കൊച്ചിയിലെ ചീനവലകൾക്കരികെ റിച്ചാർഡ് ആറ്റൻബറോ; ഒരു വാർത്തതേടിപ്പോയ വഴിത്താരകളുടെ ക്ലൈമാക്സ്

'ഞാന്‍ വാതിലില്‍ മുട്ടി. സമയം 8.55. ആറ്റന്‍ബറോ വാതില്‍ തുറന്നു.'- ഫ്രെയിംസ് ആന്റ് ഫുട്നോട്സ് ഭാ​ഗം-3
റിച്ചാർഡ് ആറ്റൻബറോ
റിച്ചാർഡ് ആറ്റൻബറോഫോട്ടോ കടപ്പാട്-ഫ്ളിക്കർ
Published on

അഴിമുഖത്ത് നിരനിരയായി നില്‍ക്കുന്ന ചീനവലകള്‍. രാവിലെ കുളിര്‍കാറ്റ് വീശുന്നു. ഓളങ്ങളില്‍ കടല്‍പ്പന്നികള്‍ മറിയുന്നത് കാണാം. ചെറിയ ചൂണ്ട വഞ്ചിയില്‍ തനിയെ മീന്‍പിടുത്തക്കാര്‍. തിരമാലയുടെ അമ്മാനമാട്ടത്തില്‍ വൈപ്പിനിലേക്ക് പോകുന്ന യാത്രാബോട്ടുകള്‍.

ചീനവലകളെ നോക്കി നിന്നുകൊണ്ട് റിച്ചാര്‍ഡ് ആറ്റന്‍ബറോ ആഹ്ലാദത്തോടെ പറഞ്ഞു: 'ചരിത്രത്തിന്റെ താളുകളിലെ ബ്രിട്ടീഷ് കൊച്ചിയുടെ മണ്ണിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. വിവിധ സംസ്‌കാരങ്ങള്‍ സമന്വയിച്ച, ധന്യമായ പൈതൃക ഭൂമി..'

ചീനവലകളില്‍ ഒന്ന് പൊങ്ങി മിന്നുന്ന മീന്‍കൂട്ടം. ആറ്റന്‍ബറോ അടുത്തെത്തി നോക്കി. ഒരു മത്സ്യത്തൊഴിലാളിയുടെ തോളില്‍കൈയിട്ട് മലയാളത്തിൽ എന്തോ ചോദിക്കാൻ ശ്രമിച്ചു. മത്സ്യത്തൊഴിലാളി തിരിച്ച് ഇംഗ്ലീഷില്‍ ചോദിച്ചു: 'You know Malayali?' ആന്റന്‍ബറോ ചിരിച്ചു. മത്സ്യത്തൊഴിലാളി വിട്ടില്ല: 'You wait more fish!'

ലോക പ്രശസ്ത ചലച്ചിത്ര സംവിധായകനായ റിച്ചാർ‍ഡ് ആറ്റൻബറോ 'ഗാന്ധി' സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായിട്ടാണ് ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്തെത്തിയത്. നീണ്ട 43 വര്‍ഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഫോര്‍ട്ട്‌കൊച്ചി സന്ദര്‍ശനം. കൃത്യമായി പറഞ്ഞാൽ 1981 ഒക്‌ടോബര്‍ 19ന്. ബ്രിട്ടീഷ്ഭരണകാലത്ത് ഫോര്‍ട്ട്‌കൊച്ചിയെ ബ്രിട്ടീഷ് കൊച്ചി എന്നാണ് വിളിച്ചിരുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇരുന്ന് ഫോര്‍ട്ട്‌കൊച്ചിയുടെ ചരിത്രരേഖകള്‍ വായിച്ചു പഠിച്ച ശേഷമായിരുന്നു ആറ്റൻബറോ കൊച്ചിയിലെത്തിയത്.

