
ഇന്ന് തിരുവോണമാണ്. എല്ലാവർക്കും ഓണാശംസകൾ. ഐശ്വര്യവും സമ്പദ്സമൃദ്ധിയും എക്കാലവും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. ഓണത്തെക്കുറിച്ച് അധികമൊന്നും ഓർക്കാനില്ലാത്ത ഒരാളാണ് ഞാൻ. ഈ പംക്തിയിൽ നേരത്തെ പറഞ്ഞ വല്യച്ഛന്റെ മരണവും സിനിമയിലേക്കുള്ള കടന്നുവരവും ഒരോണക്കാലത്തായിരുന്നു. അതിനപ്പുറം കൂടുതലായൊന്നും പറയാനോ എഴുതാനോ ഇല്ല. എൺപതുകളിൽ ബാല്യവും തൊണ്ണൂറിൽ കൗമാരവും പിന്നിട്ട എല്ലാവർക്കുമുള്ളതുപോലുള്ള ഓണക്കാലങ്ങൾ തന്നെയായിരുന്നു എന്റേതും. സിനിമയിലെത്തിയതിനുശേഷം ഷൂട്ടിങ്ങിനിടയിലെ ഒരു സാധാരണദിനം പോലെയായി ഓണവും; ഉച്ചയ്ക്ക് സദ്യയുണ്ടാകുമെന്ന പ്രത്യേകത ഒഴിച്ച്. അതുകൊണ്ട് ഓണത്തെക്കുറിച്ച് എന്തെങ്കിലും കുറിച്ചാൽ തന്നെ അതിന്റെ വരികളിലൊരു വിരസതയുണ്ടാകും. പുതുതായൊന്നും പറയാനില്ലാത്തതിന്റെ ശൂന്യത.
പക്ഷേ ഇന്ന്, ഓണദിനത്തിൽ ഞാൻ എഴുതുന്നത് മലയാളിക്ക് എത്ര കണ്ടാലും മടുക്കാത്ത ഒരു കാഴ്ചയെക്കുറിച്ചാണ്. ഓരോ കാഴ്ചയിലും പ്രവൃത്തിയിലും 'ഞാൻ പുതിയതാണ്' എന്ന് തോന്നിപ്പിച്ചുകൊണ്ടേയിരിക്കുന്ന നിത്യവിസ്മയം. അനേകവർണങ്ങളുള്ളൊരു പൂക്കളം. കാണാമാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നൊരു ഊഞ്ഞാൽ. എല്ലാവർഷവുമല്ല,ലോകമെങ്ങുമുള്ള മലയാളികളുടെ ഒരോ ദിനത്തിലും ഒരുപ്രാവശ്യമെങ്കിലും കടന്നുവന്നുകൊണ്ടേയിരിക്കുന്ന ആഘോഷം. സെപ്റ്റംബർ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാളാണ്. അദ്ദേഹത്തിന്റെ പേര് മമ്മൂട്ടിയെന്നാണ്.
പ്രിയപ്പെട്ട മമ്മൂക്ക..മുൻകൂറായി പിറന്നാൾ ആശംസകൾ. 'നന്ദി തിരുവോണമേ നന്ദി..നീ വന്നുവല്ലേ, അടിമണ്ണിടിഞ്ഞു കടയിളകി ചരിഞ്ഞൊരു കുനുംതുമ്പയിൽ, ചെറുചിരി വിടർത്തി നീ വന്നുവല്ലേ...നന്ദി തിരുവോണമേ നന്ദി..' എന്ന് എൻ.എൻ.കക്കാട് എഴുതിയതുപോലെ നന്ദി മമ്മൂക്ക...ഞങ്ങളുടെ കുഞ്ഞുതുമ്പച്ചെടികളിൽ നറുചിരിയായി,ഒരുതുള്ളി വെണ്മയായി നിറയുന്നതിന്....
