
ഈ കോളം എഴുതിത്തുടങ്ങിയപ്പോൾ മുതൽ പ്രമോദ് എന്നോട് ചോദിക്കുന്നുണ്ട്: 'നീ എന്നെക്കുറിച്ച് എഴുതുന്നില്ലേ'യെന്ന്...അപ്പോഴൊക്കെ ഞാൻ തിരിച്ചുചോദിക്കും, 'നിന്നെക്കുറിച്ച് എഴുതിയില്ലെങ്കിൽ പിന്നാരെക്കുറിച്ച് എഴുതുമെടാ' എന്ന്...അപ്പോഴവൻ ചിരിക്കും. പിന്നെയും കുറച്ചുദിവസം കഴിയുമ്പോൾ അതേ ചോദ്യം. ചിലപ്പോ ഞാൻ ഉറക്കത്തിലായിരിക്കും. അവൻ എന്നെ വിളിച്ചുണർത്തി ചോദിക്കും: 'എന്നെക്കുറിച്ച് എഴുതുന്നില്ലേ...'ഞാൻ പറയും:'എഴുതുമെടാ...'അങ്ങനെ ഞാൻ അവനെക്കുറിച്ച് എഴുതിത്തുടങ്ങുകയാണ്.
അതിന് ആമുഖമായി പള്ളിക്കത്തോട്ടിലെ മമ്മൂട്ടിഫാൻസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിലകാര്യങ്ങൾ കൂടി. ഭാസ്കറിനെയും സംഘത്തെയും കണ്ടശേഷമാണ് നാട്ടിൽ ഫാൻസ് പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടങ്ങിയത്. അതിനുമുമ്പുവരെ ഞങ്ങൾ ബാബുക്കുട്ടന്റെ കടയിൽ കൂട്ടം കൂടിയിരുന്ന് വർത്തമാനം പറയുകയും തർക്കിക്കുകയും ചെയ്തിരുന്ന സാമൂഹികസേവനതത്പരരായ യുവാക്കളുടെ കൂട്ടം മാത്രമായിരുന്നു. പക്ഷേ ഭാസ്കറും സംഘവുമായുള്ള എന്റെയും ബാബുക്കുട്ടന്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ബാബുക്കുട്ടൻ ഫാൻസിന്റെ സംസ്ഥാനകമ്മറ്റിയിൽ പങ്കെടുത്തു. അതുകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മമ്മൂക്ക ഫാൻസിന് പള്ളിക്കത്തോട്ടിൽ യൂണിറ്റുണ്ടാകുന്നത്.
ഡോൺമാക്സും റെജിസും പിന്നെ അനിക്കുട്ടൻകണ്ടത്തിലും ജിസ്മോനും.....എല്ലാം അതിൽ അംഗങ്ങളായി. ബാബുക്കുട്ടന്റെ കടയിൽ വരുന്ന ഒരാളുടെ സഹോദരൻ മരത്തിൽനിന്ന് വീണ് തളർന്ന് കിടപ്പിലായ വിവരം ഞങ്ങളറിഞ്ഞു. അവർ സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുടുംബമാണ്. ഞങ്ങൾ മമ്മൂട്ടി ഫാൻസുകാർ ഒത്തുചേർന്ന് വീട്ടിൽ ശൗചാലയം ഒരുക്കിക്കൊടുത്തു. അങ്ങനെയങ്ങനെ പിന്നീട് നാട്ടിലെ ഓരോ സന്നദ്ധ പ്രവർത്തനവും ഞങ്ങൾ ഏറ്റെടുത്തുനടത്തുകയോ അല്ലെങ്കിൽ അതിൽ പങ്കാളികളാകുകയോ ചെയ്തു.
