
'വരവി'ന്റെ ഷൂട്ടിങ് മൂന്നാറിൽ പൂർത്തിയാക്കി ഞങ്ങൾ കോട്ടയത്തേക്ക് വന്നു. ഇനി ഇവിടെയും മുണ്ടക്കയത്തുമായാണ് ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കുക. മുണ്ടക്കയം,പാല ഭാഗങ്ങൾ ഭാഗ്യലൊക്കേഷനുകളായിട്ടാണ് സിനിമാപ്രവർത്തകർ കരുതുന്നത്. വിജയചിത്രങ്ങൾക്ക് പലതിനും ഈ നാടുകളാണ് പശ്ചാത്തലമായത്. മുണ്ടക്കയത്ത് വന്ന ദിവസം ഷൂട്ടിന് ഇടവേളയായിരുന്നു. പക്ഷേ തൊട്ടടുത്തായി മറ്റ് രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. രണ്ടിലും എന്റെ രണ്ട് പ്രിയപ്പെട്ട കൂട്ടുകാരാണ് നായകർ. മോഹൻലാലിന്റെ 'ദൃശ്യ'ത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പാലായിലാണ് നടന്നത്. അതിനടുത്തായി തന്നെ സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പ'ന്റെ ചിത്രീകരണവും പുരോഗമിക്കുന്നു. ജോജുവിന്റെ 'വരവ്' കൂടിയാകുന്നതോടെ മൂന്നു ചിത്രങ്ങളുടെ ഷൂട്ടിങ് അടുത്തടുത്തായി നടക്കുന്നു എന്ന കൗതുകത്തിന് പാലായും പരിസരങ്ങളും വേദിയാകും.
ഈ വരികൾ നിങ്ങളിലേക്കെത്തുന്നത് മോഹൻലാലിന് കേരളസർക്കാർ ഔദ്യോഗികമായി ഒരുക്കുന്ന സ്വീകരണച്ചടങ്ങിന്റെ ദിനമാണ്. ഒക്ടോബർ 4. 'വാനോളം മലയാളം ലാൽസലാം' എന്ന് പേരിട്ട ആ പേരിട്ട പരിപാടിയിലേക്ക് സാംസ്കാരികവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും കെ.എസ്.എഫ്.ഡി.സിയിൽ നിന്നുമെല്ലാം ക്ഷണമുണ്ടായിരുന്നു. ഏറെ ആഗ്രഹിച്ചതാണ് അതിൽ പങ്കെടുക്കണമെന്ന്. പക്ഷേ ഷൂട്ടിങ് ആയതിനാൽ പോകാൻ നിവൃത്തിയില്ല. അഭിനേതാക്കളുൾപ്പെടെ വലിയൊരു സംഘത്തെ വെറുതെയിരുത്തി അങ്ങോട്ടേക്ക് പോകുന്നത് ശരിയല്ലല്ലോ. നിർമാതാവിനുണ്ടാകുന്ന നഷ്ടം വലുതായിരിക്കും. അതുപോലെതന്നെ മറ്റുള്ളവർക്കൊക്കെ ബുദ്ധിമുട്ടുമാകും. എങ്കിലും 'വരവ്' സംഘത്തിന്റെ കൂടി പ്രതിനിധിയായി ജോജു ജോർജ് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കുമുള്ള സന്തോഷവും അഭിമാനവും ജോജുവിലൂടെ ആ വേദിയിലെത്തട്ടെ.
പ്രിയപ്പെട്ട ലാലിനെക്കുറിച്ചാകാം അദ്ദേഹം അദരിക്കപ്പെടുന്ന ദിവസത്തെ വർത്തമാനം എന്ന് കരുതിയതാണ്. പക്ഷേ പറയാൻ ഒരുപാടുണ്ട്. ഷൂട്ടിങ് തിരക്കിലിരുന്നുകൊണ്ട് അത് എഴുതിയാൽ ഭംഗിയാകില്ല. ഇത് പൂർത്തിയാക്കിയശേഷം വിശദമായി വേണം മോഹൻലാലിനൊപ്പമുള്ള സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കാൻ. കാരണം അത് എഴുതേണ്ടത് ഹൃദയം കൊണ്ടാണ്. ഇപ്പോൾ ധൃതിയിൽ എഴുതിയവസാനിപ്പിക്കേണ്ടതല്ല ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഓർമകൾ. അത് വിശദമായി തന്നെ ഈ പംക്തിയിലൂടെ പങ്കുവയ്ക്കും.
