
'ആകാശത്തിന്റെ നരച്ച മുഖം.
രാക്ഷസപ്പാറയുടെ തിരക്കേറിയ ശിഖരങ്ങളിൽ ചുറ്റിയടിച്ചുവരുന്ന കാറ്റ് തേങ്ങി. പാറയ്ക്കുകീഴേ,ടാറിട്ട വീതി കുറഞ്ഞ റോഡിൽ എറുമ്പുകളെപ്പോലെ അരിച്ചുനീങ്ങുന്ന തലകൾ.
ദേഹത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ആയിരം പാദങ്ങൾ. തലയ്ക്കുള്ളിൽ കുത്തിയിറക്കുന്ന കുന്തമുനകൾ. ചെവിക്കുള്ളിൽ സമുദ്രതീരത്തെ ആഞ്ഞുവീശുന്ന തെങ്ങോലകൾ...'
ഇത്രയും വായിച്ചതോടെ ഞാൻ അമ്മയെ ഒന്ന് നോക്കി. അതിന്റെ അർഥം മനസ്സിലാക്കിയിട്ടെന്നവണ്ണം അമ്മ പറഞ്ഞു: 'അതെ..ഞാൻ തന്നെ എഴുതിയതാ...'
എനിക്ക് ചിരിവന്നു. അമ്മയും ചിരിച്ചു. അമ്മയുടെ ചിരി പൂ വിരിയുന്നതുപോലെയാണ്. പതിയെ വിടർന്നുവരും. പിന്നെ നല്ല ഭംഗിയുണ്ടാകും കാണാൻ. അതുപോലെ തന്നെയായിരുന്നു ആ ചിരിയും. വെളുത്തനിറമുള്ള ആകാശത്ത് വിരിഞ്ഞുനില്കുന്ന ഒരു പൂവ്.
എന്റെ കൈയിലിരുന്നത് 1974-ലെ മാതൃഭൂമി വിഷുപ്പതിപ്പിന്റെ കോപ്പിയാണ്. അതിലെ 'ചെമന്ന നൂലിഴ' എന്ന കഥയെഴുതിയ ആളാണ് മുന്നിൽ. ഗിരിജാവാരിയർ. എന്റെ അമ്മ.
അമ്മയന്ന് കോളേജിൽ പഠിക്കുകയാണ്. കഥാകൃത്തിന്റെ പേരിനുതാഴെ '1 ബി.എസ്.സി എൻ.എസ്.എസ്.കോളേജ് ഒറ്റപ്പാലം' എന്ന് ബ്രാക്കറ്റിലുണ്ട്. കഥയ്ക്കൊപ്പമുള്ള ചിത്രം വരച്ചിരിക്കുന്നത് ആർട്ടിസ്റ്റ് നമ്പൂതിരി! ആഴ്ചപ്പതിപ്പിന്റെ മറ്റൊരു കോപ്പി കൂടി കൈയിലുണ്ടായിരുന്നു. അത് 1974-ലെ തന്നെ റിപ്പബ്ലിക് ദിനപ്പതിപ്പ്. അതിലുമുണ്ട് അമ്മയുടെ കഥ-'ദു:ഖിതയുടെ മുഖം.' ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങളിൽ അമ്മയ്ക്കൊപ്പമുള്ള പേരുകൾ സത്യമായും എന്നെ ഞെട്ടിച്ചു. കവിയുടെ കാല്പാടുകൾ-പി.കുഞ്ഞിരാമൻനായർ,(ലേഖനം) ധവളപുഷ്പങ്ങൾ-കമലാദാസ്, പഥികന്റെ ഗീതം-സാറാ ജോസഫ്,(കവിത) ആഗ്നേയം-വത്സല(നോവൽ) വാസ്തുഹാര-സി.വി.ശ്രീരാമൻ(ചെറുകഥ)...!
സത്യനങ്കിളൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ഒരു കഥയോ കവിതയോ വരികയെന്നത് നൊബേൽസമ്മാനം കിട്ടുന്നതിന് തുല്യമായിരുന്നു അക്കാലത്തെ ചെറുപ്പക്കാർക്കെന്ന്. അദ്ദേഹം എഴുതിവളർന്നതും ബാലപംക്തിയിലൂടെയാണല്ലോ. പക്ഷേ അമ്മയുടെ കഥകൾ വന്നത് ബാലപംക്തിയിലല്ല. അന്നത്തെ ഏറ്റവും പ്രശസ്തരായ എഴുത്തുകാർക്കൊപ്പം പ്രധാനപേജുകളിൽ തന്നെ.