രക്തദാനമായിരുന്നു മറ്റൊരു പ്രധാനദൗത്യം. മമ്മൂട്ടി എന്ന വികാരം ചോരയിൽ ഓടിയിരുന്നതുകൊണ്ട് എത്രതവണ ദാനം ചെയ്തിട്ടും ഞങ്ങൾ തളർന്നില്ല. പകരം എവിടെയെങ്കിലുമൊരാൾക്ക് രക്തം വേണമെന്ന് അറിഞ്ഞാൽ അങ്ങോട്ടേക്ക് പാഞ്ഞു. വിദ്യാർഥികളെ കയറ്റാതെയും സ്റ്റോപ്പിൽ നിർത്താതെയും പോകുന്ന സ്വകാര്യബസുകൾ തടയാൻ റോഡിന്റെ നടുവിൽ കയറിനില്കുമ്പോൾ ഞങ്ങൾക്ക് മമ്മൂട്ടി അവതരിപ്പിച്ച ഏതോ നായകന്റെ പരിവേഷം നാട്ടിലുണ്ടായി. അങ്ങനയങ്ങനെ നല്ലകാര്യങ്ങൾക്കായി മുന്നിട്ടിങ്ങുന്ന ഒട്ടനേകം മമ്മൂട്ടിമാരെ പള്ളിക്കത്തോട്ടുകാർ കണ്ടു. രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകളേക്കാൾ സ്വീകാര്യതയുണ്ടായതോടെ സമപ്രായക്കാരായ പലരും ഞങ്ങളുടെ കൂട്ടായ്മയിലേക്ക് വന്നുതുടങ്ങി.
ആ സമയത്താണ് ഒരു നിർണായകസംഭവമുണ്ടാകുന്നത്. ബാബുക്കുട്ടൻ അപ്പോഴേക്കും ഞങ്ങൾ എല്ലാവരുടെയും തന്നെ നേതാവായിക്കഴിഞ്ഞിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ അദ്ദേഹം കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരനാണ്. ഞാനാകട്ടെ എ ഗ്രൂപ്പുകാരനും തികഞ്ഞ ഉമ്മൻചാണ്ടി ഭക്തനും. രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം മമ്മൂട്ടി ഫാൻസ് നേതാവെന്ന പ്രതിച്ഛായ കൂടിയുള്ളതുകൊണ്ട് ബാബുക്കുട്ടൻ നാട്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ളവരിലൊരാളായി. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോൾ അദ്ദേഹത്തിന് സീറ്റുനിഷേധിക്കപ്പെട്ടു. 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദന് സീറ്റുനിഷേധിക്കപ്പെട്ടതിന് സമാനമായ സ്ഥിതിവിശേഷമായിരുന്നു അത് പണ്ട് പള്ളിക്കത്തോട്ടിലുണ്ടാക്കിയത്. ഞങ്ങൾ ബാബുക്കുട്ടന്റെ അണികൾ ഇളകി. പാർട്ടി സീറ്റ് തന്നില്ലെങ്കിൽ തരേണ്ട,ഇത്രയധികം യുവാക്കൾ കൂടെയുള്ളപ്പോൾ ബാബുക്കുട്ടൻ സ്വതന്ത്രനായി മത്സരിക്കും. അതായിരുന്നു ഞങ്ങളുടെ തീരുമാനം. ആ ഒരു സാഹസത്തിന് പ്രേരിപ്പിച്ചതും ഞങ്ങൾക്കുള്ളിലുണ്ടായിരുന്ന മമ്മൂക്ക എന്ന ഞങ്ങളുടെ സാർവദേശീയ നേതാവിന്റെ അനേകം വീരനായകകഥാപാത്രങ്ങളായിരുന്നു. ഞങ്ങളുടെ നിർബന്ധത്തിനൊടുവിൽ ബാബുക്കുട്ടനും സ്വതന്ത്രനായി മത്സരിക്കാൻ സമ്മതം മൂളി.