കഴിഞ്ഞ ദിവസം 'ഒറ്റക്കൊമ്പ'ന്റെ പാലായിലെ ഷൂട്ടിങ് സെറ്റിൽ നിന്ന് സുരേഷ് ഗോപി വീഡിയോ കോൾ ചെയ്തു. സെറ്റിൽ അടുത്തുണ്ടായിരുന്നവർക്കെല്ലാം എന്നെ കാണിച്ചുകൊടുത്തു. വരവിന് അവരെല്ലാം ആശംസ നേർന്നു. ഞാൻ തിരിച്ചും. ഇതാണ് സുരേഷ്. അയാൾക്കുള്ള സ്നേഹം ഇങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുക. ഒരുപാട് നേരം സംസാരിച്ചു. രണ്ടുപ്രധാനവകുപ്പുകളുടെ മന്ത്രിയായതിനാൽ ആഴ്ചതോറുമുള്ള ബ്രീഫിങ്ങിന് ഡൽഹിയിലേക്ക് പോകാനൊരുങ്ങുകയാണ് എന്നു പറഞ്ഞു. പുതിയ ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ട്. എനിക്കതൊക്കെ കേട്ടപ്പോൾ അഭിമാനവും ആഹ്ലാദവും തോന്നി. ഫോൺവെച്ചുകഴിഞ്ഞപ്പോൾ ഞാൻ ഓർത്തുപോയത് 'തലസ്ഥാനം' എന്ന സിനിമയുടെ ദിനങ്ങളാണ്. ആ സിനിമയായിരുന്നു സുരേഷ് ഗോപി എന്ന നക്ഷത്രത്തിന്റെ ഉദയത്തിനുള്ള ആകാശമായിത്തീർന്നത്. അവിടെ ജ്വലിച്ചുതുടങ്ങിയ സുരേഷാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായി എന്നോട് സംസാരിച്ചതും.
'തലസ്ഥാന'ത്തെക്കുറിച്ചു തന്നെയായിരുന്നു കഴിഞ്ഞഭാഗത്തിൽ എഴുതിനിർത്തിയത്. സുരേഷിന്റെ വീഡിയോകോൾ വീണ്ടും പഴയതെല്ലാം ഒരിക്കൽക്കൂടി മനസ്സിലെത്തിച്ചു. 'തലസ്ഥാന'ത്തിന്റെ ഷൂട്ടിങ് തുടങ്ങും മുമ്പ് ഞാൻ ഐ.വി.ശശിയേട്ടനുമായി ദീർഘമായി സംസാരിച്ചു. അദ്ദേഹമാണ് മലയാളത്തിൽ ആൾക്കൂട്ട സിനിമകളുടെ മാസ്റ്റർ. ആളും ആക്ഷനും തീവ്രസംഭാഷണങ്ങളും നിറയുന്ന പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് നമ്മുടെ മനസ്സിൽ ഇടമുണ്ടാക്കിയത് ശശിയേട്ടനാണ്. അദ്ദേഹം എനിക്കൊരു സ്കൂൾപോലെ തന്നെയായിരുന്നു. അവിടെ നിന്ന് പഠിക്കാൻ പലതുണ്ട്. അതുകൊണ്ടാണ് ജീവിതത്തിലെ ആദ്യ മാസ് ആക്ഷൻ പടം ചെയ്യും മുമ്പ് ശശിയേട്ടനോട് സംസാരിച്ചത്.
