
അഭിനയജീവിതം ഒരു തീവണ്ടിയാത്രപോലെയാണെന്ന് തോന്നിയിട്ടുണ്ട്,പലപ്പോഴും. സ്വപ്നവും യാഥാർഥ്യവുമെന്ന,ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടുപാളങ്ങളിലൂടെ അത് ഏതോ ലക്ഷ്യത്തിലേക്കോടുന്നു. സഹയാത്രികരിൽ എത്രയോപേർ എന്നേക്കുമായി യാത്രപറഞ്ഞുപോയി. ചിലർ ഇപ്പോഴും ഒപ്പമുണ്ട്. ഇത്രയും കാലത്തിനിടെ വീടുകളും പാടവരമ്പുകളും മതിലുകളും മരങ്ങളും മനുഷ്യരുമെന്ന പോലെ പിന്നോട്ടോടി മറഞ്ഞ എത്രയോ കാഴ്ചകൾ. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തത്.
പക്ഷേ അവയിൽ ചിലതിലേക്ക് കാലം നമ്മെ അപ്രതീക്ഷിതമായി തിരികെകൊണ്ടുചെന്നെത്തിക്കും. ഏതോ ഒരു സ്റ്റേഷനിൽ തീവണ്ടിനിർത്തിയിടുമ്പോൾ 'നമുക്കൊന്ന് അത്രടം വരെ പോയി വരാം' എന്നുപറഞ്ഞ് ആരോ പിറകോട്ടൊരു യാത്രയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതു പോലെയുള്ള അനുഭവം. ഓർമകളിലേക്കുള്ള പിൻവിളിയാണത്. അങ്ങനെ കുറച്ചുനാൾ മുമ്പ് എന്നോ കടന്നുപോയ ഒരിടത്തേക്ക് തിരിച്ചുചെന്നു. മലമ്പുഴയ്ക്കടുത്ത് 'കവ' എന്ന സ്ഥലം. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധുവേട്ടൻ(സിദ്ധുപനയ്ക്കൽ) ആണ് അങ്ങോട്ട് കൊണ്ടുപോയത്. 'കന്മദ'ത്തിലെ ഭാനുവിന്റെ വീടിരുന്ന ഇടം.
ഒരർഥത്തിൽ ഇത്തരം തിരിച്ചുപോക്കുകൾ വേദനതരുന്നത് കൂടെയാണ്. പണ്ട്,അവിടെ ഒപ്പമുണ്ടായിരുന്ന പലരെയും ഓർക്കും. അന്ന് വീശിയ കാറ്റ്,അന്നത്തെ ആകാശം,അരികെയുണ്ടായിരുന്നവർ...ഓരോന്നായി തെളിഞ്ഞുവരുമ്പോൾ നോവും. പ്രിയപ്പെട്ട ലോഹിസാർ മുതൽ കവിളിൽ വാത്സല്യത്തിന്റെ നുണക്കുഴിയുണ്ടായിരുന്ന അമ്മൂമ്മയെ വരെ അവിടെ നിന്നപ്പോൾ ഓർത്തു. അവരൊക്കെ ചുറ്റിനുമുണ്ടെന്ന് വെറുതെ സങ്കല്പിച്ചു. ഒറ്റയ്ക്കല്ല എന്ന് അപ്പോൾ തോന്നി.
മാറ്റങ്ങളേറെയുണ്ടായിരുന്നു ആ വരണ്ടമണ്ണിന്. പക്ഷേ വിശ്വനാഥൻ ഭാനുവിനോട് യാത്രപറയുമ്പോൾ കേട്ടുനിന്ന കൈത്തോടും അതിന് മീതേയുള്ള ചാഞ്ഞുവീണ തെങ്ങും ഇപ്പോഴുമുണ്ട്. രണ്ടുകാലങ്ങളെത്തൊട്ടുകിടക്കുന്ന ആ തടിക്കഷണത്തിലൂടെ നടന്നപ്പോൾ ഒരുനിമിഷം ഭാനുവിലേക്കെത്തി. തിരിഞ്ഞുനടന്നു. ദൂരെയൊരു ചൂളം വിളി കേൾക്കുന്നു. ലോഹിസാർ ഭാനുവിനായി എഴുതിവച്ച വാചകം അവിടം തിരിച്ചുചോദിക്കും പോലെ: 'വെറുതെ വിചാരിച്ചോട്ടെ ഇനിയും വരുമെന്ന്..?'
