
ഇന്നലെ രാത്രി നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. രാവിലെ നോക്കിയപ്പോൾ മരം പെയ്യുന്നു. ഓർമകളും ഇങ്ങനെയാണ്. തോരില്ല. ഉള്ളിലെ ചില്ലകളിൽ നിന്ന് അടർന്നുവീണുകൊണ്ടേയിരിക്കും. ചിലപ്പോൾ ഏതെങ്കിലുമൊരു കാഴ്ച, കേൾവി,അല്ലെങ്കിൽ രുചി അതുമല്ലെങ്കിൽ മണം. ഇതൊക്കെയാകാം ഓർമകളെ ഇങ്ങനെ പെയ്യിക്കുക. അറബിക്കടലിൽ നിന്ന് സൂര്യന്റെ താപം കൊണ്ട് രൂപപ്പെടുന്ന നീരാവി മേഘങ്ങളായി മാറി പശ്ചിമഘട്ടത്തിൽ ചെന്നുതട്ടി മഴപെയ്യുന്നു എന്നുള്ള കുട്ടിക്കാലഅറിവുപോലെയുള്ള അനുഭവം. കണ്ണിലേക്കോ കാതിലേക്കോ നാവിലേക്കോ നാസികയിലേക്കോ എത്തുന്ന എന്തെങ്കിലുമൊന്നിന്റെ ചൂടേറ്റ് ഉയർന്നുപൊങ്ങി മേഘമായി മാറുന്ന ഒരോർമ. അതങ്ങനെ പറന്നുപറന്ന്...മനസ്സിനുള്ളിലെ മലനിരകളിൽ ചെന്നുതട്ടി പെയ്തുതുടങ്ങുന്നു. നമ്മൾ നനയുന്നു,പിന്നെയും ഓരോന്നോർക്കുന്നു...
കഴിഞ്ഞദിവസം ഇങ്ങനെയൊരു ഓർമമഴയുടെ തണുപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയത് 'പക്ഷേ' എന്ന സിനിമയിലെ 'സൂര്യാംശു ഓരോ വയൽപ്പൂവിലും' എന്ന പാട്ടാണ്. കാർയാത്രക്കിടെ യാദൃച്ഛികമായി കേട്ടതായിരുന്നു. പക്ഷേ മന:പാഠം പോലെയായതുകൊണ്ട് അതിലെ ദൃശ്യങ്ങൾ പെട്ടെന്ന് കൺമുന്നിൽ തെളിഞ്ഞു.
അതിവേഗം സൈക്കിൾ ചവിട്ടിവരുന്ന ലാലേട്ടനിൽനിന്നാണ് ആ പാട്ടുതുടങ്ങുന്നത്. ലാലേട്ടൻ സൈക്കിൾ ചവിട്ടുന്നത് മനോഹരമായൊരു കാഴ്ചയാണ്. തോളിന്റെ ആ ഭംഗിയുള്ള ചരിവ് നല്ലതുപോലെ കാണാനാകും. ഇടയ്ക്കൊന്ന് ചവിട്ടുനിർത്തി ചക്രങ്ങൾക്ക് തനിയേ പായാനൊരു അവസരവും കൊടുക്കും. നാട്ടിടവഴികളിൽ നമ്മൾ എപ്പോഴൊക്കയോ കണ്ടിട്ടുള്ളതുപോലൊരാൾ. 'ചെങ്കോൽ' എന്ന സിനിമയിലുമുണ്ട് ഇതുപോലൊരു സൈക്കിൾദൃശ്യം.
