കൈലാസിൽ നിന്ന് പരമശിവനിലേക്കും പരമേശ്വരനിലേക്കും

ചരിത്രമെഴുതിയ ചലച്ചിത്രങ്ങളുടെ സംവിധായകൻ സിനിമാജീവിതം പറഞ്ഞുതുടങ്ങുന്നു..'ഒരു ഷാജി കൈലാസ് വർത്തമാനം'
ഷാജി കൈലാസ്
ഷാജി കൈലാസ്ഫോട്ടോ-അറേഞ്ച്ഡ്
Published on

ജീവിതത്തിൽ ഒരിക്കൽപ്പോലും പ്രതീക്ഷിച്ചതല്ല ഇങ്ങനെ ഓർമകൾ എഴുതേണ്ടിവരുമെന്ന്. എഴുതാൻ തക്ക വലിപ്പമുള്ളതല്ല എന്റെ ജീവിതം എന്നതുതന്നെയാണ് അന്നും എന്നുമുള്ള വിശ്വാസം. ഈ ഭൂമിയിൽ ജനിച്ചുജീവിക്കുന്ന അനേകരിലൊരാളെന്ന പോലെ ഞാനും എന്റെ ജീവിതം ജീവിക്കുന്നു എന്നേയുള്ളൂ. അതിൽ പ്രത്യേകതകളൊന്നുമുള്ളതായി തോന്നിയിട്ടുമില്ല. ആരോ നിശ്ചയിച്ചതുപ്രകാരമുള്ള ഒരു യാത്ര. അതുതുടർന്നുകൊണ്ടേയിരിക്കുന്നു. അതിനിടയിൽ ഒരിടത്ത് മാറിയിരുന്ന് പിന്നിട്ടവഴികളെ ഓർക്കാൻ ഒരിക്കലും ശ്രമിച്ചില്ല എന്നതാണ് സത്യം. യാത്ര തുടരുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.

പക്ഷേ അടുത്ത സുഹൃത്തുക്കളിൽ ചിലർ ഏറെ നിർബന്ധിച്ചപ്പോൾ ഇറങ്ങിപ്പുറപ്പെട്ടതാണ്. അവർ പറഞ്ഞ ഒരു കാര്യം എന്നെ സ്വാധീനിച്ചു. സിനിമ മോഹിച്ച് ജീവിക്കുന്ന ഒരുപാട് ചെറുപ്പക്കാർക്ക് ഞാൻ കണ്ടതും പരിചയിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലുമൊന്ന് കിട്ടിയാലോ? അതിൽ ഒരു ശരിയുണ്ടെന്ന് എനിക്കു തോന്നി. എന്നുകരുതി അതൊരു മാതൃകാപുരുഷന്റെയോ വിജയിയുടെയോ സാഹസികപുരാണമായിട്ടൊന്നും നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കാൻ ആഗ്രഹമില്ല. ആത്മപ്രശംസ ചെടിപ്പിക്കും. ഇത്തരം ഓർമക്കുറിപ്പുകളിൽ സാധാരണകടന്നുവരാൻ സാധ്യതയുള്ള സ്വയംപുകഴ്ത്തൽടോൺ ഉണ്ടാകാതിരിക്കാനാണ് ശ്രമം. ഞാൻ കടന്നുവന്ന വഴികളെക്കുറിച്ച് പറയുന്നു,നിങ്ങൾക്ക് അതിൽ നിന്ന് എന്തുവേണമെങ്കിലും എടുക്കാം,തള്ളിക്കളയാം.

സിനിമകളിൽ വേഗത്തിൽ കഥ പറയുകയെന്നതാണ് പണ്ടുതൊട്ടേ എന്റെ രീതി. അതുകൊണ്ടുതന്നെ ജീവിതരംഗങ്ങളും അത്തരം ഫാസ്റ്റ് കട്ടുകളിലൂടെ അവതരിപ്പിക്കാനാണ് താത്പര്യം. പെട്ടെന്ന് പെട്ടെന്ന് കാര്യം പറയുക. വിശാലമായ വിവരണങ്ങളേക്കാൾ നല്ലത് കാര്യമാത്രപ്രസക്തമായവ മാത്രം പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. നേരത്തെ പറഞ്ഞ ആത്മപ്രശംസാസ്വഭാവം ഒഴിവാക്കാൻ ഇത്തരം ഒരു ട്രീറ്റ്മെന്റാകും ഉചിതമെന്നാണ് വിശ്വാസം.

