മുട്ടിനു മുകളിൽ മുറിച്ചു മാറ്റപ്പെട്ട ഒരു കൈ, ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരു ​ഗ്രാമം,കാണാതായ ചെമ്മരിയാടുകൾ..

ഓരോ ആഴ്ചയിലും കാണാവുന്ന മൂന്ന് ലോകസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി- Chai and Cinema
'RAMS' പോസ്റ്റർ
'RAMS' പോസ്റ്റർ അറേഞ്ച്ഡ്
Published on

RAMS (2015)

Language- Icelandic

Running Time- 1 Hour 33 Minutes

Genre – Drama

ഗുമ്മിയും കിഡ്‌ഡിയും സഹോദരങ്ങളാണ്. ഇരുവരും ആടുകളെ വളർത്തിയാണ് ജീവിക്കുന്നത്. അവരുടെ അടുകൾ ആ നാട്ടിലെ തന്നെ മികച്ചവയാണ്. തൊട്ടടുത്താണ് കഴിയുന്നതെങ്കിലും ഇരുവരും പരസ്പരം ഒന്ന് മിണ്ടിയിട്ട് 40 വർഷങ്ങൾ ആയി. അങ്ങനെയിരിക്കെ ഒരു ദിവസം കിഡ്‌ഡിയുടെ ആടുകളിൽ മാരകമായ പകർച്ചവ്യാധി കണ്ടെത്തുന്നു. ആ താഴ്‌വരയിലെ മറ്റെല്ലാ ആടുകൾക്കും അത് ഭീഷണിയാവുന്നു.

ചെമ്മരിയാട് വളർത്തൽ ഒരു വാണിജ്യമായും വിനോദമായും കൊണ്ടുനടക്കുന്ന ഐസ്ലാൻഡ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒന്നര മണിക്കൂറിൽ മനോഹരമായ ചിത്രം തന്നെയാണ് സംവിധായകൻ ഗ്രിമൂർ ഹെകൊണാർസൺ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആടുകളോടുള്ള ഗുമ്മിയുടെ കരുതലും സ്നേഹവും, സഹോദരങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുമൊക്കെ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പതിയെയാണ് കഥ ഡെവലപ് ചെയ്യുന്നതെങ്കിലും കണ്ണെടുക്കാതെ കണ്ടിരുന്നുപോകുന്ന ഒരു മാന്ത്രികത ഈ ചിത്രത്തിലുണ്ട്.

മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം. മാറി വരുന്ന കാലങ്ങൾ ആ താഴ്‌വരയെ കൂടുതൽ മനോഹരമാക്കുകയാണ്. ഗുമ്മിയുടെയും കിഡ്‌ഡിയുടെയും അഭിനയം ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്.

വളരെ ചെറിയ, എന്നാൽ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കഥ. സിനിമയിലെ ക്ലൈമാക്സ്‌ സീനുകൾ അതിഗംഭീരമായിരുന്നു. വലിയ ട്വിസ്റ്റുകൾക്കൊന്നും ചിത്രത്തിൽ സ്ഥാനമില്ല. സാധാരണ മനുഷ്യരുടെ തികച്ചും സാധാരണമായ ജീവിതം തന്നെയാണ് സ്‌ക്രീനിൽ തെളിയുന്നത്. അതിലേക്ക് പ്രേക്ഷകൻ ഇറങ്ങിചെല്ലണമെന്ന് മാത്രം. സ്നേഹവും സാഹോദര്യവും സിനിമ സംസാരിക്കുന്ന വിഷയങ്ങൾ ആവുമ്പോൾ കണ്ടിരിക്കാവുന്ന ഫീൽ ഗുഡ് ചിത്രമായാണ് ‘റാംസ്‌’ എനിക്കനുഭവപ്പെട്ടത്. കണ്ടുനോക്കുക. ഇഷ്ടപ്പെടും.

'HUNTING SEASON' പോസ്റ്റർ
'HUNTING SEASON' പോസ്റ്റർ അറേഞ്ച്ഡ്

AV MEVSIMI aka HUNTING SEASON (2010)

Language- Turkish

Running Time- 2 Hour 20 Minutes

Genre – Crime / Mystery / Thriller

കാടിന്റെ നടുവിലൂടെയുള്ള കാഴ്ചകൾ എത്തിനിൽക്കുന്നത് ഒരു ‘കൈ’യിലാണ്. മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റപ്പെട്ട ഒരു കൈ!!! ഉടൻ തന്നെ ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് വിളി വന്നു. അവിടുത്തെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനും തന്റെ സർവീസിന്റെ അവസാന നാളുകളിൽ എത്തിനിൽക്കുന്നവനുമായ ഫെർമാനും, പല കേസുകളിലും ഫെർമാന്റെ കൂടെയുള്ള ഇദ്രിസും, ഡിപ്പാർട്ട്മെന്റിലേക്ക് പുതുതായി എത്തിയ ഹസനുമാണ് അന്വേഷണത്തിനായി പുറപ്പെടുന്നത്.

