'ഒരു നല്ല സിനിമ മോശമായിട്ട് എടുക്കുന്നതിനേക്കാൾ അപകടകരമാണ് മോശപ്പെട്ട ഒന്ന് നന്നായി എടുക്കുന്നത്'

നാല്പത്തിയൊമ്പത് വർഷം മുമ്പ് മൃണാൾ സെൻ കേരളത്തിൽ വന്നപ്പോൾ നല്കിയ അഭിമുഖത്തിന്റെ വീണ്ടെടുപ്പ്
മൃണാൾ സെന്നിന്റെ ഫോട്ടോ
മൃണാൾ സെൻ ഫോട്ടോ കടപ്പാട്-www.mrinalsen.org
Published on

'ഒരു നല്ല സിനിമ മോശമായിട്ട് എടുക്കുന്നതിനേക്കാൾ അപകടകരമാണ് മോശപ്പെട്ട ഒന്ന് നന്നായി എടുക്കുന്നത്. ഈ അപകടത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജ് കപൂറിന്റെ 'ബോബി'. അതിൽ കാണുന്നതും കേൾക്കുന്നതുമായി ജീവിതത്തിന് യാതൊരു ബന്ധവുമില്ല മോസ്കോയിൽ വച്ച് ഒരു ചലച്ചിത്ര പ്രേമി എന്നോടൊരിക്കൽ ചോദിച്ചു: 'ആവാര നല്ല പടമല്ലേ? അതിൽ ദാരിദ്ര്യവും പട്ടിണിയും ഒക്കെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടല്ലോ?' എന്ന്. ശരിയാണ്. ആവാരയിലെ പട്ടിണി കാണുന്നത് നമുക്കൊക്കെ സന്തോഷകരമാണ്. ഞാൻ ചോദിക്കട്ടെ, പട്ടിണി സന്തോഷകരമാണോ? പട്ടിണിയുടെ ദൈന്യത, മനുഷ്യനെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളുടെ ക്രൂരത അതൊക്കെ 'ആവാര'യിൽ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്? ഞാനത് തിരിച്ച് എന്റെ റഷ്യൻ സുഹൃത്തിനോട് ചോദിച്ചപ്പോൾ അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല..'

Must Read
ബൈസൈക്കിൾ തീവ്സും പഥേർ പാഞ്ചാലിയും; എഴുപതാം വർഷ ഫ്ളാഷ്ബാക്ക്
മൃണാൾ സെന്നിന്റെ ഫോട്ടോ

പ്രശസ്ത ചലച്ചിത്ര സംവിധായകനായ മൃണാൾ സെൻ തിരുവനന്തപുരത്തുവെച്ച് പത്രപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. മുഖത്ത് മുഖംമൂടിയില്ലാത്ത മൃണാൾ സെന്നിനോട് സംസാരിക്കുക തന്നെ ഒരു സുഖമാണ്. അദ്ദേഹത്തിന്റെ സംഭാഷണ രീതി ആകർഷകമാണ്. ഉത്തരങ്ങൾ വളച്ചു കെട്ടില്ലാതെ വളരെ ലളിതമായി പറയും. അനായാസമായി ഓരോ ചോദ്യത്തിനും അദ്ദേഹം മറുപടി പറയും. കാപട്യലേശമില്ലാത്ത സെൻ ആരെയും ആകർഷിക്കും. അദ്ദേഹത്തിന്റെ സ്വന്തം ചിത്രങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:

'എന്റെ ചിത്രങ്ങൾ പ്രസിദ്ധങ്ങൾ ആണെന്നാണല്ലോ നിങ്ങൾ വിശേഷിപ്പിച്ചത്. പക്ഷേ ഞാൻ പറയട്ടെ, അവയൊക്കെ പ്രസിദ്ധങ്ങളായ പരാജയങ്ങളാണ്. ഓരോ പടവും വമ്പിച്ച സാമ്പത്തിക പരാജയങ്ങളാണ് എനിക്ക് നേടിത്തന്നിട്ടുള്ളത്. എങ്ങനെയെങ്കിലും ഒരു ചിത്രം പൂർത്തിയാക്കി പുറത്തിറക്കുമ്പോൾ അടുത്ത ചിത്രം എടുക്കാൻ സാധ്യമേയല്ല എന്നാണ് ഞാൻ വിചാരിച്ചിട്ടുള്ളത്. ഓരോന്നും എടുക്കുന്നതിന് ഉള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ അടുത്തത് വേണ്ടെന്നു തോന്നും. എങ്കിലും അടുത്ത ഒന്നര കൊല്ലത്തിനകം ഞാൻ അടുത്ത പടം ഇറക്കും. അങ്ങനെ ഓരോ ചിത്രവും ഇറക്കുമ്പോൾ എന്റെ ശത്രുക്കളുടെ എണ്ണവും കൂടി വരും.

'അന്തരീ'ന്റെ ചിത്രീകരണത്തിനിടയിൽ മൃണാൾ സെന്നും ഡിംപിൾ കപാഡിയയും
മൃണാൾ സെന്നും ഡിംപിൾ കപാഡിയയും. 'അന്തരീന്റെ' ചിത്രീകരണത്തിനിടയിൽ നിന്നുള്ള ഫോട്ടോകടപ്പാട് www.mrinalsen.org

ഇന്ത്യൻ സിനിമകളെ വിലയിരുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു:

'ഇന്ത്യയിൽ ഇന്നോളം ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ 95 ശതമാനവും ചവറുകൾ ആണ്. ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ കാണാൻ കഴിവുള്ള ചലച്ചിത്ര പ്രവർത്തകർ ഇല്ലാത്തതാണ് കുഴപ്പമെന്ന് എനിക്ക് തോന്നുന്നു. ജീവിതവുമായി എന്തെങ്കിലുമുള്ളതാണോ ഇന്ന് ഇറങ്ങുന്ന ചിത്രങ്ങളിൽ ഭൂരിപക്ഷവും? ലോകസിനിമയിൽ കാണുന്ന പരിവർത്തനത്തിന്റെയും പുരോഗതിയുടെയും നേരെ കണ്ണടച്ചിരിക്കുന്നവരാണ് നമ്മുടെ നിർമാതാക്കളിൽ അധികവും. നമ്മുടെ അനുകാലിക കലാസാഹിത്യ ശാഖകളിൽ വന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളും നേട്ടങ്ങളും കണ്ടെങ്കിലും ഈ ചലച്ചിത്രപ്രവർത്തകർക്ക് പഠിച്ചു കൂടേ? നമ്മുടെ സാഹിത്യം എന്നും സമ്പന്നമാണ്. മറ്റിതര കലാശാഖകൾ എത്ര സമ്പന്നമാണ്. അതൊന്നും ശരിക്കും വിനിയോഗിക്കാൻ ചലച്ചിത്രനിർമാതാക്കൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

മൃണാൾ സെൻ സംവിധാനം ചെയ്ത അമർ ഭുബന്റെ ചിത്രീകരണത്തിനിടെ മൃണാൾ സെന്നും ഋതുപർണോ ഘോഷും
'അമർ ഭുബന്റെ' ചിത്രീകരണത്തിനിടെ മൃണാൾ സെന്നും ഋതുപർണോ ഘോഷുംഫോട്ടോ കടപ്പാട്-www.mrinalsen.org

സിനിമയ്ക്ക് കഥ ആവശ്യമാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്:

'സിനിമയ്ക്ക് ഒരു കഥ വേണമെന്നില്ല. ഒരു ഇതിവൃത്തം വേണമെന്ന് മാത്രം. അത് പ്രേക്ഷകരെ ആകർഷിക്കുന്നതാവണം. പത്രവാർത്തയാകാം, പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ ആകാം, എന്തിന് കാറൽ മാർക്സിന്റെ മൂലധനം വേണമെങ്കിലും ആകാം. സിനിമയായി ചിത്രീകരിക്കുമ്പോൾ അത് യാഥാർത്ഥ്യ ബോധത്തോടെ ചിത്രീകരിക്കണമെന്ന് മാത്രം.