ശിവൻ(ഫയൽചിത്രം)
ശിവൻ(ഫയൽചിത്രം)ഫോട്ടോ-അറേഞ്ച്ഡ്

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം ഞാൻ അച്ഛനോട് പറഞ്ഞു: 'എനിക്ക് ഫോട്ടോഗ്രാഫി പഠിക്കണം.' സിനിമ അന്നൊന്നും മനസ്സിലില്ല. കുട്ടിക്കാലം തൊട്ടേ വരയ്ക്കുമായിരുന്നു. വിരലുകൾ കൊണ്ട് സൃഷ്ടിക്കുന്ന ദൃശ്യങ്ങളെ വിരലുകളുപയോഗിച്ചുതന്നെ അതേപടി പകർത്തിയെടുക്കുന്നതിലേക്ക് ഒരുപക്ഷേ പിന്നീട് ചിന്ത വഴിമാറിയതാകാം. അങ്ങനെയായിരിക്കാം ഫോട്ടോഗ്രഫിയോട് താത്പര്യം തോന്നിത്തുടങ്ങിയത്. ഒരുപാട് നേരമെടുത്ത് വരച്ചുണ്ടാക്കുന്ന ചിത്രത്തേക്കാൾ ഒറ്റക്ലിക്കിൽ യഥാതഥ ചിത്രം. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കെത്തിയപ്പോൾ കാഴ്ചപ്പാടിനുണ്ടായ നിറംമാറ്റം. ഒറ്റസ്നാപ്പിലൊതുങ്ങിയ മോഹം.

അച്ഛന്റെ സുഹൃത്താണ് ശിവനങ്കിൾ. പ്രശസ്തനായ ഫോട്ടോഗ്രഫർ,ഡോക്യുമെന്ററി മേക്കർ. സന്തോഷ് ശിവൻ അദ്ദേഹത്തിന്റെ മകനാണ്. അച്ഛൻ പറഞ്ഞു: 'ശിവനോട് പറയാം.' അച്ഛൻ വിളിച്ചു,'വരാൻ പറയൂ' എന്ന് ശിവനങ്കിൾ.

അങ്ങനെ ഞാൻ അദ്ദേഹത്തിനുമുന്നിലെത്തി. എന്റെ ആദ്യഗുരുനാഥൻ. അങ്കിളിനെ നേരത്തെതന്നെ അറിയാമെങ്കിലും അതൊരു കുടുംബസുഹൃത്ത് എന്ന നിലയിലായിരുന്നു. പക്ഷേ ഇപ്പോൾ മുന്നിൽ നില്കുന്നത് അധ്യാപകന് മുന്നിൽ വിദ്യാർഥിയെന്നോണമാണ്. ആ ഒരു ബന്ധത്തിന്റെ ഔപചാരികത ഞങ്ങൾ രണ്ടുപേർക്കുമിടയിലുണ്ടായി. ഒരു പ്രധാനാധ്യാപകന്റെ കാർക്കശ്യത്തോടെ ശിവനങ്കിൾ പറഞ്ഞു: 'പോയി കുറച്ച് ഫോട്ടോകളെടുത്തിട്ട് വരൂ..ഇവിടെ ഡവലപ് ചെയ്യാം,സ്റ്റുഡിയോയിൽ..'

ഞാനൊന്ന് ഭയന്നു. കുറച്ചുകാലംമുമ്പ് എന്റെയൊരു അങ്കിൾ ഇറാനിൽനിന്ന് വന്നപ്പോൾ സമ്മാനിച്ച ഒളിമ്പസ് ക്യാമറയാണ് കൈയിലുള്ളത്. അതിൽ തമാശയ്ക്ക് ചില ചിത്രങ്ങളെടുത്തതല്ലാതെ സീരിയസായിട്ട് ഫോട്ടോഗ്രഫിയെ കണ്ടിരുന്നില്ല. പക്ഷേ ഫോട്ടോയെടുത്തുകൊണ്ടുവരാൻ പറയുന്നത് സാക്ഷാൽ ശിവൻ ആണ്. ആർട്ടിസ്റ്റ് നമ്പൂതിരിയെ 'വരയുടെ പരമശിവൻ' എന്നു വി.കെ.എൻ വിളിച്ചപോലെ 'ഫോട്ടോഗ്രഫിയുടെ പരമശിവൻ' എന്നുപറയാവുന്ന ഒരാൾ. സാധാരണ ഫോട്ടോയുമായി അദ്ദേഹത്തിനടുത്തേക്ക് ചെന്നിട്ട് കാര്യമില്ല. ചിലപ്പോൾ ഒറ്റനോട്ടത്തിൽ ഭസ്മമായിപ്പോയേക്കാം.

