീന്ദ്രൻ സംഗീതം ചെയ്യുന്നു. പുതിയ കഥാപാത്രങ്ങൾക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്ന പണി, ചാർട്ടിങ്... എല്ലാവരും എന്തോ വെല്ലുവിളി ഏറ്റെടുത്തതുപോലെ തകൃതിയായി ജോലികൾ ചെയ്തതു കൊണ്ട് നിശ്ചയിച്ച ദിവസം തന്നെ ഷൂട്ടിങ്ങും തുടങ്ങി. ശാസ്ത്രീയസംഗീതത്തിൻ്റെ പശ്ചാത്തലമുള്ള പുതിയ കഥ സംഗീത സംവിധായകന് കടുത്ത ഉത്തരവാദിത്തമാണ് നൽകിയത്. പ്രതിഭകൊണ്ടും പാണ്ഡിത്യം കൊണ്ടും രവീന്ദ്രൻ അതിനെ മറികടക്കുകയായിരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായ 'ഭരതം' പിറവിയെടുക്കുന്നത് ആരും ഭയന്ന് പിന്മാറുന്ന ആ സമ്മർദ്ദത്തിൽ നിന്നായിരുന്നു. സമ്മർദ്ദം ലോഹിയുടെ എഴുത്തിന് ശക്തി കൂട്ടാറേ ഉള്ളൂ എന്ന് പത്നി സിന്ധു ലോഹിതദാസും സാക്ഷ്യപ്പെടുത്തുന്നു. സമ്മർദ്ദത്തെ വെല്ലുവിളിയായെടുത്ത് അതിജീവിക്കാൻ ലോഹിക്കുള്ള സിദ്ധി 'ഭരത'ത്തിൻ്റെ രചനയിൽ പലയിടത്തും വെളിപ്പെട്ടിട്ടുണ്ട്. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ സിബി മലയിൽ അസിസ്റ്റൻ്റായ സുന്ദർദാസിനെ വിളിച്ച് ഒരു ജോലിയേൽപ്പിച്ചു. ആ വീട്ടിൽ അന്ന് ചെയ്യേണ്ട ഡേ സീനുകൾ ഷൂട്ടു ചെയ്ത് കഴിഞ്ഞു. ഉർവ്വശിയുടെ വീടായ മറ്റൊരു ലൊക്കേഷനിൽ അന്ന് രാത്രി ഷൂട്ടു ചെയ്യാനുള്ള സീനും റെഡിയാണ്. പക്ഷേ പന്നിയങ്കര വീട്ടിൽ നിന്ന് ഷിഫ്റ്റ് ചെയ്ത് മറ്റൊരു ലൊക്കേഷനിൽ അടുത്ത രാത്രി സീൻ തുടങ്ങുന്നതിനിടയിൽ നാലഞ്ച് മണിക്കൂർ ഗ്യാപ്പുണ്ട്. മോഹൻലാൽ, നെടുമുടി വേണു, തിക്കുറിശ്ശി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലക്ഷ്മി, കെ.പി.എ.സി ലളിത എന്നിങ്ങനെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും അത്രയും സമയം വെറുതെ ഇരിക്കണം. ഈ വീട്ടിൽ ഷൂട്ടു ചെയ്യാനുള്ള ഒരു പകൽ സീൻ പെട്ടന്ന് ലഭിക്കുകയാണെങ്കിൽ ഷൂട്ടിങ് സമയം പാഴാവാതെ നോക്കാം.
ലോഹിയെ കണ്ട് സീൻ കിട്ടുമോ എന്നു ചോദിക്കാനാണ് സിബി സുന്ദറിനെ വിളിച്ചത്.സുന്ദർദാസ് അപ്പോൾത്തന്നെ ലൊക്കേഷനിൽ നിന്ന് വണ്ടിയുമെടുത്ത് ലോഹിയെ കാണാൻ ചെന്നു. പതിവുപോലെ ഇടത്തരം ഒരു ലോഡ്ജിലിരുന്നാണ് ലോഹി സീനുകൾ എഴുതുന്നത്. ലക്ഷ്വറി ഹോട്ടലുകളിലിരുന്നാൽ പുള്ളിക്ക് ടെൻഷൻ വന്ന് എഴുത്തു നടക്കില്ല. തലയിലൊരു കെട്ടുമായി ബീഡിവലിച്ചിരുന്ന് എഴുതുന്ന ലോഹിയോട് സുന്ദർദാസ് വന്ന കാര്യം പറഞ്ഞു. വൺലൈൻ എഴുതി റെഡിയാക്കി വെച്ചിട്ട് സീനുകളെഴുതുന്ന ശൈലിയാണെങ്കിൽ ഇതത്ര പ്രശ്നമുള്ള കാര്യമല്ല. പക്ഷേ ലോഹിയുടെ ശൈലി മറ്റൊന്നാണ്. കഥ മനസ്സിലിട്ട് നേരിട്ട് സീനുകൾ എഴുതുന്ന രീതി. ഇടയ്ക്ക് ഒരു സീൻ ചോദിച്ചാൽ ഏതു വലിയ തിരക്കഥാകൃത്തും പ്രതിസന്ധിയിലാവുന്ന സന്ദർഭം.
