റബ്ബർതോട്ടങ്ങൾക്കിടയിലൂടെ മമ്മൂക്കയെയും പിടിച്ച് ‍ഞാനോടി...'അനന്തരം' സംഭവിച്ചത്...

എല്ലാത്തിന്റെയും ക്ലൈമാക്സ് വില്ലന്മാരെ അടിച്ചിടുന്ന മമ്മൂക്കയിൽ അവസാനിച്ചു. അപ്പോൾ ലാലേട്ടൻആരാധകരുടെ മുഖം കറുത്തു. ക്ലാസ് തുടങ്ങാൻ ബെല്ലടിച്ചു-'മധുരം മമ്മൂട്ടി' തുടരുന്നു..
2024-ൽ കെയർ ആന്റ് ഷെയറിന്റെ 'വിദ്യാമൃതം' നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്
2024-ൽ കെയർ ആന്റ് ഷെയറിന്റെ 'വിദ്യാമൃതം' നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്ഫോട്ടോ-അറേഞ്ച്ഡ്
Published on

തൊണ്ണൂറുകളിൽ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ മനസ്സ് പൊതിച്ചോറുപോലെ രണ്ടുപേരാണ് പങ്കിട്ടെടുത്തിരുന്നത്-മമ്മൂക്കയും ലാലേട്ടനും. മമ്മൂക്ക ഫാനെന്നോ ലാലേട്ടൻ ഫാനെന്നോ പറയാത്ത ഒരാൾ പോലും ഇല്ലായിരുന്നുവെന്ന് പറയാം. രണ്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ സ്കൂളിൽ മമ്മൂക്കഫാനായി അറിയപ്പെട്ടുതുടങ്ങി. ക്ലാസ്സിൽ ലാലേട്ടന്റെ ആരാധകരുമായി തർക്കവും തല്ലുപിടുത്തവും പതിവാണ്. സ്വന്തം നായകനുവേണ്ടി ഓരോ ആരാധകനും അധ്യാപകരുടെ ചൂരലടിയേറ്റുവാങ്ങി.

എങ്ങനെ ലാലേട്ടന്റെ കൂട്ടരെ തർക്കിച്ച് തോല്പിക്കാം എന്നതായിരുന്നു ഓരോരാത്രിയിലും പിറ്റേന്നത്തെ പരീക്ഷയേക്കാൾ ഉറക്കംകെടുത്തിയ പരീക്ഷണം. സിമോജ്,സുധീഷ്,സജി,രഞ്ജിത് എന്നിവരായിരുന്നു ലാലേട്ടൻ​ഗ്യാങ്ങിന്റെ നേതാക്കൾ. 'നിന്റെ മമ്മൂട്ടിയ്ക്ക് എന്തറിയാം,ഞങ്ങളുടെ ലാലേട്ടൻ തോക്കുമായി വന്നിട്ട്...'ഇങ്ങനെ ഇവർ ഓരോന്നുപറഞ്ഞ് കത്തിക്കേറുമ്പോൾ അതിനുംമീതേ എന്തെങ്കിലുമൊരു വാദം. മോഹൻലാലിന്റെ തോക്കിനേക്കാൾ വലിയ ആയുധം. അതിനായിരുന്നു അന്വേഷണം. പക്ഷേ മമ്മൂക്കയുടെ സിനിമാകാണാതെ എന്തുപറയാൻ? എങ്ങനെ തർക്കിക്കാൻ?

