

പഴയകാല അഭിനേത്രിമാരായ മിസ് കുമാരിയെയും രാഗിണിയെയും കുറിച്ചുള്ള ഗൃഹാതുരക്കുറിപ്പ്
പ്രശസ്ത പത്രപ്രവർത്തകൻ എ.പി.വിശ്വനാഥന്റെ മകന്റെ ഓർമകൾ
ചില കുറിപ്പുകൾ നമുക്ക് പഴയകാലത്തിലേക്കുള്ള ചിറകുകൾ സമ്മാനിക്കും. അങ്ങനെ ചുരുക്കം നിമിഷങ്ങളിലേക്കെങ്കിലും അക്കാലത്ത് ചെലവഴിക്കാനുമാകും. ഓർമകൾ റീവൈൻഡ് ചെയ്തെടുക്കുക എന്നും പറയാം. 'മാതൃഭൂമി'യിൽ എന്റെ സഹപ്രവർത്തകനായിരുന്ന മുതിർന്ന പത്രപ്രവർത്തകൻ ജി.ഷഹീദ്, മിസ്.കുമാരിയുടെ ജീവിതം മകൻ പ്രൊഫ. ബാബു തളിയത്തിലൂടെ അവതരിപ്പിച്ചത് പപ്പപ്പ ഡോട് കോമിൽ വായിച്ചപ്പോൾ കുറച്ചുനേരത്തേക്ക് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകലിന്റെ ഓർമയിലേക്ക് പറന്നു.
അന്ന് ഞങ്ങൾ എറണാകുളത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. അച്ഛൻ(കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകരിലൊരാളും പ്രശസ്ത റിപ്പോർട്ടറും എഡിറ്ററുമായിരുന്ന എ.പി.വിശ്വനാഥൻ) ഇന്ത്യൻ എക്സ്പ്രസിന്റെ കൊച്ചിയിലെ സ്പെഷൽ കറസ്പോണ്ടന്റ്. ഞാൻ വളരെ കൊച്ചുപയ്യൻ. ഒരുദിവസം പകൽസമയം. അച്ഛൻ ഓഫീസിലാണ്. അമ്മയും ഞാനും എന്റെ അനുജന്മാരും മാത്രമേ വീട്ടിലിലുള്ളൂ. ഞങ്ങളുടെ വീടിന് മുന്നിൽ ഒരു കാർ. അതിനരികിൽ മിസ് കുമാരി. സിനിമാ തീയറ്ററിലിരിക്കുകയാണോ അതോ സ്വപ്നം കാണുകയാണോ എന്ന് ഒരുനിമിഷം സംശയിച്ചിട്ടുണ്ടാകും അമ്മ.
സംഭവിച്ചത് ഇതാണ്. മിസ് കുമാരിയുടെ കാർ ഞങ്ങളുടെ വീടിന് മുമ്പിൽ വച്ച് ബ്രേക്ക് ഡൗണായി. അറ്റകുറ്റപ്പണിക്ക് ആളുവരുന്നതും കാത്തുനില്കുകയാണ് അവർ. കാർ നന്നാക്കാൻ ആളുവരും വരെ റോഡിൽ നില്കേണ്ട ഇവിടെയിരിക്കാം എന്നുപറഞ്ഞ് അമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. മിസ് കുമാരി അഭിനയം നിർത്തി കുടുംബിനിയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മക്കളിലാരോ കൂടെയുണ്ടായിരുന്നുവെന്നാണ് അവ്യക്തമായ ഓർമ. അമ്മയുമായി അവർ കുറേനേരം സംസാരിച്ചു. എനിക്ക് ആളെ ചില സിനിമകളിൽ കണ്ട ഓർമയുണ്ട്. അന്നൊക്കെ ഒരു സിനിമാതാരം നമ്മുടെ വീട്ടിൽ വരികയെന്നാൽ വലിയ കാര്യമാണ്. അതുകൊണ്ട് കൗതുകത്തോടെയാണ് മിസ് കുമാരിയെ നോക്കി നിന്നത്. ഷഹീദിന്റെ വാക്കുകളിലൂടെ ആ പഴയ നായിക വീണ്ടും കൺമുന്നിൽ തെളിഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ കൊച്ചുപയ്യനെപ്പോലെയായി.