അങ്ങനെ ഞാനും ബാബുക്കുട്ടനും കൂടെ അഞ്ചാറുപേരും ചേർന്ന് നോമിനേഷൻ കൊടുക്കാൻ പഞ്ചായത്തോഫീസിലേക്ക് നീങ്ങി. ആ വിവരം നാട്ടിലെങ്ങും പെട്ടെന്ന് പടർന്നു. ഞങ്ങൾ പഞ്ചായത്തോഫീസിലെത്തിയപ്പോഴേക്കും ഞങ്ങളുടെ കൂടെയുള്ള യുവാക്കളുടെ വലിയ സംഘം അവിടെ തടിച്ചുകൂടിയിരുന്നു. ഏതാണ്ട് നൂറ്റമ്പതോളം പേർ. അത് വലിയ ചലനങ്ങളുണ്ടാക്കി. പാർട്ടി ബാബുക്കുട്ടന് സീറ്റുകൊടുത്തു; 2011-ൽ നാടെങ്ങും തെരുവിലിറങ്ങിയ പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വി.എസിന് സി.പി.എം സീറ്റുനല്കിയതുപോലെ. തിരഞ്ഞെടുപ്പിൽ ബാബുക്കുട്ടൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
ഈ സംഭവം മമ്മൂക്കയുടെ കാതിലെത്തി. 'മലയാള മനോരമ' ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന പി.ഒ.മോഹൻസാറാണ് അദ്ദേഹത്തോട് അതേക്കുറിച്ച് പറഞ്ഞത്. മോഹൻസാർ മമ്മൂക്കയുടെ ആത്മകഥാസ്വഭാവമുള്ള 'ചമയങ്ങളില്ലാതെ' എന്ന പുസ്തകം തയ്യാറാക്കിയ ആളാണ്. അദ്ദേഹത്തോട് ഞങ്ങൾക്ക് അടുപ്പമുണ്ട്. മോഹൻസാറിന്റെ വാക്കുകളിലൂടെ പള്ളിക്കത്തോട് എന്ന് ഗ്രാമവും അവിടത്തെ ആരാധകരും ആദ്യമായി മമ്മൂക്കയുടെ മനസ്സിൽ അടയാളപ്പെടുത്തപ്പെട്ടു.
രാഷ്ട്രീയത്തിൽപ്പോലും ചലനങ്ങളുണ്ടാക്കാൻ കഴിയും വിധം തന്റെ ആരാധകക്കൂട്ടായ്മ വളർന്ന വിവരം മമ്മൂക്കയെ അദ്ഭുതപ്പെടുത്തിക്കാണണം. അങ്ങനെയാണ് അദ്ദേഹം ഞങ്ങളെ കാണണമെന്ന് താത്പര്യം പ്രകടിപ്പിച്ചത്. മോഹൻസാർ തന്നെയാണ് ഈ വിവരം ഞങ്ങളെ അറിയിച്ചതും. അങ്ങനെ ഞങ്ങൾ കുറച്ചുപേർ പള്ളിക്കത്തോട്ടിൽ നിന്ന് മാമച്ചൻ എന്ന ചേട്ടന്റെ ജീപ്പുവിളിച്ച് മമ്മൂക്കയെ കാണാനായി പുറപ്പെട്ടു.
ആ യാത്രയെപ്പറ്റി പറയുംമുമ്പ് ആദ്യം പറഞ്ഞ പ്രമോദിന്റെ കഥയിലേക്ക് പോകട്ടെ. കാരണം ഇതെല്ലാം പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നവയാണ്. പാമ്പാടി കെ.ജി. കോളേജിലാണ് ഞാൻ പ്രീഡിഗ്രിക്ക് ചേർന്നത്. തേഡ് ഗ്രൂപ്പ്. ബാല്യകാലസുഹൃത്തായിരുന്ന സിമോജൊക്കെ അവിടെയുണ്ട്. അവൻ സെക്കൻഡ് ഗ്രൂപ്പാണ്. പ്രീഡിഗ്രി എന്ന കോഴ്സിന്റെ അവസാന ബാച്ചുകാരായിരുന്നു ഞങ്ങൾ.
