
അടുത്ത കാലം വരെ ജന്മദിനങ്ങൾ ജീവിതത്തിൽ ഏതൊരു ദിവസത്തെയും പോലെയായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും അത് ആഘോഷിക്കാറുമില്ലായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് തുറന്നുവച്ചിരിക്കുന്ന സി.സി.ടി.വി പോലെയായതോടെ ജന്മദിനത്തിന്റെ സ്വകാര്യതയില്ലാതെയായി. നിങ്ങളുടെ ജന്മദിനം ആരോർത്തില്ലെങ്കിലും ഇന്ന് ഫേസ്ബുക്ക് ഓർമിപ്പിക്കും. മാത്രവുമല്ല അത് നിങ്ങളുടെ സുഹൃത്തുക്കളെ തോണ്ടിവിളിച്ച് അറിയിക്കുകയും ചെയ്യും. അങ്ങനെ കഴിഞ്ഞ കുറച്ചുവർഷമായി എന്റെ ജന്മദിനത്തിലും സാമൂഹമാധ്യമച്ചുമരുകളിൽ ആശംസകൾ പ്രത്യക്ഷപ്പെടുന്നത് പതിവായി. രാത്രി പന്ത്രണ്ടുമണി കഴിയുമ്പോൾ മുതൽ മൈബൈൽഫോണിന് ഉറക്കം നഷ്ടപ്പെടാനും തുടങ്ങി. ഇപ്പോൾ എനിക്കും ജന്മദിനങ്ങൾ, പ്രിയപ്പെട്ടവരുടെ സ്നേഹവുമായി ഓരോവർഷവും പടികടന്നെത്തുന്ന വിരുന്നുകാരനെപ്പോലെയായിത്തീർന്നിരിക്കുന്നു.
ഇത്തവണ ജന്മദിനത്തിന് ദൂരയാത്രയിലായിരുന്നു. മുൻവർഷത്തേതുപോലെ തന്നെ നിറയെ സന്ദേശങ്ങളും ആശംസകളും എത്തി. യാത്രയുടെ തിരക്കിനിടയിൽ അതിനൊന്നും കൃത്യസമയത്ത് മറുപടി പറയാനായില്ല. എന്നെ ഓർത്ത എല്ലാവർക്കും സ്നേഹം. നിങ്ങളുടെ ഹൃദയത്തിലൊരിടം ഉണ്ട് എന്ന തോന്നൽ നല്കുന്ന സ്വാസ്ഥ്യം ചെറുതല്ല. അതിന്റെ കടപ്പാട് വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയാൽ തീരുന്നതുമല്ല. 'പ്രായം' എന്ന വാക്കും 'പ്രിയം' എന്ന വാക്കും ഒരുപോലെ നിറയുന്ന ദിവസമാണ് പിറന്നാൾ. രണ്ടിനുമിടയിൽ ഒരു ദീർഘത്തിന്റെ ഹ്രസ്വദൂരമേയുള്ളൂ. എനിക്ക് 'പ്രായ'ത്തിലെ ദീർഘത്തെ മായ്ച്ച് പകരം ഹോക്കിസ്റ്റിക്ക് പോലെയുള്ള ചിഹ്നമിട്ട് അതിനെ 'പ്രിയ'മാക്കി മുന്നോട്ടു തട്ടിത്തട്ടിക്കൊണ്ടുപോകാനാണ് ഇഷ്ടം.