ഒരു പെൺകുട്ടിയുടെ കൈ ആണ് അതെന്ന് അവർ തുടക്കത്തിൽ തന്നെ മനസ്സിലാക്കുന്നു. പെൺകുട്ടിയുടെ മരണത്തിന് ശേഷമാകാം അത് മുറിച്ചുമാറ്റപ്പെട്ടതെന്നും അവർ പറയുന്നു. എന്നാൽ ആര്? എന്തിന്? എങ്ങനെ? ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം അവർക്ക് കണ്ടെത്തിയേ മതിയാകൂ…

'RAMS' പോസ്റ്റർ
ഫാനിയുടെ യാത്രയും വിയറ്റ്നാമിലെ പ്രണയവും

പ്രായം കൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും വ്യത്യസ്തരാണ് മൂന്ന് പേരും. പക്ഷേ ഈ കേസ് അന്വേഷണം അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. ചിത്രത്തെ ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആക്കി മാറ്റുന്നത് കഥയിലുടനീളം നിറഞ്ഞുനിൽക്കുന്ന ദുരൂഹതയാണ്. മികച്ച അഭിനയം, ഗംഭീര ഛായാഗ്രഹണം, അതിലും ഗംഭീര പശ്ചാത്തലസംഗീതം. ഇത് മൂന്നും ചിത്രത്തെ ശക്തമാക്കി തീർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ ഡയലോഗുകൾ ഓരോന്നും മികച്ചതാണ്. പ്രത്യേകിച്ച് മരിച്ച പെൺകുട്ടിയുടേതായി കേൾക്കുന്ന വോയിസ്‌ ഓവർ.

പേര് പോലെ തന്നെ ഇതൊരു വേട്ടയുടെ കഥയാണ്. ഇരയും വേട്ടക്കാരനും എന്ന ചിന്തയെ മികച്ചതാക്കി സ്‌ക്രീനിൽ നിറച്ചിട്ടുണ്ട് സംവിധായകൻ Yavuz Turgul. ഒരു കാര്യത്തെ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നോക്കി കാണേണ്ടി വരും; സത്യം അറിയാൻ. 'ഹണ്ടിങ്ങ് സീസൺ' പറയുന്നത് അതാണ്. വലിയ ട്വിസ്റ്റോ ബഹളങ്ങളോ ഇല്ലാതെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക.

'BACURAU' പോസ്റ്റർ
'BACURAU' പോസ്റ്റർ അറേഞ്ച്ഡ്

BACURAU (2019)

Language- Portuguese

Running Time- 2 Hour 11 Minutes

Genre – Drama / Adventure / Fantasy

94 വയസ്സുള്ള മുത്തശ്ശിയുടെ മരണത്തോടെ ബക്കുറവ് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്ന തെരേസയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സങ്കല്പഭാവിയിൽ ബ്രസീലിൽ സൃഷ്ടിക്കപ്പെട്ട ഒരു ഗ്രാമമാണ് ബക്കുറവ്. അഴിമതിക്കാരായ ഭരണാധികാരികളുടെ ചെയ്തികൾ മൂലം സ്വന്തം നിലനില്പിനായി ബക്കുറവിലെ ജനങ്ങൾ ഇപ്പോൾ പൊരുതുകയാണ്. വോട്ടു ചോദിക്കാനായി മാത്രം വരുന്ന മേയറുടെ നേരെ അവർ വാതിൽ കൊട്ടിയടയ്ക്കുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ബക്കുറവിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു….!

ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരു ഗ്രാമം ആണ് ബക്കുറവെന്ന് അവിടുത്തെ ജനങ്ങൾ മനസിലാക്കുന്നു. ലോകത്തിലെ തങ്ങളുടെ സ്ഥാനം നഷ്ടമാവുമ്പോൾ അവർ പ്രതികരിച്ചുതുടങ്ങുന്നു. ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റകെട്ടായി നിന്ന് അവർ പൊരുതുന്നു. ആ അതിജീവനകഥയാണ് 2019-ൽ പുറത്തിറങ്ങിയ ‘ബക്കുറവ്’ എന്ന ചിത്രം പറയുന്നത്. വളരെ മികച്ച രീതിയിൽ കഥപറയുന്ന ചിത്രം ബ്രസീലിന്റെ രാഷ്ട്രീയ പശ്ചാത്തലങ്ങളെ കൂടി വിശദീകരിക്കുന്നു. തുടക്കം മുതൽ കേൾക്കുന്ന പശ്ചാത്തലസംഗീതം ആ നാടിന്റെ സ്പന്ദനങ്ങളെ വ്യക്തമായി തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് നിറയ്ക്കുകയാണ്.

സെക്സും വയലൻസും എല്ലാം ചേരുന്ന ചിത്രമാണ് ബക്കുറവ്. പതിഞ്ഞ താളത്തിലാണ് കഥാഖ്യാനം എങ്കിലും കാഴ്ചക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെക്കന്റ് ആക്ട് ആണ് അധികം ഇഷ്ടമായത്. മികച്ച കാസ്റ്റിങ്ങും വ്യത്യസ്തമായ അവതരണ രീതിയും ഒന്നുചേരുമ്പോൾ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നായി ബക്കുറവ് മാറുന്നു.

2 മണിക്കൂർ 11 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. നിരവധി ചലച്ചിത്രമേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രം 2020-ൽ ആണ് തിയേറ്ററിൽ എത്തിയത്. ഒരു വെസ്റ്റേൺ സിനിമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചിത്രം ആസ്വദിക്കാൻ ശ്രമിക്കുക. പതുക്കെയാണ് കഥ വികസിക്കുന്നതെന്ന് കരുതി കാണാതിരിക്കേണ്ട. ആ ഗ്രാമരീതികളെ കൂടി മനസ്സിലാക്കി കാണുക. മികച്ച ചിത്രം.

Related Stories

No stories found.
Pappappa
pappappa.com