തിരിച്ചുപോന്നു,ജീവിതയാത്ര തുടർന്നു. കഴിഞ്ഞദിവസം ഞാൻ അതേക്കുറിച്ച് വീണ്ടും ഓർത്തു. ഇങ്ങനെയുള്ള ചില നിമിഷങ്ങളിൽ മനസ്സ് പട്ടം പോലെയാകും. എങ്ങോട്ടൊക്കയോ പറന്നുപോകും. അങ്ങനെ ചിന്തകൾ ചരടുപൊട്ടിയപ്പോൾ ചുമ്മാ സങ്കല്പിച്ചു. അവിടെ,കുന്നിൻമുകളിലെ ആ വീട്ടിൽ വീണ്ടും ഭാനുവായി കുറച്ചുദിവസം താമസിക്കാനായിരുന്നുവെങ്കിൽ. കൂടെ നുണക്കുഴിയുള്ള അമ്മൂമ്മ,അനുജത്തി. കഥാപാത്രങ്ങളായല്ല,മനുഷ്യരായിത്തന്നെ.
കഥാപാത്രങ്ങൾ അഭിനേതാക്കളെ സംബന്ധിച്ച് കുപ്പായങ്ങൾ പോലെയാണ്. ആദ്യം അണിയും,പിന്നെ അഴിച്ചുവയ്ക്കും. അതുകഴിയുമ്പോൾ മറ്റൊന്ന്. അതുമാറുമ്പോൾ അടുത്തത്. അങ്ങനെയങ്ങനെ...ഓരോ കഥാപാത്രത്തിലൂടെയും കയറിയിറങ്ങിപ്പോകുന്നു ഞങ്ങളുടെ ജീവിതം.
പക്ഷേ ഒരിക്കൽ അഭിനയിച്ച കഥാപാത്രങ്ങളായി കുറച്ചുദിവസം ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചിരുന്നെങ്കിൽ...!ചുറ്റും ക്യാമറയും സംവിധായകനും കാണികളുമൊന്നുമില്ല. പക്ഷേ പശ്ചാത്തലം അതേപോലെ. വീടും ഇടവഴികളും മരങ്ങളും മഴയുമെല്ലാം അന്നത്തെപ്പോലെ.
തിരക്കഥാകൃത്ത് ഭാവനകൊണ്ട് ഒരു ഭൂമിക സൃഷ്ടിക്കുന്നു. അവിടെ കുറേ കഥാപാത്രങ്ങളെയും. അതിനെ സംവിധായകൻ ചിട്ടപ്പെടുത്തുന്നു. അഭിനയിക്കുന്നവർ ജീവൻ നല്കി സ്ക്രീനിലെത്തിക്കുന്നു. പ്രേക്ഷകർ കാണുന്നു,ചിലപ്പോൾ ചിരിക്കുന്നു അല്ലെങ്കിൽ കരയുന്നു,വീട്ടിലേക്ക് മടങ്ങുന്നു. കുറേക്കാലം കഴിയുമ്പോൾ മറക്കുന്നു. പിന്നെ ഇടയ്ക്ക് ചിലപ്പോൾ ഏതെങ്കിലും സംഭാഷണമധ്യേ ആ സിനിമയെപ്പറ്റി ഓർത്താലായി.
