
ഞാൻ രജനികാന്ത് എന്ന പേര് ആദ്യമായി സ്ക്രീനിൽ കാണുന്നത് ഡൽഹിയിലെ കുട്ടിക്കാലത്താണ്. അച്ഛൻ അന്ന് ഡൽഹിപോലീസിലാണ്. ക്വാർട്ടേഴ്സിലാണ് ഞങ്ങളുടെ താമസം. അവിടത്തെ സ്ട്രീറ്റുകളിലാണ് ഞാനും ചേട്ടൻ സലിയും ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. അന്നത്തെ കൂട്ടുകാരുടെ പന്തുകളാണ് ഞാൻ ജീവിതത്തിലാദ്യമായി ഫേസ് ചെയ്തത്. അച്ഛൻ ഫുട്ബോൾ ടീമിലുണ്ടായിരുന്നതുകൊണ്ട് ചെറുപ്പത്തിൽതന്നെ സ്പോർട്സിലായിരുന്നു എനിക്ക് താത്പര്യം.
അന്ന്, ക്രിക്കറ്റ് പോലെ അന്ന് ഇഷ്ടം തോന്നിയ വേറൊന്നാണ് സിനിമ. ടി.വിയാണ് എന്നെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിൽ വരുന്ന പടങ്ങളെല്ലാം കാണും. കൂടുതലും മലയാളം,തമിഴ് സിനിമകൾ. ഏതാണ്ട് അഞ്ചുവയസ്സ് മുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി. അതേപ്രായത്തിൽ തന്നെ സിനിമയും കണ്ടുതുടങ്ങി. രജനിസാറിന്റെ സിനിമകളാണ് എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഫാൻബോയി ആയി മാറിയതും.
കുട്ടിക്കാലത്ത് ഞാൻ രജനിസാറിനെ അനുകരിച്ച് ചെയ്തിരുന്ന കാര്യങ്ങളൊക്കെ പിന്നീട് അമ്മയാണ് പറഞ്ഞുതന്നിരുന്നത്. രജനിസാർ ചുഴറ്റിയെറിയുംപോലെ ടീഷർട്ടുകൾ വിരലിൽ കറക്കിയെറിയുക, ഷർട്ടില്ലാതെ അദ്ദേഹത്തെപ്പോലെ പ്രത്യേകരീതിയിൽ നടക്കുക ഇതൊക്കെയായിരുന്നു ഓരോ സിനിമയും കണ്ടതിനുശേഷമുള്ള വിനോദങ്ങൾ. ചിലപ്പോൾ കസേരയിൽ കാലുകയറ്റിവച്ച് പ്രത്യേക സ്റ്റൈലിൽ ഇരിക്കും. എന്നിട്ട് രജനിസാർ സംസാരിക്കുന്നതുപോലെ സംസാരിക്കും. 'റാസ്കൽ' എന്നൊക്കെയുള്ള വാക്ക് അർഥമൊന്നുമറിയാതെയാണ് അന്ന് പറഞ്ഞിരുന്നത്. അന്ന് ആറോ ഏഴോ വയസ്സാണ് എനിക്ക് പ്രായം.
അന്ന് ഞങ്ങൾ അവധിക്കൊക്കെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നത് ചെന്നൈ വഴിയാണ്. അവിടെയിറങ്ങിയ ശേഷമാണ് നാട്ടിലേക്കുള്ള യാത്ര. ചെന്നൈയെത്തുമ്പോൾ അച്ഛനും അമ്മയും പറയും: 'ഇവിടെയാണ് രജനി സാറിന്റെ വീട്.' ഞാനപ്പോൾ മറുപടികൊടുക്കും: 'നോക്കിക്കോ,ഒരുദിവസം ഞാൻ രജനി സാറിന്റെ വീട്ടിലേക്ക് പോകും.'