ഞാൻ ഒന്നുകൂടി അമ്മയെ നോക്കി. മുന്നിൽ വീണ്ടും ഭംഗിയുള്ളൊരു പൂ വിരിഞ്ഞു...
അത് കോവിഡ് കാലമായിരുന്നു. വീട്ടിൽ അടച്ചിരിക്കുന്ന സമയത്ത് ഒരു ദിവസം അമ്മ ചോദിച്ചു: 'ഞാൻ പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതിയിട്ടുണ്ട്. അതിന്റെ കോപ്പി കിട്ടാൻ വല്ല മാർഗവുമുണ്ടോ...?' എനിക്ക് വിശ്വാസം വന്നില്ല. അമ്മ കഥയെഴുതിയിരുന്നോ...!അതും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. എന്റെയുള്ളിൽ സത്യനങ്കിളിനെപ്പോലുള്ളവർ പറഞ്ഞ വാക്കുകളായിരുന്നു. ഫേസ്ബുക്കിൽ അമ്മ ചിലത് കുത്തിക്കുറിച്ചുതുടങ്ങിയിരുന്നു അപ്പോൾ. ഒറ്റപ്പാലത്തെ പഴയ കുട്ടിക്കാല ഓർമകൾ. വായിച്ച പലരും നല്ലതെന്ന് പറയുകയും ചെയ്തു. അതിനിടയിലാണ് കഥയെക്കുറിച്ചുള്ള കാര്യം അമ്മ പങ്കുവച്ചത്. എന്നോ കുറിച്ചിട്ട അക്ഷരങ്ങളെ വീണ്ടും കാണാനുള്ള ഒരാഗ്രഹം.
പക്ഷേ അമ്മയ്ക്ക് വർഷമൊന്നും ഓർമയുണ്ടായിരുന്നില്ല. എഴുപതുകളിലാണെന്ന് മാത്രം അറിയാം. പക്ഷേ എനിക്കാ മോഹത്തിന്റെ തീവ്രത മനസ്സിലായി. അമ്മ പോയകാലത്തിലേക്ക് ഒരു തീർഥയാത്ര ആഗ്രഹിക്കുന്നു.
മാതൃഭൂമിയിലെ ഒരു സുഹൃത്ത് വഴി എച്ച്.ആർ വിഭാഗം മേധാവി ജി.ആനന്ദിനെ ഫോണിൽ വിളിച്ചു. ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം ഏറെ സന്തോഷത്തോടെ ആ 'നിധിവേട്ട' ഏറ്റെടുത്തു. പിറ്റേദിവസം തന്നെ പറഞ്ഞു: 'ലൈബ്രറിയിൽ തിരയാൻ പ്രത്യേകമായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പുകളൊന്നും ഡിജിറ്റലാക്കിയിട്ടില്ല. പഴയരൂപത്തിൽ ബൈൻഡ് ചെയ്ത് വെച്ചിരിക്കുകയാണ്. ഓരോവർഷത്തെയും കോപ്പികൾ മുഴുവൻ തിരയണം.' ഞാൻ സംശയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'കിട്ടും...'
മൂന്നുദിവസങ്ങൾക്കകം എന്റെ മൊബൈൽഫോണിൽ രണ്ട് കഥകളുടെയും പി.ഡി.എഫ് എത്തി. അത് കാണിച്ചപ്പോൾ അമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ സന്തോഷിച്ചു. പിഞ്ചുകുഞ്ഞിനെയെന്നോണം അതിലെ അക്ഷരങ്ങളെ നോക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ മാതൃഭൂമി ഓഫീസിൽ നിന്ന് ഒരു കവറെത്തി. അതിൽ അമ്മയുടെ കഥകൾ വന്ന രണ്ടുപതിപ്പുകളുടെയും കോപ്പികൾ. ബൈൻഡ് ചെയ്തുവച്ചവയിൽ നിന്ന് പേജുകൾ മുഴുവൻ സ്കാൻ ചെയ്ത് പ്രത്യേകരീതിയിൽ തയ്യാറാക്കിയതാണ്. കണ്ടാൽ അമ്പത്തിയൊന്നു വർഷം പഴക്കമുള്ള ആഴ്ചപ്പതിപ്പുപോലെ തന്നെ. ആനന്ദും മാതൃഭൂമിയും ചേർന്ന് അമ്മയ്ക്കുകൊടുത്തയച്ച അതിരില്ലാത്ത ആനന്ദം.