വ്യത്യസ്തമായ ഫ്രെയിമുകൾക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത് പബ്ലിക് ലൈബ്രറിയിലാണ്. അവിടെ ധാരാളം വിദേശമാസികകളുണ്ടാകും. അതിൽ കാറുകളുടെയും മറ്റും അത്യുഗ്രൻ പരസ്യങ്ങളും. മിനുങ്ങുന്ന കടലാസിലുള്ള ഫോട്ടോകൾക്ക് ജീവനുണ്ടെന്ന് തോന്നും. ഞാൻ ആ മാസികകളിൽ കുറച്ചെണ്ണം പരതിയെടുത്തു. എന്നിട്ട് ആരും കാണാത്ത ഒരു ഒഴിഞ്ഞ മൂലയിലേക്ക് മാറിയിരുന്നു. ആ പരസ്യങ്ങളിലേക്ക് തന്നെ നോക്കി കുറേനേരം. ഫോട്ടോയെടുക്കാനിറങ്ങും മുമ്പ് കണ്ണൊരു ക്യാമറയായി. അതുപയോഗിച്ച് ഓരോ പരസ്യത്തിന്റെയും ആംഗിളുകൾ മനസ്സിലേക്ക് പകർത്തിയെടുത്തു. ഷട്ടറുകൾ തുറന്നടയുംപോലെ കണ്ണുചിമ്മി. ക്ലിക്ക് ക്ലിക്ക് എന്ന ശബ്ദംപോലെ ഹൃദയമിടിപ്പ്. എല്ലാം ഉള്ളിൽ പതിഞ്ഞു എന്നുറപ്പായപ്പോൾ വീട്ടിലേക്ക്. ഉറങ്ങാൻ കിടക്കുമ്പോൾ ശ്രീവിശാഖിൽ നിന്ന് കണ്ട ഇംഗ്ലീഷ് സിനിമകളുടെ ഫ്രെയിമുകളും ഓർത്തോർത്തുനോക്കി.

പിറ്റേ ദിവസം പബ്ലിക് ലൈബ്രറിയിലെ മാസികകളിൽ നിന്ന് കണ്ണാൽ ഒപ്പിയ ഫോട്ടോകളുടെ ആംഗിളുകൾ വീട്ടിലിരുന്ന് ശ്രദ്ധാപൂർവ്വം റീവൈൻഡ് ചെയ്തു. പലതും നല്ല നീളമുള്ള കാറുകൾ. അതുകൊണ്ടുതന്നെ ഹൈആംഗിൾ ഷോട്ടുകൾക്ക് പ്രത്യേകഭംഗി. പക്ഷേ അത്തരം കാറുകൾ ഫോട്ടോയെടുക്കാൻ സംഘടിപ്പിക്കുകയെന്നതിനേക്കാൾ എളുപ്പം പുതിയതൊന്ന് വാങ്ങുകയാണ്! അസാധ്യമായതിനെ കൈയിലുള്ള വിഭവം ഉപയോഗിച്ച് സാധ്യമാക്കുക എന്നതിനോട് അന്നേ ഒരു ഹരം തോന്നിയിരുന്നു. അത്തരമൊരു പുന:സൃഷ്ടിയിൽ ഒരു ത്രിൽ ഉണ്ട്. അതുകൊണ്ടുതന്നെ നേരെ മുറ്റത്തേക്കിറങ്ങി. അവിടെ ഞങ്ങളുടെ നീല അംബാസിഡർ കാർ കിടക്കുന്നു.