പരീക്ഷയിൽ തോല്കുന്നതിനേക്കാൾ വിഷമം ഉണ്ടാക്കുന്നതായിരുന്നു ലാലേട്ടൻഫാൻസിന്റെ മുന്നിലുള്ള പരാജയം. അത് സഹിക്കാനാകാതെ വന്നപ്പോൾ ഒരു വഴി അന്വേഷിച്ച് കണ്ടെത്തി. പോസ്റ്ററുകളും മറ്റ് പ്രചാരണമാർ​ഗങ്ങളുമൊക്കെ വന്നുതുടങ്ങിയിരുന്നുവെങ്കിലും അന്നും പാട്ടുപുസ്തകങ്ങൾ സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട സം​ഗതിയായിരുന്നു. അഭിനയിച്ചവരുടെ പേരുസഹിതമായിരുന്നു പാട്ടുപുസ്തകങ്ങൾ. അതിൽ കുറേയെണ്ണം തേടിപ്പിടിച്ചു. അഭിനയിച്ചവരുടെ പട്ടികയിൽ മമ്മൂക്കയുടെ പേരുണ്ടോ എന്ന് പരതിനോക്കി. പരീക്ഷാഫലം ഒട്ടിച്ച സ്കൂൾഭിത്തിയിലെ കടലാസിൽ നോക്കുന്നതിനേക്കാൾ നെഞ്ചിടിപ്പോടെയായിരുന്നു നോട്ടം. ആ പേരുകാണുമ്പോൾ ഉള്ളം തുള്ളിച്ചാടി.

2006-ൽ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ ആവിഷ്കരിച്ച 'കാഴ്ച' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്. അന്നത്തെ ഐ.ജി.ഋഷിരാജ് സിങ് സമീപം
2006-ൽ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ ആവിഷ്കരിച്ച 'കാഴ്ച' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്. അന്നത്തെ ഐ.ജി.ഋഷിരാജ് സിങ് സമീപംഫോട്ടോ-അറേഞ്ച്ഡ്

പിന്നെയൊരു കഥയുണ്ടാക്കലാണ്. തനിയെ സങ്കല്പിച്ചുണ്ടാക്കുന്ന ഒരു കഥ. ഉച്ചഭക്ഷണം കഴിഞ്ഞ് വട്ടംകൂടിയിരിക്കുന്ന നേരത്ത് ലാലേട്ടൻആരാധകർ പതിയെ തോക്ക് എടുത്തുതുടങ്ങുമ്പോൾ ഞാൻ തനിയെ ഉണ്ടാക്കിയ കഥയെടുത്ത് വീശിത്തുടങ്ങി. സിനിമയുടെ പേര് പറഞ്ഞ്,അതിൽ മമ്മൂക്കയുടെ കഥാപാത്രം ചെയ്യുന്ന ഓരോ കാര്യവും വിശദീകരിച്ച് ഞാൻ എന്റെ സ്കൂളിലെ ഷെഹറാസാദ് ആയി. എല്ലാത്തിന്റെയും ക്ലൈമാക്സ് വില്ലന്മാരെ അടിച്ചിടുന്ന മമ്മൂക്കയിൽ അവസാനിച്ചു. അപ്പോൾ ലാലേട്ടൻആരാധകരുടെ മുഖം കറുത്തു. ക്ലാസ് തുടങ്ങാൻ ബെല്ലടിച്ചു. അതിനേക്കാൾ ഉച്ചത്തിൽ എന്റെ നെഞ്ച് പെരുമ്പറകൊട്ടി.

(അന്ന് ആ ഉച്ചനേരങ്ങളിൽ കണ്ടതായി നുണപറഞ്ഞ സിനിമകളൊക്കെ സത്യത്തിൽ കണ്ടുതീർത്തത് വർഷങ്ങൾക്ക് ശേഷം വീഡിയോ കാസറ്റിലൂടെയും അടുത്തിടെ യൂട്യൂബിലൂടെയുമാണ്. പക്ഷേ മമ്മൂക്കയെന്ന നായകന് 'ഉണ്ടാക്കിക്കഥ'കളിലൂടെ ഞാൻ കാണാതെ കൊടുത്ത ഹീറോയിസം അവയിൽ പലതിലുമുണ്ടായിരുന്നുവെന്നതാണ് കണ്ടുതീർന്നപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം)