പക്ഷേ,ഓർത്തുനോക്കൂ...ആ കഥാപാത്രങ്ങൾ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെയില്ലേ...?നമുക്കിടയിൽ എവിടെയൊക്കയോ...എഴുത്തും സംവിധാനവും കാണലും കഴിഞ്ഞ് ബാക്കിയാകുന്നത് കഥാപാത്രങ്ങളാണ്. അവർ ജീവിതം തുടരും.
സത്യേട്ടന്റെ 'പൊന്മുട്ടയിടുന്ന താറാവി'ലെ ആ നാട് ഇപ്പോഴുമുണ്ടാകില്ലേ...അവിടെ തട്ടാൻ ഭാസ്കരനും,സ്നേഹലതയും,വെളിച്ചപ്പാടും,പശുവിനെ തിരയുന്ന പാപ്പിയുമെല്ലാം പഴയതുപോലെ തന്നെ. നമ്മൾ കാണുന്നില്ലെന്നേയുള്ളൂ...
ഒരുതരം ഭ്രാന്തൻചിന്തയാണ്. പക്ഷേ കൂടുതൽ ആലോചിച്ചപ്പോൾ രസം തോന്നി. ഇങ്ങനെ ഓരോയിടത്തും ഓരോ സിനിമയിലെ ദേശങ്ങളും മനുഷ്യരും. അങ്ങുദൂരെ അരപ്പെട്ട കെട്ടിയ ഒരു ഗ്രാമം. മറ്റൊരിടത്ത് ശിവശങ്കരന്റെയും കുഞ്ഞുലക്ഷ്മിയുടെയും പെരുവണ്ണാപുരം. ഊട്ടിയിലെ തടാകത്തിനരികെ ക്യാമറയുമായി 'വെൽക്കം ടു ഊട്ടി' എന്നു പറയുന്നൊരു നിശ്ചലഛായാഗ്രാഹകൻ..പൈൻമരങ്ങൾക്കിടയിലൂടെ വിഷ്ണു എന്നൊരാൾ വരുന്നതും കാത്തിരിക്കുന്ന കല്യാണി എന്ന പെൺകുട്ടി...
ഇങ്ങനെയിങ്ങനെ കാടുകയറി ചിന്തിച്ചപ്പോൾ എനിക്ക് ബത്ലഹേമിലേക്ക് പോകാൻ തോന്നി. ഒറ്റയ്ക്ക് ഒരു ബസിൽ വീണ്ടും അഭിരാമിയായി അവിടെച്ചെന്നിറങ്ങുന്നു. കാത്തുനില്കാൻ ഡെന്നീസും രവിയേട്ടനുമുണ്ട്. ഇപ്പോൾ അഭിരാമി സന്തോഷവതിയാണ്. അവിടെ ആ വീട്ടിലെല്ലാവരും ചേർന്ന് കുറച്ചുനാൾ...അയ്ദ് കസിൻസ്..ജ്യോതി,ദേവിക,ഗായത്രി,അപർണ, പിന്നെ മോനായി..രാത്രി വിടവാങ്ങുമ്പോൾ വെയിൽ വീഴുന്നു,ഒരു പാട്ടുമൂളുന്നു.. നിരഞ്ജൻ അപ്പോൾ എവിടെയായിരിക്കുമോ? ആവോ...എനിക്കറിയില്ല..
കഥാപാത്രമായി തിരിച്ചുപോകാൻ അവസരം കിട്ടിയാൽ ഞാൻ തിരഞ്ഞെടുക്കുന്ന മറ്റൊരിടം കൃഷ്ണഗുഡിയായിരിക്കും. ആ തീവണ്ടിക്ക് തന്നെ ഒരു സംഗീതമുണ്ട്. അതിന്റെ വഴികളിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ മുടിയിഴകൾ...കൊഴിഞ്ഞുവീണ ചുവന്നപൂക്കൾ...അതൊക്കെയും പിന്നിട്ട് ചെല്ലുമ്പോൾ മനോഹരമായ കുന്നിൻപ്രദേശം. അവിടത്തെ റെയിൽവേസ്റ്റേഷനും ക്വാർട്ടേഴ്സും. മഞ്ഞുവീഴുന്നതും കണ്ട് ഒരു ചായയും മൊത്തി മീനാക്ഷിയായി കുറേ പ്രഭാതങ്ങൾ...പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം അപ്പോഴും കേൾക്കാനാകുന്നുണ്ട്.