ആ കോപ്പികളാണ് എന്റെ കൈയിലിരുന്നത്. ഈ കഥകളെഴുതി അടുത്തവർഷം അമ്മയുടെ വിവാഹം കഴിഞ്ഞു. അന്ന് പത്തൊമ്പത് വയസ്സ്. വള്ളുവനാട്ടിൽ നിന്ന് കൗമാരം കഴിയുംമുമ്പേ അച്ഛന്റെ കൈപിടിച്ച് അമ്മ പുള്ളിലേക്ക് പോന്നു. പിന്നെ അതായി അമ്മയുടെ നാട്. അന്നുതൊട്ട് 2018 വരെ അവർ ഒരുമിച്ചു ജീവിച്ചു,ഒരേ തൂവൽപക്ഷികളായി ഒരേ ആകാശങ്ങളിലേക്ക് പറന്നു...
അച്ഛൻ ജോലിയുമായി കണ്ണൂരിലേക്കും നാഗർകോവിലിലേക്കുമെല്ലാം പോയപ്പോൾ കുടുംബത്തെയും കൊണ്ടുപോയി. അച്ഛന് 'എന്തെല്ലാമുണ്ട്' എന്നതിനേക്കാൾ കൂടുതലായി, 'എന്തൊക്കെയില്ല' എന്ന് അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അതിനനുസരിച്ച് ജീവിക്കാൻ അമ്മ ശ്രദ്ധിച്ചു. എന്നെയും ചേട്ടനെയും അങ്ങനെ ശീലിപ്പിച്ചു. ഇല്ലായ്മകൾ വല്ലായ്മകളായി മാറാതെ സൂക്ഷിച്ചുവെന്നതിലായിരുന്നു അമ്മയുടെ വിജയം. അതുകൊണ്ട് അച്ഛൻ സമാധാനത്തോടെ ജോലി ചെയ്ത് ഞങ്ങളെ വളർത്തി.
അമ്മയിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞതിനുശേഷം ഞാൻ പിന്നീട് പലപ്പോഴും ഓർത്തിട്ടുണ്ട്, അച്ഛനൊപ്പം ജീവിച്ചുതുടങ്ങിയ നാളുകളിലും അമ്മയുടെ ഉള്ളിലുണ്ടായിരുന്നിരിക്കില്ലേ ഒരുപാട് കഥകൾ? അതെല്ലാം എഴുതണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ടാകില്ലേ..?പക്ഷേ അച്ഛനും ഞങ്ങൾക്കും വേണ്ടി അമ്മ ആ അക്ഷരങ്ങളുടെ നോവ് നെഞ്ചിലൊതുക്കി. മനസ്സിലെ മോഹങ്ങളെ ഒന്നുമെഴുതാത്ത നോട്ടുപുസ്തകം പോലെ അടച്ചുവച്ചു. പക്ഷേ ആ എഴുതാപ്പുറങ്ങളിലുണ്ടായിരുന്നിരിക്കണം ഗിരിജാ വാരിയർ എന്ന പത്തൊമ്പതുകാരി പെൺകുട്ടിയുടെ ആത്മാവ്.
അമ്മയ്ക്കാണ് ആദ്യം കാൻസർ വന്നത്. അന്ന് അച്ഛൻ അമ്മയെ തൊട്ടുതന്നെ നിന്നു. അവർ ഒരുമിച്ചു ജീവിച്ചുതുടങ്ങിയ നാളുകളിലെപ്പോലെ വിരലുകൾ കൊരുത്തുപിടിച്ചു. 'ഒന്നുമില്ല..'എന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. അമ്മയപ്പോൾ വാടിയതെങ്കിലും പൂപോലെ തന്നെയുള്ള ചിരി ചിരിച്ചു.
കാൻസർചികിത്സയുടെ ഭാഗമായുള്ള ശാരീരികഅസ്വസ്ഥതകളൊക്കെ അമ്മയ്ക്കുണ്ടായിരുന്നു. ക്ഷീണം,ശരീരം ശോഷിക്കൽ,മുടികൊഴിച്ചിൽ ഒക്കെ. ഇങ്ങനെയുള്ള അവസ്ഥയിൽ മറ്റുള്ളവർക്കിടയിലേക്ക് പോകാൻ പലർക്കും മടിയാണ്. അമ്മയും അങ്ങനെ അറച്ചുനിന്നപ്പോൾ അച്ഛനാണ് പല ചടങ്ങുകളിലേക്കും കൂട്ടിക്കൊണ്ടുപോയത്. അതോടെ അമ്മയുടെ ആത്മവിശ്വാസം കൂടി. അതുതന്നെയായിരുന്നു ഏറ്റവും വലിയ ഔഷധവും. രോഗിയായ ഒരാളെ വേഗം സുഖപ്പെടുത്താൻ ഏറ്റവും അടുപ്പമുള്ളൊരാൾ പകരുന്ന വിശ്വാസച്ചൂടിനും സാന്ത്വനമന്ത്രത്തിനും സാധിക്കും. അച്ഛനത് ചെയ്തു,അമ്മ സുഖപ്പെട്ടു.
