
'ലണ്ടനില്‍ വച്ച് ആ ചിത്രം ഞാന്‍ കണ്ടു. ഞാന്‍ അതിന്റെ വശീകരണ വലയത്തില്‍ പെട്ടു. 'പഥേര്‍ പാഞ്ചാലി' ഒരു സ്വപ്‌നം പോലെ ഞാന്‍ നെയ്‌തെടുത്തപ്പോള്‍ ആ ചിത്രമായിരുന്നു പ്രചോദനവും വഴികാട്ടിയും.'-ലോക പ്രശസ്ത ചലച്ചിത്രകാരനായ സത്യജിത് റായിയുടെ സാക്ഷ്യപ്പെടുത്തലാണിത്. നവറിയലിസ്റ്റ് സിനിമയുടെ പിറവി കുറിച്ച വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ വിറ്റോറിയോ ഡി സിക്കയുടെ 'ബൈസൈക്കിൾ തീവ്സി'നെക്കുറിച്ചാണ് റായ് പറയുന്നത്. 'ആ ചിത്രം പല തവണ കാണാന്‍ കഴിഞ്ഞപ്പോള്‍ എന്റെ ഭാഗ്യ നക്ഷത്രം ഉദിച്ചു. അതെനിക്ക് വഴിത്തിരിവായി'-അദ്ദേഹത്തിന്റെ വാക്കുകൾ.
'പഥേർ പാഞ്ചാലി'ക്ക് എഴുപതുവർഷം തികയുമ്പോൾ അതിന് പിന്നിൽ 'ബൈസൈക്കിൾ തീവ്സി'നുള്ള സ്വാധീനത്തെക്കുറിച്ചുള്ള ഒരന്വേഷണമാണിത്. പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിരൂപകനായ ആന്‍ഡ്രു സാരിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യജിത്‌റായിയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് കണ്ടെടുത്ത വിവരങ്ങൾ.
വിറ്റോറിയോ ഡി സിക്കയുടെ 'ബൈസൈക്കിള്‍ തീവ്‌സ്' 1948-ലാണ് റിലീസ് ചെയ്തത്. ലോകം ഇന്നും വിസ്മയത്തോടെ കാണുന്ന, ഒരു സൈക്കിള്‍ മോഷ്ടാവിന്റെ കഥ. 1955 ആഗസ്റ്റ് 26നാണ് 'പഥേര്‍ പാഞ്ചാലി' കൊല്‍ക്കത്തയില്‍ റിലീസ് ചെയ്തത്. ചിത്രം നിര്‍മിക്കാന്‍ സാമ്പത്തികമായി ക്ലേശിച്ച റായിക്ക് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി വേണ്ടത്ര ധസഹായം നല്‍കുകയും ചെയ്തു. ചിത്രം അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ നേടിയതോടെ റായ് ആഗോള പ്രശസ്തനായ ചലച്ചിത്രകാരനായി. ബംഗാളിലെ ഒരു ദരിദ്രകുടുംബത്തിന്റെ കഥയാണ് അദ്ദേഹം അനാവരണം ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. ഹൃദയസ്പൃക്കായ ഇതിവൃത്തം എന്ന് ചലച്ചിത്ര നിരൂപകർ വാഴ്ത്തുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ഒരു പരസ്യകമ്പനിയില്‍ ചിത്രകാരനായി ജോലി നോക്കുകയായിരുന്നു സത്യജിത് റായ്. അദ്ദേഹത്തിന്റെ പിതാവ് സുകുമാര്‍ റായ് എഴുത്തുകാരനും കലാകാരനുമായിരുന്നു. 1950-ല്‍ ജോലിയുടെ ഭാഗമായി സത്യജിത് റായ് ലണ്ടനില്‍ പോയിരുന്നു. മൂന്ന് മാസക്കാലം അവിടെ ചിലവഴിച്ചു. 90 ഓളം സിനിമകള്‍ കാണാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. 'എന്റെ സ്വന്തം ചിത്രം അങ്ങനെ രൂപപ്പെടുത്തണമെന്നതിൽ വിറ്റോറിയോ ഡി സിക്കയുടെ 'ബൈസൈക്കിള്‍ തീവ്‌സ്' എനിക്ക് പ്രചോദനം നല്‍കി.'- ഇങ്ങനെയാണ് സത്യജിത്‌റായ് സാക്ഷ്യപ്പെടുത്തുന്നത്.