മോഹൻലാലിനും തമ്പി കണ്ണന്താനത്തിനുമൊപ്പം ഷാജികൈലാസ് (ഫയൽചിത്രം)
മോഹൻലാലിനും തമ്പി കണ്ണന്താനത്തിനുമൊപ്പം ഷാജികൈലാസ് (ഫയൽചിത്രം)ഫോട്ടോ-അറേഞ്ച്ഡ്

വഞ്ചിയൂർ കോടതിയുടെ അടുത്തായിരുന്നു വീട്. കോടതിക്ക് വിശാലമായ വളപ്പുണ്ട്. അതിൽ നിറയെ മരങ്ങളും. അവയ്ക്ക് നടുവിൽ അംബാസിഡർ കൊണ്ടുചെന്നിട്ടു. പബ്ലിക് ലൈബ്രറിയിലെ റഫറൻസുകൾ മനസ്സിൽ അതുപോലെ പതിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. ഒളിമ്പസ് ക്യാമറയുമായി മരത്തിന് മുകളിലേക്ക് വലിഞ്ഞുകയറി. പല ആംഗിളുകളിൽ അംബാസിഡറിനെ പകർത്തി. ഒരുറോൾ നിറയെ ചിത്രങ്ങളെടുത്തു.

അതുമായി നേരെ ശിവനങ്കിളിനടുത്തേക്ക്. അദ്ദേഹം റോൾവാങ്ങി. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. നേരെ സഹായിയെ വിളിച്ചു: 'പരമേശ്വരൻ.....'ആ വിളിയുടെ അർഥം മനസ്സിലാക്കി പരമേശ്വരൻ വന്ന് റോൾവാങ്ങി മുകൾനിലയിലേക്ക് പോയി. ഞാൻ പ്രസവവാർഡിന് പുറത്തെന്നപോലെ ഡാർക്ക്റൂമിന് മുന്നിൽ കാത്തിരുന്നു. അകത്തെ ഇരുട്ടിൽ എന്റെ ചിത്രങ്ങൾ കറുപ്പിലും വെളുപ്പിലും കരഞ്ഞുപിറക്കുന്നുണ്ടാകണം. നെഗറ്റീവുകൾ ഓരോന്നായി തൊട്ടിലിലെന്നോണം തൂങ്ങിക്കിടന്നു. അവസാനം എല്ലാം കട്ട് ചെയ്ത് കവറിലാക്കി എന്റെ കൈയിലേക്ക് തന്നു. ഞാനതിനെ അച്ഛൻ കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി.

ശിവനങ്കിൾ കവർ തുറന്നു. ഓരോ ഫോട്ടോയും സൂക്ഷ്മമായി പരിശോധിച്ചു. എല്ലാം കഴിഞ്ഞപ്പോൾ എന്നെ തറപ്പിച്ചൊന്നുനോക്കി. 'കുഴപ്പമായോ..'എനിക്ക് പേടി തോന്നി. ശിവനങ്കിൾ ചോദിച്ചു: 'ഈ ആംഗിളൊക്കെ എങ്ങനെ....'ശ്വാസം നേരേ വീണത് അപ്പോഴാണ്. പബ്ലിക് ലൈബ്രറിക്കും അജ്ഞാതരായ ഏതൊക്കയോ വിദേശഫോട്ടോഗ്രഫർമാർക്കും മനസ്സാ നന്ദി പറഞ്ഞ് ഞാൻ ഒന്നുംപറയാതെ ചിരിക്കാൻ ശ്രമിച്ചു.

എൻട്രൻസ് പരീക്ഷ മികച്ചമാർക്കിൽ പാസായി വിദ്യാർഥിയായി നിന്ന എന്നോട് ശിവനങ്കിൾ പറഞ്ഞു: 'വരൂ...'

ഞങ്ങൾ ചെന്നുനിന്നത് ഒരു ക്യാമറയ്ക്ക് മുന്നിലാണ്. സ്റ്റാൻഡിലുറപ്പിച്ച പെട്ടിപോലുള്ള ഒരു ഉപകരണം. ആ സ്റ്റാൻഡിന് ചക്രങ്ങളുണ്ട്. അന്നത്തെ സ്റ്റുഡിയോകളിൽ അതിലായിരുന്നു പാസ്പോർട്ട് സൈസ് ഫോട്ടോകൾ പകർത്തിയിരുന്നത്. എന്നോട് ക്യാമറയ്ക്ക് മുന്നിലിരിക്കാൻ ശിവനങ്കിൾ പറഞ്ഞു. ഞാൻ അനുസരിച്ചു. അദ്ദേഹം ക്യാമറയ്ക്ക് പിന്നിലേക്ക് പോയി. എന്തൊക്കയോ ചെയ്തു. പിന്നെ എന്നോട് ക്യാമറയ്ക്ക് പിന്നിലേക്ക് പോകാൻ നിർദേശിച്ച് ഞാനിരുന്ന സ്ഥലത്തുവന്ന് ഇരുന്നു. പക്ഷേ അദ്ദേഹം ക്യാമറയ്ക്കരികിൽ നിന്ന് മാറും മുമ്പ് ഒരു കാര്യം ചെയ്തു. അലക്ഷ്യമായി അതിന്റെ സ്റ്റാൻഡിലൊന്ന് തട്ടി. ക്യാമറ ഒന്ന് ഇളകിമാറി. ഞാനത് കാര്യമായി ശ്രദ്ധിച്ചില്ല.