പാട്ടുപുസ്തകങ്ങളിൽ ഞാൻ കണ്ട മമ്മൂക്കയുടെ രൂപത്തോട് എങ്ങനെ കൂടുതലടുക്കാം എന്നതായി പിന്നീടുള്ള ആലോചനകൾ. കാരണം സഹപാഠികൾക്ക് മുന്നിലെ കഥപറച്ചിൽ വിജയത്തിന്റെ മധുരം അത്രത്തോളമുണ്ടായിരുന്നു. പത്രങ്ങളിൽ അന്ന് വെള്ളിയാഴ്ചകളിൽ പതിവായി സിനിമാപരസ്യമുണ്ടാകും. ഞായറാഴ്ചപ്പതിപ്പുകളിൽ സിനിമാതാരങ്ങളുടെ അഭിമുഖമൊക്കെയുള്ള പ്രത്യേക പേജും. മമ്മൂക്കയുടെ സിനിമയുടെ പരസ്യങ്ങളും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചുള്ള വാർത്തകളും വെട്ടിയെടുത്ത് സൂക്ഷിക്കുകയെന്നതായിരുന്നു ആ പ്രായത്തിലുള്ള ഏതൊരു ആരാധകനെയും പോലെ ഞാനും ചെയ്തത്. മനോരമയിലും മം​ഗളത്തിലും ചെമ്പകത്തിലും സഖിയിലുമെല്ലാം വരുന്ന മമ്മൂക്കയെക്കുറിച്ചുള്ള നുറങ്ങുവാർത്തകൾപോലും വിലപ്പെട്ടതായി.

ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റും സംഭവിച്ചു. വൈകുന്നേരങ്ങളിൽ നോവൽവായനയ്ക്ക് വരുന്ന അമ്മച്ചിയുടെ കൂട്ടുകാരികളിലൊരാളായിരുന്നു ഷൈനിച്ചേച്ചി. ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബസുഹൃത്തുക്കളിലൊരാൾ. വിദ്യാഭ്യാസമുള്ളയാളായതിനാൽ ഷൈനിച്ചേച്ചി ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. എന്നെയും ചേച്ചിയുടെ അടുത്ത് ട്യൂഷന് ചേർത്തു. എന്നെ എ,ബി,സി,ഡി മുതൽ പഠിപ്പിച്ചത് ഷൈനിച്ചേച്ചിയാണ്. അവിടെ പഠിക്കാൻ പോകാൻ വലിയ ഉത്സാഹമായിരുന്നു. അത് പഠനത്തോടുള്ള ഇഷ്ടം കൊണ്ടല്ല. മിനുമിനുപ്പുള്ള കടലാസിൽ കളറായി മമ്മൂക്കയെ കാണാം എന്ന മെച്ചംകൊണ്ടാണ്.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതിസംരക്ഷണത്തിനായി ആരംഭിച്ച 'മൈ ട്രീ ചലഞ്ചി'ന്റെ ഭാ​ഗമായുള്ള മരംനടീൽ ചടങ്ങിൽ അദ്ദേഹത്തിനൊപ്പം റോബർട്ട് കുര്യാക്കോസ്,എസ്.ജോർജ്,അബ്ദുൾ മനാഫ്,ലാലേഷ് എന്നിവർ
മമ്മൂട്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതിസംരക്ഷണത്തിനായി ആരംഭിച്ച 'മൈ ട്രീ ചലഞ്ചി'ന്റെ ഭാ​ഗമായുള്ള മരംനടീൽ ചടങ്ങിൽ അദ്ദേഹത്തിനൊപ്പം റോബർട്ട് കുര്യാക്കോസ്,എസ്.ജോർജ്,അബ്ദുൾ മനാഫ്,ലാലേഷ് എന്നിവർഫോട്ടോ-അറേഞ്ച്ഡ്