പാട്ട് പാതിയിലെത്തുമ്പോൾ വാഴത്തോട്ടത്തിനരികിലൂടെ ശോഭനചേച്ചിയെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന ലാലേട്ടനെ കാണാം. അതുകഴിഞ്ഞ് കുറച്ചുകഴിയുമ്പോൾ സൈക്കിളിന്റെ തണ്ടിലിരുത്തിയുള്ള യാത്ര. പ്രേമിക്കുന്നവർ ഒരുകാലത്ത് ഏറ്റവും കൊതിച്ചിരുന്നത് ഇങ്ങനെയൊരു സവാരിയായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്പങ്ങളിൽ കൾട്ട് പദവിയാണ് ആരുംകാണാതെ കാമുകിയെ സൈക്കിൾതണ്ടിലിരുത്തിപ്പോകുന്ന കാമുകന്റെ കാഴ്ചയ്ക്കുള്ളതെന്ന് കരുതുന്നയാളാണ് ഞാൻ.
എന്തോ, ഈ പാട്ടും സൈക്കിളും എന്നെ കൊണ്ടുചെന്നെത്തിച്ചത് നാഗർകോവിലിലാണ്. അതിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത് അവിടെയായിരുന്നു എന്നാണ് വിശ്വാസം. കുട്ടിക്കാലത്ത് കണ്ടുപരിചയിച്ച സ്ഥലങ്ങൾ. അതിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ സൈക്കിൾസഞ്ചാരങ്ങൾ എന്നെ മൂന്നാംക്ലാസ്സുകാരിയാക്കി മാറ്റി. സൈക്കിൾ ചവിട്ടാൻ കൊതിച്ചുനടന്ന കൊച്ചുകുട്ടി.
ഇവിടെ വീണ്ടും അച്ഛനെ ഓർമവരുന്നു. നേരത്തെ പറഞ്ഞതുപോലെ മഴതോർന്നാലും മരം പെയ്യുംപോലെ അച്ഛനിങ്ങനെ എന്നെ നനയിച്ചുകൊണ്ടേയിരിക്കുന്നു. അച്ഛനെ ചെന്നുതൊടാത്ത ഒറ്റ കുട്ടിക്കാലഓർമ പോലുമുണ്ടാകില്ല എനിക്ക്.
അച്ഛന് ഒരു ജാവ ബൈക്കുണ്ടായിരുന്നു-ടി.എൻ.യു 3210. ഒരിക്കലും മറക്കാനാകാത്ത നമ്പർ. പുറത്തുപോകുമ്പോൾ എന്നെ പെട്രോൾ ടാങ്കിന് മുകളിലും ചേട്ടനെ പിറകിലും ഇരുത്തിയാണ് അച്ഛൻ ബൈക്കോടിക്കുക. ജമന്തിയുടെയും ഭസ്മത്തിന്റെയും മണമുള്ള കാറ്റ് കാതിലും മുടിയിലുമായി തൊട്ടുതൊട്ടുപോകും. സുഖമുള്ളൊരു തണുപ്പ്. ആകാശമുൾപ്പെടെയുള്ള കാഴ്ചകൾ 360 ഡിഗ്രിയിലെന്നോണം കാണാം. ബസിലോ കാറിലോ സഞ്ചരിച്ചാൽ അതിനുപറ്റില്ല. അതുകൊണ്ട് അച്ഛനൊപ്പമുള്ള ബൈക്ക് യാത്രകൾക്കായി ഓരോ ആഴ്ചയും കൊതിച്ചു.
അക്കാലത്തെന്നോ മനസ്സിൽ കയറിക്കൂടിയ മോഹമായിരിക്കാം സൈക്കിൾ പഠിക്കണമെന്നത്. അന്ന് സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ശമ്പളമൊന്നുമില്ല അച്ഛന്. ഈ പംക്തിയുടെ ആദ്യലക്കത്തിൽ എഴുതിയപോലെ പലതിൽനിന്നും മിച്ചംപിടിച്ചായിരുന്നു അച്ഛൻ ഞങ്ങൾക്കുള്ള കുപ്പായങ്ങളും പാഠപുസ്തകങ്ങളുമെല്ലാം വാങ്ങിത്തന്നിരുന്നത്. എന്നിട്ടും അച്ഛനെന്റെ ആഗ്രഹത്തിന് എതിരുനിന്നില്ല.
