മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റ ഓ​ണ​വും ഒരു പായസക്കഥയും

ചലച്ചിത്രലോകത്തെ പ്രശസ്തർ ഓണത്തിന്റെ ഓർമ പങ്കുവയ്ക്കുന്ന ​ഗസ്റ്റ് കോളം- 'എന്നോണം'
പ്രിയദർശനും മോ​ഹൻലാലും 'തേന്മാവിൻ കൊമ്പത്തി'ന്റെ സെറ്റിൽ
പ്രിയദർശനും മോ​ഹൻലാലും 'തേന്മാവിൻ കൊമ്പത്തി'ന്റെ സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്
Published on

പൂ​വി​ളി​ക​ളും ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ കൊ​ണ്ടും മ​ന​സി​ലി​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നുണ്ട്, ഓ​ണ​ക്കാ​ലം. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഓ​ണാ​വ​ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ദി​ന​ങ്ങ​ളാ​ണ്. അ​ച്ഛ​നും അ​മ്മ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​വ​ർ കർക്കശക്കാരായി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ട്ടി​ക്കാ​ലം ഒ​രു​ത​ര​ത്തി​ൽ വി​ര​സ​മാ​യി​രു​ന്നു​വെ​ന്നും പ​റ​യാം. ഓ​ണം, ന​വ​രാ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി​ക​ളി​ൽ അമ്പ​ല​പ്പു​ഴ​യി​ലെ കു​ടും​ബ വീ​ട്ടി​ലാ​യി​രി​ക്കും. അമ്പ​ല​പ്പു​ഴ എ​നി​ക്കെ​ന്നും ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അവധി നാ​ളു​ക​ളി​ൽ അമ്പ​ല​പ്പു​ഴ​യ്ക്കു പോ​കാ​ൻ വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​തി​ന് ഒ​രു​പാ​ടു കാ​ര​ണ​ങ്ങ​ളു​ണ്ട്. ഏ​റ്റ​വും പ്ര​ധാ​ന​കാ​ര​ണം അ​വി​ടെ ചെ​ന്നാ​ൽ പ​ഠി​ക്ക​ണ്ട എ​ന്ന​താ​ണ്. പു​സ്ത​ക​ങ്ങ​ളോ​ടും ഗൃ​ഹ​പാ​ഠ​ങ്ങ​ളോ​ടും ത​ത്ക്കാ​ലം വി​ട​പ​റ​യാം. കൂ​ട്ടു​കാ​രൊ​ത്തു ക​ളി​ക​ളും ഊ​രു​ചു​റ്റ​ലു​മാ​യി ന​ട​ക്കാം. വി​ല​ക്കു​ക​ളൊ​ന്നു​മി​ല്ല.

അമ്പ​​ല​പ്പു​ഴ​യി​ലേ​ത് പരമ്പരാ​ഗത ഓ​ണാ​ഘോ​ഷ​ങ്ങ​ളാ​യി​രു​ന്നു. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ളും ഉ​പ​ക​ഥ​ക​ളും ആ​ചാ​ര​ങ്ങ​ളു​മെ​ല്ലാം മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു​ത​രും. ത​റ​വാ​ട്ടു​വീ​ട്ടിലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ടു​ക​ളി​ലു​മാ​യി നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളെ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് പൂ​ക്ക​ള​മി​ടു​ന്ന​തും ഓ​ണ​ത്ത​പ്പ​നെ ഉ​ണ്ടാ​ക്കു​ന്ന​തും ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും. ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് അ​മ്മാ​വ​ന്മാ​ർ പു​ത്ത​ൻ ഉ​ടു​പ്പു​ക​ൾ ത​രും. അ​ന്നൊ​ക്കെ ഓ​ണ​ത്തി​നും വി​ഷു​വി​നും സ്കൂ​ളു തു​റ​ക്കു​മ്പോഴും മാ​ത്ര​മാ​ണു പു​ത്ത​ൻ ഉ​ടു​പ്പു​ക​ൾ കി​ട്ടു​ക. ഉ​ത്സ​വ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യം ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ്മാ​ന​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണെ​ന്നും പ​റ​യാം.