ഇത്രയും വായിച്ചുകഴിയുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകാം,ശശിയേട്ടന്റെ രീതികൾ പകർത്താൻ വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചതും സംസാരിച്ചതുമെന്ന്. പക്ഷേ ശശിയേട്ടനെന്ന സ്കൂളിൽ നിന്ന് മറ്റൊരു രീതിയിലുള്ള പഠനമാണ് ഉദ്ദേശിച്ചത്. അദ്ദേഹം തന്നെയാണ് മാസ്റ്റർ. അധ്യാപകൻ പറഞ്ഞുതരുന്ന പാഠങ്ങൾ കേൾക്കുക. എന്നിട്ട് അതുപോലെ അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം നിലയ്ക്ക് ചെയ്യുക. മാസ്റ്ററുടെ രീതികൾ കോപ്പിയടിക്കാത്ത വിദ്യാർഥിയാകുകയായിരുന്നു ലക്ഷ്യം. ശശിയേട്ടൻ എങ്ങനെയാണ് ഇത്തരം സിനിമകൾ ചിത്രീകരിക്കുകയെന്ന് മനസ്സിലാക്കിയശേഷം അതിനെ അതേപടി പകർത്താൻ ശ്രമിക്കാതെ മറ്റൊരു രീതിയിലുള്ള സിനിമ സൃഷ്ടിക്കാനാണ് ഉദ്ദേശിച്ചത്. ഐ.വി.ശശിയുടെ സിനിമ കോപ്പിയടിച്ചു എന്ന് ആരും പറയരുത്. അതിനുവേണ്ടിയുള്ള പഠനം. മാസ്റ്ററെ കോപ്പിയടിക്കാതിരിക്കാൻ ആദ്യം എന്തൊക്കെയാണ് അദ്ദേഹത്തിന്റെ ശൈലിയും രീതിയുമെന്ന് മനസ്സിലാക്കണമല്ലോ. അതിനുവേണ്ടിയാണ് ശശിയേട്ടനിൽ നിന്ന് മാസ് പടങ്ങളുടെ സൂത്രവാക്യങ്ങൾ തേടിയത്.
രൺജിയും തൊട്ടപ്പുറത്ത് മറ്റൊരു സ്കൂളിൽ ഇതേപോലെ മറ്റൊരു മാസ്റ്റർക്ക് കീഴിൽ 'കോപ്പിയടിക്കാതിരിക്കാനുള്ള കോഴ്സി'ന് ചേർന്നിരുന്നു. ശശിയേട്ടനൊപ്പം മാസ് പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് പേനയിലൂടെ മൂർച്ചനല്കിയ ടി.ദാമോദരൻ മാഷായിരുന്നു രൺജിയുടെ അധ്യാപകൻ. ദാമോദരൻമാഷ് എഴുതിയതുപോലുള്ള ഡയലോഗുകളുടെ സ്വാഭാവം വരാത്തതുപോലുള്ള സീനുകളും ഡയലോഗുകളും എങ്ങനെയെഴുതാമെന്നാണ് രൺജി അന്വേഷിച്ചത്. ചുരുക്കിപ്പറഞ്ഞാൽ മൗലികത തേടി മലയാളസിനിമയിലെ രണ്ട് മാസ് ആക്ഷൻ മാസ്റ്റർമാർക്ക് കീഴിൽ ശിഷ്യപ്പെടുകയാണ് 'തലസ്ഥാന'ത്തിന് മുമ്പ് ഞങ്ങൾ ചെയ്തത്.
പക്ഷേ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ശശിയേട്ടനും ദാമോദരൻമാഷുമെല്ലാം എത്രത്തോളം പണിപ്പെട്ടാണ് ഞങ്ങൾക്ക് വളരെ മുമ്പേ മാസ് രംഗങ്ങൾ ചിത്രീകരിച്ചതെന്നും വാണിജ്യവിജയങ്ങൾ സൃഷ്ടിച്ചതെന്നും മനസ്സിലായത്. ഞങ്ങൾ 'തലസ്ഥാനം' ചിത്രീകരിക്കുമ്പോൾ ഇന്നത്തെപ്പോലെ സാങ്കേതികസംവിധാനങ്ങളൊന്നുമില്ല. എന്നാൽ അതിലും പരിമിതമായ സൗകര്യങ്ങളിലൂടെയാണ് ശശിയേട്ടൻ ആൾക്കൂട്ടസിനിമകൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിച്ചത്. നൂറും ഇരുനൂറും പേർ അണിനിരക്കുന്ന രംഗങ്ങളൊക്കെ സ്വന്തം കണ്ണിന്റെയും ശ്രദ്ധയുടെയും മാത്രം കരുത്തിൽ അനായാസം പൂർത്തിയാക്കാൻ അദ്ദേഹത്തിനായി. അത് ശശിയേട്ടന് മാത്രം സാധിക്കുന്ന ഒന്നാണ്.