ഫോർട്ടുകൊച്ചിയിൽ ​'ഗാന്ധി' സിനിമയുടെ ചിത്രീകരണത്തിനിടെ  സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ (ഇടത്) ഛായാ​ഗ്രാഹകന് നിർദേശം നല്കുന്നു ഫോട്ടോ കടപ്പാട്-മാതൃഭൂമി ആർക്കൈവ്സ്
ഫോർട്ടുകൊച്ചിയിൽ ​'ഗാന്ധി' സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ (ഇടത്) ഛായാ​ഗ്രാഹകന് നിർദേശം നല്കുന്നു ഫോട്ടോ കടപ്പാട്-മാതൃഭൂമി ആർക്കൈവ്സ്

മത്സ്യത്തൊഴിലാളികളിൽ ചിലര്‍ക്ക് അല്പം ഇംഗ്ലീഷ് അറിയാം. ടൂറിസ്റ്റ് ഗൈഡുകള്‍ ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മ്മനും സംസാരിക്കും. ചീനവലയെയും മത്സ്യത്തൊഴിലാളിയെയും ആറ്റന്‍ബറോയുടെ ക്യാമറമാന്‍ പകര്‍ത്തി. 'ഗാന്ധി' ചിത്രത്തിലെ ഒരു ചെറിയ ഷോട്ട് മാത്രമായിരുന്നു ചീനവലയും കൊച്ചിയും. പിറ്റേന്ന് അദ്ദേഹം മൂന്നാറിലേക്ക് പോയി. തേയിലത്തോട്ടങ്ങള്‍ ചിത്രീകരിച്ചു. അവിടെ നിന്ന് ചിന്നാര്‍, ഉദുമല്‍പേട്ട് വഴി പഴനിയിലേക്കായിരുന്നു യാത്ര.

ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവിതകഥ പറഞ്ഞ് ചരിത്രം സൃഷ്ടിച്ച 'ഗാന്ധി'യിൽ അങ്ങനെ കേരളത്തിന്റെ അടയാളങ്ങളുമുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ചിത്രത്തിന്റെ നിര്‍മാണത്തിന് ലഭിച്ചു. ചിത്രത്തിന്റെ പണിപ്പുരകളില്‍ ആറ്റന്‍ബറോ നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ചെലവഴിച്ചു. അതിന് ശേഷമാണ് ഷൂട്ടിങ് തീരുമാനിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടി. 1982ല്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു. കൊച്ചിയിൽ സവിത തീയറ്ററിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

റിച്ചാർഡ് ആറ്റൻബറോ
കൊലയാളി സ്രാവിന്റെ 50വർഷങ്ങൾ; കൊച്ചിക്കും ഓർക്കാൻ ഒരുപാട്...

ആറ്റന്‍ബറോ കൊച്ചിയിൽ-ഒരു ഫ്ളാഷ്ബാക്ക്

​'ഗാന്ധി'യുടെ ഷൂട്ടിങ് ഡല്‍ഹിയില്‍ തുടങ്ങി; പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് നാല് മന്ത്രാലയങ്ങളും കൂടി പ്രവര്‍ത്തിക്കുന്ന സൗത്ത്-നോര്‍ത്ത് ബ്ലോക്ക് സമുച്ചയത്തില്‍. ബ്രിട്ടീഷ് ഭരണകാലത്ത് അവിടം വൈസ്രോയിയുടെ ഓഫീസ് ആയിരുന്നു.

ഇംഗ്ലീഷ് പത്രങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആദ്യം വന്നത്. പിറ്റേന്ന് മലയാള പത്രങ്ങളിലും വിശദമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു ഭാഗത്ത് ആറ്റന്‍ബറോ കൊച്ചിയില്‍ ഷൂട്ടിങിനായി എത്തുമെന്ന് പറഞ്ഞിരുന്നു. അന്ന് ഞാന്‍ 'മാതൃഭൂമി' കൊച്ചി ബ്യൂറോയില്‍ ഏറ്റവും ജൂനിയറായ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാല്‍ ആറ്റന്‍ബറോയെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു.

പക്ഷെ എങ്ങനെ? അതായിരുന്നു എന്നെ അലട്ടിയത്. പ്രശസ്തനായ വി.കെ. മാധവന്‍കുട്ടിയായിരുന്നു അന്ന് ഡല്‍ഹിയില്‍ മാതൃഭൂമിയുടെ ബ്യൂറോചീഫ്. എസ്.ടി.ഡിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കാലം. ട്രങ്ക്‌കോള്‍ മാത്രമായിരുന്നു ആശ്രയം. അല്ലെങ്കില്‍ ടെലക്‌സോ, ടെലിപ്രിന്ററോ ആശ്രയിക്കാം. ഏതായാലും സ്വന്തം നിലയില്‍ ആദ്യം ശ്രമിക്കാമെന്ന് കരുതി. ഡല്‍ഹിയില്‍ ആര് സഹായിക്കും? ആകെക്കൂടി അറിയാമായിരുന്നത് എറണാകുളത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ഹെന്‍ട്രി ഓസ്റ്റിനെയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഗില്‍ബര്‍ട്ട് ഓസ്റ്റിന്‍ എന്റെ സുഹൃത്തായിരുന്നു.

