ലളിതം,ഹൃദ്യം,ഹൃദയപൂർവം

'ഹൃദയപൂർവം' ട്രെയിലറിൽ നിന്ന്
'ഹൃദയപൂർവം' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

കോളിളക്കമില്ലാത്ത കഥാഗതി, ലളിതമായ കഥപറച്ചില്‍, ഹൃദ്യമാകുന്ന കഥാപാത്രങ്ങള്‍. മോഹന്‍ലാന്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ഓണച്ചിത്രം ഹൃദയത്തോടുചേരുന്നത് ഇതിനൊപ്പം സ്വാഭാവികമായ ചിരി ഒരുക്കുന്നതുകൊണ്ടുമാണ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് ശൈലിയിലല്ല 'ഹൃദയപൂര്‍വം' സഞ്ചരിക്കുന്നത്. മകന്‍ അഖില്‍ സത്യന്റെ 'പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിന്റെ കഥപറച്ചില്‍ ശൈലിയും മൂഡുമാണ് ചിത്രത്തിന്. എന്നാല്‍, സത്യന്‍ അന്തിക്കാട് ടച്ച് ഇല്ലാതായിട്ടുമില്ല.

'ഹൃദയപൂർവം' ട്രെയിലറിൽ നിന്ന്
'സീനിയർ ആക്ടർ' മോഹൻലാൽ,ഫഫ,മലയാളം മാർവെൽ... ഇത്തവണ ഓണത്തിന് നല്ലോണം കണ്ടോണം

ഹൃദയം സ്വീകരിച്ച ഒരാള്‍ക്ക്, ഹൃദയം നല്കിയ ആളുടെ കുടുംബവുമായി ഉടലെടുക്കുന്ന സ്‌നേഹബന്ധമാണ് പ്രധാന പ്ലോട്ട്. കൊച്ചിയില്‍ തുടങ്ങുന്ന കഥ പുണെയിലേക്ക് ചുവടുമാറ്റുന്നതോടെയാണ് സിനിമയിലെ പ്രധാന സംഭവങ്ങളുടെ തുടക്കം. (ട്രെയ്‌ലറില്‍പോലും ചിത്രത്തിന്റെ കഥാതന്തുവിനെപ്പറ്റി സൂചന നല്‍കാത്തതിനാല്‍ ഇവിടെയും കൂടുതല്‍ പറയുന്നില്ല).

ക്ലൗഡ് കിച്ചണ്‍ ഓണറായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രം കാഴ്ചയില്‍ ലളിതമായി തോന്നുമെങ്കിലും അപൂര്‍വമായൊരു ആഴം അയാള്‍ക്കുണ്ട്. പല അടരുകളുള്ള, സിനിമയുടെ രണ്ടാം പകുതിയില്‍ കൂടുതല്‍ തെളിമയും തിരിച്ചറിവും കൈവരുന്ന കഥാപാത്രം. സംഗീത് പ്രതാപുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ വര്‍ക്കൗട്ട് ആയത് സിനിമയുടെ പോസിറ്റീവുകളിലൊന്നാണ്. ഓര്‍ഗാനിക് ആയ സംഭാഷണങ്ങളും ചിരിയുമാണ് ഇവരിലൂടെ പ്രേക്ഷകനിലേക്ക് എത്തുന്നത്.

'ഹൃദയപൂർവം' ട്രെയിലറിൽ നിന്ന്
'ഹൃദയപൂർവം' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

മാളവിക മോഹന്‍ തന്റെ നായികവേഷം മികച്ചതാക്കിയിപ്പോള്‍ സിദ്ദിഖ്, ജനാര്‍ദനന്‍, സംഗീത, ലാലു അലക്‌സ് എന്നിവരും അഭിനയമികവിലൂടെ കഥാപാത്രങ്ങളെ മികവിലെത്തിക്കുന്നു. 'നൈറ്റ് കോള്‍' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ടി.പി.സോനുവിന്റെ തിരക്കഥ, 'ഹൃദയപൂര്‍വ്വ'ത്തെ ബോറടിപ്പിക്കാതെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍, ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, അനു മുത്തേടത്തിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന്റെ ശക്തികേന്ദ്രമാണ്. സിദ്ധ് ശ്രീറാമിന്റെ ശബ്ദത്തില്‍ വെണ്‍മതി..എന്ന ഗാനം തിയേറ്ററില്‍ മികച്ച അനുഭവമായി.

സിനിമ കൂടുതല്‍ ഇന്‍ട്രസ്റ്റിങ് ആവുന്നത് പ്രീ-ഇന്‍ര്‍വെല്‍ ബ്ലോക്കിലാണ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്പം പിറകിലേക്ക് വലിയുന്നുണ്ടെങ്കിലും പതുകെ, താളം വീണ്ടെടുക്കുന്നുണ്ട്. ക്ലൈമാക്‌സില്‍, സന്ദീപ് ബാലകൃഷ്ണന്‍ തന്റെ ബാല്യകാലം പറയുന്ന സീന്‍ മോഹന്‍ലാല്‍ എന്ന നടനിലൂടെ, പ്രേക്ഷകന് ഇമോഷണല്‍ കണക്ഷന്‍ ഒരുക്കുന്നതാകുന്നു. കുടുംബപ്രേക്ഷകരാണ് ഇവിടെയും സത്യന്‍ അന്തിക്കാടിന്റെ ടാര്‍ജറ്റ് ഓഡിയന്‍സ്. ഫീല്‍ ഗുഡ് എന്ന ടാഗ് ലൈനില്‍ മാത്രമൊതുങ്ങാതെ മറ്റ് പല കാഴ്ചകളും പാഠങ്ങളും നല്‍കുന്നതോടെ ഹൃദയപൂര്‍വ്വം ഹൃദയത്തേരിലേറുന്നു.

Related Stories

No stories found.
Pappappa
pappappa.com