ഞാൻ പഠിച്ച എം.ജി.കോളേജിലുൾപ്പെടെ തിരുവനന്തപുരത്തിന്റെ പ്രധാന ഭാഗങ്ങളിലായിരുന്നു 'തലസ്ഥാന'ത്തിന്റെ ഷൂട്ടിങ്. കോളേജ് പഠനകാലത്ത് കണ്ട ഒരു കത്തിക്കുത്ത് ദൃശ്യമാണ് തലസ്ഥാനത്തിലെ അത്തരമൊരു രംഗം ചിത്രീകരിക്കാൻ പ്രേരണയായത്. 'തലസ്ഥാനം' ഞങ്ങൾക്ക് രണ്ടുപേർക്കും നിർണായകമായ ചിത്രമായിരുന്നു. അത് വിജയിച്ചില്ലെങ്കിൽ ജോലിക്കായി ബഹ്റൈനിലേക്ക് പോകാം എന്നായിരുന്നു തീരുമാനം. അതിനായി അവിടെയുള്ള ഒരു സുഹൃത്തിനെ വിളിച്ചു സംസാരിക്കുകയും ചെയ്തു.
അതിന് ആക്കംകൂട്ടിയത് മദ്രാസിൽ പ്രിവ്യൂ കഴിഞ്ഞുണ്ടായ ഒരു സംഭവമാണ്. പ്രിവ്യൂകഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഞാനും രൺജിയും ആന്ധ്രാക്ലബ്ബിലേക്ക് പോയി. അതിനടുത്ത് ഒരു ടെലിഫോൺ ബൂത്തുണ്ട്. മൊബൈൽഫോണുകൾ ലോകം കീഴടക്കാതിരുന്ന അന്നൊക്കെ ടെലഫോൺബൂത്തുകളാണ് പ്രധാനവാർത്താവിനിമയ സംവിധാനം. ബൂത്തിനടുത്തെത്തിയപ്പോൾ അകത്തൊരാൾ നിന്ന് സംസാരിക്കുന്നുണ്ട്. അത്രയും നേരം ഞങ്ങൾക്കൊപ്പം പ്രിവ്യൂ കണ്ട ഒരു സുഹൃത്ത്. ഇന്ന് അദ്ദേഹം ഒരു നിർമാതാവാണ്.
അദ്ദേഹം കേരളത്തിലുള്ള ആരെയോ വിളിച്ചു പറയുന്നതാണ് ഞങ്ങൾ കണ്ടത്. 'ഏയ് ഇതൊന്നും രക്ഷയില്ല..രാഷ്ട്രീയപടമാണ്..ഇതൊന്നും കേരളത്തിൽ ഏക്കത്തില്ല...' ഇന്ന് പ്രിവ്യൂവോ ആദ്യഷോയോ കണ്ടശേഷം വാട്സ് ആപ്പിലൂടെ നെഗറ്റീവ് അഭിപ്രായം സുഹൃത്തുക്കൾക്ക് അയയ്ക്കുംപോലെയായിരുന്നു അന്ന് മദ്രാസിൽനിന്ന് ഹോട്ടലിൽ നിന്ന് ട്രങ്ക് കോളോ എസ്.ടി.ഡി.ബൂത്തിൽ നിന്നുവിളിച്ചോ ഉള്ള അഭിപ്രായം പരത്തൽ. പടം റിലീസിനെടുത്ത തീയറ്ററുടമകൾ പരിഭ്രാന്തരാകും എന്നതാണ് ഇതിന്റെ പ്രത്യാഘാതം. ഇത് കുഴപ്പമാകുമോ എന്നായിരിക്കും പേടി. പടം ഓടാതിരുന്നാലുള്ള നഷ്ടത്തെക്കുറിച്ചാകും പിന്നീടുള്ള ആലോചന. ഇങ്ങനെ തീയറ്ററുകാരുടെ ഉള്ളിൽ തീകോരിയിടുന്നതാണ് ചിലരുടെ അന്നത്തെ പ്രധാനവിനോദങ്ങളിലൊന്ന്.