'പഥേര്‍ പാഞ്ചാലി'യുടെ പിറവി അങ്ങനെയായിരുന്നു. താരങ്ങള്‍ ഇല്ലാതെ ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. ഉമാദാസ് ഗുപ്ത എന്ന കൊച്ചു പെണ്‍കുട്ടിയായിരുന്നു ചിത്രത്തിലെ ദുര്‍ഗ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിൽ അഭിനയിച്ച ആ പെണ്‍കുട്ടിക്ക് അഭിനയ പ്രതിഭ ഉണ്ടെന്ന് സത്യജിത് റായിക്ക് മനസ്സിലായി. അങ്ങനെയാണ് ഉമയുടെ ചലച്ചിത്രത്തിലേക്കുള്ള അരങ്ങേറ്റം. ഉമ ലോകപ്രശസ്തയായി. പക്ഷെ പിന്നീട് ഒരൊറ്റ ചിത്രത്തിലും അഭിനയിച്ചില്ല. രണ്ട് വര്‍ഷം മുമ്പ് 84-ാം വയസ്സില്‍ അന്തരിച്ചു.
ലണ്ടനില്‍ വച്ച് തന്നെ റായിയുടെ മനസ്സിലുണ്ടായിരുന്നു പഥേര്‍ പാഞ്ചാലി. തുടര്‍ന്ന് അദ്ദേഹം അതില്‍ മുങ്ങി നിവർന്നു. ചിത്രം നിര്‍മിക്കുവാന്‍ പണം എങ്ങനെ നേടും? അതായിരുന്ന ചിന്ത. പരമ്പരാഗത രീതിയിലായിരുന്നു അന്നത്തെ ചലച്ചിത്ര നിര്‍മാണമെന്ന് സത്യജിത് റായ് ആന്‍ഡ്രു സാരിസിനോടുള്ള അഭിമുഖത്തിൽ പറയുന്നു. ഭക്തി ചിത്രങ്ങള്‍ക്കായിരുന്നു അന്ന് പ്രാമുഖ്യം. ഒരു ദരിദ്രകുടുംബത്തിന്റെ കഥ ചലച്ചിത്രമാക്കിയാല്‍ വിജയിക്കുമോ? പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും? അതായിരുന്നു സത്യജിത്‌റായിയുടെ മനസ്സിനെ അലട്ടിയത്.
'ഞാന്‍ ഒരു സുഹൃത്തുമായി കൂടിയാലോചനകള്‍ നടത്തി. ജീന്‍ റിനോയര്‍ എന്ന ഫ്രഞ്ച് ചലച്ചിത്രകാരനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു സുഹൃത്ത്. 'ദി റിവര്‍' എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ അദ്ദേഹം പങ്കാളിയായിരുന്നു. എന്റെ സുഹൃത്ത് എന്നെ പ്രോത്സാഹിപ്പിച്ചു. ആത്മവിശ്വാസത്തോടെ മുന്നേറുവാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ പിന്നീട് ജീന്‍ റിനോയറെയും കണ്ട് സംസാരിച്ചു. ധീരമായി മുന്നോട്ടു നീങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശവും. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്'-റായ് സാരിസിനോട് പറയുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ചിത്രനിര്‍മ്മാണ ചര്‍ച്ചകളുമായി മുന്നോട്ടു നീങ്ങി. പ്രതിബന്ധങ്ങള്‍ നിരവധി ഉണ്ടായിരുന്നു. പല സുഹൃത്തുക്കളും സഹായിക്കാനെത്തി. ചിത്ര നിര്‍മ്മാണം ഇഴഞ്ഞു നീങ്ങി. 'ഒരു വര്‍ഷത്തിനു ശേഷം എന്നെ സഹായിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നു. അതായിരുന്നു വലിയ ആശ്വാസം.'-റായിയുടെ വാക്കുകൾ. അങ്ങനനെ കാര്‍മേഘ പടലങ്ങള്‍ നീങ്ങി, മാനം തെളിഞ്ഞു. പ്രതീക്ഷയുടെ സ്വര്‍ണ്ണകിരണങ്ങള്‍ പരന്നു.
'ചിത്രത്തിനാവശ്യമായ ഫിലിം റേഷന്‍ നല്‍കുന്നത് പോലെയാണ് ലഭിച്ചിരുന്നത്. അതീവ ശ്രദ്ധയോടെ ഓരോ സീനും ഷൂട്ട് ചെയ്യണം. രണ്ടോ മൂന്നോ അതില്‍ കൂടുതലോ ടേക്കുകള്‍ ചിലപ്പോള്‍ ആവശ്യമാണ്. അതിനാല്‍ ജാഗ്രത പുലര്‍ത്തി വേണം സീനുകള്‍ ഷൂട്ട് ചെയ്യാന്‍'-റായ് അക്കാലം ഓർത്തു.
ആൻഡ്രൂ സാരിസ്: കഥയില്‍ മാറ്റങ്ങള്‍ വരുത്തിയോ?''