ഗില്‍ബര്‍ട്ടിനെ നേരില്‍ കണ്ട് സംസാരിച്ചു. ആറ്റന്‍ബറോയുടെ കൊച്ചി യാത്രയെക്കുറിച്ച് അറിയാന്‍ കഴിയുമോ? ഗില്‍ബര്‍ട്ട് പറഞ്ഞു. 'അതിന് പറ്റിയ ആള്‍ വയലാര്‍ രവി എം.പി.യാണ്, അദ്ദേഹത്തിന് കഴിഞ്ഞേക്കും.' ഏതായാലും ഗില്‍ബര്‍ട്ട് ഓസ്റ്റിന്‍ തന്റെ പിതാവുമായി ബന്ധപ്പെട്ടു. പക്ഷേ ഹെന്‍ട്രി ഓസ്റ്റിന്‍ തിരക്കായതിനാല്‍ വിവരം കിട്ടിയില്ല. ശരി. വയലാര്‍ രവിയുമായി അടുത്ത സൗഹൃദമുള്ള സൈമണ്‍ ഡയസ് എന്റെ സുഹൃത്തായിരുന്നു. സൈമൺ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

​'ഗാന്ധി' സിനിമയിൽ മൂന്നാറിന്റെ ദൃശ്യം
​'ഗാന്ധി' സിനിമയിൽ മൂന്നാറിന്റെ ദൃശ്യംസ്ക്രീൻ ​ഗ്രാബ്

ഒടുവില്‍ ഡല്‍ഹിയില്‍ വി.കെ. മാധവന്‍കുട്ടിയെ തന്നെ ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൊച്ചി ബ്യൂറോചീഫ് കെ.രാമചന്ദ്രനോട് കാര്യം പറഞ്ഞു. ടെലക്‌സ് വഴി മാധവന്‍കുട്ടിക്ക് അദ്ദേഹം സന്ദേശം അയച്ചു. ഉടനെ ഡല്‍ഹി ഓഫീസില്‍ നിന്ന് മറുപടി കിട്ടി. 'മാധവന്‍കുട്ടി വിദേശത്താണ്. ഒരാഴ്ച കഴിഞ്ഞാല്‍ മാത്രമേ തിരിച്ചെത്തുകയുള്ളൂ.'

ബ്യൂറോ ചീഫിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ഹെന്‍ട്രി ഓസ്റ്റിനും വയലാര്‍ രവിയും തിരക്കുള്ള എം.പിമാര്‍ ആയതിനാല്‍ കാര്യം നടന്നേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ 'മാതൃഭൂമി' എഡിറ്റര്‍ വി.പി. രാമചന്ദ്രനോട് കാര്യം പറഞ്ഞു. ഡല്‍ഹിയില്‍ നാല്‍പത് വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമായിട്ടാണ് വി.പി. രാമചന്ദ്രന്‍ 'മാതൃഭൂമി' എഡിറ്ററായത്. അന്ന് കൊച്ചിയില്‍ ഓഫീസ്.

പ്രധാനമന്ത്രിയുടെ ഓഫീസുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന എഡിറ്റർ യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ ഡല്‍ഹി മേധാവിയായിരുന്നു. വലിയ സുഹൃദ്‌വലയമുള്ള വ്യക്തി. 'ഞാന്‍ ശ്രമിക്കാം.' എഡിറ്ററുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു. പിറ്റേന്ന് തന്നെ വി.പി. രാമചന്ദ്രന്‍, ആറ്റന്‍ബറോയുടെ കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് വിവരം നല്‍കി.