ഒരു പത്രപ്രവർത്തകന്റെ മക്കൾക്ക് പൈതൃകമായി കിട്ടുന്നത് ഒരുപാട് കഥകളും ഓർമകളുമാണ്. കെട്ടുകഥകളായിരിക്കില്ല പത്രപ്രവർത്തകൻ മക്കൾക്ക് പറഞ്ഞുകൊടുക്കുക. സ്വാനുഭവങ്ങളുടെയും കണ്ടതും കേട്ടതുമായ സത്യങ്ങളുടെയും വിവരണമാണ്. അങ്ങനെ എനിക്കും അച്ഛനിൽ നിന്ന് ഒരുപാട് അനുഭവകഥകൾ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഷഹീദിന്റെ കുറിപ്പിലെ മിസ് കുമാരിയിൽ നിന്ന് ചിറ്റൂർ റോഡിലെ പകലിലേക്ക് എത്തിയ ഞാൻ പിന്നീട് ഓർത്തത് അച്ഛൻ പറഞ്ഞ ഒരു സംഭവമാണ്.
അച്ഛനൊക്കെ പത്രപ്രവർത്തകനായിരുന്ന കാലത്ത് കൊച്ചിയിൽ അധികം പത്രമോഫീസുകളോ പത്രപ്രവർത്തകരോ ഇല്ല. മലയാള മനോരമ,മാതൃഭൂമി,ദീപിക,കേരള കൗമുദി,ഇന്ത്യൻ എക്സ്പ്രസ്,ഹിന്ദു...ഇത്രയും കൊണ്ട് തീർന്നു അന്നത്തെ മാധ്യമലോകം. ടെലിവിഷൻ ചാനലുകളെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമില്ല. അതുകൊണ്ട് അന്ന് പത്രപ്രവർത്തകരേയുണ്ടായിരുന്നുള്ളൂ,'മാധ്യമപ്രവർത്തകരു'ണ്ടായിരുന്നില്ല. എണ്ണത്തിൽ ചുരുക്കംപേരേയുള്ളൂവെങ്കിലും എല്ലാവരും തലപ്പൊക്കമുള്ളവർ,പ്രതാപശാലികൾ. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനവും വ്യക്തിബന്ധങ്ങളുമുണ്ടായിരുന്നു അവർക്ക്. ഒരു ഫോൺകോളിൽ വാർത്ത അവരെ തേടിവരും. അല്ലെങ്കിൽ അവരുടെ ഒരു ഫോൺകോളിൽ എന്തും നടക്കും.
അവരിലൊരാളായിരുന്നു അച്ഛൻ. അച്ഛനന്നും ഇന്ത്യൻ എക്സ്പ്രസിലാണ്. ഒരുദിവസം, അന്ന് എറണാകുളം സൗത്തിലുണ്ടായിരുന്ന എംബസി ഹോട്ടലിൽ നിന്ന് അച്ഛനൊരു ഫോൺകോൾ. വിളിക്കുന്നത് അച്ഛന്റെ പരിചയക്കാരനായ ഹോട്ടലുടമ. അദ്ദേഹത്തിന്റെ ശബ്ദത്തിൽ വിറയൽ കലർന്നിരുന്നു. അക്കാലത്തെ പ്രശസ്ത നടിയും തിരുവിതാംകൂർ സഹോദരിമാരിലൊരാളുമായ രാഗിണി തലേദിവസം ഹോട്ടലിൽ മുറിയെടുത്തിരുന്നു. പക്ഷേ ഇപ്പോൾ വിളിച്ചിട്ട് മുറി തുറക്കുന്നില്ല. അകത്തുനിന്ന് ഒരു പ്രതികരണവുമില്ല. അച്ഛൻ ഉടൻ എംബസി ഹോട്ടലിലേക്ക് പാഞ്ഞു. അവിടെച്ചെന്നപ്പോൾ രാഗിണിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. അച്ഛനും കുറച്ചുതവണ മുട്ടി. മുറി തുറക്കുന്നില്ല. ഒടുവിൽ അച്ഛൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മുറിതുറക്കാൻ അഭ്യർഥിച്ചു.
ഇന്ത്യൻ എക്സ്പ്രസിന്റെ ലേഖകനാണ് എന്ന് കേട്ടപ്പോൾ അകത്ത് നിന്ന് രാഗിണിയുടെ ശബ്ദം: 'എനിക്ക് പത്രക്കാരെ കാണേണ്ട...'പക്ഷേ അവരുടെ ശബ്ദത്തിലെ പരിഭ്രമം കേട്ടപ്പോൾ അച്ഛന് മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്. വാർത്തയ്ക്കല്ലെന്നും സഹായം വല്ലതും വേണമെങ്കിൽ പറഞ്ഞാൽ മതി, ചെയ്തുതരാമെന്നും അച്ഛൻ പറഞ്ഞു. അതോടെ രാഗിണി മുറി തുറന്നു.