ഫോക്കസ് ക്യത്യമാക്കുകയാണ് എനിക്ക് കിട്ടിയ അടുത്ത പരീക്ഷ. ഞാൻ വ്യൂഫൈൻഡറിലൂടെ നോക്കി. ശിവനങ്കിൾ തലകുത്തനെ. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ പറഞ്ഞു: 'ഇതിൽ ഇമേജ് തലകുത്തനെ...'ശിവനങ്കിൾ അതെങ്ങനെ സംഭവിക്കുന്നുവന്ന് പറഞ്ഞുതന്നു. ഞാൻ എത്രനോക്കിയിട്ടും ഫോക്കസ് ശരിയാകുന്നില്ല. ഇതിനിടെ ക്യാമറ ഒന്ന് അനങ്ങി. അതിന്റ ചക്രങ്ങൾ അല്പം ഉരുണ്ടുനീങ്ങി. അപ്പോഴതാ ലെൻസ് കിറുകിറെ ശബ്ദത്തോടെ അഡ്ജസ്റ്റ് ആകുന്നു. അപ്പോഴെനിക്ക് പിടുത്തം കിട്ടി, ചക്രങ്ങളിലാണ് ഫോക്കസിന്റെ സ്റ്റിയറിങ്. അത് അഡ്ജസ്റ്റ് ചെയ്യുന്നതിനനുസരിച്ച് ഫോക്കസ് കൃത്യം ആകും. ‍‍താൻ കൃത്യമാക്കിവച്ച ഫോക്കസ് പഴയപടിയാക്കാനാണ് ശിവനങ്കിൾ സ്റ്റാൻഡിലൊന്ന് തട്ടിയതും ചക്രങ്ങൾ തെന്നിയതും ഫോക്കസ് ഔട്ട് ആയതും.

ഫോക്കസ് കിട്ടിയപ്പോൾ എന്നോട് ചക്രങ്ങളുടെ സ്ഥാനം മാർക്ക് ചെയ്യാനാവശ്യപ്പെട്ടശേഷം ശിവനങ്കിൾ വന്ന് ക്യാമറയിലൂടെ നോക്കി. മോഡലായി ഇരുന്ന ഞാൻ മോഡൽപരീക്ഷയും ജയിച്ചയാളെപ്പോലെയായി. ഇനിയുള്ളത് വലിയ പരീക്ഷ.

'കാപ്പ'യുടെ ചിത്രീകരണത്തിനിടെ ഷാജികൈലാസും പൃഥ്വിരാജും
'കാപ്പ'യുടെ ചിത്രീകരണത്തിനിടെ ഷാജികൈലാസും പൃഥ്വിരാജുംഫോട്ടോ-അറേഞ്ച്ഡ്

അടുത്ത സീനിൽ ഞാൻ ശിവനങ്കിളിനൊപ്പം അസാമിലാണ്. അദ്ദേഹം അന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള ഡോക്യുമെന്ററി സംവിധായകരിലൊരാൾ. കാർഷികമേഖലയെക്കുറിച്ചുള്ള പല സർക്കാർ ഡോക്യുമെന്ററികളും ഒരുക്കുന്നതിന്റെ മുഖ്യശില്പി. അവിടെവെച്ചാണ് ഞാൻ ലെൻസുകളെ പരിചയിച്ചത്. ഓരോ ലെൻസും ക്യാമറാമാൻ ഉപയോഗിക്കുമ്പോൾ അതിന്റെ പേര് കുറിച്ചുവയ്ക്കും. അതിലൂടെ പകർത്തുന്ന ഷോട്ട് എന്താണ് എന്ന് നോക്കും. അഭിനയിക്കാൻ ആരുമില്ല. കഥാപാത്രങ്ങൾ കുന്നും മലയും പാടങ്ങളുമൊക്കെയാണ്. പിന്നെ കരിമ്പൊക്കെ കടിച്ചുപിടിച്ചുകൊണ്ട് സംസാരിക്കുന്ന ചില പാവം കർഷകരും. അതുകൊണ്ട് തുടക്കക്കാരന് എന്തും കണ്ടുപഠിക്കാം,എന്തുസംശയവും തീർത്തെടുക്കാം. ആരും ഇടപെടില്ല,ഈഗോ കാണിക്കില്ല,ഇവനാരടാ എന്ന മട്ടിൽ റാഗ് ചെയ്യുകയുമില്ല.