പക്ഷേ'ഞാനൊന്നാലോചിക്കട്ടെ. താനവിടെ ഇരിക്ക്' എന്നായിരുന്നു ലോഹിയുടെ മറുപടി. ഒരു കഷ്ണം കടലാസെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കാനും കണക്കു കൂട്ടാനും തുടങ്ങിയ ലോഹിയെ നോക്കി സുന്ദർദാസ് ഒന്നും മനസ്സിലാവാതെ ഇരുന്നു. അല്പസമയം കഴിഞ്ഞ് സീനുകളെഴുതുന്ന കടലാസെടുത്ത് ലോഹി എഴുതിത്തുടങ്ങി. ബൈ സീനുകളടക്കം നാലു സീനുകൾ അതിവേഗം എഴുതി പൂർത്തിയാക്കി നല്കി. സീൻ വായിച്ച സുന്ദർദാസ് അദ്ഭുതപ്പെട്ടു. എഴുതിയിട്ടില്ലാത്ത പത്തിരുപത് സീനുകൾ മനസ്സിൽ കണ്ട് അതിനപ്പുറത്തുള്ള നാലു സീനുകളാണ് എഴുതിയിട്ടുള്ളത്. ഒരു റഫറൻസുമില്ലാതെ വരാനിരിക്കുന്ന രംഗങ്ങൾ ക്രമം തെറ്റാതെ മനസ്സിൽ ഗണിച്ചെടുത്ത ലോഹിയുടെ അപാരമായ കഴിവു കണ്ടാണ് സുന്ദർദാസ് അമ്പരന്നത്. ഉടൻ തന്നെ സീനുകൾ സിബിയുടെ കൈയിൽ എത്തിക്കുകയും ഒട്ടും നഷ്ടം വരാതെ അന്നത്തെ ദിവസത്തെ പൂർണ്ണമായി സിബി ഉപയോഗപ്പെടുത്തുകയും ചെയ്തു. ലോഹിതദാസിൻ്റെ മനസ്സിൽ താനെഴുതുന്ന തിരക്കഥയുടെ ഏതു ഭാഗവും സ്ഫടികം പോലെ വ്യക്തതയുള്ളതായിരുന്നു എന്നർഥം.
മറക്കാനാവാത്ത പല ഓർമകളും നൽകിയ അത്ഭുത സിനിമയായിരുന്നു 'ഭരതം'. 'രാമകഥാ ഗാനലയം..." എന്ന ഗാനത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത് ശരിക്കും മോഹൻലാലിനെ തീയിൻ്റെ നടുവിൽ ഇരുത്തിയിട്ടായിരുന്നു. മറ്റെന്തെങ്കിലും ഓപ്ഷൻ ഉണ്ടോ എന്നു നോക്കാനൊന്നും അദ്ദേഹം സമ്മതിച്ചില്ല. ഒറ്റ ഷോട്ടിൽ പെർഫെക്ടായി ചിത്രീകരിക്കുന്നതിനായി 'പഞ്ചാഗ്നി' മധ്യത്തിൽ ഇരിക്കാൻ അദ്ദേഹം തയ്യാറായി. പാട്ടിൻ്റെ ദൈർഘ്യമുള്ള വരിയാണ്. ആ സമയം മുഴുവൻ ചൂടിനു നടുവിലിരുന്ന് ഷോട്ടുകഴിയുമ്പോഴേയ്ക്കും ശരീരത്തിലെ രോമങ്ങളൊക്കെ കരിഞ്ഞിരുന്നു. ചർമം ചുളിഞ്ഞിരുന്നു. ലാൽ തൻ്റെ പ്രഫഷണലിസം പ്രകടിപ്പിച്ച മറ്റൊരു സന്ദർഭം കൂടിയായി ഭരതത്തിലെ ആ സീൻ.