അന്ന് വാടകയ്ക്ക് സൈക്കിൾ കിട്ടും. മണിക്കൂറിന് ഇരുപത്തിയഞ്ചോ അമ്പതോ പൈസ കൊടുത്താൽ മതി. അങ്ങനെ വാടകയ്ക്കെടുത്ത സൈക്കിളിൽ ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചുതുടങ്ങി. പിന്നിൽ അച്ഛൻ പിടിച്ചിട്ടുണ്ടാകും. ശോഭനച്ചേച്ചിക്ക് ലാലേട്ടൻ പിടിച്ചുകൊടുക്കുന്നതുപോലെ.
പിറകിൽ അച്ഛനുണ്ട് എന്നതായിരുന്നു എന്റെ ധൈര്യം. ഒരിക്കലും അച്ഛൻ പിടിവിടില്ല എന്ന് വിശ്വസിച്ച് ഞാൻ സൈക്കിൾ ആഞ്ഞുചവിട്ടി. ഇടംവലം തലവെട്ടിക്കുന്ന പശുവിനെപ്പോലെ സൈക്കിൾ. അതിനൊത്ത് അങ്ങോട്ടും ഇങ്ങോട്ടും ഇളകി ഞാൻ. എല്ലാബലവും ഹാൻഡിലിൽ കൊടുത്ത് മുന്നോട്ട്. സൈക്കിൾ വരുതിക്ക് നില്കുന്നില്ല. ഈശ്വരാ ഇതെങ്ങോട്ട്...!സാരമില്ല,പിറകിൽ അച്ഛനുണ്ടല്ലോ....
അച്ഛനുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ വീണില്ല. പക്ഷേ എന്നോ ഒരുനാൾ അച്ഛൻ പിടിവിട്ട് മാറിനിന്നത് ഞാൻ അറിഞ്ഞില്ല. അങ്ങനെയെങ്ങനെ മുന്നോട്ടുപോയി കിതച്ചുകൊണ്ട് സൈക്കിൾചവിട്ടുനിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പിന്നിലായി ദൂരെ അച്ഛൻ നിന്നുചിരിക്കുന്നു. പക്ഷേ അന്നും ഇന്നും അച്ഛൻ എന്നെ തൊടാതെ തൊടുന്നുണ്ട്,പിടിക്കാതെ പിടിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വീഴുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ ദൂരെ അച്ഛൻ നിന്ന് ചിരിക്കുന്നുമുണ്ട്...
സൈക്കിൾ ചവിട്ടാൻ പഠിച്ചുവെങ്കിലും റോഡിലൂടെ പോകാൻ ധൈര്യം പോരായിരുന്നു. അതുകൊണ്ട് വാടകയ്ക്കെടുത്ത സൈക്കിളിൽ ചേട്ടനുമായിട്ടായിരുന്നു ആകാശംനോക്കിയുള്ള സഞ്ചാരങ്ങൾ. മുന്നിലോ പിന്നിലോ ഇരുന്നായിരിക്കും യാത്ര. ഒരുദിവസം ഇങ്ങനെ പോകവേ ഒരുവളവ് തിരിഞ്ഞുചെന്നതും സൈക്കിൾ ഒരു മതിലിലിടിച്ച് മറിഞ്ഞു. കാലിലെ കുറച്ചു തൊലിയൊക്കെ പോയി. നല്ലവണ്ണം നീറി. പക്ഷേ ഇങ്ങനെയൊരു നീറ്റലനുഭവിക്കാത്ത കുട്ടിയുണ്ടാകുമോ ഭൂമിമലയാളത്തിൽ...?