ചേച്ചിക്ക് രണ്ടുസഹോദരന്മാരുണ്ട്-സജിയും ബിജുവും. ഇവർ പള്ളിക്കത്തോട്ടിൽ പോയിട്ട് വരുമ്പോൾ പഴയ ചിലസിനിമാവാരികകൾ കൊണ്ടുവരും. ആരോ വായിച്ചുപേക്ഷിച്ച നാനയുടെയും വെള്ളിനക്ഷത്രത്തിന്റെയും കോപ്പികൾ. പലകൈ മറിഞ്ഞതാണെങ്കിലും അതിന്റെ ചിലതാളുകളിൽ മിനുപ്പ് ബാക്കിയുണ്ടാകും. പത്രത്തിലും അമ്മച്ചീടെ വാരികകളിലും കാണുന്നതിനേക്കാൾ വലിപ്പത്തിൽ മമ്മൂക്കയുടെ ചിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകളും അവയിൽ നിറഞ്ഞു. ചേട്ടന്മാർ വല്ലപ്പോഴുമൊക്കെ അതിൽനിന്ന് ഒരു കളർപേജ് കീറി തരും. അന്ന് ട്യൂഷൻ വേ​ഗം തീരാൻ പ്രാർഥിക്കും. മമ്മൂക്കയുടെ കളർപ്പടവുമായി റബ്ബർതോട്ടങ്ങൾക്കിടയിലൂടെ വീട്ടിലേക്കോടുമ്പോൾ കൈയിൽ നിധിയിരിക്കുന്ന സന്തോഷവും,എന്തോ വലിയ സമ്മാനം കിട്ടിയ അഭിമാനവുമായിരുന്നു.

എന്നെ പഠിപ്പിക്കാൻ ഷൈനിച്ചേച്ചി കൂട്ടുപിടിച്ചതും മമ്മൂക്കയെയാണ്. പാഠഭാ​ഗങ്ങൾ വേ​ഗത്തിൽ പഠിച്ചാൽ നോട്ടുബുക്ക് മമ്മൂക്കയുടെ പടമുള്ള കടലാസുകൊണ്ട് പൊതിഞ്ഞുതരാം എന്നായിരുന്നു വാ​ഗ്​ദാനം. ട്യൂഷൻ തീർന്ന് വീട്ടിൽപ്പോകാൻ നേരം എന്തെങ്കിലുമൊരു മമ്മൂക്കാവിശേഷം പറഞ്ഞുതരികയും ചെയ്യും. നോട്ടുബുക്കുകളുടെ പുറംചട്ടയിൽ ചിരിക്കുന്ന മമ്മൂക്കയെ എപ്പോഴും തൊട്ടുതലോടാനും അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ അറിവ് സ്വന്തമാക്കാനുമുള്ള കൊതിയിൽ ഞാൻ ചേച്ചി പഠിപ്പിച്ചതെല്ലാം പെട്ടെന്ന് പഠിച്ചു. ട്യൂഷൻതീരാൻ കാത്തിരുന്നു. സത്യത്തിൽ എന്നിലെ മമ്മൂക്കാആരാധകനെ പ്രൊഫഷണലൈസ് ചെയ്തത് ഷൈനിച്ചേച്ചിയും സജി,ബിജു ചേട്ടന്മാരുമാണ്.

ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോൾ മമ്മൂക്ക എന്ന പേര് ഹൃദയത്തിൽ ആഴത്തിൽ കൊത്തിവയ്ക്കപ്പെട്ടു. ഇന്നത്തെ രീതിയനുസരിച്ചാണെങ്കിൽ ടാറ്റൂചെയ്യപ്പെട്ടു എന്ന് പറയാം. മമ്മൂക്കയുടെ സിനിമാകാണാൻ പോകണം എന്ന് വാശിപിടിച്ച് കരയുന്ന നിലയിലേക്ക് വരെയെത്തി ആരാധന. 'പപ്പയുടെ സ്വന്തം അപ്പൂസ്' റിലീസ് ചെയ്ത സമയത്ത് ആ സിനിമയ്ക്കുവേണ്ടിയുള്ള കരച്ചിൽ അപ്പനെയും അമ്മച്ചിയെയും ഞെട്ടിച്ചുകളഞ്ഞു. പക്ഷേ അതിന് ഫലമുണ്ടായില്ല. എപ്പോഴത്തെയും പോലെ സിനിമയെന്ന ആ​ഗ്രഹത്തെ ​അപ്പൻ ​ഗേറ്റിന് വെളിയിൽതന്നെ നിർത്തി. അത് അകത്തേക്ക് കടന്നുവരാതിരുന്നതുകൊണ്ട് ഞാൻ മമ്മൂക്കയെ ഒരിക്കലും തീയറ്ററിൽ പോയി കാണാൻ അവസരം കിട്ടാത്ത നിർഭാ​ഗ്യവാനായ ഫാൻബോയ് ആയിത്തുടർന്നു. മതിലുചാടിപ്പോകാൻ സാധിക്കാത്തവിധം കർശനവുമായിരുന്നു അപ്പന്റെ നിയന്ത്രണം.

