ഒകിനാവയിലെ ഓണനാൾ,സൂര്യൻ അസ്തമിക്കാത്ത കൊൻബിനികൾ

മഞ്ജു വാരിയർ ആദ്യമായെഴുതുന്ന വെബ് കോളം 'പിന്നെയും പിന്നെയും' ഭാ​ഗം-13
ജപ്പാൻ യാത്രക്കിടെ ജപ്പാൻകാരുടെ പരമ്പരാ​ഗത വസ്ത്രമായ കിമോണോ ധരിച്ച് മഞ്ജു വാരിയർ
ജപ്പാൻ യാത്രക്കിടെ ജപ്പാൻകാരുടെ പരമ്പരാ​ഗത വസ്ത്രമായ കിമോണോ ധരിച്ച് മഞ്ജു വാരിയർഫോട്ടോ-ബിനീഷ് ചന്ദ്ര
Published on

കഴിഞ്ഞ തിരുവോണത്തിന് പുള്ളിലെ പാടവരമ്പിലൂടെ നടന്നു. അമ്മ സദ്യയ്ക്ക് വാഴയില വെട്ടാൻ പോയപ്പോൾ ഒപ്പം കൂടി. പപ്പടം കാച്ചുന്നതിന്റെ മണത്തിനും പായസത്തിന്റെ മധുരത്തിനും കാത്തു. പരിപ്പും നെയ്യും ചേർന്ന സദ്യ കഴിച്ചു. കാലം ബുള്ളറ്റ് ട്രെയിനെപ്പോലെ ഇത്തവണത്തെ തിരുവോണനാൾ എന്നെക്കൊണ്ടുചെന്നെത്തിച്ചത് ജപ്പാനിലെ ഒകിനാവ ദ്വീപിലായിരുന്നു. തൂശനിലയിലെ അവിയലിനും തോരനും ഇഞ്ചിക്കറിക്കുമെല്ലാം പകരം പിഞ്ഞാണങ്ങളിൽ മധുരക്കിഴങ്ങ്,പാവയ്ക്ക,ഉള്ളിത്തണ്ടുകൾ...ദീർഘായുസ്സ് നല്കുന്ന ഭക്ഷണമെന്ന് ലോകം വിളിക്കുന്ന വിഭവങ്ങളുമായി ഒരോണസദ്യ. ജീവിതത്തിൽ ആദ്യത്തേത്; അവിസ്മരണീയമായതും.

ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഞാൻ, എന്നെ എങ്ങുനിന്നോ എത്തുന്ന കാറ്റിനുവേണ്ടിയുള്ള പട്ടമായി വിട്ടുകൊടുക്കും, പലപ്പോഴും. ആ കാറ്റ് ചിലപ്പോഴൊരു ഓർമയുടെ രൂപത്തിൽ എവിടേക്കെങ്കിലും പറത്തിക്കൊണ്ടുപോകും. അല്ലെങ്കിൽ കൂട്ടുകാരുടെ രൂപത്തിൽ എങ്ങോട്ടെങ്കിലും യാത്രക്കായി വിളിക്കും. അതുമല്ലെങ്കിൽ മുറിയിൽ പുസ്തകങ്ങൾക്കും ഒരു കപ്പ് ചായയ്ക്കുമൊപ്പം വെറുതെയിരിക്കാനും കൂട്ടുവരും.

Must Read
മനുഷ്യൻ മരണത്തെ തോല്പിക്കുന്നത് ഇങ്ങനെയാണ്
ജപ്പാൻ യാത്രക്കിടെ ജപ്പാൻകാരുടെ പരമ്പരാ​ഗത വസ്ത്രമായ കിമോണോ ധരിച്ച് മഞ്ജു വാരിയർ

എന്റെ യാത്രകൾ പലപ്പോഴും സംഭവിക്കുന്നത് ഇങ്ങനെ കൂട്ടുകാർ കാറ്റായി വന്നു വിളിക്കുമ്പോഴാണ്. ചാക്കോച്ചന്റെയും(കുഞ്ചാക്കോ ബോബൻ),പിഷുവിന്റെയും(രമേഷ് പിഷാരടി),ബിനീഷിന്റെയും(ബിനീഷ് ചന്ദ്ര)കുടുംബങ്ങൾക്കൊപ്പമായിരിക്കും അതിൽ ഭൂരിഭാ​ഗവും. അവരാണ് കുറേക്കാലങ്ങളായുള്ള എന്റെ സഹയാത്രികർ. ഇത്തവണത്തെ ജപ്പാൻ യാത്രയും ഈ മൂന്നുപേർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമായിരുന്നു.