അതുപോലെ തന്നെ സൈക്കിളിന് കൊതിക്കാതെ ഒരു ബാല്യവും കടന്നുപോയിട്ടുമില്ല. ഞാനും ആഗ്രഹിച്ചു ഒരുപാട്. പക്ഷേ അച്ഛനോട് പറഞ്ഞില്ല. എനിക്കറിയാമായിരുന്നു അച്ഛന്റെ വിയർപ്പിന്റെ അർഥം. പക്ഷേ ഒരുദിവസം അച്ഛൻ വന്നപ്പോൾ കൈയിലൊരു കുഞ്ഞുസൈക്കിളുണ്ടായിരുന്നു. അന്നത്തെ ഏറ്റവും പ്രശസ്തമായ ബി.എസ്.എ എസ്.എൽ.ആർ..! അന്ന് ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചുകാണണം...അച്ഛന്റെ കണ്ണിൽനിന്നൊരു തുള്ളിയടർന്നിട്ടുണ്ടാകണം...ഓർമിക്കാനാകുന്നില്ല. ആകുമായിരുന്നെങ്കിൽതന്നെ കണ്ണീരുകൊണ്ട് ആ കാഴ്ചയിപ്പോൾ മറഞ്ഞുപോയേനേ. അച്ഛന്റെ സ്വന്തമായ ഏതോ ഒരു ആവശ്യം എന്റെ സൈക്കിളിന്റെ ചക്രങ്ങൾ മുന്നോട്ടുപോയതിനൊപ്പം പിന്നിലേക്കെങ്ങോ ഓടിമറിഞ്ഞിരിക്കണം
ആ സൈക്കിൾ എനിക്ക് ഇന്നുവരെ കിട്ടിയ സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതാണ്. അതിന്റെ ഓർമയ്ക്കായി മുതിർന്നപ്പോൾ വീട്ടിലെപ്പോഴും ഒരു സൈക്കിൾ സൂക്ഷിച്ചു. ഇപ്പോഴുമുണ്ട് ഒരെണ്ണം. കോവിഡ് കാലത്ത് വാങ്ങിയ ഗിയർ ഉള്ള ഒരു സൈക്കിൾ. ചിലപ്പോഴൊക്കെ അതെടുത്ത് വീട്ടുമുറ്റത്ത് ഒന്ന് റൗണ്ടടിക്കും. അച്ഛൻ പിറകിലുണ്ടല്ലോ...പിന്നെന്തിന് പേടിക്കാൻ...?
സിനിമകളിലെ സൈക്കിൾസീനുകളോട് പ്രിയമുണ്ടെങ്കിലും എനിക്ക് അത്തരം അധികം എണ്ണത്തിൽ അഭിനയിക്കാനായില്ല. പക്ഷേ അഭിനയിച്ച ഒരെണ്ണം ഏറ്റവും ഇഷ്ടപ്പെട്ടതായി മാറുകയും ചെയ്തു. പണ്ട്, ഭംഗിയുള്ള പാതയിലൂടെയോ പുൽമേടിനരികിലൂടെയോ സൈക്കിളിനു മുന്നിൽ പൂക്കൂടയുമായി തൊപ്പിവച്ചു പോകുന്ന പെൺകുട്ടികളെ വിദേശ സിനിമകളിൽ കാണുമ്പോൾ ആഗ്രഹിച്ചിരുന്നു അതുപോലൊരു യാത്ര. 'സമ്മർ ബത് ലഹേമി'ന്റെ സമയത്ത് എനിക്കതിന് സാധിച്ചു. ഊട്ടിയുടെ തണുപ്പിലൂടെ തൊപ്പിയും പൂക്കൂടയുമായി ഞാനും ചൂളമടിച്ച് സൈക്കിൾ ചവിട്ടി.