പിന്നെയൊരാൾ ദയ. എം.ടി.സാർ എനിക്ക് നീട്ടിയ ദയാപരത. ആ കഥയിൽ തന്നെയൊരു ഫാന്റസിയുണ്ട്. 'ആയിഷ'യുടെ ചില ലൊക്കേഷനുകൾ ദയയുടെ സ്ഥലം പോലെയായിരുന്നു. ഒരുമാന്ത്രികപ്പരവതാനിയിലേറി ദയ ജീവിച്ച മരുപ്പട്ടണത്തിലേക്കൊരു പോക്കും ഇപ്പോൾ കൊതിപ്പിക്കുന്നു.
ഇപ്പറഞ്ഞതൊരു ടൈംട്രാവലാണ്. പിന്നിലേക്കുള്ള യാത്ര. ഇപ്പോൾ നമ്മോടൊപ്പമില്ലാത്തവർ സങ്കടപ്പെടുത്തുന്നു എന്നു മുമ്പേ പറഞ്ഞില്ലേ..അവരെ ഒരിക്കൽക്കൂടി കാണാനും അവരോടൊത്ത് കുറച്ചുദിവസം ജീവിക്കാനും സാധിക്കുമല്ലോ എന്നുകൂടി വിചാരിക്കുമ്പോഴാണ് നേരത്തെ പങ്കുവെച്ച മോഹം കലശലാകുന്നത്. കലാഭവൻ മണിച്ചേട്ടനെയും മയൂരിയെയും നമുക്ക് ഇനിയൊരിക്കലും കാണാനാകില്ല. പക്ഷേ ബത്ലഹേമിലേക്ക് തിരിച്ചുപോകാനും അവിടെ പഴയതുപോലെ കുറച്ചുനാൾ താമസിക്കാനും കഴിഞ്ഞാൽ എനിക്കവരെ വീണ്ടും കാണാം, മിണ്ടാം.
തെയ്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ ഞാൻ താമരയെ ഓർക്കും. പക്ഷേ എന്തുകൊണ്ടോ വണ്ണാത്തിപ്പുഴയുടെ തീരത്തേക്ക് പോകാൻ തോന്നാറില്ല. അവിടെ എന്തോ ഒരു സങ്കടം തങ്ങിനില്പുണ്ടെന്ന് തോന്നും. ചിലപ്പോൾ താമരയുടേതാകാം. ആ സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ പോലും ഇന്നും എന്തിനെന്നറിയാത്ത വിഷാദം എന്നെ വന്നുമൂടാറുണ്ട്. ഈയിടെ കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരിനെക്കുറിച്ച് ഓർമക്കുറിപ്പെഴുതിയപ്പോൾപ്പോലും താമര എന്നെ സങ്കടപ്പെടുത്തി.
ബത്ലഹേമും കൃഷ്ണഗുഡിയുമെല്ലാം സാങ്കല്പികദേശങ്ങളെന്നു പറയാം. പക്ഷേ 'കണ്ണെഴുതിപൊട്ടും തൊട്ടി'ലെ ഭദ്രയുടെ നാട് കുട്ടനാടാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന, എന്നാൽ വളരെ കുറച്ചുമാത്രം പോയിട്ടുള്ള ഒരിടമാണ് അത്. അവിടെ ഭദ്രയെപ്പോലുള്ള ഒരുപാടുപേരെ കാണാൻ സാധിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. കൊയ്ത്തരിവാൾ മൂർച്ചയുള്ള പെൺകുട്ടികൾ.