വർഷങ്ങളായി പോകാൻ കൊതിച്ച ഒരിടമാണ് ജപ്പാൻ. കേട്ടും വായിച്ചുമറിഞ്ഞ യാത്രാവിവരണങ്ങളിലൂടെ ഒരു സ്വപ്നലോകം പോലെ ആ നാട് മനസ്സിൽ ഉദിച്ചുനില്കുകയായിരുന്നു ഇത്രയും കാലം. ജപ്പാനെക്കുറിച്ച് മമ്മൂക്ക ഒരിക്കൽ പറഞ്ഞ കാര്യം കേട്ടപ്പോൾ അദ്ഭുതപ്പെട്ടിരുന്നു. ഓറഞ്ചിന്റെ തൊലികളയാൻ വേസ്റ്റ് ബിൻ അന്വേഷിച്ചുനടന്ന കാര്യമാണ് അദ്ദേഹം യാത്രയുടെ ഓർമയായി പങ്കിട്ടത്. അതിലൂടെ അവിടുത്തുകാരുടെ വൃത്തിസംസ്കാരത്തെ വിശദീകരിക്കുകയായിരുന്നു മമ്മൂക്ക. അന്നുതൊട്ടേ ജപ്പാൻ ഒരു കൗതുകവും കാണാക്കാഴ്ചയുമായി എന്റെ ബക്കറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. അവസാനം ഇത്തവണത്തെ അവധിക്കാലത്ത് സൗഹൃദക്കാറ്റിനൊപ്പം,പണ്ട് പാഠപുസ്തകത്തിൽ കാണാപ്പാഠം പഠിച്ച ആ വിശേഷണത്തിലേക്ക്.. ഉദയസൂര്യന്റെ നാട്ടിലേക്ക്...ഒപ്പമുള്ളവരിലൊരാൾ ഉദയ എന്നുപേരായ ഒരു വലിയ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ കണ്ണിയും!

കുഞ്ചാക്കോ ബോബൻ,ഭാര്യ പ്രിയ,മകൻ ഇസാക്ക് എന്നിവർക്കൊപ്പം മഞ്ജു വാരിയർ ജപ്പാനിൽ
കുഞ്ചാക്കോ ബോബൻ,ഭാര്യ പ്രിയ,മകൻ ഇസാക്ക് എന്നിവർക്കൊപ്പം മഞ്ജു വാരിയർ ജപ്പാനിൽഫോട്ടോ-ബിനീഷ് ചന്ദ്ര