ഒരു ബുള്ളറ്റ് വാങ്ങണമെന്നായിരുന്നു സിനിമയിലഭിനയിച്ചുതുടങ്ങിയപ്പോഴുള്ള വലിയ പദ്ധതികളിലൊന്ന്. അച്ഛന്റെ ജാവയ്ക്ക് പ്രത്യേകശബ്ദമായിരുന്നു. അതുകൊണ്ടാകണം ബുള്ളറ്റിനോട് താത്പര്യം തോന്നിയത്. പക്ഷേ ഞാനൊരിക്കലും ഇരുചക്രവാഹനങ്ങളോടിച്ചു പഠിക്കാൻ ശ്രമിച്ചില്ല. ഒരുപക്ഷേ അച്ഛന്റെ കാവലില്ലല്ലോ എന്ന ധൈര്യക്കുറവുകൊണ്ടായിരിക്കാം.
'എന്നും എപ്പോഴും' സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഇരുചക്രവാഹനം കൈകാര്യം ചെയ്യേണ്ടിവന്നത്. അന്ന് ക്ലച്ചും ബ്രേക്കുമൊക്കെ പഠിപ്പിക്കാൻ ഒരാൾ സഹായത്തിനുണ്ടായിരുന്നു. ശ്രീനിയേട്ടൻ 'തലയണമന്ത്ര'ത്തിൽ ചോദിച്ചപോലെ 'അപ്പോ ബ്രേക്കിടുമ്പോൾ ക്ലച്ചമർത്തണമല്ലേ' എന്ന പോലുള്ള സംശയങ്ങളൊക്കെ ഞാനും ചോദിച്ചു. പക്ഷേ ശരീരത്തിലെ അധികം തൊലിപോകാതെ സ്കൂട്ടർ എനിക്ക് വഴങ്ങി. അതിനുശേഷം പലവട്ടം ഹോണ്ട ആക്ടിവ ആയിരുന്നു സിനിമകളിൽ ഓടിക്കാൻ കിട്ടിയ വാഹനം. അനായാസമായിരുന്നു അതോടിക്കാൻ. എന്നിട്ടും അങ്ങനെയൊരെണ്ണം വാങ്ങാൻ എന്തുകൊണ്ടോ തോന്നിയില്ല.
'തുണിവി'ന്റെ ഷൂട്ട്സമയത്ത് അജിത് സാർ അദ്ദേഹത്തിന്റെ ബൈക്ക് യാത്രകളെക്കുറിച്ച് ആവേശത്തോടെ പറയുമായിരുന്നു. ഇടവേളകളിലെ സംസാരത്തിലധികവും അദ്ദേഹത്തിന്റെ ആ ഭ്രമത്തിന്റെ ഹരംപിടിപ്പിക്കുന്ന മുരൾച്ച നിറഞ്ഞുനിന്നു. അതോടെ എന്റെയുള്ളിലെ പഴയ ബുള്ളറ്റ് മോഹിയുണർന്നു. അങ്ങനെയാണ് അജിത് സാറിന്റെ സംഘത്തിനൊപ്പം ലഡാക്കിലേക്ക് യാത്രപോയത്. ലൈസൻസില്ലായിരുന്നു എന്നതിനാലും അങ്ങേയറ്റം പരിചയസമ്പന്നർക്കുമാത്രമേ ആ മലമ്പാതകളിലൂടെ ബൈക്കോടിക്കാനാകൂ എന്നതുകൊണ്ടും ഞാൻ സാഹസത്തിനു തുനിഞ്ഞില്ല. പണ്ട് ചേട്ടന്റെ സൈക്കിളിന് പിന്നിലിരുന്ന കുട്ടിയെപ്പോലെ 'പില്യൺ' എന്ന അലങ്കാരത്തോടെ ബൈക്കിനുപിറകിലിരുന്ന് കൗതുകത്തോടെ ഹിമാലയൻആകാശം കണ്ടു.