കൊച്ചിയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ യാത്രസൗകര്യങ്ങള്‍ ചെയ്യുന്നത്. ഹോട്ടല്‍ മുറി ട്രാവല്‍ ഏജന്‍സിയുടെ പേരിലായിരിക്കും. രണ്ട് ദിവസം കൊച്ചിയില്‍ ഉണ്ടാകും. തിരക്കിട്ട പരിപാടിയായതിനാല്‍ ആറ്റന്‍ബറോയുടെ സന്ദര്‍ശനത്തിന് യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്ന് ട്രാവല്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

'ഐലന്റിലെ കാസിനോ ഹോട്ടലില്‍ അദ്ദേഹം താമസിക്കും'- എഡിറ്റര്‍ വി.പി. രാമചന്ദ്രന്‍ പറഞ്ഞു.

എൻ.എൻ.സത്യവ്രതൻ,വി.പി.രാമചന്ദ്രൻ
എൻ.എൻ.സത്യവ്രതൻ,വി.പി.രാമചന്ദ്രൻഫോട്ടോ കടപ്പാട്-കേരള മീ‍ഡിയ അക്കാദമി

കാസിനോ ഹോട്ടലിന്റെ മാനേജര്‍ 'മാതൃഭൂമി' ചീഫ് റിപ്പോര്‍ട്ടര്‍ എൻ.എൻ.സത്യവ്രതന്റെ അടുത്ത സുഹൃത്തായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ഞാന്‍ കരുതി. സത്യവ്രതന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. പക്ഷെ മറുപടി എന്നെ നിരാശപ്പെടുത്തി. ഹോട്ടല്‍ മാനേജര്‍ പറഞ്ഞു: 'സന്ദര്‍ശനം വളരെ രഹസ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. കാരണം പബ്ലിസിറ്റി ആയാല്‍ അദ്ദേഹത്തെ കാണാന്‍ പത്രക്കാര്‍ മാത്രമല്ല മറ്റ് പലരും 'ഇടിച്ചുകയറും. ആളുകളുടെ പ്രവാഹം അദ്ദേഹത്തിന് ശല്യമാകരുത്. അതിനാല്‍ ഉന്നത തലത്തില്‍ ബന്ധപ്പെട്ടാല്‍ മാത്രമേ കാര്യം നടക്കൂ.'-മാനേജര്‍ പറഞ്ഞു.

പക്ഷേ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി: 'ആറ്റന്‍ബറോയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് ജില്ലാ കളക്ടര്‍ കെ.ആര്‍. രാജന് കിട്ടിയിട്ടുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ കാര്യം എളുപ്പമാകും. ആ വഴിക്ക് ശ്രമിക്കണം.'

ഫോർട്ടുകൊച്ചിയിലെ ചീനവലകൾ
ഫോർട്ടുകൊച്ചിയിലെ ചീനവലകൾഫോട്ടോ-അറേഞ്ച്ഡ്

സത്യവ്രതന്റെ അടുത്ത സുഹൃത്തായിരുന്നു കളക്ടര്‍ രാജന്‍. കാര്യം പറഞ്ഞു. 'ഒരു കൂടിക്കാഴ്ചയ്ക്ക് ഞാന്‍ ശ്രമിക്കാം.' കളക്ടറുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു. ഞാന്‍ പിറ്റേന്ന് കളക്ടറെ നേരില്‍ കണ്ടു. അദ്ദേഹം പറഞ്ഞു. 'വിമാനത്താവളത്തില്‍ ഞാന്‍ ആറ്റന്‍ബറോയെ സ്വീകരിക്കും. പൂച്ചെണ്ട് നല്‍കും. പക്ഷേ പത്രവാര്‍ത്ത നല്‍കരുത്. പിറ്റേന്ന് അദ്ദേഹം മൂന്നാറിലേക്ക് തിരിക്കും. അപ്പോള്‍ വാര്‍ത്ത നല്‍കിയാല്‍ മതി. കാര്യങ്ങള്‍ എളുപ്പമാക്കിത്തരാം. രഹസ്യമായി സൂക്ഷിക്കണം. കാരണം ആറ്റന്‍ബറോയ്ക്ക് മറ്റ് ചിലരെക്കൂടി കൊച്ചിയില്‍ കാണാനുണ്ട്. വളരെ തിരക്കിലാണ്.'

ഏതായാലും എനിക്ക് രാവിലെ 9ന് ആറ്റന്‍ബറോ സമയം അനുവദിച്ചു. കളക്ടര്‍ വഴിയാണ് അത് ലഭിച്ചത്. 'താങ്കള്‍ നേരെ അദ്ദേഹത്തിന്റെ മുറിയില്‍ എത്തിയാല്‍ മതി.'-കളക്ടര്‍ പറഞ്ഞു.