പക്ഷേ അമ്മയുടെ രോഗം മാറാൻ അതിന്റെ തീവ്രതയെ തന്നിലേക്ക് ഏറ്റുവാങ്ങിയതുപോലെയെന്നോണം അച്ഛനും പിന്നീട് കാൻസർബാധിതനായി. അന്ന് അമ്മ, അച്ഛൻ മുമ്പ് ചെയ്തതെന്തോ അതെല്ലാം ചെയ്തു. തൊട്ടുനിന്നു,വിരൽകൊരുത്തു,ഒന്നുമില്ല എന്ന് പറഞ്ഞു. എൻ.എൻ.കക്കാടിന്റെ 'സഫലമീയാത്ര'യിലെ വരികളെ ഓർമിപ്പിച്ചു ആ നാളുകൾ. അച്ഛൻ ജനലഴി പിടിച്ചൊട്ടുനിന്നപ്പോൾ അമ്മ അണിയത്തുതന്നെ നിന്നു. ഒരു ചുമയിൽ ഇടറിവീണപ്പോൾ കൈപിടിച്ചു.
ആ കവിതയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ മറ്റുചിലതാണ്.
'പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകൾ
നീണ്ടൊരീയറിയാത്ത വഴികളിൽ
എത്ര കൊഴുത്ത ചവർപ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതൻ ശർക്കര നുണയുവാൻ...'
അന്ന് അച്ഛനും അമ്മയും ഒരുമിച്ചോർത്തിരിക്കണം...നൊന്തും എന്നാൽ പരസ്പരം നോവിക്കാതെയും നാലുപതിറ്റാണ്ടുകൾ നീണ്ട യാത്രയിൽ താണ്ടിയ മുള്ളുകൾ,കല്ലുകൾ,ഒരുമിച്ചുകണ്ട കനവുകൾ,കുടിച്ചുവറ്റിച്ച കൊഴുത്ത ചവർപ്പുകൾ...
അമ്മയുടെ തുണയിൽ അച്ഛൻ രണ്ടുവട്ടം കാൻസറിനെ അതിജീവിച്ചു. മൂന്നാംവട്ടം വന്നപ്പോൾ ഞങ്ങൾക്കച്ഛനെ തിരികെക്കിട്ടിയില്ല. എനിക്കും ചേട്ടനും അമ്മയെക്കുറിച്ചോർത്തായിരുന്നു പേടി. മരണത്തിനല്ലാതെ മറ്റാർക്കും അച്ഛനെയും അമ്മയെയും അതുവരെ വേർപിരിക്കാനായിരുന്നില്ല. അവർ ഒരാത്മവും രണ്ട് ശരീരവും എന്ന പ്രയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു. അതിൽ ഒരാളുടെ പ്രാണൻ ഇല്ലാതെയാകുമ്പോൾ മറ്റേയാളുടെ ആത്മാവ് എങ്ങനെ സഹിക്കും?
ഇങ്ങനെ ഹൃദയംകൊണ്ട് ഒട്ടിജീവിച്ച ദമ്പതിമാരിൽ പലരുടെയും അനുഭവങ്ങൾ എന്റെയുള്ളിലുണ്ടായിരുന്നു. ഒരാളുടെ വേർപാട് പങ്കാളിയെ വിഷാദത്തിലേക്കും ഏകാന്തതയിലേക്കും തള്ളിവിടും. അതിന്റെ നീറ്റലിലാകും പിന്നീടുള്ള ജീവിതം. അത് മനസ്സിനെയും ശരീരത്തെയും പതുക്കെ ബാധിച്ചുതുടങ്ങുകയും ചെയ്യും. അമ്മയ്ക്കും അത് സംഭവിക്കുമോ എന്നായിരുന്നു പേടി.