ലഡാക്കിലൂടെ കാറിലും ബൈക്കിലും സഞ്ചരിച്ചു. പക്ഷേ ബൈക്കിലുള്ള യാത്രയാണ് ഇപ്പോഴും ഹരംകൊള്ളിക്കുന്നത്. കാരണം അതിൽ കാറ്റാണ് നമ്മുടെ പ്രധാനസഹയാത്രികൻ. പണ്ട് നാഗർകോവിലിലെ തെരുവുകളിലൂടെ അച്ഛനൊപ്പം പോയപ്പോൾ കൂട്ടുവന്നതുപോലുള്ള കാറ്റ്. തമിഴ്മണത്തിനുപകരം മഞ്ഞുപുരണ്ട ഒരുതരം കാറ്റ്. മുന്നിൽ വിശാലമായ മലനിരകൾ. അവയും ആകാശവും പരസ്പരം നെറ്റിമുട്ടിക്കുന്നു. പേരറിയാത്ത ഏതൊക്കയോ കിളിയൊച്ചകൾ...ചിലപ്പോൾ അപാരമായ നിശബ്ദത. മറ്റുചിലപ്പോൾ കല്ലുകൂട്ടങ്ങൾ താണ്ടുന്ന ഇരമ്പൽ. ഇതൊക്കെ അനുഭവിക്കണമെങ്കിൽ ബൈക്കിൽതന്നെ യാത്രചെയ്യണം.
അടുത്തിടെ ഒരു റീൽ കണ്ടു. 'ഇതാണ് ക്ലച്ച്,ഇതാണ് ബ്രേക്ക്..'എന്നൊക്കെപ്പറഞ്ഞ് ബൈക്കിനെ ആദ്യമായി പരിചയപ്പെടുത്തിയ ഒരാൾ ആരുടെ ബൈക്ക്കഥയിലുമുണ്ടാകും,എന്നായിരുന്നു അതിലെ വാചകങ്ങൾ. എനിക്കും സുഹൃത്തുക്കളിലൊരാൾ അങ്ങനെ ബൈക്കിനെ നിർവചിച്ചുതന്നു. പതിയെപ്പതിയെ അവർക്കൊപ്പം യാത്ര തുടങ്ങി. ചിലപ്പോഴൊക്കെ ഒപ്പം അഭിനയിക്കുന്നവർക്കൊപ്പം ഷൂട്ട് കഴിഞ്ഞ് ചില ചെറുട്രിപ്പുകൾ; രാത്രിയിലെ കാറ്റിനൊപ്പം...
പക്ഷേ എല്ലാംതികഞ്ഞ ഒരു റൈഡറിലേക്ക് മുന്നിൽ ഒരുപാട് ദൂരമുണ്ട്. ഞാനിപ്പോഴും തുടക്കത്തിലെ പോയന്റിൽ തന്നെയാണ്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ചിലപ്പോൾ ഏറെ വർഷങ്ങളെടുത്തേക്കാം. ഇപ്പോഴും ബൈക്കിൽ ദീർഘയാത്രകളൊന്നും പോയിട്ടില്ല. അതിനുള്ള ധൈര്യം സംഭരിച്ചുകൊണ്ടേയിരിക്കുന്നു.
പണ്ട് സൈക്കിളിൽപോകുന്ന പെൺകുട്ടി ഒരു കൗതുകമായിരുന്നു. ഇന്നിപ്പോൾ ബുള്ളറ്റോടിക്കുന്ന സ്ത്രീകൾ ആരിലും അദ്ഭുതം സൃഷ്ടിക്കുന്നില്ല. പലരും എന്നോട് വന്ന് പറയാറുണ്ട്;ചേച്ചി ബൈക്കോടിക്കുന്നത് വലിയ ഇൻസ്പിരേഷൻ ആയി എന്ന്. കേൾക്കുമ്പോൾ സന്തോഷം തോന്നും. പക്ഷേ ഞാൻ മറ്റുപലരിൽനിന്നും പ്രചോദനം നേടുകയായിരുന്നുവെന്നതാണ് സത്യം. ബൈക്കിൽ ഒറ്റയ്ക്ക് ദൂരയാത്രയ്ക്ക് പോകുന്ന,ബുള്ളറ്റിന്റെ ഇരമ്പൽകേൾപ്പിച്ച് പായുന്ന പെൺകുട്ടികളുടെ കഥകൾ കണ്ടുംകേട്ടുമാണ് എനിക്കും ബൈക്കോടിക്കണമെന്ന മോഹമുണ്ടായത്. അവരായിരുന്നു എന്റെ ഇൻസ്പിരേഷൻ. ലോകത്തിന്റെ പലകോണുകളിലൂടെ ഇപ്പോഴും ഇരുചക്രവാഹനത്തിൽ സധൈര്യം ചിറകുകൾ വിടർത്തി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന എന്റെ അനേകമനേകം പ്രചോദനങ്ങൾക്ക് സ്നേഹം.