അനിയന്ത്രിതമായ ആവേശത്തോടെയാണ് കാസിനോ ഹോട്ടലില്‍ എത്തിയത്. കൂടെ മഹാരാജാസ് കോളേജിലെ എം.എ. വിദ്യാര്‍ത്ഥി ജൂഡ് അട്ടിപ്പേറ്റിയും ഉണ്ടായിരുന്നു. (ഇപ്പോള്‍ സംവിധായകൻ കൂടിയായ അദ്ദേഹം മഴവിൽ മനോരമ ചാനലിലെ ഉന്നത ഉദ്യോഗസ്ഥനാണ്) ഞാന്‍ വാതിലില്‍ മുട്ടി. സമയം 8.55. ആറ്റന്‍ബറോ വാതില്‍ തുറന്നു. വാച്ച് നോക്കി അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 'പ്ലീസ്, അഞ്ച് മിനിറ്റ് കൂടി ഉണ്ട്. വെയ്റ്റ്.' കൃത്യം 9ന് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഇരുന്നു. 'പത്തുമിനിറ്റ് സംസാരിക്കാം. 10 മണിയോടെ ചീനവല ഷൂട്ട് ചെയ്യാന്‍ അഴിമുഖത്തെത്തും.'- അദ്ദേഹം പറഞ്ഞു. ഞാന്‍ 'മാതൃഭൂമി'യെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'കളക്ടര്‍ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഉന്നത പാരമ്പര്യമുള്ള പത്രം. എന്റെ ആശംസകള്‍.'

റിച്ചാർഡ് ആറ്റൻബറോയുമായി ജി.ഷഹീദ് നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ട് 1981 ഒക്‌ടോബര്‍ 20ലെ 'മാതൃഭൂമി' ദിനപത്രത്തില്‍
റിച്ചാർഡ് ആറ്റൻബറോയുമായി ജി.ഷഹീദ് നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ട് 1981 ഒക്‌ടോബര്‍ 20ലെ 'മാതൃഭൂമി' ദിനപത്രത്തില്‍കടപ്പാട് മാതൃഭൂമി ആർക്കൈവ്സ്

ഞാന്‍ നന്ദി പറഞ്ഞു. ആറ്റന്‍ബറോ പ്രത്യേകം എടുത്ത് പറഞ്ഞ കാര്യം ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. 'ഫോര്‍ട്ട് കൊച്ചിയുടെ പേര് ബ്രിട്ടീഷ് കൊച്ചി എന്നായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മഹത്തായ പങ്ക് ഈ നഗരം വഹിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഞാന്‍ ഒരാഴ്ച കൊണ്ട് കൊച്ചി ചരിത്രം പഠിച്ചു. പ്രാചീനകാലത്ത് സുഗന്ധദ്രവ്യങ്ങള്‍ തേടി അറബികള്‍ ഇവിടെ വന്നിട്ടുണ്ട്. പോര്‍ച്ചുഗീസും ഡച്ചും പിന്നീട് ഇംഗ്ലീഷുകാരും ഇവിടെ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഗുജറാത്തി ജൈനന്മാരും തമിഴന്മാരും വന്നു. യഹൂദര്‍ കൊച്ചിയില്‍ എത്തിയ ചരിത്രവും ഞാന്‍ വായിച്ചു. കേരള ചരിത്രത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു.' ആറ്റന്‍ബറോ വാചാലനായി. അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ നോട്ടുപുസ്തകം എടുത്തു. ഫോര്‍ട്ട് കൊച്ചിയിലെ പല റോഡുകളുടെയും പേരുകള്‍ പറഞ്ഞു.

'ഞാന്‍ ഹോര്‍ത്തൂസ് മലബാറിക്കസ് രചിച്ച സ്ഥലം കാണും. കടല്‍പ്പുറത്ത് നടക്കും. കൊച്ചിയില്‍ ക്ലബ് സന്ദര്‍ശിക്കും'- അദ്ദേഹം പറഞ്ഞു.

കൊച്ചിയുടെ ചരിത്രത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ഞാന്‍ വാച്ച് നോക്കി. പത്ത് മിനിറ്റ് കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു. 'അല്പസമയം കൂടി ഇരിക്കാം.'