ബത്ലഹേമിലേക്കും കൃഷ്ണഗുഡിയിലേക്കും മനസ്സുകൊണ്ടേ സഞ്ചരിക്കാനാകൂ. പക്ഷേ കുട്ടനാട്ടിലേക്ക് എപ്പോൾ വേണമെങ്കിലും പോകാം. അതുകൊണ്ട് ഒരുദിവസം ആരും അറിയാതെ അവിടെയെത്തണമെന്നാണ് ആഗ്രഹം. എന്നിട്ട് വയൽവരമ്പുകളിലൂടെ നടക്കണം. വരാലുകളെ തെറ്റിയെടുക്കണം. കൈതപ്പൂ പറിക്കണം. നിലാവത്ത് വള്ളത്തിൽ ഒറ്റയ്ക്ക് തുഴഞ്ഞുപോകണം. അപ്പോൾ എനിക്ക് ഭദ്രയാകാനാകുമായിരിക്കും...
കാമ്പസിൽ പഠിക്കാനോ അതിന്റെ നിറങ്ങൾ ആസ്വദിക്കാനോ ഭാഗ്യം കിട്ടാതെ പോയ ഒരാളാണ് ഞാൻ. സ്കൂളിൽനിന്ന് നേരെ സിനിമയിലേക്കായിരുന്നു ഉപരിപഠനം! കാമ്പസ് പശ്ചാത്തലമായ അധികം സിനിമകളിലും അഭിനയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് കോളേജ് കാലത്തിന്റെ രസം ഇന്നും അന്യമാണ്. ഇതേക്കുറിച്ച് ഞാൻ സുഹൃത്തുക്കളിൽ പലരോടും പറഞ്ഞപ്പോൾ അവരെല്ലാം ചോദിച്ചത് 'പ്രണയവർണങ്ങളും' അതിലെ ആ പാട്ടും മാത്രം പോരേയെന്നാണ്. അഭിനയിച്ച ചില സിനിമകളുടെ പ്രമോഷൻ പരിപാടികൾക്കും മറ്റു ചടങ്ങുകൾക്കും കുറേ കോളേജുകളിൽ പോയിട്ടുണ്ട്. അവിടത്തെ സ്റ്റേജിൽ നില്കുമ്പോൾ ആരതിയെ തിരയും കണ്ണുകൾ. പാട്ടുപാടുന്നവരിൽ,കവിതചൊല്ലുന്നവരിൽ അവളുണ്ടോയെന്ന് നോക്കും. കാമ്പസ് ഒരു നഷ്ടബോധമായി നിറയുമ്പോഴൊക്കെ വീണ്ടും ആരതിയാകാനും 'വരമഞ്ഞളാടിയ രാവിന്റെ മാറിൽ...'എന്ന് പാടാനും കഴിഞ്ഞെങ്കിലെന്ന് ആശിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളായി ജീവിച്ച ചിലസ്ഥലങ്ങൾ ഇപ്പോൾ ചിരപരിചിതമാണ്. വരിക്കാശ്ശേരി മനയും ഒളപ്പമണ്ണ മനയും പോലെയുള്ളവ. വള്ളുവനാട്ടിലും അതിന്റെ പരിസരങ്ങളിലുമായിരുന്നു ആദ്യകാലത്തെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഷൂട്ടിങ്. ഒരുപാട് കണ്ടതിനാലും ഒരു കൈയകലത്തിലുള്ളയിടങ്ങളായതിനാലും അവിടേക്ക് കഥാപത്രമായി തിരിച്ചുചെല്ലാൻ ശ്രമിച്ചാലും ഞാൻ..ഞാനായിപ്പോകും പലപ്പോഴും. എങ്കിലും ഷൊർണ്ണൂരിലെ ഏതോ ഉൾനാടൻ വഴിയിലൂടെ പോകുമ്പോൾ ഒരു പഴയഅമ്പലവാതിൽ കണ്ട് മനസ്സ് ചിലപ്പോൾ തള്ളിത്തുറന്നേക്കാം. അപ്പോൾ ചുവന്ന സാരിയുടുത്ത, ഉണ്ണിമായ എന്നുപേരുള്ള ഒരു പെൺകുട്ടി നാക്കിലയിൽ പൂക്കളുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. അവൾ ചോദിക്കും:'ആരാ..' അപ്പോൾ എന്റെ ഉത്തരവും ഇങ്ങനെയായേക്കാം:'ഒരു വഴിപോക്കൻ...'
