മഞ്ഞുമൂടിയ പർവതത്തിൽ തകർന്നുവീണ ഹെലികോപ്റ്ററും വികാരങ്ങൾ മണത്തറിയുന്ന ടീനയും

ഓരോ ആഴ്ചയിലും കാണാവുന്ന മൂന്ന് ലോകസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി- Chai and Cinema
ARCTIC പോസ്റ്റർ
ARCTIC പോസ്റ്റർ അറേഞ്ച്ഡ്
Published on

ARCTIC (2018)

Language- English

Duration-1Hour 30 Minutes

Genre- Adventure / Drama

മഞ്ഞു മൂടിക്കിടക്കുന്ന പർവതനിരകൾ. സൂര്യപ്രകാശം ഇടയ്ക്കിടെ മാത്രം വിരുന്നെത്തും. സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ആ ഭൂമിയിൽ അദ്ദേഹം ഒറ്റയ്ക്കാണ്. ആർട്ടിക് സർക്കിളിൽ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടുപോയ ഓവർഗാർഡ്…

ഹിമപാളികൾക്കടിയിലെ തണുത്ത ജലാശയത്തിൽ നിന്ന് ലഭിക്കുന്ന മത്സ്യം കഴിച്ചാണ് വിശപ്പടക്കുന്നത്. ഓരോ ദിനവും താൻ മരണത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നതെന്ന ബോധ്യം അയാൾക്കുണ്ട്. അതിനാൽ തന്നെ എങ്ങനെയും രക്ഷപെടാൻ ശ്രമിക്കുന്നു. റേഡിയോ വഴി സഹായം അഭ്യർത്ഥിക്കാനുള്ള ശ്രമത്തിനിടയിൽ അദ്ദേഹത്തിനടുത്തേക്ക് ഒരു ഹെലികോപ്റ്റർ എത്തുന്നു. എന്നാൽ ആഞ്ഞടിച്ച ശീതക്കാറ്റിൽ പെട്ട് ആ ഹെലികോപ്റ്റർ തകർന്നുവീഴുന്നു…. !!!

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് 2018-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രം ‘ആർട്ടിക്’ പറയുന്നത്. ജോൺ പെന്നയാണ് സംവിധായകൻ. അധികം സംഭാഷണങ്ങൾ ഇല്ലാതെ തന്നെ ചിത്രം പ്രേക്ഷന്റെ മനസ്സിൽ കയറികൂടുന്നുണ്ട്. കാരണം മാഡ്‌സ് മിക്കിൾസന്റെ ക്ലാസിക് അഭിനയവും അതിഗംഭീര ഛായാഗ്രഹണവുമാണ്. ധ്രുവപ്രദേശത്ത് ഒറ്റപ്പെട്ടുപോയ പര്യവേഷകൻ എങ്ങനെ രക്ഷപ്പെടുമെന്ന് ചിത്രം കണ്ടുതന്നെ അറിയുക.

ARCTIC പോസ്റ്റർ
മുട്ടിനു മുകളിൽ മുറിച്ചു മാറ്റപ്പെട്ട ഒരു കൈ, ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരു ​ഗ്രാമം,കാണാതായ ചെമ്മരിയാടുകൾ..

ഒന്നര മണിക്കൂറിൽ മനോഹരമായ സർവൈവൽ ചിത്രമാണ് ആസ്വാദകന് ലഭിക്കുക. ജീവൻ നിലനിർത്താനുള്ള പോരാട്ടവും മനുഷ്യത്വം കൈവിടാതെയുള്ള പ്രവൃത്തികളും ചിത്രം തുറന്നുകാട്ടുന്നു. 2018-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാര പട്ടികയിൽ ചിത്രം ഇടം പിടിച്ചിരുന്നു. മനോഹരമായ, വളരെ വ്യത്യസ്തമായ ഒരു സർവൈവൽ ചലച്ചിത്രം. കണ്ടുനോക്കുക.