യാത്രയ്ക്കിടെയായതിനാൽ വഴിയോരത്തെ അടയാളക്കല്ലോ ദിശാസൂചിയോ പോലെ പൊടുന്നനെ പിന്നോട്ടോടി മറയുകയായിരുന്നു ഇക്കുറി ജന്മദിനം. അത് പിന്നിട്ടുകഴിഞ്ഞപ്പോഴാണ് ഞാൻ പോലുമറിഞ്ഞത്. ജീവിതമെന്ന യാത്രയുടെ വലിയൊരു സൂചകം പോലെ തോന്നി എനിക്കത്. കണ്ണടച്ചുതുറക്കുംമുമ്പ് നമ്മൾ പിന്നിടുന്നത് ഒരു വർഷം മാത്രമല്ല, ആയുസ്സിന്റെ വഴിയിലെ അടയാളക്കല്ലു കൂടിയാണ്. അതിൽ ബാക്കിയുള്ള ദൂരം നമ്മൾ കാണുന്നില്ലെന്ന് മാത്രം. ജീവിതത്തിന്റെ നിസാരതയെക്കുറിച്ചും നൈമിഷികതയെക്കുറിച്ചുമുള്ള ഒരോർമപ്പെടുത്തലുമാകുന്നു അത്.
പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മരണത്തെയും മനുഷ്യൻ ജയിക്കുന്നുണ്ട്. മരണം എന്നത് അവസാന വാക്കല്ല എന്ന് ഈ ഭൂമിയോട് യാത്രപറയും മുമ്പ് ചിലർ നമ്മോട് പറയുന്നു. ഞാൻ ഇനിയും ഇവിടെ ജീവിക്കും എന്നു പറഞ്ഞുകൊണ്ടാണ് അവർ കടന്നുപോകുന്നത്. ഒരാളായല്ല പലരായാണ് പിന്നീടാ ജീവിതം. മരിക്കുന്ന ഒരാൾ പലരായി ജനിക്കുന്നു. മരണത്തിനുശേഷമുള്ള ജനനം. അല്ലെങ്കിൽ മരണദിനവും ജനനദിനവും ഒന്നായിത്തീരുന്ന നാൾ. ഈ അപൂർവ്വതയും അജയ്യതയും അവർ നേടിയെടുക്കുന്നത് അവയവദാനത്തിലൂടെയാണ്.
ഇങ്ങനെ അവയവദാനത്തിലൂടെ മരണത്തെ ജയിച്ച ഒരാളെക്കുറിച്ചുള്ള വാർത്ത ജന്മദിനപ്പിറ്റേന്ന് വായിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് മസ്തിഷ്കമരണം സംഭവിച്ച തലവൂർ സ്വദേശി ഐസക് ജോർജ് എന്ന ചെറുപ്പക്കാരൻ ആറുപേരിലൂടെ പുനർജനിച്ച വാർത്ത. ജോമോൻ എന്ന വിളിപ്പേരുണ്ടായിരുന്ന, 33വയസ് മാത്രം പ്രായമുണ്ടായിരുന്ന ഐസകിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലുള്ള അങ്കമാലി സ്വദേശിയായ 28കാരനിലാണ് ഇപ്പോൾ മിടിക്കുന്നത്. ആരാണ് പറഞ്ഞത് ജോമോൻ മരിച്ചുവെന്ന്? ആ ഹൃദയം ഇപ്പോഴും നിലച്ചിട്ടില്ലല്ലോ..
ജോമോന്റെ ഹൃദയം മാത്രമല്ല,വൃക്കകളും കരളും നേത്രപടലങ്ങളും പല ശരീരങ്ങളിൽ ഇനിയും പ്രവർത്തിക്കും. ജോമോന്റെ ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ. ജീവൻ ആറുപേരിലായി തുടിച്ചുകൊണ്ടേയിരിക്കും. ജോമോൻ ഇല്ലാതാകുന്നേയില്ല...ശരീരത്തെ ഒരു കിളിക്കൂടായി സങ്കല്പിച്ചാൽ ഇതൊരു കൂടുമാറ്റം മാത്രമാണ്. മരണമെത്തിയ നേരത്ത് ജോമോൻ അത്രയും നാൾ പാർത്ത സ്വന്തംകൂടുപേക്ഷിച്ച് പലകൂടുകളിലേക്കായി പറന്നുകയറിപ്പോയിരിക്കുന്നു. അവിടെ തോറ്റുപോകുന്നത് വേടനായെത്തിയ മരണമാണ്.
