
എന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുന്നവരും എഴുതുന്നവരും 'സാക്ഷ്യ'ത്തെ ഒറ്റവാചകത്തിലോ ഖണ്ഡികയിലോ ഒതുക്കി നേരെ 'സല്ലാപ'ത്തിലേക്ക് കടക്കുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കുകയാണ് ചെയ്യാറുള്ളത്. അത് എന്നിലെ അഭിനേത്രിയിലെ ആത്മവിശ്വാസക്കുറവിന്റെ അടയാളമാണ്. 'സാക്ഷ്യം' രണ്ടാമതൊന്ന് കാണാൻ ത്രാണിയുണ്ടായിട്ടില്ല, ഇന്നലെവരെ. കാരണം അതിൽ എന്റേത് 'അഭിനയ'മായിരുന്നു എന്ന് മറ്റാരേക്കാൾ നന്നായി പിന്നീട് തിരിച്ചറിഞ്ഞയാളാണ് ഞാൻ. 'അഭിനയ'മല്ല അഭിനയം എന്ന് കാലവും പ്രതിഭകളായ സഹപ്രവർത്തകരും എന്നെ പഠിപ്പിച്ചു. അവർക്കടുത്തുനിന്നുകൊണ്ട് പിന്നിലേക്ക് നോക്കുമ്പോൾ ഞാൻ 'സാക്ഷ്യ'ത്തിലെ ചപലമായ എന്റെ മുഖഭാവങ്ങൾ കാണുന്നു. അപ്പോൾ ഉള്ളാലേ നന്നേ ചമ്മിപ്പോകുന്നു. എനിക്ക് തന്നെ ചിരിവരുന്നു.
എന്നുകരുതി എല്ലാം തികഞ്ഞ അഭിനേത്രിയായി എന്ന തോന്നലുണ്ട് ഇപ്പോൾ എന്ന് ദയവായി തെറ്റിദ്ധരിക്കരുത്. ഓരോ ദിവസവും ഞാൻ പലതും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുകയാണ്. പക്ഷേ അഭിനയത്തിന്റെ ആദ്യക്ഷരംപോലുമറിയാതെ സ്കൂളിൽ നിന്ന് നേരെ ക്യാമറയ്ക്ക് മുന്നിലേക്ക് ഓടിച്ചെന്ന ഒരാൾക്ക് എന്താണ് സംഭവിച്ചിരിക്കുക? അതേക്കുറിച്ചുള്ള സ്വയംവിമർശനമായി മാത്രം നേരത്തെ പറഞ്ഞ വാചകങ്ങളെ കാണുക.
ഇപ്പോൾ കാണുമ്പോൾ ചിരി വരുമെങ്കിലും രണ്ടുകരച്ചിലുകൾക്കിടയിലായിരുന്നു എന്റെ ആദ്യ സിനിമ എന്നുവേണമെങ്കിൽ പറയാം. ആദ്യമായി സിനിമയിലഭിനയിക്കാൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടയാളായിരുന്നു ഞാനെന്ന് ഇതേ പംക്തിയിൽ എഴുതിയിരുന്നു. ഞാൻ സിനിമയിലഭിനയിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന വല്യച്ഛന്റെ വേർപാട് തീവണ്ടിയിലിരിക്കുമ്പോൾ എന്നെ കരയിച്ചു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ മഴപോലെ കണ്ണീർ എനിക്ക് കൂട്ടുവന്നു.