BORDER പോസ്റ്റർ
BORDER പോസ്റ്റർഅറേഞ്ച്ഡ്

BORDER (2018)

Language- Swedish

Duration-1Hour 45 Minutes

Genre- Crime / Drama / Fantasy

കസ്റ്റംസിൽ ജോലി ചെയ്യുന്ന ടീന ഒരസാധാരണ കഴിവിന് ഉടമയാണ്. ആളുകളുടെ വികാരങ്ങൾ മണത്ത് കണ്ടുപിടിക്കുവാൻ അവൾക്ക് കഴിയും. അതുകൊണ്ട് തന്നെ അനധികൃതമായി യാതൊന്നും അതുവഴി കടത്തികൊണ്ടുപോകുവാൻ കഴിയില്ല. വിരൂപയായ ടീന ഒരു ഡോഗ് ട്രെയിനറോടൊപ്പമാണ് കഴിയുന്നതെങ്കിലും കുടുംബജീവിതം നയിക്കാൻ താല്പര്യപ്പെടുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ടീനയെപ്പോലെ വൈരൂപ്യമുള്ള ഒരാൾ കസ്റ്റംസിൽ എത്തുന്നു. അയാളുടെ ഗന്ധം മാത്രം തിരിച്ചറിയാൻ ടീനയ്ക്ക് കഴിയുന്നില്ല. അവളുടെ കഴിവ് ആദ്യമായി പരാജയപ്പെടുന്നു. എന്നാൽ പിന്നീടും ടീന അദ്ദേഹത്തെ കാണുന്നു…

തികച്ചും വ്യത്യസ്തമായ ചലച്ചിത്രകാഴ്ചകൾ തേടിപ്പിടിച്ചു ആസ്വദിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണുക. അലി അബ്ബാസിയുടെ സംവിധാനമികവിൽ 2018-ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രമാണ് ‘ബോർഡർ.’ നിരവധി ചലച്ചിത്രമേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം സംസാരിക്കുന്ന വിഷയം അതിശക്തമാണ്.

വോറിനെ അടുത്തറിയുന്ന ടീന അവനിലൂടെ സ്വന്തം ജീവിതമാണ് തിരിച്ചറിഞ്ഞത്. അവളുടെ ജീവിതത്തിന്റെ അർത്ഥം തന്നെ ഒരു നിമിഷത്തിൽ ടീന മനസ്സിലാക്കുന്നു. അതിഗംഭീരമായ മേക്കപ്പും ആർട്ട്‌ വർക്കും ചിത്രത്തെ മികവുറ്റതാക്കുന്നു. അതിനൊപ്പം ടീനയുടെയും വോറിന്റെയും അസാധ്യ പ്രകടനം കൂടിയാവുമ്പോൾ വിചിത്രമായ, ശക്തമായ ഒരു സിനിമ പിറവിയെടുക്കുന്നു.

സിനിമ സംസാരിക്കുന്ന വിഷയം ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്. പലയിടത്തും കണ്ടിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിപ്പിക്കാനുള്ള വക കഥയിൽ ഒരുക്കിയെടുത്തിട്ടുണ്ട്. അടുത്തതെന്താണെന്ന് ഊഹിക്കാൻ പോലും പ്രയാസം. ഐഡന്റിറ്റി എന്നത് ഇവിടെ ചർച്ചാവിഷയമാകുന്നു. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സാധാരണ ചലച്ചിത്രകാഴ്ചകളല്ല പ്രേക്ഷകന് സമ്മാനിക്കുന്നത്. വ്യത്യസ്തമായ സിനിമകളെ സമീപിക്കുന്നവർ കണ്ടിരിക്കുക….ഗംഭീര ചലച്ചിത്രം.