കോറസിന്റെ ചിത്രീകരണത്തിനിടെ മൃണാൾ സെൻ
'കോറസി'ന്റെ ചിത്രീകരണത്തിനിടെ മൃണാൾ സെൻഫോട്ടോ കടപ്പാട്-www.mrinalsen.org

അങ്ങയുടെ ചിത്രങ്ങൾക്ക് ചിലപ്പോൾ ദുർഗ്രാഹ്യത ഉണ്ടെന്ന് ചില വിമർശിക്കാറുണ്ടല്ലോ?

'കുറെയൊക്കെ ഉണ്ടാവും. പക്ഷേ ഇവിടെ നാം ഒരു കാര്യം ആലോചിക്കണം. ഏതൊരു കലാരൂപവും ആസ്വദിക്കണമെങ്കിൽ അതിനെക്കുറിച്ച് കുറെയെങ്കിലും പരിജ്ഞാനം ഉണ്ടായിരിക്കണം. സിനിമ പൂർണമായും ആസ്വദിക്കണമെങ്കിൽ ആ മാധ്യമത്തെക്കുറിച്ച് സാമാന്യമായ വിവരം എങ്കിലും ഉണ്ടാവണം. കാണുകയും കേൾക്കുകയും മാത്രം ചെയ്താൽ പോരാ, അതേക്കുറിച്ച് അല്പം ആഴത്തിൽ മനസ്സിലാക്കാനുള്ള ബുദ്ധിപരമായ ​ഗ്രഹണശക്തി കൂടി ഉണ്ടാവണം. മനുഷ്യൻ സമൂഹജീവിയാണ്. പക്ഷേ അവന്റെ സമീപനം എപ്പോഴും ആത്മനിഷ്ഠമായിരിക്കണം; ആയിരിക്കും. ജീവിതത്തെ കുറിച്ചുള്ള എന്റെ സമീപനം ജനങ്ങളിലേക്ക് പകരുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അതാണ് എന്റെ ചിത്രങ്ങളിലും പ്രതിഫലിക്കുന്നത്. അത് പരാജയപ്പെടുന്നെങ്കിൽ എനിക്ക് പരാതിയില്ല. പക്ഷേ അവ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. അത് ധാരാളം മതി. ഞാൻ സംതൃപ്തനാണ്. സിനിമ ഉജ്ജ്വലമായ ഒരു കലാമാധ്യമമാണ്. പക്ഷേ അതിന്ന് പണം വാരാനുള്ള ഒരുപാധിയായി അധ:പതിച്ചിരിക്കുന്നു. ഫിലിം സൊസൈറ്റികൾ ധാരാളമായി പ്രവർത്തിച്ചാൽ അതിനു മാറ്റമുണ്ടാകും.

സത്യജിത് റായിയും മൃണാൾ സെന്നും സത്യജിത് റായിയുടെ വസതിയിൽ
സത്യജിത് റായിക്കൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ മൃണാൾ സെൻഫോട്ടോ കടപ്പാട്-www.mrinalsen.org

സിനിമ ദേശസാൽക്കരിക്കുന്നതിനോട് അങ്ങ് യോജിക്കുന്നുണ്ടോ?

സിനിമ പൂർണമായി ദേശസാൽക്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്നാൽ ഭാഗികമായി വേണമെങ്കിലാകാം. വിതരണം, പ്രദർശനം, സിനിമാനിർമാണത്തിന് പണം വായ്പ നല്കൽ ഇതൊക്കെ ദേശസാൽക്കരിക്കുന്നത് തരക്കേടില്ല. പക്ഷേ നിർമാണം ഒരു സൃഷ്ടിപരമായ പ്രക്രിയ ആയതുകൊണ്ട് സംവിധായകന്റെ മേൽ നിയന്ത്രണം ആശാസ്യകരമായിരിക്കുകയില്ല.

('സിനിമാ മാസിക' എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിൽ 1976-ൽ പ്രസിദ്ധീകരിച്ചത്)

Related Stories

No stories found.
Pappappa
pappappa.com