മൂന്നാംക്ലാസിൽ സൈക്കിൾ ചവിട്ടാൻ പഠിച്ചിട്ടും അടുത്തിടെ ഒരു ഏഴാം ക്ലാസ്സുകാരിയുടെ മുമ്പിൽ ഞാൻ സൈക്കിളുമായൊന്ന് വീണു. കൊച്ചുകൂട്ടുകാരിയായ ദച്ചു എന്നുവിളിക്കുന്ന ദക്ഷയ്ക്കൊപ്പം ഒരു പാടത്തൂടെ സൈക്കിളിൽ പാട്ടുംപാടി പോയതാണ്. വഴികാട്ടിയായി ദച്ചു മുമ്പേ. വഴുക്കലുള്ള വഴിയായിട്ടും അവൾ സർക്കസുകാരിയുടെ ബാലൻസോടെ അനായാസം ചവിട്ടിപ്പോയി. ഇടയ്ക്ക് എന്റെ സൈക്കിളിന്റെ പിൻചക്രത്തിന് 'ചെറിയേേേ' ഒരു തെന്നൽ. വീണിതല്ലോ കിടക്കുന്നു ചെളിയിൽ. 'സൈക്കിളിൽ നിന്ന് വീണ ചിരി' എന്നതാണല്ലോ ചമ്മലിന്റെ പരകോടിയെ വിശേഷിപ്പിക്കാനുള്ള വാചകം. ആ ചിരിയോടെ ഞാനെഴുന്നേല്കാൻ നോക്കുമ്പോൾ ദച്ചുതന്നെ വരേണ്ടിവന്നു പിടിച്ചെഴുന്നേല്പിക്കാൻ. വീഴ്ചകളിൽ നിന്ന് പഠിക്കണം എന്നതിന് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചില ഓർമപ്പെടുത്തലുകൾ നല്ലതാ. ആ വീഴ്ചയ്ക്ക് ശേഷം കിട്ടുന്നതിനെയായിരിക്കും ഉൾക്കാഴ്ച എന്നു പറയുക!
കുറച്ചുനാൾ മുമ്പ് ബൈക്കിന്റെ സൈലൻസറിൽ കൊണ്ട് കാലൊന്ന് പൊള്ളി. അതിന്റെ പാട് ഇപ്പോഴും മാഞ്ഞിട്ടില്ല. ഞാനപ്പോഴും അച്ഛനെ ഓർത്തു. കാരണം പണ്ട്,അച്ഛന്റെ ബൈക്കിൽ കൊണ്ടും കാലിങ്ങനെ പൊള്ളിയിരുന്നു. അതിന്റെ പാടിനെ കാലം മായ്ച്ചു. പക്ഷേ അച്ഛൻ എന്നുമൊരു പൊള്ളലുമാണ്...
മഴതോരുന്നു. ആകാശം തെളിയുന്നു. ഇനി എന്നെങ്കിലുമൊരിക്കൽ ഒറ്റയ്ക്ക് ബൈക്കോടിച്ച് ലഡാക്കിലേക്ക്...അവിടെ കാറ്റ് കാത്തിരിക്കുന്നു...
(തുടരും)