അച്ഛനില്ലാതെ,അമ്മയുമായി തിരുവനന്തപുരത്തെത്തുമ്പോൾ അത് തോർന്നുവെങ്കിലും ഉള്ളിൽ നനവ് ബാക്കിയായിരുന്നു. ഇന്ന് പേരോർമയില്ലാത്ത ഏതോ ഹോട്ടലിലായിരുന്നു താമസം. ഒരു സ്കൂളിലായിരുന്നു എന്റെ ആദ്യ സീൻ. അതോ സെറ്റുപോലെ ഒരുക്കിയ കെട്ടിടമായിരുന്നോ എന്നും അറിയില്ല. ചെന്നിറങ്ങിയപ്പോൾ ഒരു ഉത്സവപ്പറമ്പുപോലെ തോന്നിച്ചു അവിടം. നിറയെ ആളുകൾ. പീപ്പിയും ബലൂണും കെട്ടിവച്ച വലിയ വടികളേന്തിപ്പോകുന്നവരെപ്പോലെ കുറേപ്പേർ ലൈറ്റുകൾ ഘടിപ്പിച്ച പൈപ്പുകളുമായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. മറ്റൊരിടത്ത് ഭക്ഷണശാലയ്ക്കുമുമ്പിലെന്നപോലെ വേറെ കുറേയാളുകൾ. ബഹളം,ചിരികൾ,ഇടയ്ക്കിടെ എവിടെനിന്നോ ചില ആക്രോശങ്ങൾ. അതിനുനടുവിൽ ആദ്യമായി ഉത്സവം കാണുന്ന കുട്ടിയെപ്പോലെ ഞാനും.
'സ്മിത' എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. മുരളിച്ചേട്ടന്റെ മകളുടെ വേഷം. അച്ഛൻ കാണാൻ വന്നിരിക്കുന്നുവെന്ന് ടീച്ചർ വന്നുപറയുമ്പോൾ സ്കൂളിന്റെ ഇടനാഴിയിലൂടെ ഓടിച്ചെല്ലുന്ന സീനായിരുന്നു ആദ്യം. അന്നും ഇന്നും എനിക്ക് ഓട്ടം അത്ര വശമുള്ള ഏർപ്പാടല്ല. സ്വാഭാവികതയോടെ ഓടാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അപ്പോൾ ആദ്യമായി അങ്ങനെയൊരു രംഗം അഭിനയിക്കേണ്ടിവന്നപ്പോഴോ! ഞാൻ ഓടി. പക്ഷേ അത് അച്ഛനെ കാണാനാഗ്രഹിച്ചോടുന്ന മകളുടെ ഓട്ടമായിരുന്നില്ല. ഒരുതരം യാന്ത്രികമായ ചലനങ്ങൾ. ആരോ നിർബന്ധിച്ചു ചെയ്യിക്കുംപോലെ. എനിക്ക് അങ്ങനെയേ അറിയുമായിരുന്നുള്ളൂ. കാരണം അന്നേവരെ ഞാൻ നൃത്തം മാത്രമേ ചെയ്തിട്ടുള്ളൂ. അഭിനയിക്കുന്നത് ആദ്യമായിട്ടായിരുന്നു.
കാണാൻ ഒട്ടും ഭംഗിയുണ്ടായിരുന്നില്ല എന്റെ സിനിമാജീവിതത്തിലെ ആദ്യരംഗത്തിന് എന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നിയിരുന്നു. അതുകൊണ്ടുതന്നെ 'സാക്ഷ്യം' കാണാൻ ശ്രമിച്ചതുമില്ല. നേരത്തെപറഞ്ഞ ചമ്മൽ തന്നെയായിരുന്നു കാരണം. പക്ഷേ ഇതെഴുന്നതിനുമുമ്പ് ഞാൻ പേടിച്ചുപേടിച്ച് യൂട്യൂബിലൊന്ന് പരതി. 'ഈശ്വരാ അത് കാണല്ലേ' എന്ന് പ്രാർഥിച്ചുകൊണ്ടുള്ള തിരയൽ. പക്ഷേ മാറിയകാലത്തിന്റെ സാങ്കേതികത ആ സിനിമയെ എവിടുന്നോ മുങ്ങാങ്കുഴിയിട്ടുകൊണ്ടുവന്ന് യൂട്യൂബിൽ പ്രദർശനത്തിന് വച്ചിരുന്നു. അതിൽ ആത്മവിശ്വാസക്കുറവിന്റെ എല്ലാ സങ്കോചങ്ങളോടെയും ഞാൻ വിരൽതൊട്ടു.