പ്രിയദർശനും മോ​ഹൻലാലും 'തേന്മാവിൻ കൊമ്പത്തി'ന്റെ സെറ്റിൽ
ലളിതം,ഹൃദ്യം,ഹൃദയപൂർവം

വീ​ട്ടു​കാ​ർ ഒ​ന്നി​ച്ചു സി​നി​മ​യ്ക്കു പോ​കു​ന്ന പ​തി​വൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ച്ഛ​നും അ​മ്മ​യും ഞാ​നും അ​നു​ജ​ത്തി​യും കൂ​ടെ പോ​യി ക​ണ്ട​ത് 'ചെ​മ്മീ​ൻ' എ​ന്ന സി​നി​മ മാ​ത്ര​മാ​ണ്. അ​ച്ഛ​ന് സി​നി​മ​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട്, എ​ന്‍റെ സി​നി​മ തി​യ​റ്റ​റി​ൽ വ​രു​മ്പോ​ഴാ​ണ് അ​ച്ഛ​നും അ​മ്മ​യും സി​നി​മ​യ്ക്കു പോ​യി​ത്തു​ട​ങ്ങി​യ​ത്. അ​ല്ലെ​ങ്കി​ൽ, മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മ കാ​ണാ​ൻ. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നും എ​ന്‍റെ അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ഓ​ണ​ത്തി​ന് സി​നി​മ കാ​ണാ​ൻ വീ​ട്ടി​ൽ നി​ന്നു കാ​ശു ത​രു​മാ​യി​രു​ന്നു. ഓ​ണ​ച്ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കു​കാ​ര​ണം പ​ല​പ്പോ​ഴും ന​ല്ല സി​നി​മ കാ​ണാ​ൻ പ​റ്റു​മാ​യി​രു​ന്നി​ല്ല. ടി​ക്ക​റ്റ് കി​ട്ടു​ന്ന ഏ​തെ​ങ്കി​ലു​മൊ​രു സി​നി​മ കാ​ണും. അ​ന്നു ക​ണ്ട ഓ​ണ​ച്ചി​ത്ര​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ഴും എ​നി​ക്കോ​ർ​മ​യു​ണ്ട്. അ​മ്മ​യെ കാ​ണാ​ൻ, ര​ക്ത​പു​ഷ്പം, ലി​സ, സു​ബൈ​ദ തു​ട​ങ്ങി​യ​വ​യൊ​ക്കെ അ​ന്നു ക​ണ്ട ചി​ത്ര​ങ്ങ​ളാ​ണ്. ആ ​ചി​ത്ര​ങ്ങ​ളു​ടെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ സ്ക്രീ​ൻ പ്ലേ ​പോ​ലെ ഇ​പ്പോ​ഴും എ​നി​ക്ക് ഓ​ർ​മി​ക്കാ​ൻ ക​ഴി​യും.

പ്രിയദർശനും മോഹൻലാലും
പ്രിയദർശനും മോഹൻലാലുംഫോട്ടോ-അറേഞ്ച്ഡ്

ആ​ര്യ​ൻ, ബോ​യിങ് ബോ​യിങ് എ​ന്നീ ചി​ത്ര​ങ്ങ​ൾ എ​ന്‍റെ ഹി​റ്റായ ഓ​ണ​ച്ചി​ത്ര​ങ്ങ​ളാ​ണ്. ര​ണ്ടു ചി​ത്ര​ത്തി​ലും മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ര്യ​ൻ ആ​ക്ഷ​ൻ ചി​ത്ര​മാ​യി​രു​ന്നു. ബോ​യിങ് ബോ​യിങ് കോ​മ​ഡി​യും. ഓ​ണ​ക്കാ​ല​ത്ത് സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കു കാ​ണു​മ്പോ​ൾ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്ന് ഒ​രു രൂ​പ വാ​ങ്ങി ഓ​ണ​ത്തി​ന് സി​നി​മ കാ​ണാ​ൻ പോ​യ കാ​ലം ഓ​ർ​ക്കും. ഇ​ടി​ച്ചു​ക​യ​റി ടി​ക്ക​റ്റെ​ടു​ത്ത് സി​നി​മ ക​ണ്ട തി​യേ​റ്റ​റു​ക​ളി​ൽ എ​ന്‍റെ സി​നി​മ കാ​ണാ​ൻ ആ​ളു​ക​ൾ തി​ര​ക്കു​കൂ​ട്ടു​ന്ന​തു കാ​ണു​മ്പോ​ൾ മ​ന​സി​ന​തു സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ലേ. ആ ​തി​ര​ക്കി​ൽ നി​ന്നാ​യി​രി​ക്കാം നാ​ള​ത്തെ ച​ല​ച്ചി​ത്ര​പ്ര​തി​ഭ പി​റ​വി​യെ​ടു​ക്കു​ന്ന​ത്.

തി​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണ​ൽ പ​തി​വാ​ക്കു​ന്ന​ത് എം.​ജി. ശ്രീ​കു​മാ​റിനൊപ്പ​മാ​ണ്. സി​നി​മ കാ​ണാ​നു​ള്ള പ​ണം എ​ങ്ങ​നെ​യ​ങ്കി​ലു​മൊ​ക്ക ഒ​പ്പി​ക്കും. ഇ​ത്ത​രം ചി​ല്ല​റ കു​സൃ​തി​ക​ൾ​ക്കു വീ​ട്ടി​ൽ നി​ന്നു ധാ​രാ​ളം ചീ​ത്ത​വി​ളി​യും കി​ട്ടി​യി​ട്ടു​ണ്ട്.