സത്യജിത് റായ് : മാറ്റങ്ങള്‍ വേണ്ടി വന്നു. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കിയാണ് പഥേര്‍ പാഞ്ചാലി എടുത്തത്. പ്രശസ്തമായ നോവല്‍ ആണത്. പുസ്തകത്തില്‍ വായിക്കുന്നതു പോലുള്ള കഥ സിനിമയിലും കാണാൻ വായനക്കാര്‍ക്ക് താല്പര്യമുണ്ടായേക്കും. പക്ഷേ ചില മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. ചില കഥാപാത്രങ്ങളെ വെട്ടിച്ചുരുക്കേണ്ടി വന്നു. ചലച്ചിത്രത്തിന് അതിന്റേതായ രീതിയില്‍ മാത്രമേ കഥ പറയാന്‍ കഴിയൂ. അതിനാല്‍ ഈ മാധ്യമം ലക്ഷ്യമിടുന്ന രീതി ആശ്രയിക്കുകയല്ലേ നിവൃത്തിയുള്ളൂ. മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം നിര്‍മ്മിച്ചത്.
ആൻഡ്രൂ സാരിസ്: എന്താണ് ചിത്രം നല്‍കിയ സന്ദേശം?
സത്യജിത്‌റായ്: ഇന്ത്യയെക്കുറിച്ചുള്ള സത്യമാണ് ചിത്രത്തിലുള്ളത്. ഞാന്‍ ആ സത്യത്തെ മുറുകെപ്പിടിക്കുന്നു. ഞാന്‍ ലണ്ടനില്‍ വച്ച് കണ്ടിട്ടുള്ള മറ്റ് ചിത്രങ്ങളിലും ഇത്തരത്തിലുള്ള സത്യമാണ് പ്രതിഫലിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് ഷൂട്ടിങ് നടത്തുമ്പോള്‍ യഥാര്‍ഥ വെളിച്ചത്തെ തന്നെയാണ് ഞാന്‍ ആശ്രയിച്ചത്. വെളിച്ചം കുറയ്ക്കാനോ കൂട്ടാനോ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ആശ്രയിച്ചില്ല. സ്വാഭാവിക വെളിച്ചത്തെ ഞാന്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.
'പഥേര്‍ പാഞ്ചാലി' 1958ലും അതിന് ശേഷവും ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2005ല്‍ 50-ാം വാര്‍ഷികം നടന്നപ്പോള്‍ ലണ്ടന്‍ ഇന്ത്യ ചലച്ചിത്രോത്സവത്തിലും ചിത്രം ആസ്വാദകരുടെ കരഘോഷം നേടി.
പിയാനോയുടെ സ്വാധീനം
സത്യജിത് റായിയുടെ വാക്കുകൾ:
'എന്റെ പിതാവ് സുകുമാര്‍റായിയും മുത്തച്ഛന്‍ ഉപേന്ദ്രകിഷോര്‍ റായിയും ചിത്രകാരന്മാരും കവികളും എഴുത്തുകാരുമായിരുന്നു. കലാലോകത്തിലേക്ക് ഞാന്‍ പിച്ചവെച്ച് നടന്നത് അങ്ങനെയാണ്. പിന്നീട് സംഗീതത്തിലും ഞാന്‍ ആകൃഷ്ടനായി. പിയാനോ ഒരു വഴിത്തിരിവുമായി.'- ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ഒരു സ്വീകരണത്തില്‍ സത്യജിത് റായ് പറഞ്ഞു.
'എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അച്ഛന്‍ ബാലസാഹിത്യ കൃതികള്‍ എഴുതിയിട്ടുണ്ട്. ബംഗാള്‍ നവോത്ഥാന കാലത്താണ് അച്ചന്‍ സാഹിത്യരചന നടത്തിയത്. അച്ഛനെ എനിക്ക് ഓര്‍മയില്ല. പക്ഷെ ഞാന്‍ കലാ ജീവിതത്തിലേക്ക് കാലൂന്നിയപ്പോഴാണ് അച്ഛന്റെ രചനയും വരച്ച ചിത്രങ്ങളും കണ്ട് ആസ്വദിച്ചത്. മുത്തച്ഛന്റെ കലാസൃഷ്ടിയും എന്നെ സ്വാധീനിച്ചു.
എന്റെ അദ്ധ്യാപകരില്‍ ചിലര്‍ പിയാനോ കലാകാരന്മാരായിരുന്നു. സംഗീതാസ്വാദകനാകാന്‍ അത് എന്നെ പ്രേരിപ്പിച്ചു. പിയാനോയില്‍ ഞാന്‍ മുഴുകി. എന്നാല്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും ആസ്വദിച്ചു. ശാന്തിനികേതനില്‍ പഠിച്ച കാലത്ത് നന്ദലാല്‍ ബോസും രാംകിങ്കറും എന്റെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞു. പുതിയൊരു ലോകത്തിലേക്കുള്ള വാതില്‍ അങ്ങനെ തുറന്ന് കിട്ടി. സംഗീതം ആസ്വദിക്കുക മാത്രമല്ല, പാട്ടുപാടാനും എനിക്ക് കഴിഞ്ഞിരുന്നു.
ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം 1946ലാണ് എനിക്കുണ്ടായത്. അന്നു മുതല്‍ അതിനായി മനസ് രൂപപ്പെടുത്തി. 1950ല്‍ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അത് യാഥാര്‍ഥ്യമായത്.