കഥ തീരുമാനിക്കപ്പെട്ട് അമ്പത്തിനാലാമത്തെ ദിവസം റിലീസ് ചെയ്ത് ഒരു പക്ഷേ ലോകറെക്കോഡ് സൃഷ്ടിച്ച സിനിമയായിരുന്നു ഭരതം. അങ്ങനെ ചിന്തിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നു. മറ്റൊരു കഥയുമായി സാദൃശ്യം വന്നതും, ലോഹിതദാസ് സമ്മർദ്ദത്തിലായതും പ്രതിസന്ധിയുടെ കടലിൽ നിന്ന് 'ഭരതം' എന്ന മുത്തുമായി ലോഹി പൊങ്ങി വന്നതുമെല്ലാം.
രാമനാഥനും ഗോപിനാഥനും അഭിനയസാധ്യതയുള്ള ഉജ്വല കഥാപാത്രങ്ങളാണെങ്കിലും രാമനാഥൻ താരതമ്യേന ഒരേ ട്രാക്കിൽ പോകുന്ന വേഷമാണ്. ഗോപിയുടേത് സങ്കീർണ്ണമായ ഭാവമാറ്റങ്ങളും അഭിനയത്തിനകത്ത് അഭിനയവും വേണ്ട 'മൾടിട്രാക്ക്' കാരക്ടറായിരുന്നു. നെടുമുടിയും ലാലും അഭിനയത്തിൻ്റെ മത്സരമാണ് പുറത്തെടുത്തതും. ലക്ഷ്മിയും ഉർവ്വശിയും എക്കാലത്തും സ്മരിക്കപ്പെടുന്ന തരത്തിൽ കഥാപാത്രങ്ങൾക്ക് അക്ഷരാർഥത്തിൽ ജീവൻ നൽകി.
തിരക്കഥയ്ക്ക് കയറാവുന്ന പരമാവധി ഔന്നത്യങ്ങളിലേയ്ക്ക് 'ഭരതം' എത്തിപ്പെട്ടു. റിലീസ് കേന്ദ്രങ്ങളിലെല്ലാം ജനസഞ്ചയമുണ്ടായി. അഭിനന്ദനങ്ങളുടെ പ്രളയമായിരുന്നു സിബി - ലോഹി - ലാൽ കൂട്ടുകെട്ടിന്. നേട്ടങ്ങളുടെ ആ യാത്ര അവസാനിച്ചത് മോഹൻലാലിൻ്റെ ആദ്യ 'ഭരത്' അവാർഡ് നേട്ടത്തിലായിരുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച അഭിനയ മുഹൂർത്തമായി പിന്നീട് ഫോക്സ് മാഗസിൻ തെരഞ്ഞെടുത്ത പ്രകടനമായിരുന്നു ലാലിൻ്റേത്. ദേശീയതലത്തിൽ മികച്ച ഗായകനായി യേശുദാസ്. ജൂറിയുടെ പ്രത്യേക പരാമർശത്തിന് സംഗീത സംവിധായകൻ രവീന്ദ്രനും അർഹനായി.
'ഭരത'ത്തിൻ്റെ എഴുത്തും ചിത്രീകരണവും കോഴിക്കോട് നടക്കുമ്പോഴാണ് ആ മഹാ സംഭവമുണ്ടാവുന്നത്. നഗരത്തിലെ പ്രശസ്തമായ ഹോട്ടൽ മുറിയിൽ വെച്ച് ഹൃദയാഘാതമുണ്ടായി പി.പത്മരാജൻ ലോകത്തോടു വിട പറഞ്ഞു. കോഴിക്കോടു തന്നെയുണ്ടായിരുന്ന ലോഹിയടക്കമുള്ള സിനിമാ പ്രവർത്തകരെല്ലാം ഓടിച്ചെന്നു. ലോഹിതദാസിൻ്റെ മനസ്സിന് കനത്ത ആഘാതം നൽകുന്നതായി ആരാധനാപാത്രമായ 'ഫയൽവാൻ്റെ' അന്ത്യം. പ്രകാശഗോപുരവും ഗുരുസ്ഥാനീയനുമായിരുന്നു ലോഹിക്കു പത്മരാജൻ. 'ഒരിടത്തൊരു ഫയൽവാനും' 'കള്ളൻ പവിത്ര'നും ലോഹിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായിരുന്നു.
ദിവസങ്ങളോളം ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ കഥയുടെ ഗന്ധർവ്വൻ വന്ന് അടുത്തിരിക്കുന്നതായും തന്നോടു സംസാരിച്ചു തുടങ്ങുന്നതായും തോന്നും. നാളേറെ കഴിഞ്ഞാണ് ആ ആഘാതത്തിൽ നിന്ന് ലോഹി മോചിതനാവുന്നത്.
(ലോഹി-നിഴലുകൾ ഇഴചേർന്ന നാട്ടുവഴികൾ എന്ന പുസ്തകത്തിൽ നിന്ന്)