പണ്ട് കണ്ണുകൾ മാത്രമായിരുന്നു മനുഷ്യർ ദാനം ചെയ്തിരുന്നത്. അതുതന്നെ വലിയ സംഭവവുമായിരുന്നു. അത്യപൂർവമായി മാത്രം നടന്നിരുന്ന ഒരു നന്മ. പക്ഷേ കാലം മാറിയപ്പോൾ ശരീരത്തിലെ ഹൃദയമുൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ എല്ലാം ദാനം ചെയ്യാനും അത് മറ്റുള്ളവരിൽ തുന്നിച്ചേർക്കാനും അങ്ങനെ മരിച്ചയാൾക്ക് പുനർജനിക്കാനുമുള്ള നിലയിലേക്ക് ശാസ്ത്രം മനുഷ്യരെയെത്തിച്ചു. ഇന്ന് മസ്തിഷ്കമരണം സംഭവിച്ച ഒരാൾക്ക് ചിന്തിക്കാനുള്ള ശേഷി മാത്രമാണ് നഷ്ടപ്പെടുന്നത്. അയാളുടെ ഹൃദയത്തിന് മിടിക്കാനാകും. കാതുചേർത്താൽ പ്രിയപ്പെട്ടവർക്ക് അതിന്റെ ശബ്ദം കേൾക്കാനാകും. അയാളുടെ കണ്ണുകൾ ലോകം കാണുകയും കരളും വൃക്കയും അതിന്റേതായ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും. 'കരൾച്ചിമിഴ്' എന്ന വാക്ക് ഗിരീഷേട്ടൻ(ഗിരീഷ് പുത്തഞ്ചേരി)എഴുതിയതാണ്;'ഈ പുഴയും കടന്നി'ലെ ഒരു പാട്ടിൽ. അവയവദാനം നടത്തിയ ഒരാളുടെ ജീവൻ, അയാൾ ഇല്ലാതായാലും ഒരു കരൾച്ചിമിഴിൽ മുത്തുപോലെയെന്നപോലെ ഇവിടെ ബാക്കിയാകും.
ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞുപോകുമ്പോൾ ഉറ്റവരുടെ ദു:ഖത്തിന് അതിരുണ്ടാകില്ല. ആ വ്യഥയിൽ ഒരുപക്ഷേ, മരിച്ചയാളുടെ ശരീരം കീറിമുറിച്ച് അവയവങ്ങൾ വേർപെടുത്താനുള്ള അനുമതി നല്കാൻ പറ്റിയ മാനസികാവസ്ഥയിലായിരിക്കില്ല അവർ. പക്ഷേ എന്നിട്ടും കുറേയേറെ മനുഷ്യർ കണ്ണീരുവീണ കടലാസുകളിൽ ഒപ്പിടുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജോമോന്റേത്. സ്വന്തം കരൾ പറിഞ്ഞുപോകുന്ന വേദനയിലും ആ ചെറുപ്പക്കാരന്റെ ബന്ധുക്കൾ അയാളുടെ ഹൃദയവും കരളും കണ്ണുമെല്ലാം മറ്റുള്ളവർക്കായി ദാനം ചെയ്തു. ഒരുപക്ഷേ ഒരു മനുഷ്യായുസ്സിലെ ഏറ്റവും മഹത്തായ ദാനം. അതിലൂടെ ജോമോൻ അമരനായിത്തീരുകയായിരുന്നു.