അഭിനയജീവിതത്തിന്റെ ആദ്യപകുതിയിൽ എനിക്ക് കിട്ടിയ ഇരുപതു കഥാപാത്രങ്ങളും ഇരുപതുനിറങ്ങളുള്ള വേഷങ്ങളായിരുന്നു. അതുകൊണ്ടുതന്നെ 'സാക്ഷ്യ'ത്തിലെ സ്മിതയിലും 'സല്ലാപ'ത്തിലെ രാധയിലും തുടങ്ങി 'പത്ര'ത്തിലെ ദേവികാശേഖറിൽ അവസാനിക്കുന്ന ഓരോ കഥാപാത്രവും ആസ്വദിച്ചുതന്നെയാണ് ചെയ്തത്. അതൊന്നും ഞാൻ ആഗ്രഹിച്ചവയായിരുന്നില്ല. എല്ലാം എന്നെ തേടിവരികയായിരുന്നു. 'സാക്ഷ്യ'ത്തിലെ സ്മിത ഒരു കൊച്ചുകുട്ടിയായിരുന്നു. അഭിനയിച്ച ഞാനും ഒന്നുമറിയാത്ത കുട്ടി. 'സല്ലാപ'ത്തിലെ രാധയായപ്പോഴാണ് അഭിനയം എത്ര വലിയ ജോലിയാണെന്ന് മനസ്സിലായത്. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം എന്റെ ആത്മാവിന്റെ അംശങ്ങൾ തന്നെയായിരുന്നു. അതിലെല്ലാം എവിടെയോ ഞാനുമുണ്ടായിരുന്നു.
എല്ലാ കഥാപാത്രങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിനും മനസ്സ് കൊതിക്കുന്നു. പക്ഷേ ചില പ്രത്യേകയിടങ്ങൾ,അവിടത്തെ അന്തരീക്ഷം അതൊക്കെ നമ്മളെ കൂടുതൽ മോഹിപ്പിക്കില്ലേ...അതുപോലെ ചിലയിടങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനെക്കുറിച്ച് എഴുതിയെന്നുമാത്രം. എന്നുകരുതി മറ്റുള്ള വേഷങ്ങളോട് ഇഷ്ടക്കുറവുണ്ടെന്നല്ല. എല്ലാം എന്റെയുള്ളിൽ തന്നെയുണ്ട്. അവയിൽ പലതിലേക്കും ഞാൻ ദിവസവും യാത്രപോകാറുമുണ്ട്. അത്തരം സഞ്ചാരങ്ങളാണ് മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രചോദനം.
'ഇന്നലെകളില്ലാതെ' എന്നാണ് എന്റെ ആദ്യകാലചിത്രങ്ങളൊന്നിന്റെ പേര്. എഴുതിനിർത്തുമ്പോൾ എന്നിലെ അഭിനേത്രി ആഗ്രഹിക്കുന്നത് ഇന്നലെകളുണ്ടായിരുന്നെങ്കിൽ എന്നാണ്. അങ്ങനെയായിരുന്നെങ്കിൽ എന്തെല്ലാമുണ്ടാകുമായിരുന്നു...!നമുക്കരികിൽ ആരെല്ലാമുണ്ടാകുമായിരുന്നു...!!