​'ഗാന്ധി' സിനിമയിൽ മഹാത്മാ​ഗാന്ധിയായി ബെൻ കിങ്സിലി
​'ഗാന്ധി' സിനിമയിൽ മഹാത്മാ​ഗാന്ധിയായി ബെൻ കിങ്സിലിസ്ക്രീൻ ​ഗ്രാബ്

'ഗാന്ധി' ചിത്രം നിര്‍മ്മിക്കാനുള്ള പ്രേരണയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

'ഗാന്ധിജിയെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന കോത്താരിയില്‍ നിന്നാണ്. അന്ന് എനിക്ക് 32 വയസ്സുണ്ടാകും. കോത്താരിയുമായി സംസാരിച്ച ശേഷമാണ് ഞാന്‍ ലൂയി ഫിഷര്‍ എഴുതിയ ഗാന്ധിയുടെ ജീവചരിത്രം വായിച്ചത്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിന് എതിരെ നടത്തിയ സമരപരിപാടികള്‍ ഞാന്‍ വായിച്ചു. തികച്ചും വ്യത്യസ്തനായ ഒരു ജനനേതാവായി ഗാന്ധിജിയെ എനിക്ക് കാണാന്‍ കഴിഞ്ഞു. വായന അങ്ങനെ നീണ്ടു. ഇന്ത്യാ ചരിത്രത്തിലെ വിവിധ അധ്യായങ്ങളും വായിച്ചു. വിവിധ യൂണിവേഴ്‌സിറ്റിയിലെ ചരിത്രപ്രൊഫസര്‍മാരുമായി സംസാരിച്ചു. ഗാന്ധിജിയുടെ ഫിലോസഫി അങ്ങനെ ഹൃദിസ്ഥമാക്കി. കിട്ടാവുന്ന ചരിത്രപുസ്തകങ്ങള്‍ എല്ലാം വായിച്ചു. നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ചിലവഴിച്ചു. അതിന് ശേഷമാണ് ചിത്രമെടുക്കാന്‍ തീരുമാനിച്ചത്. ചരിത്രപഥങ്ങളിലൂടെ ഒരു നീണ്ട യാത്രയായിരുന്നു അത്. എത്രയോ രാഷ്ട്രീയ നേതാക്കളെ കണ്ടു. നീണ്ട കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി പലതവണ സംസാരിച്ചു. സംഭവബഹുലമാണ് ഗാന്ധിജിയുടെ ചരിത്രം. യുഗപ്രഭാവനായ വ്യക്തി. ഗാന്ധിജിയും ടോള്‍സ്റ്റോയിയും തമ്മിലുള്ള കത്തിടപാടുകള്‍ ഞാന്‍ വായിച്ചു, പഠിച്ചു. ഗാന്ധിജിയെ ഞാന്‍ കണ്ടിട്ടില്ല. 1948-ല്‍ അദ്ദേഹം വെടിയേറ്റ് മരിച്ചപ്പോള്‍ എനിക്ക് 25 വയസ്സായിരുന്നു പ്രായം. അന്ന് പത്രത്തില്‍ വാര്‍ത്ത ഞാന്‍ വായിച്ചു. അത്രമാത്രം. അതിന് ശേഷം ചില അവസരങ്ങളില്‍ ഗാന്ധിയെക്കുറിച്ചു കേട്ടു. എന്നാല്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോത്താരിയാണ് ഗാന്ധി എന്ന ചരിത്ര പുരുഷനെക്കുറിച്ച് എന്നോട് ആദ്യമായി സംസാരിച്ചത്. അന്നാണ് കൂടുതല്‍ അറിഞ്ഞത്.'

​'ഗാന്ധി' സിനിമയിൽ കസ്തൂർബയായി അഭിനയിച്ച രോഹിണി ഹട്ടങ്കടി ബാഫ്റ്റ പുരസ്കാരവേദിയിൽ ഡേവിഡ് ആറ്റൻബറോ,ബെൻ കിങ്‌സിലി എന്നിവർക്കൊപ്പം
​'ഗാന്ധി' സിനിമയിൽ കസ്തൂർബയായി അഭിനയിച്ച രോഹിണി ഹട്ടങ്കടി ബാഫ്റ്റ പുരസ്കാരവേദിയിൽ ഡേവിഡ് ആറ്റൻബറോ,ബെൻ കിങ്‌സിലി എന്നിവർക്കൊപ്പംഫോട്ടോ കടപ്പാട്-ഫിലിം ഹിസ്റ്ററി പിക്സ് എക്സ് പേജ്

