'സീനിയർ ആക്ടർ' മോഹൻലാൽ,ഫഫ,മലയാളം മാർവെൽ... ഇത്തവണ ഓണത്തിന് നല്ലോണം കണ്ടോണം

 'ഹൃദയപൂര്‍വം'പോസ്റ്റർ
'ഹൃദയപൂര്‍വം'പോസ്റ്റർഅറേഞ്ച്ഡ്
Published on

ഓണത്തിന് തിയറ്ററുകളെ ഉത്സവലഹരിയിലാക്കാന്‍ എത്തുന്നത് അഞ്ചു ചിത്രങ്ങള്‍. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന 'ഹൃദയപൂര്‍വം', ഫഹദും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഓടും കുതിര ചാടും കുതിര', നസ്ലെന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ 'ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ആഘോഷമാകും. ഇതിനൊപ്പം മലയാളസിനിമതന്നെയായ 'മേനേ പ്യാർ കിയ'യും തമിഴ്ചിത്രം മദ്രാസിയും കൂടിയാകുന്നതോടെ ഇത്തവണത്തെ ഓണം നിറപ്പകിട്ടാർന്ന സിനിമാകാഴ്ചകളുടേതാകും.

'തുടരും' എന്ന ഹിറ്റ് ചിത്രത്തിനുശേഷം എത്തുന്ന മോഹൻലാലിന്റെ 'ഹൃദയപൂര്‍വം' ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയപൂര്‍വം കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. അഖില്‍ സത്യന്റേതാണ് കഥ. സോനു ടി.പി തിരക്കഥയൊരുക്കിയിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. മാളവിക മോഹന്‍, സംഗീത, സിദ്ദീഖ്, ലാലു അലക്‌സ്, ജനാര്‍ദനന്‍, സബിത ആനന്ദ്, സംഗീത് പ്രതാപ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്. ഓഗസ്റ്റ് 28ന് ചിത്രം റിലീസ് ചെയ്യും.

'ഓടും കുതിര ചാടും കുതിര' പോസ്റ്ററിൽ നിന്ന്
'ഓടും കുതിര ചാടും കുതിര' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

ഫഹദ്-കല്യാണി പ്രിയദര്‍ശന്‍ കോമ്പോ 'ഓടും കുതിര ചാടും കുതിര' യുവാക്കളെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം ഫണ്‍ എന്റര്‍ടെയ്‌നറാണ്. പൊട്ടിച്ചിരിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ട്രെയിലറില്‍ പ്രേക്ഷകര്‍ കണ്ടത്. പതിവു ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായ 'ഓടും കുതിര ചാടും' കുതിര ഫഹദിന്റെ ട്രാക്ക് മാറ്റുന്ന ചിത്രമാണെന്നും അണിയറക്കാര്‍ പറയുന്നു. ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും. ഹൃദയപൂർവം, 'ഓടും കുതിര ചാടും കുതിര' എന്നിവയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

'ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര' പോസ്റ്റർ
'ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര' പോസ്റ്റർഅറേഞ്ച്ഡ്

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെററിന്റെ ഏഴാമതു ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര' യൂത്ത് വൈബ് നിറഞ്ഞതാണ്. നസ്ലെനും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം നൂറു ശതമാനവും യൂത്ത് എന്റര്‍ടെയ്‌നറായിരിക്കും. മലയാളത്തിന്റെ മാർവെൽ എന്ന വിശേഷണം ലഭിച്ച സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി വെള്ളിത്തിരയിലെത്തുന്നത്. ഓ​ഗസ്റ്റ് 28ന് ആണ് റിലീസ്.

'മേനേ പ്യാർ കിയ' പോസ്റ്ററിൽ നിന്ന്
'മേനേ പ്യാർ കിയ' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ'യിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്നതാണ് സിനിമ. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ- സംഭാഷണമെഴുതുന്നു.

'മദ്രാസി' പോസ്റ്റർ
'മദ്രാസി' പോസ്റ്റർ അറേഞ്ച്ഡ്

അടുത്തിടെ ബോക്‌സ് ഓഫീസ് ഹിറ്റ് ആയ സിനിമകളൊന്നും തീയറ്ററുകളിലുണ്ടായില്ല. ഏപ്രിലില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ 'തുടരും' ആണ് അവസാനത്തെ സൂപ്പര്‍ഹിറ്റ്.

Related Stories

No stories found.
Pappappa
pappappa.com