ഒമ്പതുവർഷം മുമ്പ് ലിസി ആശുപത്രിയിൽ ജിതേഷ് എന്ന ചെറുപ്പക്കാരനെ കാണാൻ പോയത് ഓർക്കുന്നു. സോഫ്റ്റ് വെയർ എൻജിനീയറായ ജിതേഷിന് ഗുരുതരമായ ഹൃദ്രോഗമായിരുന്നു. 13ദിവസം കൃത്രിമ ഉപകരണങ്ങളോടെയാണ് അയാൾ ജീവിച്ചത്. അവസാനം ആലപ്പുഴയിലെ സാൻജോസ് എന്ന ഇരുപതുകാരന്റെ ഹൃദയത്തിലൂടെ ജിതേഷിന് ജീവിതം തിരികെക്കിട്ടി. ഇരുപതുവയസ്സിൽ അവസാനിക്കേണ്ടതല്ല മകന്റെ ജീവിതം എന്ന് സാൻജോസിന്റെ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം സംഭവിച്ച അദ്ഭുതം. ശസ്ത്രക്രിയയ്ക്ക് ശേഷം ജിതേഷിനെ യാത്രയയ്ക്കുന്നതിനായി ആശുപത്രി അധികൃതർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഞാൻ ജീവനോടെ കണ്ടത് സാൻജോസിനെക്കൂടിയായിരുന്നു.
13ദിവസം ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ച ഒരാൾക്ക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായിട്ടായിരുന്നു. ഇവിടെ ഒരാളെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ജോസ് ചാക്കോ പെരിയപ്പുറം. കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഏതൊരു അവയവദാനവും ഫലം കാണുന്നത് ശസ്ത്രക്രിയകൾ വിജയകരമാകുമ്പോഴാണ്. വിരലുകളിൽ ദൈവം കുടിയിരിക്കുന്ന ഡോ.ജോസ് ചാക്കോ ഹൃദയങ്ങളെ പൂമ്പാറ്റയെപ്പോലെ ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്കെന്നോണം,അടർത്തിയെടുത്തുവയ്ക്കുമ്പോൾ ലോകമെങ്ങും ചിറകടിച്ചുയരുന്നത് അവയവദാനത്തിന്റെ വലിയ സന്ദേശം കൂടിയാണ്. കർമത്തിലൂടെ അവയവദാനത്തിന്റെ ഏറ്റവും വലിയ പ്രചാരകനായി മാറിയിരിക്കുന്നു അദ്ദേഹം. ഹൃദയങ്ങളുടെ ഈ കാവല്ക്കാരനുള്ളപ്പോൾ മസ്തിഷ്കമരണം സംഭവിച്ചാലും ഒരാൾ മരിക്കുന്നില്ല എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു, ജോമോന്റെ ഹൃദയം വ്യാഴാഴ്ച അങ്കമാലിസ്വദേശിയിൽ സ്പന്ദിച്ചുതുടങ്ങിയപ്പോൾ.
അവയവങ്ങൾ സ്വീകരിച്ചവരെ അത് ദാനം ചെയ്തവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവർ തന്നെയായിട്ടാണ് കാണുന്നത്. അമൃത ആശുപത്രിയിൽ സ്വന്തം മകന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ ഒരച്ഛന്റെയും അമ്മയുടെയും ചിത്രം കണ്ടതോർക്കുന്നു. അകാലത്തിൽ വേർപെട്ട മകന്റെ കൈകൾ അവർ മറ്റൊരാൾക്ക് ദാനം ചെയ്തിരുന്നു. മരിച്ചുപോയ മകന്റെ ജന്മദിനത്തിൽ, മറ്റൊരു ശരീരത്തിൽ ഇപ്പോഴും ജീവിക്കുന്ന ആ കൈകൾ കൊണ്ട് അവർ കേക്ക് മുറിപ്പിച്ചു. അതിന്റെ മധുരം പുരണ്ട വിരലുകൾ നാവുകൊണ്ട് നുണഞ്ഞു. ഒരിക്കൽ അവൻ സ്വയംനുണഞ്ഞ അതേവിരലുകൾ...ആ കൈകളിലല്ല,മകനിൽത്തന്നെയാണ് വാത്സല്യത്തിന്റെ ഉമിനീരുറവ നിറഞ്ഞത്. അവന്റെ ഹൃദയവും കരളും വൃക്കയും കണ്ണും സ്വീകരിച്ചവരും ആ ജന്മദിനാഘോഷത്തിലുണ്ടായിരുന്നു. അന്ന് ആ അച്ഛനും അമ്മയും അനുഭവിച്ചത് അവന്റെ മണം...അവന്റെ രുചി..കേട്ടത് അവന്റെ നെഞ്ചൊച്ച...