ബൂത്തിൽ നിന്ന് അയാൾ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾക്ക് വലിയ സങ്കടമായി. കാരണം ഞങ്ങളുടെ ചിന്ത മുഴുവൻ തലസ്ഥാനം വിതരണത്തിനെടുത്ത വി.ഐ.പി ഫിലിംസിന്റെ ഉടമ ബേബിക്കുട്ടിയെക്കുറിച്ചായിരുന്നു. തൊട്ടുമുമ്പ് ഡിസ്ട്രിബ്യൂട്ട് ചെയ്ത ഏതോ പടത്തിൽ നിന്ന് അദ്ദേഹത്തിന് വലിയ നഷ്ടം സംഭവിച്ചുനില്കുന്ന സമയമാണ്. എവിടെനിന്നൊക്കയോ പണം വാങ്ങിയാണ് 'തലസ്ഥാനം' ഡിസ്ട്രിബ്യൂഷന് എടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കൈയിൽ ആകെയുള്ളത് ഒരു ക്രഡിറ്റ് കാർഡാണ്. അത് വച്ചാണ് ഭക്ഷണത്തിന്റെയും ഹോട്ടൽ താമസത്തിന്റെയുമെല്ലാം ബിൽ അടയ്ക്കുന്നത്. അങ്ങനെ ക്രഡിറ്റ് കാർഡുമായി ആന്ധ്രാക്ലബ്ബിലേക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴാണ് അടുത്തുള്ള ബൂത്തിൽ നിന്നുള്ള വാക്കുകൾ യാദൃച്ഛികമായി കേട്ടതും ആകെ തകർന്നതും.
അതോടെ വിശപ്പും ദാഹവുമെല്ലാം പോയി. തിരിച്ച്, താമസിച്ചിരുന്ന ഹോട്ടലിൽ ചെന്ന ഞങ്ങൾ 'ആകെ കുഴപ്പമായല്ലോ' എന്ന ചിന്തയിൽ നിരാശരായി ഇരുന്നു. 'ചിലപ്പോൾ ആ സുഹൃത്ത് പറഞ്ഞത് നേരായിരിക്കാം. വിഷയം രാഷ്ട്രീയമായതുകൊണ്ട് പടം ഓടത്തില്ലായിരിക്കും.' ഇതായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ. ഒരു പ്രേക്ഷകന്റെ അഭിപ്രായം പോലെ അത് സ്വീകരിക്കാനാണ് ഞങ്ങൾക്ക് തോന്നിയത്. അതോടെ ബഹ്റൈനിലെ ജോലിക്കാര്യം ഞങ്ങൾ പതിയെ ഗൗരവമായി ആലോചിച്ചുതുടങ്ങി.
ഞാൻ പറഞ്ഞു: 'ഞാൻ ഇവിടെത്തന്നെ തങ്ങാം. രൺജി പ്രിന്റുകളുമായി നാട്ടിലേക്ക് പൊയ്ക്കോളൂ..'തിരുവനന്തപുരം മുതൽ കോട്ടയം വരേക്കുള്ള പ്രിന്റ് അന്ന് മദ്രാസിൽനിന്ന് വിമാനത്തിലാണ് അയയ്ക്കുന്നത്. മൂന്നുനാല് പ്രിന്റ് നാട്ടിലേക്ക് കൊണ്ടുപോകാനുണ്ട്. അങ്ങനെ അതുമായി രൺജി പുലർച്ചെക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്രയായി. പോകും മുമ്പ് രൺജിയോട് പറഞ്ഞിരുന്നു, 'നാട്ടിൽ ചെന്ന് പടം കണ്ട് അഭിപ്രായം അറിയിക്കണം' എന്ന്.