യാത്രയിലുടനീളം ജപ്പാനെക്കുറിച്ചുള്ള വിശേഷണങ്ങൾ 'വേ​ഗം വരൂ...'എന്ന് മനസ്സിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു. കാലങ്ങളായുള്ള ആ​ഗ്രഹം സഫലമാകുന്നു എന്നതിനാൽ ആവേശം തെല്ലുകൂടുതലുമായിരുന്നു. ചെന്നിറിങ്ങിയ നിമിഷം മുതൽ കേട്ടതൊക്കെയും സത്യമാണ് എന്ന് കാട്ടിത്തരികയായിരുന്നു ജപ്പാൻ. ഒന്നുമെഴുതാത്ത തൂവെള്ളക്കടലാസിനെ ഓർമിപ്പിച്ചു തെരുവുകളും പാതകളുമെല്ലാം. അഴുക്കിന്റെയോ മാലിന്യത്തിന്റെയോ ഒരു തരിപോലും എവിടെയും കാണാനില്ല. അത്രയും ശുദ്ധം. മുഖംതുടച്ച ടിഷ്യുപേപ്പർ പോലും എവിടെയും കണ്ടില്ല. മമ്മൂക്ക പറഞ്ഞതുപോലെ വേസ്റ്റ് ബിന്നുകൾ ഒരിടത്തുമില്ലായിരുന്നു. നാട്ടിൽ നമ്മുടെ ആഹാരാവശിഷ്ടങ്ങൾക്കും ചപ്പുചവറുകൾക്കുമായി മുന്നിലെ സഞ്ചി തുറന്നിരിക്കുന്ന കം​ഗാരു രൂപങ്ങളെ അപ്പോൾ ഞാനോർത്തു. കുപ്പത്തൊട്ടികളില്ലാതിരുന്നിട്ടും ജപ്പാനിലുള്ളവർ ഒന്നും നിരത്തിലേക്ക് വലിച്ചെറിയുന്നില്ല. എന്തും തെരുവിൽ നിക്ഷേപിക്കുന്ന നമ്മെ നാണിപ്പിക്കുന്ന കാഴ്ച.

ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും അന്നാട്ടുകാർ വൃത്തിയിൽ ശ്രദ്ധിക്കുന്നു. ഒരു തുള്ളിവെള്ളമോ,ഒരു തരിഭക്ഷണമോ മേശമേൽ വീണാൽ അത് തുടച്ചുവൃത്തിയാക്കിയിട്ടേ അവർ തീൻമേശ വിടൂ. പലയിടങ്ങളിലും ആ കാഴ്ച കണ്ടൂ. വൃത്തിയെന്നത് ജപ്പാൻകാരുടെ ഉള്ളിൽ ഒട്ടിച്ചേർന്നിരിക്കുന്ന സംസ്കാരമാണ്. ഒരർഥത്തിൽനോക്കിയാൽ അവരെല്ലാം നമ്മുടെനാട്ടിലെ കം​ഗാരുവീപ്പകളെപ്പോലെയാണ് പെരുമാറുന്നതെന്ന് പറയാം. വൃത്തിയെ സഞ്ചിയെന്നോണം മാറോടുചേർത്തുവച്ചിരിക്കുന്നവർ. ഒന്നിനെയും പുറത്തേക്ക് തള്ളാതെ സ്വയംസ്വീകരിക്കുന്നവർ.

മഞ്ജുവാരിയർ ജപ്പാൻ യാത്രക്കിടെ
മഞ്ജുവാരിയർ ജപ്പാൻ യാത്രക്കിടെഫോട്ടോ-ബിനീഷ് ചന്ദ്ര

കണ്ടുമുട്ടിയ ഓരോരുത്തരും ക്ഷമയും ആതിഥ്യമര്യാദയും കൊണ്ട് അതിശയിപ്പിച്ചു. എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ. ജപ്പാനിലെ മനുഷ്യരുടെ മുഖത്താണ് സൂര്യൻ ഉദിച്ചുനില്കുന്നതെന്ന് തോന്നിപ്പോകും. അത്രയും തെളിച്ചം,പ്രസരിപ്പ്. അവിടത്തെ ബുള്ളറ്റ് ട്രെയിനുകളിലും ലോക്കൽ ട്രെയിനുകളിലും ഞങ്ങൾ സഞ്ചരിച്ചു. അതിൽ കണ്ടുമുട്ടിയ എല്ലാവരും എപ്പോഴും മൊബൈലുകൾ നോക്കിയിരിക്കുകയായിരുന്നു. എന്നാൽ അതിന്റെ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാതെ തീർത്തും സ്വകാര്യമായ ലോകത്തായിരുന്നു അവർ. മറ്റുള്ളവർക്ക് ശല്യമാകാതെ തങ്ങളുടേതായ ഒരിടം തീർത്ത് സഞ്ചരിക്കുന്നവർ. ഓരോ കൈവെള്ളയും ഒരു കുഞ്ഞുവീടുപോലെ. അതിൽ അവരവരുടേതായ സന്തോഷങ്ങൾ. എന്നാൽ അതിന്റെ അല നാലതിരുപോലെയുള്ള ചതുരംവിട്ട് പുറത്തേക്ക് വരുന്നതുമില്ല. സ്റ്റേഷനെത്തുമ്പോൾ മുഖമുയർത്തി പുറം ലോകത്തേക്ക്.