എടുത്ത റഷസ് ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ കരകര ശബ്ദത്തിന്റെ അകമ്പടിയോടെ കാണുമ്പോൾ കൈയിൽ ലെൻസിന്റെ അളവുകൾ കുറിച്ചുവെച്ച നോട്ട് ബുക്ക് എടുത്തുനോക്കും. ഓരോ ലെൻസിലും പകർത്തിയ ദൃശ്യങ്ങൾ എപ്രകാരമാണ് സ്ക്രീനിലെത്തുക എന്നത് അങ്ങനെ മനസ്സിലാക്കിയെടുത്തു. അതോടെ ലെൻസിങ് എന്ന അധ്യായം ഏതാണ്ട് പൂർണമായി പഠിച്ചു.

അടുത്തത് ലൈറ്റിങ് ആയിരുന്നു. എവിടെ, എത്ര എക്സ്പോഷറിലാണ് കട്ട് ചെയ്യേണ്ടത്,എങ്ങനെയാണ് ലൈറ്റ് സെറ്റ് ചെയ്യേണ്ടത് എന്നെല്ലാമുള്ള കാര്യങ്ങളിലേക്ക് പ്രകാശം നിറച്ചതും ഡോക്യുമെന്ററി ഷൂട്ടിങ് തന്നെ. ഒരുപക്ഷേ സിനിമയിലായിരുന്നു തുടക്കമെങ്കിൽ ഇത്രയും വേഗം ഇതൊന്നും ഗ്രഹിച്ചെടുക്കാനാകുമായിരുന്നില്ല. കാരണം അത് വേറൊരു ലോകമാണ്. അവിടത്തെ പലവഴികളും കല്ലും മുള്ളും നിറഞ്ഞതാണ്.

1.ഷാജി കൈലാസിന്റെ അച്ഛൻ എസ്.ശിവകുമാരൻ നായർ2.ഷാജി കൈലാസിന്റെ അച്ഛൻ എസ്.ശിവകുമാരൻ നായരും അമ്മ ജാനകി.എസ്.നായരും(ഫയൽഫോട്ടോകൾ)
1.ഷാജി കൈലാസിന്റെ അച്ഛൻ എസ്.ശിവകുമാരൻ നായർ2.ഷാജി കൈലാസിന്റെ അച്ഛൻ എസ്.ശിവകുമാരൻ നായരും അമ്മ ജാനകി.എസ്.നായരും(ഫയൽഫോട്ടോകൾ)ഫോട്ടോ-അറേഞ്ച്ഡ്

കൈലാസ് എന്നത് ഞങ്ങളുടെ വീട്ടുപേരാണ്. ശിവന്റെ സാന്നിധ്യം നിറഞ്ഞതാണ് കുട്ടിക്കാലം തൊട്ടേയുള്ള ലോകം. അച്ഛന്റെ പേര് എസ്.ശിവകുമാരൻ നായർ. അമ്മ ജാനകി.എസ്.നായർ. കൈലാസിൽ നിന്ന് ഞാൻ നിശ്ചലഛായാഗ്രഹണം പഠിക്കാനായി ചെന്നത് ശിവൻ എന്നുപേരായ ഒരാളുടെ അടുത്തുതന്നെ. അവിടെ എന്റെ ആദ്യ ഫോട്ടോകൾ പിറവിയെടുത്തത് പരമേശ്വരൻ എന്നയാളുടെ കൈകളിലൂടെ. ഓർക്കുമ്പോൾ ഏതൊക്കയോ നിയോഗങ്ങളിലും നിശ്ചയങ്ങളിലും ചെന്നുനില്കുന്നു,മനസ്സ്. ആ ശക്തിതന്നെയാകാം എന്ന ഫോട്ടോഗ്രഫിയിൽ നിന്ന് സിനിമയിലേക്ക് എത്തിച്ചതും.

(തുടരും)

Related Stories

No stories found.
Pappappa
pappappa.com