അവയവദാനത്തിന്റെ പ്രാധാന്യത്തെയും അതിലൂടെ ലഭിക്കുന്ന അനശ്വരതയെയും കുറിച്ച് ഇന്ന് ഏറെപ്പേർക്കും അറിയാം. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. പക്ഷേ എല്ലാ മനുഷ്യരും അവരുടെ അവയവങ്ങൾ നാളേക്കായി ഇന്നേ ദാനം ചെയ്യുന്ന ഒരു കാലം പിറക്കേണ്ടിയിരിക്കുന്നു. മരണശേഷം ബന്ധുക്കളെ ആശയക്കുഴപ്പത്തിലേക്കും തീരുമാനമെടുക്കാനുള്ള അനിശ്ചിതത്വത്തിലേക്കും തള്ളിവിടാതെ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം കൈയൊപ്പിട്ട് നല്കാം അവയവദാനത്തിനുള്ള സമ്മതപത്രം.
അവയവദാനത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സുസജ്ജമായ സർക്കാർ സംവിധാനം കേരളത്തിലുണ്ട് എന്നത് പ്രത്യാശാഭരിതമായ കാര്യമാണ്. ഹൃദയമെത്തിക്കാൻ എയർ ആംബുലൻസും,സഞ്ചാരപാത സുഗമമാക്കാൻ പോലീസും പൊതുജനങ്ങളും ജില്ലാഭരണകൂടങ്ങളുമെല്ലാം ഒരുമിക്കുന്ന കാഴ്ച നമ്മൾ പലവട്ടം കണ്ടു; ഏറ്റവുമൊടുവിൽ ഇന്നലെയും. കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ(കെ സോട്ടോ)പ്രവർത്തനം എടുത്തുപറയേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ 'മൃതസഞ്ജീവനി' അവയവദാനത്തിനായുള്ള പദ്ധതി മാത്രമല്ല,മരണത്തെ തോല്പിക്കാനുള്ള മരുന്നുകൂടിയാണ്. ഒരാളല്ല,രണ്ടുപേരാണ് അതിലൂടെ മരണത്തെ ജയിക്കുന്നത്. അവയവം നല്കുന്നയാളും സ്വീകരിക്കുന്നയാളും. 'മൃതസഞ്ജീവനി' പദ്ധതിയുടെ നടത്തിപ്പിനായി കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ്(KNOS) എന്ന സംവിധാനവുമുണ്ട്. അവയദാനത്തിന് തയ്യാറുള്ളവർക്ക് ഇതിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ മരണത്തെ അതിജീവിക്കുക മാത്രമല്ല മറ്റൊരാൾക്ക് ജീവനേകുക കൂടിയാണ് നമ്മൾ. എപ്പോൾ വേണമെങ്കിലും നിലയ്ക്കാവുന്ന ഏതോ ഒരു ഹൃദയത്തിന് ഒരു മിടിപ്പ്,കണ്ണിനൊരു പ്രകാശം,കരളിനൊരു തുടിപ്പ്,എന്നോ അറ്റുപോയൊരു കൈയുടെ വീണ്ടെടുപ്പ്...അങ്ങനെ ഒരുപാട് ജീവിതങ്ങൾ ഒരാളുടെ ദാനത്തിലൂടെ തളിർക്കുന്നു,പൂവിടുന്നു...ഒരു ജീവൻ തിരികെക്കൊടുക്കുക എന്നതിനപ്പുറം മറ്റെന്തു പുണ്യകർമമാണ് ജീവിച്ചിരിക്കുമ്പോൾ നമുക്ക് ചെയ്യാനാകുക?