അങ്ങനെ രൺജി പ്രിന്റുകളുമായി നാട്ടിലേക്ക്. ഞാൻ വുഡ്ലാൻഡ്സിലെ മുറിയിൽ തനിച്ച്. റിലീസ് ദിവസം വൈകീട്ട് വരെ രൺജിയുടെ വിളിയൊന്നും വരുന്നില്ല. ഞാൻ മുറിയിലെ ടി.വിയിൽ പഴയ സിനിമകൾ കണ്ട് സമയം കളഞ്ഞു. വേറൊന്നും ചെയ്യാനില്ല. മനസ്സിൽ ആകെ നാട്ടിൽ എന്തായിരിക്കും അവസ്ഥ എന്ന ടെൻഷൻ. രൺജിയൊട്ട് വിളിക്കുന്നതുമില്ല. അതോടെ ഞാനുറപ്പിച്ചു,'പടമൊക്കെ പപ്പടമാണ്...ഇനി ബഹ്റൈനിലേക്ക് തന്നെ പോയേക്കാം...'
രാത്രി ഒമ്പത്-ഒമ്പതരയായപ്പോൾ മുറിയിലേക്ക് ഒരു കോൾ. അന്ന് വരുന്ന ആദ്യത്തെ ഫോൺവിളിയാണ്. ഞാൻ ഫോണെടുത്തു. 'ഞാൻ ബേബിക്കുട്ടിയാണ്...'അപ്പുറത്തുനിന്ന് ശബ്ദം. ഞാൻ എന്റെയുള്ളിലെ പേടിമുഴുവൻ നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു: 'അയ്യോ..ബേബിക്കുട്ടി..എന്തായി..എന്താ സംഭവം...'പിന്നെ ഞാൻ കേട്ടത് എല്ലാം നഷ്ടപ്പെട്ടുനിന്ന ഒരു മനുഷ്യന്റെ ആഹ്ലാദപ്രകടനമാണ്. 'ഞെട്ടിച്ചില്ലേ..ഞെട്ടിച്ചില്ലേ...സെക്കന്റ് ഷോ ആയപ്പോൾ ഭയങ്കര റിട്ടേൺസാണ്...വലിയ ആൾക്കൂട്ടം..സർവ്വസ്ഥലത്തും സെക്കന്റ് ഷോ ആയപ്പോഴാണ് അഭിപ്രായം കൂടിയത്..'-ബേബിക്കുട്ടി പറഞ്ഞു. അതുകേട്ടപ്പോൾ സമാധാനമായി. 'ഷാജി എന്നാ നാട്ടിലേക്ക് വരുന്നത്'-ബേബിക്കുട്ടി ചോദിച്ചു. വരാമെന്ന് പറഞ്ഞെങ്കിലും എനിക്ക് രൺജിയെന്താ വിളിക്കാതിരുന്നത് എന്നതിന്റെ ആധിയായിരുന്നു. ഞാൻ ചോദിച്ചു:' രൺജിക്കെന്തു പറ്റി...?ഇതുവരെ വിളിച്ചില്ല..?'
