
തലശേരിയിലെ പൂക്കോട് എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. വീടിനടുത്ത് സമപ്രായക്കാരായ ധാരാളം കുട്ടികളുണ്ടായിരുന്നു. ഓണക്കാലത്ത് അവരോടൊപ്പം പൂപറിക്കാൻ പോകും. അത്തം മുതൽ തിരുവോണം വരെ ആഘോഷങ്ങളാണ്. സന്തോഷമുള്ള കാര്യം ഓണസമയത്ത് സ്കൂൾ അവധിയാണല്ലോ എന്നതാണ്. പഠിക്കാൻ പറഞ്ഞു വീട്ടിലാരും ബഹളമുണ്ടാക്കില്ല. ഫുൾ ടൈം കളിയായിരിക്കും. വീടിന്നടുത്തുള്ള പറമ്പുകളിൽ ക്രിക്കറ്റ് കളിക്കലാണു ഹോബി. ഞങ്ങളുടെ ബഹളവും ശല്യവും സഹിക്കാതെ വരുമ്പോൾ ചില വീട്ടുകാർ പറമ്പിൽനിന്ന് ഓടിക്കും. അപ്പോൾ അടുത്ത സ്ഥലത്തേക്കു ചേക്കേറും. അങ്ങനെ നാലും അഞ്ചും പറമ്പുകളിലായാണു കളി പൂർത്തിയാക്കുക. പിറ്റേന്നു രാവിലെ വീണ്ടും ഇറങ്ങും. സ്കൂൾ തുറക്കുമ്പോൾ സങ്കടമാണ്. ഓണക്കോടിയും സദ്യയുമൊന്നുമല്ല പ്രധാനം, കൂട്ടുകാരൊത്ത് ക്രിക്കറ്റ് കളിക്കുക, അടിച്ചുപൊളിച്ചു നടക്കുക എന്നതായിരുന്നു അന്നത്തെ പണി.
ഓണം വെക്കേഷനിൽ അച്ഛനു വീട്ടിൽ വരാൻ കഴിയില്ലെങ്കിൽ ഞങ്ങളോട് ലൊക്കേഷനിലേക്കു ചെല്ലാൻ പറയും. ആഘോഷങ്ങൾ അവിടെയായിരിക്കും. ചമ്പക്കുളം തച്ചൻ, ഗോളാന്തര വാർത്തകൾ, പട്ടണപ്രവേശം എന്നീ സിനിമകളുടെ ലൊക്കേഷനുകളിൽ ഞങ്ങൾ ഓണമാഘോഷിച്ചിട്ടുണ്ട്. 'പട്ടണപ്രവേശ'ത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. അച്ഛന് ഓണത്തിനു വീട്ടിൽ എത്താൻ പറ്റില്ലെന്നും അതുകൊണ്ടു ലൊക്കേഷനിലേക്കു വരണമെന്നും പറഞ്ഞു. ഞങ്ങൾ സന്തോഷത്തോടെ പോയി. അവിടെ എത്തിയപ്പോൾ ഷൂട്ട് തകൃതിയായി നടക്കുകയാണ്. ഞങ്ങൾ റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഗൗണിട്ട രണ്ടുപേർ കയറി വരുന്നു. ആദ്യം ആളുകളെ മനസിലായില്ല. തൊപ്പിയൊക്കെ എടുത്ത് മാറ്റിയപ്പോൾ മോഹൻലാൽ അങ്കിളും അച്ഛനുമായിരുന്നു അത്.
ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ ഇപ്പോൾ കുറവാണ്. ചെന്നൈയിലുള്ള സമയമാണെങ്കിൽ ഞാനും ദിവ്യയും സദ്യയുണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കും. ലൊക്കേഷനുകളിലാണെങ്കിൽ ഷൂട്ടിന്റെ തിരക്കായിരിക്കും. എന്നാലും, സദ്യ ഉണ്ടാകും. ലൊക്കേഷനിലുള്ള എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ആഘോഷിക്കും. അതൊക്കെ സന്തോഷമാണ്. തിര സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ഓണക്കാലത്താണ്. അന്ന്, ഞങ്ങൾ ഷൂട്ട് നിർത്തി കൾച്ചറൽ പ്രോഗ്രാമുകൾ നടത്തി. അന്നത്തെ ഓണാഘോഷം മറക്കാനാവാത്തതായിരുന്നു.
ആദ്യത്തെ ഓണത്തിനു ഞങ്ങളൊരുമിച്ച് എന്റെ വീട്ടിലും ദിവ്യയുടെ വീട്ടിലുമായി ആഘോഷിച്ചു. പിന്നീട്, അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല എന്നു വേണം പറയാൻ. വിശേഷദിവസങ്ങളിൽ വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്. പലപ്പോഴും സാധിക്കാറില്ല.
ചെന്നൈ കെസിജി കോളജ് ഓഫ് ടെക്നോളജിലായിരുന്നു പഠനം. മെക്കാനിക്കൽ എൻജിനീയറിങ്. ചെന്നെയിൽ ഓണാഘോഷങ്ങളില്ല. അവിടെ, മലയാളി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഓണത്തിന്റെ തലേന്ന് ഒന്നിച്ചുകൂടും. പിരിവിട്ടു സദ്യയും കഴിച്ച്, കലാപരിപാടികളുമായി അടിച്ചുപൊളിക്കും.
എൻജിനീയറിങ്ങിൽ നിന്നാണ് ഞാൻ സിനിമയിലേക്കെത്തിയത്. മക്കൾ പ്രൊഫഷണലി ക്വാളിഫൈഡ് ആകണമെന്ന നിർബന്ധം അച്ഛനുണ്ടായിരുന്നു. പ്ലസ് ടുവിനു പഠിച്ചിരുന്ന സമയത്ത് എല്ലാവരും എൻജിനീയറിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ഓപ്ഷനില്ലായിരുന്നു. ആ സമയത്ത് എൻട്രൻസിനു മറ്റു കുട്ടികൾക്കൊപ്പം കംപൈൻഡ് സ്റ്റഡിയ്ക്കു പോകും. അവർക്കൊപ്പമിരുന്നു പഠിക്കും. പരീക്ഷയെഴുതി, എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി. പഠനം കഴിഞ്ഞാണ് സിനിമയിൽ പാട്ടുപാടുന്നത്. പാട്ടുകളിൽ മാത്രം ശ്രദ്ധിച്ചിരുന്ന സമയത്താണ് 'സൈക്കിൾ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് എന്നെ കാണാൻ വരുന്നത്. 'ക്ലാസ്മേറ്റ്സ്' എന്ന സിനിമ മുതൽ ജയിംസേട്ടനെ അറിയാം. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അഭിനയത്തിലേക്കു കടക്കുന്നത്. എന്റെ ആഗ്രഹം സംവിധാനമായിരുന്നു. അതിലേക്കുള്ള ഒരു വഴിയെന്ന നിലയിലാണ് 'സൈക്കിളി'ൽ അഭിനയിക്കുന്നത്. അഭിനയത്തോടൊപ്പം ഡയറക്ഷനെക്കുറിച്ച് കൂടുതൽ പഠിക്കാമെന്നും തോന്നി. അങ്ങനെ ഒടുവിൽ സംവിധാനത്തിലുമെത്തി.