അച്ഛൻ അവരുമായി സംസാരിച്ചു. രാഗിണി മദ്രാസിലേക്ക് പോകുംവഴിയാണ്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലിറങ്ങി അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ വേണം യാത്ര. പക്ഷേ ടിക്കറ്റ് കിട്ടിയില്ല. രോഗത്തിന്റെ അവശത അവരെ തളർത്തുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് വാതിലടച്ചിരുന്നതും ആരുവിളിച്ചിട്ടും മുറിതുറക്കാതിരുന്നതും. എത്രയും പെട്ടെന്ന് മദ്രാസിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു രാഗിണി. അവിടെചെന്ന് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണമെന്നും അവർ പറഞ്ഞു. കൊച്ചിയിലെ ഏതെങ്കിലും ഡോക്ടറെ കാണാൻ സൗകര്യമൊരുക്കാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും എത്രയും വേഗം വിമാനടിക്കറ്റ് കിട്ടിയാൽ മതിയെന്നായി രാഗിണി.
പക്ഷേ അന്നത്തേക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്നും പിറ്റേദിവസം ശരിയാക്കാമെന്നും അച്ഛൻ പറഞ്ഞു. അതോടെ രാഗിണിക്ക് ആശ്വാസമായി. നേരത്തെ പറഞ്ഞതുപോലെ ഒരു പത്രപ്രവർത്തകന് ഫോൺകോളിൽ അന്ന് എന്തും മുന്നിലെത്തും. അച്ഛൻ ഇന്ത്യൻ എക്സ്പ്രസിലായിരുന്നതുകൊണ്ട് വിമാനക്കമ്പനികളിലൊക്കെ ധാരാളം സുഹൃത്തുക്കളു മുണ്ടായിരുന്നു. അങ്ങനെ പിറ്റേദിവസം തന്നെ രാഗിണിക്കുള്ള ടിക്കറ്റ് ശരിയാക്കി. ഹോട്ടലിലെ ദുരനുഭവത്തിന്റെ ഭയം മനസ്സിൽ കിടക്കുന്നതു കൊണ്ടാകണം,വിമാനത്താവള ത്തിലേക്ക് കൂടെവരാമോ എന്ന് രാഗിണി അച്ഛനോട് ചോദിച്ചു. അച്ഛൻ സമ്മതിച്ചു. അങ്ങനെ അവർ വിമാനത്താവളത്തിലെത്തി.
അന്ന് നേവൽബേസിനോട് ചേർന്നാണ് കൊച്ചി വിമാനത്താവളം. അവിടെ വലിയ സൗകര്യങ്ങളൊന്നുമില്ല. വിമാനത്താവളത്തിലെത്തിയപ്പോൾ രാഗിണി അച്ഛനോട് പറഞ്ഞു: 'എനിക്കൊന്ന് പ്രാർഥിക്കണം.' പക്ഷേ അവിടെ അതിനുള്ള മുറികളൊന്നുമില്ല. അപ്പോഴാണ് എങ്ങോട്ടോ യാത്ര ചെയ്യാനെത്തിയ ഒരു പള്ളിവികാരി അവിടെയിരിക്കുന്നത് അച്ഛൻ കണ്ടത്. അച്ഛൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അങ്ങനെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറിയിരുന്ന് ആ പുരോഹിതനുമുന്നിൽ രാഗിണി പ്രാർഥിച്ചു. പിന്നെ അച്ഛനോട് യാത്രപറഞ്ഞ് വിമാനം കയറി.
കുറച്ചുനാൾ കഴിഞ്ഞു. ഒരു ദിവസം രാത്രി അച്ഛന് ഓഫീസിലേക്കൊരു ഫോൺ. 'വിശ്വനാഥൻ സാറാണോ' എന്ന് ചോദ്യം. അതെയെന്ന് പറഞ്ഞപ്പോൾ അപ്പുറത്തുള്ളയാൾ പറഞ്ഞു: 'രാഗിണി മരിച്ചു..'വാർത്ത വിളിച്ചറിയിക്കുകയാണ് എന്നോർത്ത് അച്ഛൻ മദ്രാസ് ഓഫീസിലേക്ക് വിവരം കൈമാറാമെന്ന് പറഞ്ഞപ്പോൾ ഫോൺവിളിച്ചയാൾ പറഞ്ഞു: 'വാർത്ത കൊടുക്കാനല്ല..ഞാൻ രാഗിണിയുടെ കൂടെ ആശുപത്രിയിലുണ്ടായിരുന്നയാളാണ്. മരിക്കുന്നതിന് മുമ്പ് രാഗിണി കുറച്ചുപേരുടെ ഫോൺനമ്പരുകൾ തന്നിരുന്നു. മരണവിവരം ഇവരെ വിളിച്ച് അറിയിക്കണമെന്നും പറഞ്ഞു. അതിലൊരു നമ്പർ താങ്കളുടേതാണ്...'
അച്ഛന് ഒന്നും മിണ്ടാനായില്ല...