സമയം 10 മണിയായപ്പോഴും അദ്ദേഹം പറഞ്ഞു. 'ഫോര്‍ട്ട് കൊച്ചി അഴിമുഖത്തേക്ക് വരൂ. അല്പനേരം കൂടി സംസാരിക്കാം.' അവിടെ തിരക്കൊഴിഞ്ഞ ഒരു കോണില്‍ ഇരുന്ന് പതിനഞ്ച് മിനിറ്റ് സംസാരിക്കാന്‍ അവസരം കിട്ടുകയും ചെയ്തു. ഇതിനിടയില്‍ ക്യാമറമാന്‍ ചീനവലകള്‍ ഷൂട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുമായി ആറ്റന്‍ബറോ സംസാരിച്ചു. അതിന് ശേഷം പരേഡ് ഗ്രൗണ്ടും സെന്റ് ഫ്രാന്‍സിസ് പള്ളിയും സന്ദര്‍ശിച്ചു.

ഫോര്‍ട്ട്‌കൊച്ചിയിലെ ഏതാനും പേരുമായി അദ്ദേഹം സംസാരിച്ചുവെന്ന് അറിഞ്ഞു. ആദ്യമേയര്‍ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ വീട്ടില്‍ പോയിരുന്നു. മുന്‍മന്ത്രി എം.കെ. രാഘവന്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, മട്ടാഞ്ചേരിയിലെ ചില വ്യവസായ പ്രമുഖര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മുന്‍ എം.എല്‍.എ. കെ.ജെ ഹര്‍ഷലിനെയും കണ്ടു. ആറ്റന്‍ബറോയുടേത് ഒരു മിന്നില്‍ സന്ദര്‍ശനമായിരുന്നു. ആരെയെല്ലാം കാണണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു.

ലൂയി ഫിഷറിന്റെ 'ദ് ലൈഫ് ഓഫ് മഹാത്മാ​ഗാന്ധി' എന്ന പുസ്തകത്തിന്റെ കവർ
ലൂയി ഫിഷറിന്റെ 'ദ് ലൈഫ് ഓഫ് മഹാത്മാ​ഗാന്ധി' എന്ന പുസ്തകത്തിന്റെ കവർഅറേഞ്ച്ഡ്

'ഗാന്ധി അനശ്വരന്‍'

'ഗാന്ധിജി ലോക ചരിത്രത്തില്‍ അനശ്വരനായ വ്യക്തിയാണ്.'- ആറ്റന്‍ബറോ പറഞ്ഞു. 'ചിന്തിക്കുന്നവര്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും അദ്ദേഹം എന്നും പ്രചോദനമായിരിക്കും. ജനഹൃദങ്ങളില്‍ ഗാന്ധിജിയെ അനശ്വരനായിതന്നെ പ്രതിഷ്ഠിക്കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് കഴിയും.' ആറ്റൻബറോയുടെ വാക്കുകളിൽ ആത്മസാഫല്യം.

'വിദേശത്ത് ഗാന്ധിക്ക് വേണ്ട ആദരവ് കിട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലുണ്ട്. പക്ഷേ മറ്റ് രാജ്യങ്ങളില്‍ വേണ്ടത്ര ഇല്ല. പടിഞ്ഞാറന്‍ നാടുകളില്‍ യുവതലമുറയോട് ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചു നോക്കൂ. അവര്‍ പറയും, ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ആരോ അല്ലേ ഗാന്ധി? അത് കേട്ടാല്‍ ഇന്ത്യാക്കാര്‍ ദുഃഖിക്കും'-ആറ്റന്‍ബറോ പറഞ്ഞു.

തുടക്കം മുതല്‍ക്ക് തന്നെ ​'ഗാന്ധി' സിനിമ വിവാദത്തിലായിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചാണ് തിരക്കഥ എന്ന് ചിലര്‍ ആക്ഷേപിക്കുകയും ചെയ്തു. അതിനും ആറ്റൻബറോ മറുപടി പറഞ്ഞു.