'ഞങ്ങൾ പരിചയപ്പെടുത്തുന്നു മഞ്ജുവാരിയർ' എന്ന് രണ്ടു വരിയിൽ ഇരുണ്ട ആകാശത്തിനും തിരമാലകൾക്കും നടുവിലായി തെളിഞ്ഞപ്പോൾ ഞാൻ വല്യച്ഛനെയോർത്തു, ആ തീവണ്ടിയാത്രയോർത്തു,എനിക്ക് കൂട്ടുവന്ന മഴയെ ഓർത്തു,ആദ്യമായി ഉത്സവപ്പറമ്പിലെത്തിയ ആ പെൺകുട്ടിയെയും ഓർത്തു.
സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടിവരുന്ന ഇന്നലെയിലെ എനിക്കായി, ഇന്നിലെ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയോടെ കണ്ണുനട്ടു. സ്കൂൾകാലത്തിന്റെ ചാപല്യങ്ങളെഴുതിവച്ച ഓട്ടോഗ്രാഫ് വർഷങ്ങൾക്കുശേഷം തുറന്നുനോക്കുന്നതുപോലൊരു വികാരമായിരുന്നു ഉള്ളിൽ. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ചുവപ്പും വെള്ളയും യൂണിഫോമിട്ട ഞാൻ സ്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്ററിന്റെ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. അവിടെ അവളുടെ അച്ഛനായി മുരളിയെന്ന നടൻ കാത്തിരിപ്പുണ്ടായിരുന്നു!
അതെ,എന്നെ എക്കാലവും അപകർഷതാബോധത്തിലേക്ക് തള്ളിയിട്ടിരുന്ന ആ ഓട്ടം 'സാക്ഷ്യ'ത്തിൽ ഇപ്പോൾ കാണാനാകുന്നില്ല! അഭംഗിയാൽ അത് എഡിറ്റിങ് ടേബിളിൽ തന്നെ വെട്ടിനീക്കപ്പെട്ടതാണോ അതോ യൂട്യൂബ് പ്രിന്റിൽ അപ്രത്യക്ഷമായതാണോ? എനിക്കറിയില്ല. ആദ്യസിനിമ തീയറ്ററിൽ കണ്ടതിന്റെ ഓർമയും മനസ്സിൽ ബാക്കിയില്ല. അതുകൊണ്ട് ആദ്യമായി അഭിനയിച്ച രംഗം ഒരുപക്ഷേ ഇനിയൊരിക്കലും എനിക്ക് കാണാനുമാകില്ല. അങ്ങനെ ആലോചിച്ചപ്പോൾ പഴയ ചമ്മൽ പോയി ഉള്ളിൽ ചെറുതായൊന്ന് നൊന്തു. എത്രമോശമായിരുന്നുവെങ്കിലും അതായിരുന്നല്ലോ എന്റെ ആദ്യ സീൻ. ഒരു യാത്രയുടെ തുടക്കം.
യൂട്യൂബിന്റെ സമയമാപിനിയിൽ സ്ക്രീനിലേക്കുള്ള എന്റെ പ്രവേശം ആറുമിനിട്ട് കഴിഞ്ഞ് 50സെക്കന്റ് ആകുമ്പോഴാണ്. 'ഗുഡ് മോണിങ് മദർ' എന്നാണ് ആദ്യ ഡയലോഗ്. സിസ്റ്റർ 'ഗുഡ്മോണിങ് സ്മിത' എന്നുപറയുമ്പോൾ മുരളിച്ചേട്ടൻ എന്നെ നോക്കുന്നു. അപ്പോൾ ഫുൾക്ലോസപ്പിൽ മുപ്പതുവർഷങ്ങൾക്ക് മുമ്പുള്ള ഞാൻ. പിന്നീട് അച്ഛനും മകളും ഒരു യാത്രപോകുകയാണ്. ആ കാർ യാത്ര എന്നെയും 'സാക്ഷ്യ'ത്തിന്റെ ലൊക്കേഷനിലേക്ക് കൊണ്ടുപോയി.