അതുകഴിഞ്ഞ് ഞാൻ ക്രിക്കറ്റിന്റെ വഴിയേ എന്റെ യാത്ര തുടർന്നു. ഒരുവർഷം മുമ്പ് ഐപിഎൽ മത്സരങ്ങൾക്കിടെ എനിക്കൊരു ഫോൺ കോൾ വന്നു. അത് രജനിസാർ ആയിരുന്നു. അദ്ദേഹം എനിക്ക് ബസ്റ്റ് വിഷസ് പറഞ്ഞു. എന്റെ കളിയൊക്കെ കാണാറുണ്ടെന്നും കൂടി പറഞ്ഞപ്പോൾ ഉള്ളിലുണ്ടായ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാകില്ല. അതിനുശേഷം രജനി സാർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന അനുഭവം എന്റെ ജീവിതത്തിലെ വലിയ നിമിഷങ്ങളിലൊന്നാണ്. വലിയൊരു കഥപോലെയാണ് അത് എനിക്ക് ഫീൽ ചെയ്തത്. 'നോക്കിക്കോ ഞാൻ ഒരു ദിവസം രജനിസാറിന്റെ വീട്ടിൽ പോകും' എന്ന് ചെറുപ്പത്തിലൊക്കെ ഒരാവേശത്തിൽ പറഞ്ഞതാണ്. പക്ഷേ അത് ഒരുദിവസം ശരിക്കും സംഭവിച്ചു.
അതേക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ജീവിതത്തിലെ വലിയൊരു കാര്യം തിരിച്ചറിയുന്നു. ഒരു ഉറപ്പ് മനസ്സിലേക്ക് വീണ്ടും വരുന്നു. നമ്മൾ എന്തെങ്കിലുമൊന്ന് ആഗ്രഹിച്ചാൽ അല്ലെങ്കിൽ ഭാവിയിൽ ഞാൻ ഇങ്ങനെയൊക്കെയായിത്തീരുമെന്ന് വിചാരിച്ചാൽ മനസ്സിൽ ആ ഉറപ്പുണ്ടെങ്കിൽ തീർച്ചയായും നടക്കും. എന്തുവിഷയമുണ്ടെങ്കിലും നടന്നിരിക്കും. രജനിസാർ വീട്ടിലേക്ക് വിളിച്ചനിമിഷം ആ ഒരു ഉറപ്പിന്റെ ശക്തി എനിക്ക് വീണ്ടും കിട്ടി.
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നത് എന്നുചോദിച്ചാൽ ഒരുപക്ഷേ ഓൺസ്ക്രീനിലെ രജനിസാറിനേക്കാൾ ഓഫ്സ്ക്രീനിലെ രജനിസാറിനെയാണ് ഇഷ്ടപ്പെടുന്നത് എന്നായിരിക്കും ഞാൻ പറയുക. അദ്ദേഹത്തിന്റെ ജീവിതരീതി ഉൾപ്പെടെയുള്ള ഓഫ് ദ സ്ക്രീൻ കാരക്ടറാണ് സിനിമയേക്കാൾ കുറച്ചുകൂടി എന്നെ ആകർഷിച്ചിട്ടുള്ളതും. അദ്ദേഹം വളരെ ട്രാൻസ്പെരന്റ് ആണ്. രജനിസാർ എന്താണോ അതുപോലെയാണ് സ്റ്റേജ്ഷോകളിലും അഭിമുഖങ്ങളിലും സിനിമയ്ക്ക് പുറത്തുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഉള്ളത് ഉള്ളതുപോലെ പറയും. ആ രീതിയിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും നടക്കാനും ആ സ്വഭാവം നിലനിർത്താനും രജനിസാറിന് എപ്പോഴും വളരെ താത്പര്യമാണ്. സിനിമയിൽ സൂപ്പർസ്റ്റാർ ആണെങ്കിലും അതിനുപുറത്ത് ഒരു സാധാരണമനുഷ്യനെപ്പോലെയുള്ള അദ്ദേഹത്തിന്റെ ഇമേജ് എന്റെയുള്ളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെയുള്ള കുറേ ഗുണങ്ങൾ എനിക്കിഷ്ടമാണ്.
രജനിസാർ എന്ന സ്റ്റാർ എന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം എന്താണ് എന്ന് ഞാൻ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. അപ്പോൾ കിട്ടുന്ന ഉത്തരം പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങൾ ചെറുപ്പംമുതൽ ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ചു എന്നതാണ്. സാർ എനിക്ക് ഒരു സ്റ്റൈൽബുക്ക് അല്ല,ടെക്സ്റ്റ് ബുക്ക് ആണ്!