കാമ്പസിന്റെ എല്ലാവിധ നിറങ്ങളും നിറഞ്ഞതായിരുന്നു അക്കാലം. കൂടെയുള്ളവർക്കെല്ലാം ആനന്ദിക്കാൻ അനേകം ഉപാധികളുണ്ടായിരുന്നു. എനിക്കാകട്ടെ മമ്മൂക്ക എന്ന ഒറ്റ ആഘോഷവും. 'മഴയെത്തുംമുമ്പേ'യിലെ കർക്കശക്കാരനായ കോളേജ് അധ്യാപകനെപ്പോലെ മമ്മൂക്ക എനിക്കൊപ്പം കാമ്പസിലുണ്ടായിരുന്നതുപോലെ. അതുകൊണ്ട് കൂട്ടുകാരുടെ കൂടെ മറ്റു 'കലാപരിപാടി'കൾക്കൊന്നും പോകാതെ ഞാൻ അച്ചടക്കമുള്ള കുട്ടിയായി കോളേജിൽ മമ്മൂക്കയെ മാത്രം പ്രണയിച്ച് നടന്നു.
അങ്ങനെയൊരു ദിവസം ഞാനൊരാളെ കാണുകയാണ്. ഒരു നീല ഷർട്ട് ടക്-ഇൻ ചെയ്യാതെ പുറത്തേക്കിട്ട് നടന്നുവരുന്ന ഒരു പൊടിമീശക്കാരൻ. അവന്റെ ചുറ്റും രണ്ടുമൂന്നുപേരുണ്ട്. അവനേക്കാൾ തടിയും പൊക്കവുമുള്ളവർ. പക്ഷേ അവർ അവനെ വലിയ ആരാധനയോടെയാണ് നോക്കുന്നതും,അവനൊപ്പം നടക്കുന്നതും. അവനെ അവർ വിളിക്കുന്ന പേരുകേട്ടപ്പോഴാണ് ഞാൻ ഞെട്ടിയത്-മമ്മൂട്ടി!!
ഞാനും അവനെ അങ്ങേയറ്റം ആരാധനയോടെ നോക്കി. മമ്മൂട്ടി എന്നുപേരുള്ള രണ്ടാമതൊരാളെ ആദ്യമായി കാണുകയാണ്. ഞാനവനിൽ 'ന്യൂഡൽഹി'യിലെ ജികെയെയും 'നിറക്കൂട്ടി'ലെ രവിവർമയെയുമൊക്കെ സങ്കല്പിച്ചുനോക്കി. ഇവന് ആരാണ് മമ്മൂട്ടി എന്ന പേരിട്ടത്,അതിന്റെ കാരണമെന്തായിരിക്കും എന്നൊക്കെ ആലോചിച്ച് തലപുകച്ചു. പക്ഷേ നേരിട്ടുചോദിക്കാൻ ഒരു മടി.
അവസാനം ഞാൻ അറിഞ്ഞു,അതവന്റെ ശരിക്കുള്ള പേരല്ല. കൂട്ടുകാർ വിളിക്കുന്ന പേരാണ്. അങ്ങനെ ഞാനവനെ പരിചയപ്പെടാൻ തീരുമാനിച്ചു. കെ.ജി.കോളേജിന്റെ ഇടനാഴിയിൽ,ഏതോ ഒരുച്ചയിൽ ഞാനും അവനും ആദ്യമായി മുഖാമുഖം കണ്ടു. അവൻ പേരുപറഞ്ഞു: 'ഞാൻ പ്രമോദ് ജോർജ് മച്ചുകാട്...'
ഞാൻ ചോദിച്ചു: 'എന്താ എല്ലാരും മമ്മൂട്ടീന്ന് വിളിക്കുന്നത്..?'
അവൻ: 'ഞാൻ ജനിച്ചപ്പോ മുതൽ മമ്മൂട്ടി ഫാനാാാ...'
(തുടരും)