ഇ​നി, ഒ​രു പാ​യ​സ​ക്ക​ഥ പ​റ​യാം. മോ​ഹ​ൻ​ലാ​ലി​നു പാ​യ​സം കു​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ, കൂ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ട ക​ഥ. ചെ​റു​പ്പ​കാ​ല​ത്ത് ഓ​ണം, വി​ഷു, പി​റ​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​യ​സം കി​ട്ടു​ക​യു​ള്ളൂ. അ​പ്പോ​ൾ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ കി​ട്ടു​ന്ന പാ​യ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത മ​ന​സി​ലാ​യ​ല്ലോ.

പ്രിയദർശനും മോഹൻലാലും. പഴയകാല ചിത്രം
പ്രിയദർശനും മോഹൻലാലും. പഴയകാല ചിത്രംഅറേഞ്ച്ഡ്

'മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളു'​ടെ ഡ​ബ്ബിങ് സ​മ​യ​ത്താ​ണു സം​ഭ​വം (1980). അ​ന്ന്, ഞ​ങ്ങ​ളെ​ല്ലാ​വ​രും (മോ​ഹ​ൻ​ലാ​ൽ, മേ​ന​ക സു​രേ​ഷ്, കി​രീ​ടം ഉ​ണ്ണി) മദ്രാസി​ലാ​ണ്. തി​ര​നോ​ട്ടം, പി​ന്നെ​യൊ​രു ത​മി​ഴ് സി​നി​മ എ​ന്നി​വ​യു​ടെ വ​ർ​ക്ക് ന​ട​ക്കു​ന്നു. ഓ​ണ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സം മു​മ്പു ബൈ​ക്കി​ൽ നി​ന്നു വീ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ലി​ന്‍റെ എ​ല്ലി​ന് പൊ​ട്ടലുണ്ടായി. പ്ലാ​സ്റ്റ​റി​ട്ട് ചെ​ന്നൈ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ. എ​ന്‍റെ​യൊ​രു ഫാ​മി​ലി ഫ്ര​ണ്ട് ക്യാ​പ്റ്റ​ൻ മോ​ഹ​ൻ​കു​മാ​ർ ചെ​ന്നൈ​യി​ലു​ണ്ട്. ഓ​ണ​ത്തി​നു സ​ദ്യ ക​ഴി​ക്കാ​ൻ അ​ദ്ദേ​ഹം ഞ​ങ്ങ​ളെ ക്ഷ​ണി​ച്ചു.

തി​രി​ച്ചു​വ​രുമ്പോ​ൾ പാ​യ​സം കൊ​ണ്ടു​വ​രാ​മെ​ന്നേ​റ്റ് ഞ​ങ്ങ​ളെ​ല്ലാ​വ​രും മോ​ഹ​ൻ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സ​ദ്യ ക​ഴി​ക്കാ​ൻ പോ​യി. ഞ​ങ്ങ​ളെ​ല്ലാ​വ​രും ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു. പാ​യ​സം തീ​ർ​ന്നും പോ​യി. പാ​യ​സ​മി​ല്ലാ​തെ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ങ്ങ​നെ പോ​കും? ഞ​ങ്ങ​ൾ പാ​യ​സം കൊ​ണ്ടു​വ​ന്നി​ട്ടേ ഊ​ണു ക​ഴി​ക്കൂ​വെ​ന്ന് ലാ​ൽ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. അ​വ​സാ​നം ഞ​ങ്ങ​ളൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി. വൈ​കി​ട്ട് ആ​റു മ​ണി ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ പോ​യാ​ൽ മ​തി.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ, മോ​ഹ​ൻ​ലാ​ൽ ദേ​ഷ്യം​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. മൂ​ന്ന​ര മ​ണി​വ​രെ ലാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ഞ​ങ്ങ​ൾ​ക്കു വേ​ണ്ടി കാ​ത്തി​രു​ന്നു. ലാ​ൽ ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ൽ താ​ത്പ​ര്യ​മു​ള്ള ആ​ളു​മാ​ണ്. ഞ​ങ്ങ​ളെ ക​ണ്ട​തും പൂ​ര ചീ​ത്ത​വി​ളി. 'ഇ​റ​ങ്ങി​പ്പോ​ടാ, നി​ന്നെ​യൊ​ന്നും എ​നി​ക്കി​നി കാ​ണ​ണ്ട. ന​മ്മ​ൾ ത​മ്മി​ൽ ഇ​നി​മു​ത​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല, കൂ​ട്ടു​കാ​രാ​ണ​ത്രേ കൂ​ട്ടു​കാ​ർ...' എ​ന്നൊ​ക്കെ​പ്പ​റ​ഞ്ഞ് ഉ​ഗ്ര​ൻ ചീ​ത്ത​വി​ളി. പി​ന്നെ, ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് ലാ​ൽ ഞ​ങ്ങ​ളോ​ടു മി​ണ്ടി​യ​ത്. കാ​ലൊ​ടി​ഞ്ഞു കി​ട​ന്ന​തു​കൊ​ണ്ട് എ​ണീ​റ്റു വ​ന്ന് ത​ല്ലി​യി​ല്ലെ​ന്നു മാ​ത്രം...

Related Stories

No stories found.
Pappappa
pappappa.com