അവിടെ ഞാൻ കണ്ടതെല്ലാം പുതിയ കാഴ്ചകളായിരുന്നു. പുതിയ ഗന്ധങ്ങൾ,രുചികൾ,ആളുകൾ..എല്ലാം പുതിയത്. സിനിമയിലെ മേക്കപ്പ് സാമഗ്രികൾക്ക് ഒരു പ്രത്യേക മണമായിരുന്നു. അത് ഡാൻസിലേതുപോലെയായിരുന്നില്ല. അതുപോലെ ആഹാരത്തിനും അന്നേവരെ രുചിക്കാത്ത ഒരു സ്വാദ്. അവിടെ ഞാൻ കേട്ട വാക്കുകളും ഭാഷയുമെല്ലാം ജീവിതത്തിൽ ആദ്യമായി കേൾക്കുകയായിരുന്നു. 'ആക്ഷൻ' എന്ന വാക്ക് അതിലൊന്നായിരുന്നു. അതുകേൾക്കുമ്പോഴാണ് 'അഭിനയം' തുടങ്ങേണ്ടതെന്നും ഞാൻ അവിടെവച്ച് മനസ്സിലാക്കി. 'സാക്ഷ്യ'ത്തിന്റെ സംവിധായകൻ മോഹൻസാർ പറഞ്ഞുതന്നതുപോലെ ചെയ്തു. അതിനപ്പുറം എനിക്കൊന്നുമറിയില്ലായിരുന്നു.
യാത്രക്കിടെ മുരളിച്ചേട്ടൻ ഒരിടത്ത് കാർ നിർത്തിച്ച് എന്നോട് പറയുന്ന കഥയിലാണ് 'സാക്ഷ്യ'ത്തിന്റെ ഫ്ളാഷ് ബാക്ക്. ചിത്രത്തിന്റെ മുക്കാൽഭാഗവും പിന്നീട് അതാണ്. ഗൗതമി മാഡം അവതരിപ്പിച്ച എന്റെ അമ്മയെക്കുറിച്ചാണ് മുരളിച്ചേട്ടൻ പറഞ്ഞുതുടങ്ങുന്നത്. അപ്പോൾ എന്റെ കണ്ണുനിറയുന്നുണ്ട്. ആ സീൻ കണ്ടപ്പോൾ ഞാൻ ഗ്ലിസറിനിട്ട് കരഞ്ഞത് ഓർത്തു. എനിക്കിപ്പോഴും അത് നല്ല ഓർമയുണ്ട്. ഗ്ലിസറിന്റെ നീറ്റൽപോലെയുള്ള അനുഭവം കണ്ണിലേക്ക് ആദ്യമായി കുത്തിക്കയറിയതും അങ്ങനെ ഞാൻ സിനിമയ്ക്കുവേണ്ടി ആദ്യമായി കരഞ്ഞതും.
ഇന്നും സിനിമാസെറ്റുകളിൽ ആദ്യമായി ഗ്ലിസറിൻ കണ്ണിൽതേച്ചുനില്കുന്നവരുടെ മുഖഭാവം കാണുമ്പോൾ ഞാൻ വർഷങ്ങൾക്കപ്പുറത്തെ ആ ദിവസം ഓർക്കും. അവർക്ക് കരയാനാണ് അപ്പോൾ തോന്നുകയെങ്കിൽ എനിക്ക് ചിരിക്കാനാണ് തോന്നാറ്! അവരെയോർത്തല്ല ആദ്യമായി ഗ്ലിസറിൻ തേച്ച എന്നെയോർത്ത്.
ആ ചെറിയ കരച്ചിലിൽ നിന്ന് തുടങ്ങുന്ന കഥയ്ക്കൊടുവിൽ അമ്മയുടെ അടുത്തെത്തുന്ന എനിക്ക് പൊട്ടിക്കരയേണ്ടിവരികയാണ്. ഗൗതമിമാഡത്തിന്റെ കഥാപാത്രത്തിന്റെ മരണം. ആളുന്ന ഒരു ചിതയിൽ ആ സിനിമ അവസാനിക്കുന്നു.
സത്യം പറഞ്ഞാൽ ഈ സീനുകളെല്ലാം എന്റെയുള്ളിൽ നിന്ന് മാഞ്ഞുപോയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തുമായിരുന്നു ഷൂട്ടിങ് എന്നുമാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ. ഏതോ റോഡും മറ്റുചില കെട്ടിടങ്ങളും മങ്ങിയ ലൊക്കേഷൻ ചിത്രങ്ങൾ പോലെ മനസ്സിലെവിടെയോ തങ്ങിനില്പുണ്ടായിരുന്നു. ഗൗതമി മാഡവുമായും വേണുനാഗവള്ളിച്ചേട്ടനുമായും ഒരു സീൻ. സുരേഷേട്ടനുമായി ഒരു സീനുണ്ടായിരുന്നോ എന്ന് സംശയം. ബാക്കിയുള്ള കാര്യങ്ങളെല്ലാം ഒരു ഭൂതമായി കാലം എന്നിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു.