ഇത്തവണ മമ്മൂക്കയുടെ പിറന്നാളിന് വിശദമായി എന്തെങ്കിലും എഴുതണമെന്ന് മനസ്സിലുറപ്പിക്കാൻ കാരണമായത് ഓഗസ്റ്റിലെ ഒരു ദിനമാണ്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 19. അന്ന് ലോകം മുഴുവൻ ആ പേര് അത്രയും അടുപ്പമുള്ള ഒരാളെ വിളിക്കുന്ന ആർദ്രതയോടെ ഉച്ചരിച്ചു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അങ്ങനെയൊരു വൈകാരികദൃശ്യം സംഭവിച്ചിട്ടുണ്ടാകുക. ഒരാൾക്കുവേണ്ടി മറ്റെല്ലാവരും ചേർന്ന്- അവരിൽ സിനിമാപ്രവർത്തകർ മാത്രമായിരുന്നില്ല,രാഷ്ട്രീയനേതാക്കളും കായികതാരങ്ങളും മുതൽ സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും പെട്ടവരുമുണ്ടായിരുന്നു-കൈകോർത്തുപിടിച്ച് നില്കുന്നു! മമ്മൂക്ക ഇത്രയും കാലം നേടിയ എല്ലാ പുരസ്കാരങ്ങൾക്കപ്പുറമുള്ളൊരു ബഹുമതി. ഒരു ജനതയുടെ മുഴുവൻ ആദരവ്. അത് അദ്ദേഹം സിനിമയിൽ ബാക്കിവയ്ക്കുന്ന അതുല്യപ്രകടനങ്ങൾക്കുള്ള അംഗീകാരം മാത്രമല്ല,ആ മനുഷ്യനോട് മലയാളികൾ എത്രത്തോളം കടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അദ്ദേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുന്ന എന്നതിന്റെ അടയാളം കൂടിയായിരുന്നു.
ഏറെപ്പേർ ദൈവത്തിന് നന്ദി പറഞ്ഞു. ചിലർ വികാരവായ്പോടെ പ്രതികരിച്ചു. മറ്റുചിലർ ആ മനോധൈര്യത്തെ വാഴ്ത്തി. ഇങ്ങനെ അനേകം പേരുടെ 'മമ്മൂക്കാാാ..' വിളിക്കിടെ 'വെൽകം ബാക് ടൈഗർ' എന്ന് കുറിച്ച് ഞാനും അവരിലൊരാളായി സന്തോഷത്തോടെ നിന്നു. ഒരുനാൾ ഏതോ നിഗൂഢവനത്തിലേക്ക് കയറിപ്പോകുകയും പിന്നീട് കൂടുതൽ ശൗര്യത്തോടെ തിരിച്ചുവരാനൊരുങ്ങുകയും ചെയ്യുന്നൊരു കടുവയായി അദ്ദേഹത്തെ സങ്കല്പിക്കാനാണ് ആ നിമിഷം തോന്നിയത്. ഇന്നിപ്പോൾ അനേകകോടി ആശംസകളുടെ പരവതാനിയിലൂടെ മമ്മൂക്ക വരുന്നത് കാത്തിരിക്കുന്നവർക്കൊപ്പം ഞാനുമുണ്ട്.
കുട്ടിക്കാലത്ത് ലാലേട്ടന്റെ സിനിമകൾ എന്നെ ചിരിപ്പിച്ചിരുന്നുവെങ്കിൽ മമ്മൂക്കയുടെ സിനിമകൾ കരയിച്ചു. തനിയാവർത്തനം,മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,നിറക്കൂട്ട്,വിചാരണ,ന്യൂഡൽഹി തുടങ്ങിയ സിനിമകളൊക്കെ ഒരുപാട് വൈകാരികമുഹൂർത്തങ്ങൾ നിറഞ്ഞതാണ്. മമ്മൂക്കയുടെ കണ്ണ് സങ്കടത്താൽ ചുവക്കുമ്പോൾ,അതിൽ നിന്നൊരു തുള്ളി ഇറ്റുതുടങ്ങുമ്പോൾ ഞാൻ കരയാൻ തുടങ്ങുമായിരുന്നു. ഉള്ളിൽ എന്തോ ഒരു വിങ്ങൽ. മമ്മൂക്ക എന്നോർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് കണ്ണുചുവന്ന്,വീഴാൻ വിതുമ്പിനില്കുന്ന വലിയൊരു കരച്ചിൽതുള്ളിപോലെയുള്ള രൂപമാണ്. ഇതെഴുതുമ്പോൾ പോലും എനിക്ക് ഉള്ളിൽ സങ്കടം പൊടിയുന്നു. അത്രത്തോളമുണ്ടായിരുന്നു മമ്മൂക്ക ബാല്യകാലത്ത് ഉള്ളിലുണ്ടാക്കിയ സ്വാധീനം.
വേദനയെ കണ്ണുകളിലൊരു ചോരപ്പൂ പോലെ വിടർത്താൻ മമ്മൂക്കയ്ക്ക് അസാമാന്യമായൊരു കഴിവുണ്ട്. കണ്ണുനീരല്ല,ചോരയാണ് കണ്ണിൽനിന്ന് കിനിയുന്നത്. അതുകൊണ്ടാണ് മമ്മൂട്ടി കരയുമ്പോൾ മലയാളിക്കും കരയാൻ തോന്നുന്നത്. കാരണം മമ്മൂട്ടിയുടെ കരച്ചിലിനെ തന്റേതായി അനുഭവിക്കുകയാണവർ. 'അമര'ത്തിലെ 'വികാരനൗകയുമായ്...'എന്ന പാട്ട് ഒന്ന് കണ്ടുനോക്കൂ. മമ്മൂട്ടി വാരിപ്പുണരുന്നത് ഒരു മണൽക്കൂനയെ അല്ല, കാണികളുടെ മനസ്സുകളെക്കൂടിയാണ്. അവിടെയാണ് അദ്ദേഹം മഹാനടനാകുന്നത്.