അപ്പോഴാണ് ബേബിക്കുട്ടി അക്കാര്യം വിവരിച്ചത്. ആദ്യ ഷോ കാണാൻ കേറിയ രൺജി അസീസിനെ സുരേഷ് ഗോപി തല്ലുന്ന സീനിൽ ജനം കൂവിയതോടെ ആകെ തകർന്നു. എസ്.ടി.ഡി ബൂത്തിൽ നിന്ന് കേട്ടവാക്കുകൾ കൂടി മനസ്സിലേക്ക് വന്നതോടെ തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോന്നു. തിരുവനന്തപുരത്തുനിന്ന് നേരെ ആലപ്പുഴയ്ക്ക് വണ്ടികയറുകയും ചെയ്തു. യഥാർഥത്തിൽ അസീസ് അവതരിപ്പിച്ച വില്ലന്റെ തോൽവിയിലുള്ള പ്രേക്ഷകരുടെ സന്തോഷമായിരുന്നു ആ കൂവൽ. എനിക്ക് ഹോട്ടൽ മുറിയിൽ ഇരുപ്പ് വന്നില്ല. നേരെ പുറത്തിറങ്ങി വുഡ്ലാൻഡ്സിന് എതിർവശത്തുള്ള ബൂത്തിൽ നിന്ന് ആലപ്പുഴയിലെ രൺജിയുടെ വീട്ടിലേക്ക് വിളിച്ചു. രൺജിയുടെ അച്ഛനാണ് ഫോണെടുത്തത്. 'രൺജി ഇപ്പോ വന്നതേയുള്ളൂ ..കൊടുക്കാം'-അദ്ദേഹം പറഞ്ഞു. ഫോണെടുത്തപാടെ ഞാൻ ചോദിച്ചു: 'നീയെന്താ വിളിക്കാതിരുന്നത്..?'രൺജി അപ്പോൾ തീയറ്ററിലെ കൂവൽകാര്യം ആവർത്തിച്ചു. 'ഇങ്ങനെയൊരു പ്രശ്നമുണ്ട്...'രൺജി നിരാശയോടെ പറഞ്ഞു. 'നീ ടെൻഷനാകണ്ട...പടം സൂപ്പർഹിറ്റാണ്...ബേബിക്കുട്ടി വിളിച്ചു...കൂവിയത് സിനിമയെ അല്ല...ആ ക്യാരക്ടറിനെയാണ്...'-ഞാൻ വിശദീകരിച്ചു. അതോടെയാണ് രൺജിക്ക് സമാധാനമായത്.
അസീസ് ആ സിനിമയിൽ കമ്മീഷണറുടെ വേഷമാണ് അവതരിപ്പിച്ചത്. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു പോലീസുദ്യോഗസ്ഥനെ തല്ലുന്നതും അയാളുടെ തോക്കെടുത്ത് അയാൾക്കുനേരെ തന്നെ ചൂണ്ടുന്നതും പ്രേക്ഷകർക്ക് പുതിയ കാഴ്ചയായി. അതുവരെ മലയാളസിനിമയിൽ അങ്ങനെയൊന്നും കാണാത്ത ഒന്ന്. അതിന്റെ ഹരത്തിലുയർന്ന കൂക്കിവിളി അഴിമതിക്കാരനായ ആ പോലീസുകാരനുള്ളതായിരുന്നു. ഞങ്ങളുടെ പിന്നീടുള്ള സിനിമകളിൽ നേരിന്റെ പക്ഷത്തുനില്കുന്ന സുരേഷ് ഗോപിയുടെ കഥാപാത്രങ്ങൾ പിന്നീട് പോലീസുകാർക്കെതിരേ തീതുപ്പുമ്പോൾ തീയറ്ററിൽ ഉയർന്ന കൈയടിത്തിരമാലകളുടെ തുടക്കമായിരുന്നു അത്.
മൂന്നാം ദിവസം ഞാൻ തിരുവനന്തപുരത്തെത്തി. നേരെ അതുല്യ തീയറ്ററിലേക്കാണ് പോയത്. അവിടെയാണ് 'തലസ്ഥാനം' റിലീസ്. ഭയങ്കര തിരക്ക്. ഹൗസ് ഫുൾ ബോർഡ് തൂങ്ങുന്നു. അന്ന് എന്നെ ആർക്കും അറിയില്ല. ആരാണ് ഡയറക്ടറെന്നും ആരും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ട് ആൾക്കൂട്ടത്തിലൊരാളായി ഞാനും നിന്നു. ആളുകൾ പെരുകുന്തോറും സന്തോഷവും പെരുകി.
അതായിരുന്നു സിനിമാജീവിതത്തിലെ ടേണിങ് പോയന്റ്. പ്രവാസികളാകാൻ മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്ന ഞാനും രൺജിയും 'തലസ്ഥാനം' സമ്മാനിച്ച വിജയത്തിന്റെ വിമാനത്തിലേറി വീണ്ടും സിനിമയിലേക്ക്..
(തുടരും)