പക്ഷേ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ, അച്ഛൻ ഈ ഭൂമിയിൽ അവശേഷിപ്പിച്ചുപോയ ഓർമകളുടെ തൂവൽ കൂടി തന്നിലേക്ക് ചേർത്തുവച്ച് പറന്നുയർന്നു. എന്നോ അടച്ചുവച്ച എഴുത്തുകാരിയുടെ നോട്ടുപുസ്തകമെടുത്തു വിടർത്തുകയായിരുന്നു ആദ്യം ചെയ്തത്. ശൂന്യമായിരുന്ന അതിന്റെ താളുകൾ പഴയ പത്തൊമ്പതുകാരിയുടെ അതേ ആവേശത്തോടെ അമ്മ എഴുതിനിറച്ചുതുടങ്ങി. അമ്മയുടെ ഫേസ്ബുക്ക് കുറിപ്പുകൾക്ക് ആരാധകരുണ്ടായി. പംക്തിയെഴുതാമോ എന്ന് ചോദിച്ച് ഗൃഹലക്ഷ്മിയിൽ നിന്ന് വിളിവന്നു. അമ്മ അതിലും എഴുതിത്തുടങ്ങി. 'നിലാവെട്ടം' എന്ന പേരിൽ ഗൃഹാതുരസ്മരണകൾ.
അമ്മയുടെ എഴുത്തിന് വല്ലാത്തൊരു ലാളിത്യവും തെളിമയുമുണ്ട്. ഭാരതപ്പുഴ കണ്ടുവളർന്നയാളായതുകൊണ്ടാകാം അതിന്റെ ഒഴുക്കിനെ അമ്മ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നപോലെ. അമ്മയോടുള്ള ഇഷ്ടം കൊണ്ട് എനിക്ക് മാത്രം തോന്നുന്നതാകാം എന്നാണ് വിചാരിച്ചിരിച്ചിരുന്നത്. പക്ഷേ സിനിമാമേഖലയിലെ എഴുത്തുകാരായ സുഹൃത്തുക്കളൊക്കെ അമ്മയുടെ എഴുത്തിന്റെ മാധുര്യത്തെക്കുറിച്ചുപറഞ്ഞപ്പോൾ ഞാൻ ഗിരീഷേട്ടന്റെ(ഗിരീഷ് പുത്തഞ്ചേരി) ഒരു പ്രയോഗം ഓർത്തു- തെങ്ങിളംനീരാം പൊൻനിള!
എഴുത്തിൽ നിർത്താതെ അമ്മ നൃത്തത്തിലേക്ക് തിരിഞ്ഞു. തനിക്ക് പഠിക്കാൻ പറ്റിയ കോഴ്സുകൾ ഇന്റർനെറ്റിൽ തിരഞ്ഞു. ശ്രീശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്ങിലൂടെ സന്തോഷത്തിന്റേതായ പുൽമേടുകളിലേക്ക് സഞ്ചരിച്ചു. ജീവിതം ഒരു കലയാക്കി മാറ്റി. അങ്ങനെ അമ്മ മോഹിനിയാട്ടവും കഥകളിയും പഠിച്ചു. നാട്ടിലെ തിരുവാതിരകളി സംഘത്തിനൊപ്പം ചുവടുവച്ചു. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടമുള്ളയിടത്തേക്കെല്ലാം യാത്രപോയി. ഇന്ന് എനിക്ക് പുളളിലേക്കൊന്നുചെല്ലണമെങ്കിൽ അമ്മയ്ക്ക് ഒഴിവുള്ള സമയം നോക്കണം. അത് പലപ്പോഴും വിരളമാണ് താനും.
വാർധക്യത്തിലോ അതിനോടടുക്കുമ്പോഴോ ഒറ്റയായിപ്പോകുന്നവർ പലപ്പോഴും സംശയിക്കാറുണ്ട്,തങ്ങൾ മറ്റുള്ളവർക്ക് ഭാരമാകുന്നുണ്ടോ എന്ന്. അത്തരം ഒരു ഭാരം മക്കൾക്ക് കൊടുക്കാതിരിക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്നതിനപ്പുറം ആ ചിന്തയെ തന്റേതായ സന്തോഷങ്ങളുടെ ഇടങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുകയാണ് അമ്മ ചെയ്യുന്നത് എന്ന് തോന്നാറുണ്ട്. തന്നിലും മറ്റുള്ളവരിലും ഒരേസമയം ആനന്ദമുണ്ടാക്കുന്ന പ്രക്രിയ.