ജപ്പാനിൽ എന്തും ഏതു പാതിരാത്രിയിലും കിട്ടും. സൂര്യൻ അസ്തമിക്കുന്നത് ഇവിടത്തെ കൺവീനിയൻസ് സ്റ്റോറുകൾ അറിയുന്നതേയില്ല. ഭക്ഷണത്തിനും കുടിവെള്ളത്തിനുമൊന്നും ഒരുനേരവും മുട്ടുണ്ടാകില്ല. സെവൻ ഇലവൻ,ഫാമിലി മാർട്ട്,ലോസൻ എന്നീ മൂന്നെണ്ണമാണ് ജപ്പാനിലെ പ്രധാന കൺവീനിയൻസ് സ്റ്റോർ ശൃംഖലകൾ. 24മണിക്കൂറും തുറന്നിരിക്കുന്ന ആയിരക്കണക്കിന് സ്റ്റോറുകളാണ് ജപ്പാന്റെ പല ഭാ​ഗത്തായി ഇവർക്കുള്ളത്. കൊൻബിനി(Konbini) എന്നാണ് ജാപ്പനീസ് ഭാഷയിൽ ഈ സ്റ്റോറുകൾക്ക് പറയുക.

യമനാഷി പ്രവശ്യ ​ഗവർണറുടെ ഭാര്യ ചിക്കാക്കോ നാ​ഗസാക്കിക്കൊപ്പം മഞ്ജുവാരിയർ
യമനാഷി പ്രവശ്യ ​ഗവർണറുടെ ഭാര്യ ചിക്കാക്കോ നാ​ഗസാക്കിക്കൊപ്പം മഞ്ജുവാരിയർഫോട്ടോ-ബിനീഷ് ചന്ദ്ര

ഏതു കടയിൽ ചെന്നാലും അവിടെയുള്ളവർ നമ്മെ സഹായിക്കാൻ സദാ സന്നദ്ധരാണ്. അതിന് ജീവനക്കാരെന്നോ മാനേജറെന്നോ വ്യത്യാസമില്ല. ഒരു കടയിൽ ചെന്നപ്പോൾ എന്തോ ഒന്ന് ഏറെ തിരഞ്ഞിട്ടും കണ്ടില്ല. അടുത്ത കണ്ട ഒരാളോട് ചോദിച്ചപ്പോൾ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി അതിരിക്കുന്ന സ്ഥലം കാട്ടിത്തന്നു. ആ കടയിലെ മാനേജർ തസ്തികയിലോ മറ്റോ ഉള്ളയാളായിരുന്നു ആ മനുഷ്യൻ. കടയിലെ വസ്തുക്കൾ ഇരിക്കുന്ന സ്ഥലം കാട്ടിത്തരുന്നത് തന്റെ ജോലിയല്ല എന്ന് അയാൾ പറഞ്ഞില്ല. വേറെ ആരോടെങ്കിലും ചോദിക്കാനും ആവശ്യപ്പെട്ടില്ല. പകരം വീട്ടിലെത്തിയ അതിഥിയെ വീടിന്റെ ഉൾഭാ​ഗം കാണിച്ചുകൊടുക്കുന്ന ആതിഥ്യമര്യാദയോടെ ആവശ്യപ്പെട്ട സാധനം ഇരിക്കുന്നയിടത്തേക്ക് നയിച്ചു. ഇങ്ങനെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത കൊണ്ടും ജപ്പാൻകാർ വിസ്മയിപ്പിച്ചു.