യൂട്യൂബിന്റെ സൗകര്യം ഉപയോഗിച്ച് സാക്ഷ്യം അതിവേഗം ഓടിച്ചുകണ്ടപ്പോഴാണ് സുരേഷേട്ടനുമായി സീനൊന്നുമില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അതുപോലെ ഗൗതമിമാഡവുമായും വേണുനാഗവള്ളിച്ചേട്ടനുമായും ഒന്നിലധികം സീനുകളുണ്ട്. ലൊക്കേഷൻ ഒരാശുപത്രിതന്നെയായിരുന്നുവെങ്കിലും.
കാലമാണ് ഏറ്റവും വലിയ സംവിധായകൻ എന്ന് എവിടെയോ വായിച്ചതോർക്കുന്നു. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ എനിക്ക് ആദ്യമായി അഭിനയിക്കാൻ കിട്ടിയതും ഒരു ഓട്ടത്തിന്റെ രംഗമാണ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 'ഹൗ ഓൾഡ് ആർ യു' വിലെ നിരുപമ രാജീവിന്റെ വേഷത്തിൽ ഞാൻ മാരത്തോൺ ഓട്ടക്കാരിയായി. ആ ഓട്ടവും ശരിയായില്ല എന്നായിരുന്നു 'കട്ട്' കേട്ടുകഴിഞ്ഞപ്പോൾ തോന്നൽ. പക്ഷേ സ്പോർട്സ് അറിയുന്ന പലരും അതേക്കുറിച്ച് പിന്നീട് നല്ലവാക്കുകൾ പറഞ്ഞപ്പോൾ സംശയം കുറച്ചെങ്കിലും ഓടിയൊളിച്ചു. രണ്ട് ഓട്ടങ്ങൾക്കിടയിൽ ഒരു കാലം!
ഞാനിപ്പോൾ ആലോചിക്കുകയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വല്യച്ഛന്റെ മരണത്തിൽ വേദനിച്ച് കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ആദ്യമായി സിനിമാഭിനയത്തിനിറങ്ങിയ ഒരു പെൺകുട്ടി. അവൾക്ക് സിനിമയിലും കരയേണ്ടിവരികയാണ്. തുടക്കത്തിലും ഒടുക്കത്തിലും. അല്ലെങ്കിൽ ജീവിതത്തിലെ കരച്ചിലിന് സിനിമയിൽ തുടർച്ച. അഥവാ രണ്ടുകരച്ചിലുകൾക്കിടയിൽ ഒന്നുമറിയാതെ ഒരു പെൺകുട്ടി.
ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടി വരുമെന്നും അതിനിടയിൽ എന്റെ ആദ്യ സിനിമ വീണ്ടും കാണേണ്ടിവരുമെന്നും. കാലം എന്തെല്ലാമെന്തെല്ലാമാണ് നമുക്കായി കരുതി വയ്ക്കുന്നത്! മൂന്നുപതിറ്റാണ്ടുകൾക്കപ്പുറത്തെ എന്നെ,എന്റെ ആദ്യ അഭിനയനിമിഷങ്ങളെ വർഷങ്ങൾക്കിപ്പുറത്തുനിന്നുകൊണ്ട് കൈവെള്ളയിലെ ഒരു ചെറിയ ചതുരത്തിൽ ഞാൻ കാണുന്നു. കൈക്കുടന്നയിൽ ഒരു കാലം! ആദ്യമായി സിനിമയുടെ ഉത്സവപ്പറമ്പിലെത്തിയ,അഭിനയിക്കുക മാത്രം ചെയ്ത,രണ്ടു കരച്ചിലുകൾക്കിടയിലെ ആ പഴയ ഞാനും....