'അതൊക്കെ ശുദ്ധ അസംബന്ധം മാത്രമാണ്.'- അദ്ദേഹം പ്രതികരിച്ചു. 'സത്യം, സത്യമായി ഞാന്‍ ചിത്രീകരിക്കുന്നു. വിഭജനത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങള്‍, ഗാന്ധിജി നേരിട്ട സംഘര്‍ഷങ്ങള്‍ എല്ലാം വസ്തുതാപരമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.'-അദ്ദേഹം പറഞ്ഞു. 'ഗാന്ധിജിയെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുള്ളത് നിരവധി തവണ കേട്ടു.'-അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ഷൂട്ടിങിനും മറ്റുമായി 50ഓളം പ്രാവശ്യം ആറ്റന്‍ബറോ ഇന്ത്യയില്‍ എത്തി. ഗാന്ധിജിയുടെ കാല്പാടുകള്‍ പതിഞ്ഞ പല സ്ഥലങ്ങളിലൂടെയും അദ്ദേഹം നടന്നു. ഗാന്ധിജിയുടെ നിരവധി അനുയായികളെ കണ്ട് സംസാരിച്ചു. സബര്‍മതി ആശ്രമത്തില്‍ താമസിച്ചു.

'ഗാന്ധി' സിനിമയിൽ ജവഹർലാൽ നെഹ്രുവായി റോഷൻ സേത്ത്
'ഗാന്ധി' സിനിമയിൽ ജവഹർലാൽ നെഹ്രുവായി റോഷൻ സേത്ത് സ്ക്രീൻ ​ഗ്രാബ്

'ആയുധമെടുക്കാതെയാണ് ഗാന്ധിജി വിജയിച്ചത്. ഇതാണ് ലോകത്തിന്റെ മൂല്യം. ചിത്രത്തിന്റെ ആത്മാവ് അതാണ്.'- ആറ്റന്‍ബറോ പറഞ്ഞു.

ചിത്രത്തിൽ ഗാന്ധിജിയെ ചിത്രത്തില്‍ അവതരിച്ചത് ബെന്‍ കിങ്‌സിലിയാണ്. ഒരു ദശകമായി ഹാംലെറ്റിനെ അവതരിപ്പിച്ച അദ്ദേഹം ഗാന്ധിജിയുമായി താദാത്മ്യം പ്രാപിച്ചു. കിങ്‌സിലിയുടെ പിതാവ് ഇന്ത്യാക്കാരനാണ്. കസ്തൂര്‍ബയായി രോഹിണ ഹട്ടങ്കടിയും നെഹ്‌റുവായി റോഷന്‍ സേത്തും സര്‍ദാര്‍ പട്ടേലായി സായിദ് ജഫ്രിയും അഭിനയിച്ചു. ഇന്ത്യയിലെ 60 ഓളം സ്ഥലങ്ങളിലായി ഷൂട്ടിങ് നടന്നു.

റിച്ചാർഡ് ആറ്റൻബറോയും സഹോദരൻ ഡേവിഡ് ആറ്റൻബറോയും
റിച്ചാർഡ് ആറ്റൻബറോയും സഹോദരൻ ഡേവിഡ് ആറ്റൻബറോയുംഫോട്ടോ കടപ്പാട്-സർ ഡേവിഡ് ആറ്റൻബറോ ഫേസ്ബുക്ക് പേജ്

ആറ്റൻബറോയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള എന്റെ റിപ്പോർട്ട് 1981 ഒക്‌ടോബര്‍ 20ലെ 'മാതൃഭൂമി' പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഇളയ സഹോദരനാണ് പ്രശസ്ത വന്യജീവി ചിത്രനിര്‍മ്മാതാവും പ്രകൃതി സംരക്ഷകനുമായ ഡേവിഡ് ആറ്റന്‍ബറോ. ഇക്കഴിഞ്ഞ മെയ് 8ന് അദ്ദേഹം 100-ാം പിറന്നാള്‍ ആഘോഷിച്ചു. ഏഴ് ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് അദ്ദേഹം ഇരുന്നൂറോളം വന്യജീവി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കേരളത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതം അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ പക്ഷി സങ്കേതവും ഹിമാലയവും കാശ്മീരും ഗംഗാനദിയും മറ്റും ക്യാമറയില്‍ പകര്‍ത്തി.

2014 ആഗസ്റ്റ് 20ന് ആയിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ അന്ത്യം.

Related Stories

No stories found.
Pappappa
pappappa.com