ജപ്പാനിൽ ചെന്നാൽ നമുക്ക് ഒന്നും നഷ്ടപ്പെടില്ല എന്ന് പറഞ്ഞത് സുഹൃത്തും അഭിനേത്രിയുമായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറുമാണ്. ജപ്പാൻ യാത്രക്കിടെ അവർ പാസ്പോർട്ട് ഒരിടത്ത് മറന്നുവെച്ചു. പിന്നീട് വൈകീട്ട് അന്വേഷിച്ച് ചെല്ലുമ്പോഴും അത് അവിടത്തന്നെ ഭദ്രമായുണ്ടായിരുന്നു. അന്നത് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നി. പക്ഷേ ജപ്പാനിൽ നമ്മുടേതായ ഒന്നും കാണാതെ പോകില്ല എന്നത് നേരിട്ടറിയാൻ സഹായിച്ച സംഭവം ഞങ്ങളുടെ യാത്രക്കിടയിലുമുണ്ടായി. ഒരുസ്ഥലത്ത്‌ ചെന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി താമസിച്ചത് ഒരു വീട്ടിലായിരുന്നു. കുറച്ചുദിവസം അവിടെത്തങ്ങി അടുത്ത സ്ഥലത്തേക്ക് പോയപ്പോൾ ചാക്കോച്ചന്റെ ഭാര്യ പ്രിയ കമ്മലെടുക്കാൻ മറന്നു. വിലപിടിപ്പുള്ള ആഭരണമായിരുന്നു അത്. അടുത്തയിടത്തെത്തിയപ്പോഴേക്കും ഞങ്ങൾ താമസിച്ച വീടിന്റെ ഉടമ 'ഇതു നിങ്ങളുടെയാണോ' എന്ന ചോദ്യത്തോടെ കമ്മലിന്റെ ചിത്രം ഫോണിലേക്ക് അയച്ചുകഴിഞ്ഞിരുന്നു. 'അതെ'യെന്ന് പറഞ്ഞപ്പോൾ കമ്മൽ ഞങ്ങളുള്ളയിടത്തേക്ക് കപ്പലിൽ പാഴ്സലായി എത്തിച്ചു വീട്ടുടമ.

മഞ്ജു വാരിയർ ജപ്പാനിലെ ഒരു തെരുവിൽ
മഞ്ജു വാരിയർ ജപ്പാനിലെ ഒരു തെരുവിൽഫോട്ടോ-ബിനീഷ് ചന്ദ്ര

പക്ഷേ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഒകിനാവ ദ്വീപിൽ ചെലവഴിച്ച നേരങ്ങളാണ്. അവിടേക്ക് എന്നെ നയിച്ചത് കുറച്ചുകാലം മുമ്പ് വായിച്ച 'ഇക്കി​ഗായ്' എന്ന പുസ്തകമായിരുന്നു. ഹെക്ടർ ​ഗാർസിയയും ഫ്രാൻസെസ് മിറായെസ്കും ചേർന്ന്, ജീവിതത്തിന് മൂല്യം നല്കുന്ന വലിയൊരാശയത്തെക്കുറിച്ചെഴുതിയ ആനന്ദാക്ഷരങ്ങൾ. അത് വായിച്ചുമടക്കിയ നേരം ജപ്പാനെന്നിൽ ഒരു ബോധിവൃക്ഷം പോലെ പന്തലിച്ചു. അവിടേക്ക് പോകണമെന്ന ആ​ഗ്രഹം ഇരട്ടിച്ചു. ഇങ്ങനെയും മനുഷ്യർ ലോകത്തുണ്ടെന്നും ഇങ്ങനെയും ജീവിക്കാമെന്നും പറഞ്ഞുതന്ന 'ഇക്കി​ഗായി'ൽ വായിച്ച കാഴ്ചകളെയൊക്കെ നേരിൽ കാണുകയായിരുന്നു ഒകിനാവയിൽ. അതേക്കുറിച്ച് അടുത്ത ഭാ​ഗത്തിൽ എഴുതാം.

(തുടരും)

Related Stories

No stories found.
Pappappa
pappappa.com