THE CAVE OF THE YELLOW DOG പോസ്റ്റർ
THE CAVE OF THE YELLOW DOG പോസ്റ്റർഅറേഞ്ച്ഡ്

THE CAVE OF THE YELLOW DOG (2005)

Language- Mongolian

Duration-1Hour 33 Minutes

Genre- Drama / Family

ആടുകളെ മേയ്ക്കുന്നതിനിടയിലാണ് കൊച്ചു നൻസാൽ ഗുഹയ്ക്കുള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ടത്. കയറി നോക്കിയപ്പോഴതാ ഒരു നായ്ക്കുട്ടി. വേറൊന്നും ആലോചിക്കാതെ അവൾ ആ നായ്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. സോക്കോർ എന്ന് പേരിട്ടു വളർത്തുവാൻ തുടങ്ങി. എന്നാൽ പിതാവിനത് ഇഷ്ടമായില്ല. തങ്ങളുടെ ആടുകളെ സ്ഥിരമായി വേട്ടയാടുന്ന ചെന്നായ്ക്കളുടെ കൂടെ ഗുഹയിൽ കഴിഞ്ഞ നായ്കുട്ടിയാവാമെന്നും അതുകൊണ്ട് തിരിച്ചുകൊണ്ടു വിടണമെന്നും പിതാവ് ആവശ്യപ്പെടുന്നു. പക്ഷേ കൊച്ചു നൻസാൽ അതിന് തയ്യാറായിരുന്നില്ല.

സുന്ദരമായ മലനിരകളും പച്ചപ്പട്ടുവിരിച്ച താഴ്‌വരയും തടാകവും ഒന്നുചേർന്ന ഭൂമിയിലാണ് നൻസാലിന്റെ കുടുംബം താമസിക്കുന്നത്. എപ്പോൾ വേണമെങ്കിലും പൊളിച്ചു മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയുന്ന രീതിയിലുള്ള ഒരു വീട്. ഭർത്താവും ഭാര്യയും മൂന്നു മക്കളും ചേരുന്ന സന്തുഷ്ട കുടുംബം. മംഗോളിയൻ ഭൂപ്രകൃതിയുടെ മനംമയക്കുന്ന കാഴ്ചകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതിനോടൊപ്പം ഒരു കൊച്ചുകുട്ടിയും നായയുമായുള്ള ആത്മബന്ധത്തെക്കൂടി ചിത്രം എടുത്തുകാട്ടുന്നു.

മൂന്നു കുട്ടികളുടെ വികൃതിയും തമാശകളുമൊക്കെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ്. ആ കുടുംബത്തിന്റെ ആചാരങ്ങളും ജീവിതരീതികളും ഒക്കെയായി ഒന്നര മണിക്കൂർ പോകുന്നതറിയില്ല. 'ഉള്ളം കയ്യിൽ കടിക്കാൻ കഴിയുമോ? സൂചിമുനയിൽ അരിമണി തടഞ്ഞുനിർത്താൻ കഴിയുമോ?' ഇതൊക്കെ ചെയ്തുനോക്കുന്ന നൻസാൽ പ്രേക്ഷകഹൃദയങ്ങളിലേക്ക് വളരെ വേഗം ചേക്കേറുന്നുണ്ട്.

വളരെ സിംപിൾ ആയ..സ്വീറ്റ് ആയ ഒരു ഫീൽ ഗുഡ് മൂവി. മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ ചിത്രം ആ വർഷത്തെ അക്കാദമി അവാർഡിനുവേണ്ടിയും മത്സരിച്ചിരുന്നു. സിനിമയുടെ എൻഡ് ക്രെഡിറ്റ്‌ രംഗങ്ങൾ നോക്കിയാൽ ഒരു കാര്യം കൂടി മനസ്സിലാകും. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ശരിക്കുമുള്ളൊരു മംഗോളിയൻ കുടുംബമാണ്. അവർക്കിടയിലേക്ക് ഒരു ക്യാമറ കൊണ്ടുചെന്ന് വെച്ചുവെന്ന് മാത്രം. ഭൂമിയിലെ ഏറ്റവും നന്ദിയുള്ള ജീവി നായ തന്നെയാണെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. കണ്ടുനോക്കുക. വളരെയധികം ഇഷ്ടപ്പെട്ട ചലച്ചിത്രം.

Related Stories

No stories found.
Pappappa
pappappa.com