മമ്മൂക്കയെ ഞാൻ ആദ്യമായി കാണുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. കണ്ണൂരിൽ എന്തോ ഒരു വലിയ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാൻ വന്നതായിരുന്നു അദ്ദേഹം. അന്ന് ചടങ്ങിനുശേഷം എന്റെ നൃത്തപരിപാടിയുമുണ്ടായിരുന്നു. ഉദ്ഘാടനം ചെയ്ത ശേഷം മമ്മൂക്ക തിരിച്ചിറങ്ങിവന്നത് സ്റ്റേജിന്റെ പിറകുവശത്തുകൂടിയാണ്. അവിടെയുണ്ടായിരുന്നവർ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. ഭരതനാട്യവേഷത്തിലായിരുന്നു ഞാൻ. മമ്മൂക്കയെ കണ്ടപ്പോൾ ഞാനും ആ വേഷത്തിൽ അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തു. സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്ന കാര്യമൊക്കെ ആരോ അദ്ദേഹത്തോട് പറഞ്ഞു. ഒരു ചിരിയായിരുന്നു മമ്മൂക്കയുടെ സമ്മാനം.
സിനിമയിലെത്തിയതിനുശേഷം മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ഞാൻ അങ്ങോട്ടുചെന്ന് പരിചയപ്പെട്ടു. അപ്പോൾ കണ്ണൂരിൽ വച്ച് കണ്ടകാര്യവും നൃത്തവേഷത്തിൽ ഫോട്ടോയെടുത്തതുമൊക്കെ അദ്ദേഹം ഓർത്തുപറഞ്ഞു. എനിക്ക് അത് തന്ന അദ്ഭുതം ചെറുതല്ല. മമ്മൂക്കയെപ്പോലൊരാൾ എന്നെ ഓർത്തിരിക്കുന്നു എന്നത് എനിക്ക് വിലപ്പെട്ട ഒരു അനുഭവം തന്നെയായിരുന്നു; അന്നും,ഇന്നും.
എന്റെ ആദ്യകാലസിനിമകളുടെ ഷൂട്ടിങ്ങുകളിലധികവും ഒറ്റപ്പാലം,ഷൊർണൂർ മേഖലകളിലായിരുന്നു. 'ഈ പുഴയും കടന്ന്' ഒറ്റപ്പാലത്ത് ചിത്രീകരിക്കുമ്പോൾ ഞങ്ങളുടെ സെറ്റിൽ നിന്ന് അധികം അകലെയല്ലാതെ ലോഹിസാർ തിരക്കഥയെഴുതിയ 'ഉദ്യാനപാലക'ന്റെ ഷൂട്ടിങ്ങുമുണ്ടായിരുന്നു. ഒരുദിവസം ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രക്കിടെ മമ്മൂക്കയുടെ കാർ വഴിയരികിൽ നിർത്തിയിരിക്കുന്നത് കണ്ടു. അത് സിനിമാസെറ്റിലെ ഒരു വണ്ടിയായിരുന്നു. പക്ഷേ ഓടിച്ചിരുന്നത് മമ്മൂക്കയും. അദ്ദേഹത്തെ കണ്ടപ്പോൾ ഞങ്ങൾ കാർ നിർത്തി, ഗ്ലാസ് താഴ്ത്തി കൈവീശിക്കാണിച്ചു. ഇങ്ങനെയുള്ള നിമിഷങ്ങളിൽ മമ്മൂക്കയിലെ കുസൃതിക്കാരനെ നമുക്ക് നേരിൽക്കാണാനാവും. ഒരു ഓട്ടോഗ്രാഫ് തരുമോ എന്നായിരുന്നു റോഡിന്റെ മറുവശത്തുനിന്നുകൊണ്ട്, അദ്ദേഹം ആംഗ്യത്തിലൂടെ ചോദിച്ചത്.
മമ്മൂക്ക കരയുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. അഭിനയിക്കുമ്പോൾ അങ്ങനെ കരയാൻ അദ്ദേഹത്തിനാകുന്നത് ഉള്ളിൽ തീർത്തും സാധാരണക്കാരനായ ഒരാൾ ജീവിക്കുന്നതുകൊണ്ടുകൂടിയാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ വേദനിക്കുന്ന ഒരാളാണ് മമ്മൂക്കയെന്നത് അദ്ദേഹത്തോട് അടുപ്പമുള്ളവരിൽ നിന്ന് കേട്ടറിഞ്ഞിട്ടുണ്ട്. അത് അഭിനേതാവിൽ നിന്ന് വേറിട്ടുനില്കുന്ന അദ്ദേഹത്തിന്റെ സ്വത്വമാണ്.
കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ എന്ന സംഘടനയിലൂടെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഓരോ തവണയും വായിക്കുമ്പോൾ എന്തുകൊണ്ടാണ് മമ്മൂക്ക നടൻ മാത്രമല്ലാതാകുന്നത് എന്ന് തിരിച്ചറിയാനാകുന്നു. കഴിഞ്ഞദിവസവും കണ്ടു,മമ്മൂക്കയെ കാണാനാഗ്രഹിക്കുന്ന 104വയസ്സുള്ള ഒരു അമ്മൂമ്മയുടെ വാർത്ത. ഏതോ ഒരു ചടങ്ങിനിടെ സദസ്സിൽ നിന്ന് മമ്മൂക്കാ എന്ന് നീട്ടിവിളിച്ച കൊച്ചുകുട്ടിയെയും ഓർക്കുന്നു. എല്ലാതലമുറയെയും തൊട്ടുനില്കുന്ന, ഒരിക്കലും പ്രായമാകാത്തൊരു കുട്ടിയാണ് മമ്മൂട്ടി എന്ന പഴയ പി.ഐ.മുഹമ്മദ് കുട്ടി!
മമ്മൂക്കയോട് അസൂയ തോന്നാത്തവരില്ല. പലകാര്യങ്ങളിൽ അദ്ദേഹത്തോട് മറ്റുള്ളവർ അസൂയപ്പെടുന്നു. എനിക്കും മമ്മൂക്കയോട് അടുത്തിടെയായി അസൂയ തോന്നാറുണ്ട്. അത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അതിൽ നടത്തുന്ന പരീക്ഷണങ്ങളിലും അദ്ദേഹം കാണിക്കുന്ന സൂക്ഷ്മത കാണുമ്പോഴാണ്. അത് കാണുമ്പോൾ അദ്ഭുതമല്ല,ശരിക്കും അസൂയയാണ് തോന്നാറ്. അത്രയും വ്യത്യസ്തമായ,പലരീതിയിലുള്ള കഥാപാത്രങ്ങൾ. അവയെ ഉപകരണമാക്കി ചെയ്യുന്ന വിഭ്രമിപ്പിക്കുന്ന പരീക്ഷണങ്ങൾ. എന്നുമാത്രമല്ല,ഇതൊക്കെയും വിജയിപ്പിക്കാനും അദ്ദേഹത്തിന് അനായാസം സാധിക്കുന്നു. 'ഭ്രമയുഗ'ത്തിലും 'കാതലി'ലും ഏറ്റവും ഒടുവിൽ 'കളങ്കാവലി'ലും വരെ അദ്ദേഹം എന്നെ ഞെട്ടിച്ച്, അസൂയപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോൾ ഇങ്ങനെയുള്ള അവസരങ്ങൾ എനിക്കും വന്നിരുന്നെങ്കിൽ എന്ന് ഞാൻ അസൂയയോടെ ആഗ്രഹിക്കുന്നുണ്ട്.
മമ്മൂക്കയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന മോഹം ഉള്ളിലിപ്പോഴും തീവ്രമായി കിടക്കുന്നു. 'പ്രീസ്റ്റ്' എന്ന സിനിമയിൽ ഒറ്റ രംഗത്തിലേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. അതേ സാധിച്ചിട്ടുള്ളൂ ഇതുവരെ. ഇനിയാണ് ഞങ്ങൾ ഒരുമിച്ചുള്ള മനോഹരമായ സിനിമകൾ വരാൻപോകുന്നത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് പ്രത്യേകിച്ചുകാരണമൊന്നുമില്ല. എന്തുകൊണ്ടാണ് അങ്ങനെ ആഗ്രഹിക്കുന്നത് എന്ന് എനിക്കും അറിഞ്ഞുകൂടാ. പക്ഷേ മമ്മൂക്കയുമൊത്തുള്ള ആ മനോഹരസിനിമകൾക്കായി കാത്തിരിക്കുകയാണ്,ഞാൻ. എം.ടിസാർ 'മഞ്ഞി'ന്റെ ഒടുവിലായി എഴുതിവച്ച വാചകം പോലെ..
വരാതിരിക്കില്ല...
പ്രിയപ്പെട്ട മമ്മൂക്ക...ഒരിക്കൽക്കൂടി പിറന്നാൾ ആശംസകൾ...വരുമാണ്ടുകളിലും നിഴലായി,വെളിച്ചമായി,കണ്ണീരായി,കനിവായി,പലമട്ടിലാടിയും പിന്നെയും പുതുമോടി തേടിയും, അരിമയായി, അറിവായി വരിക...