'മാസ്റ്റർപീസ്' എന്ന സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്
'മാസ്റ്റർപീസ്' എന്ന സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്ഫോട്ടോ-അറേഞ്ച്ഡ്

പിന്നെയുണ്ടായിരുന്ന ഏക ആശ്രയം ദൂരദർശനാണ്. അതിൽ തിരുവനന്തപുരം നിലയത്തിൽനിന്ന് ഞായറാഴ്ച വൈകീട്ട് മലയാളം സിനിമകളുണ്ടാകും. പക്ഷേ അതെല്ലാം പലപ്പോഴും മമ്മൂക്ക അഭിനയിക്കാത്തവയായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് താത്പര്യം രണ്ടാംശനിയാഴ്ചകളിൽ നാഷണൽചാനലിൽ വരുന്ന സിനിമകളോടായിരുന്നു. അവയിൽ ചിലപ്പോഴൊക്കെ മമ്മൂക്ക അഭിനയിച്ചവയുണ്ടാകും. പക്ഷേ ഒരു കുഴപ്പം മാത്രം. 'അവാർഡ്പടങ്ങൾ' എന്ന പേരിൽ അന്നൊക്കെ അറിയപ്പെട്ടിരുന്നവയായിരുന്നു അത്. കഥയൊന്നും വ്യക്തമായി മനസ്സിലാകുന്നില്ലെങ്കിലും മമ്മൂക്കയുണ്ടല്ലോ എന്ന സമാധാനത്തിൽ ചെറിയ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിലേക്ക് നോക്കി നിർവൃതിയോടെയിരുന്നു. 'അനന്തരം' ഒക്കെ അങ്ങനെ കണ്ട സിനിമകളാണ്. കൂട്ടുകാർക്കിടയിൽ മമ്മൂക്കയെന്ന ഹീറോയെ പലപലസിനിമകളുടെ പേരിൽ വാഴ്ത്തിക്കൊണ്ടിരിക്കുമ്പോഴും അവയൊന്നും കാണാനാകാതെ അദ്ദേഹത്തിന്റെ അവാർഡ് പടങ്ങൾ മാത്രം കാണാൻ വിധിക്കപ്പെട്ട ഒരാളായിമാറി ഞാൻ. അത് പക്ഷേ എനിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു.

അവധിക്കാലത്ത് പാലയിൽ അപ്പന്റെ കടയിൽ സഹായിയായിപ്പോയി നില്കുമായിരുന്നു,അന്നൊക്കെ. കടയുടെ സമീപത്തുള്ള മതിലുകളിൽ യൂണിവേഴ്സൽ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ പോസ്റ്ററുകളായിരിക്കും നിറയെ. അങ്ങനെയൊരു അവധിക്കാലത്ത് കടയിൽ ചെന്ന ഞാൻ മതിലിൽ ഒരു പോസ്റ്റർ കണ്ടു. അതിൽ മമ്മൂക്കയുടെ ​ഗൗരവം നിറഞ്ഞ മുഖത്തിനൊപ്പം ഇങ്ങനെ എഴുതിയിരുന്നു-'ഹിറ്റ്ലർ'. ഞാൻ അതിലേക്ക് തന്നെ കുറേനേരം നോക്കിക്കൊണ്ടുനിന്നു. അപ്പനത് കാണുന്നുണ്ടായിരുന്നുവെന്ന് ഞാൻ പക്ഷേ അറിഞ്ഞില്ല.

(തുടരും)

2024-ൽ കെയർ ആന്റ് ഷെയറിന്റെ 'വിദ്യാമൃതം' നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ്
ദൈവമേ ഈ അതിശയത്തിനെന്തുപേര്‌! ഒരു മമ്മൂട്ടിയാരാധകന്റെ ജീവിതകഥ

Related Stories

No stories found.
Pappappa
pappappa.com