
'THEY LIVE AMONG US' (അവര്‍ നമ്മുടെ ഇടയില്‍തന്നെ ജീവിക്കുന്നു). ആരാണ് ഈ അവര്‍? എന്താണവരുടെ ലക്ഷ്യം? എന്തിന് ജീവിക്കുന്നു... ചോദ്യങ്ങളിലൂടെയാണ് 'ലോക:'യുടെ തുടക്കം. ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് അന്ത്യമെങ്കിലും, അവിടെ ഒരു കാത്തിരിപ്പ് തുടങ്ങുന്നു. ലോകയുടെ ലോകത്തേക്ക് കൂടുതല്‍ കയറിച്ചെല്ലാനുള്ള കാത്തിരിപ്പ്. ഐതിഹ്യമാലയിലെ കഥാപാത്രത്തെ പുസ്തകത്താളില്‍നിന്ന് സ്‌ക്രീനിലേക്ക് കൊണ്ടുവരികയല്ല ഡൊമിനിക് അരുണും കൂട്ടരും ചെയ്തത്. അത് ഇന്നത്തെ ലോകവുമായി കൂട്ടിയിണക്കി ഒരു മാസ്മരിക കഥപറയുകയാണ്. പ്രൊഡക്ഷന്‍ ക്വാളിറ്റിയുള്‍പ്പെടെ എല്ലാ വശവും പെര്‍ഫെക്ട് എന്ന നിലയിലേക്ക് എത്തുമ്പോള്‍ മോളിവുഡിന് എക്കാലവും ലോകസിനിമയുടെ മുന്നിലേക്ക് നീട്ടാവുന്ന ചിത്രമായി 'ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര' മാറുന്നു. അഞ്ചുവര്‍ഷമെടുത്താണ് 'ലോക:' ഇന്നുകാണുന്ന നിലയിലെത്തിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. അതിന്റെ മികവ് ബിഗ് സ്‌ക്രീനില്‍ കണ്ടറിയേണ്ടതാണ്.
ഒരു ചിത്രകഥ പോലെയാണ് 'ലോക:'വാതില്‍തുറക്കുന്നത്. പതിയെ ഒരു കഥാഭൂമിക സൃഷ്ടിച്ചെടുത്ത് പ്രേക്ഷകനെ അതിലേക്ക് എത്തിക്കുന്നു. അവിടെ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയെ പരിചയപ്പെടും. യുവാക്കളായ സണ്ണിയുടേയും കൂട്ടരുടെയും ഫ്ളാറ്റിന് എതിര്‍വശത്ത് ചന്ദ്ര താമസിക്കാനെത്തുന്നതോടെയാണ് കഥ ഇന്നിന്റേതാവുന്നത്. ബെംഗളൂരുവിലെ ജീവിതത്തില്‍ ചന്ദ്രയെ അടുത്തറിയാന്‍ ശ്രമിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. അവരിലൂടെ അവസാനിക്കുന്ന ഒന്നാംപകുതിയില്‍നിന്ന് കഥ കൂടുതല്‍ ആഴത്തിലേക്ക് എത്തുന്നത് രണ്ടാം പകുതിയിലാണ്. അവിടെ കൂടുതല്‍ സര്‍പ്രൈസ് കഥാപാത്രങ്ങളെത്തുന്നു.
കഥയിലെ ചരിത്ര സംഭവങ്ങള്‍ സിംപിളാണ്. എന്നാല്‍ അതില്‍ നിന്ന് അപ്രവചനീയമായാണ് പുതിയകാലത്തിലേക്ക് കഥ എത്തുന്നത്. തരംഗത്തില്‍ പ്രയോഗിച്ച രീതിപോലെ, ഇവിടെയും കഥപറച്ചിച്ചിലെ വ്യത്യസ്തതയാണ് ഡൊമിനിക് അരുണ്‍ എന്ന സംവിധായകന്റെ മികവ്. ഫാന്റസിയും റിയലിസവും ഒന്നിക്കുന്ന തിരക്കഥ. നിമിഷ് രവിയുടെ അത്യുഗ്രന്‍ ഛായാഗ്രഹണം, പ്രത്യേകിച്ച് ലോങ് ഷോട്ടുകള്‍ സിനിമയുടെ ബ്രില്യന്റ് കാഴ്ചയാണ്. എന്തൊരു ഭംഗിയാണ് ചില സീനുകള്‍ക്ക്. ആകാംഷയേറ്റുന്ന ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതം, ചമന്‍ ചാക്കോയുടെ എഡിറ്റിങ് (ചില ട്രാന്‍സിഷന്‍ സീനുകള്‍ ഗംഭീരം), ബംഗ്ലാന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയും സിനിമയുടെ നട്ടെല്ലാണ്. പിന്നെ, ഏറ്റവും പ്രധാനം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പിന്തുണയും.
ടെക്‌നിക്കല്‍ ബ്രില്യന്‍സ് മാത്രമല്ല ലോകഃയുടെ ശക്തി. അതൊരു ലോകമൊരുക്കുകയാണ്. അതിലെ പല കഥാപാത്രങ്ങളുടെ ആഴവും പരപ്പും ഇനിവരുന്ന സീക്വലുകളില്‍ കണ്ടറിയാം. കല്യാണിയുടെ ആക്ഷന്‍ സീനുകളിലെ പ്രകടനം ഭാവിയിലേക്കുള്ള പ്രതീക്ഷയാണ്. സാന്‍ഡി, നസ്ലെന്‍ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം. 'ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര' തികച്ചും ഒരു ഫെമിനിസ്റ്റ് അപ്രോച്ചാണ്. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന വരേണ്യവര്‍ഗത്തിനും ആണധികാരത്തിനും മേല്‍ പല കാലങ്ങളായി പ്രതിരോധം തീര്‍ക്കുന്ന സ്ത്രീരൂപങ്ങളുടെ കാഴ്ച. അപ്പോ, വെല്‍ക്കം ടു ദി വേള്‍ഡ് ഓഫ് വണ്ടര്‍ വുമണ്‍ (മോളിവുഡ് മെയ്ഡ്)
വെറുതേയല്ലാത്ത ഒരു കാര്യം - സ്‌ക്രീന്‍ ഓഫായതിനുശേഷം മാത്രം തിയേറ്റര്‍ വിടുക...