മധുവാരിയരുടെയോ മഞ്ജുവാരിയരുടെയോ അമ്മ എന്ന മേൽവിലാസമല്ല ഇന്ന് ഗിരിജാവാരിയർക്കുള്ളത്. അവർ ഒരു എഴുത്തുകാരിയാണ്,കഥകളിആർട്ടിസ്റ്റാണ്,മോഹിനിയാട്ടം നർത്തകിയാണ്,സഞ്ചാരിയാണ്....
അമ്മയെഴുതിയ 'ദു:ഖിതയുടെ മുഖം' എന്ന കഥയിലെ ഒരു വാചകം ഇങ്ങനെയാണ്: 'ആവർത്തനത്തിന്റെയും വിരസതയുടെയും പര്യായമായി ഇവിടെ ഒരു ദിവസം ജനിച്ചുവീഴുമ്പോൾ,സന്ധ്യയ്ക്കാരംഭിക്കാൻ വേണ്ടി അവസാനിക്കുന്ന പകൽ. വിരസതയുടെ കയ്പുതുള്ളി നുണഞ്ഞിറക്കാൻ പ്രയാസപ്പെടുമ്പോൾ ഹൃദയത്തിൽ അസ്വാസ്ഥ്യത്തിന്റെ മുൾവിത്തുകൾ..'
ഏതാണ്ട് ആ അവസ്ഥയിലേക്ക് വഴുതി വീഴുമായിരുന്നു അമ്മ. പക്ഷേ അങ്ങനെ സംഭവിച്ചില്ല. അമ്മ സ്വയം സൃഷ്ടിച്ച ചിറകുകളാണതിന് കാരണം. ഇന്നിപ്പോൾ അമ്മയുടെ മുഖം ദു:ഖിതയുടേതല്ല,സന്തോഷവതിയായ ഒരു സ്ത്രീയുടേതാണ്.
ജോലിയുടേതായ തിരക്കുകൾ ചിലപ്പോൾ ശ്വാസംമുട്ടിക്കുമ്പോൾ ഞാൻ അമ്മയിലേക്കാണ് നോക്കാറുള്ളത്. 'അമ്മ ഒരേസമയം എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു,പിന്നെ എന്തുകൊണ്ട് നിനക്ക് ചെയ്തുകൂടാ' എന്ന് മനസ്സ് അപ്പോൾ എന്നോട് ചോദിക്കും. അമ്മയപ്പോൾ എന്നേക്കാൾ പ്രായം കുറഞ്ഞ ഒരാളെപ്പോലെ തോന്നിക്കും.
ഇന്നലെ വിളിക്കുമ്പോൾ അമ്മ ഗുരുവായൂരിലേക്കുള്ള യാത്രയിലാണ്. വൈകീട്ട് അവിടെ കഥകളിയിൽ കുചേലവേഷമാടണം. കൃഷ്ണനുമുന്നിൽ മുദ്രകളെ അവിൽപ്പൊതിപോലെ സമർപ്പിക്കണം. പണ്ട് ഞാൻ സ്കൂൾ കലോത്സവവേദികളിൽ നൃത്തം ചെയ്യുമ്പോൾ അമ്മ പിന്നിൽ നിന്ന് നോക്കിനില്കാറുണ്ടായിരുന്നു. എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ചപോലെ നൃത്തം ചെയ്യാനും അമ്മ കൊതിച്ചിരുന്നു. പക്ഷേ അതും അച്ഛനും ഞങ്ങൾക്കും വേണ്ടി അമ്മ മാറ്റിവെച്ചു. അന്ന് അമ്മ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു. പക്ഷേ ഇപ്പോൾ അമ്മയ്ക്ക് വേണ്ടി ജീവിക്കുന്നു.
'ഒറ്റയ്ക്കായി എന്നുതോന്നുന്ന സ്ത്രീകളോട് എനിക്ക് പറയാനുള്ളത് അമ്മയുടെ കഥയാണ്. നിങ്ങൾക്കുള്ളിലെവിടെയോ നിങ്ങൾ തന്നെ അടച്ചുവച്ച ഒരു എഴുത്തുകാരിയോ ചിത്രകാരിയോ നർത്തകിയോ ഫോട്ടോഗ്രഫറോ ഒക്കെയുണ്ട്. അതിനെ കണ്ടെത്തുക. ആ വഴിയേ സഞ്ചരിക്കുക. നിങ്ങൾക്കുവേണ്ടി ജീവിക്കുക. പിന്നെ തനിച്ചാകില്ല.
എന്റെ അമ്മയാണെ സത്യം...!
(തുടരും)