പത്മരാജനായി ​നമ്പൂതിരി വരച്ച ​ഗന്ധർവ്വൻ,ഓർമക്കാറ്റിലൊരു നിമിഷം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ​ഗന്ധർവന്റെ ചിത്രം,'ഞാൻ ​ഗന്ധർവനി'ൽ നിന്ന്
ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ​ഗന്ധർവന്റെ ചിത്രം,'ഞാൻ ​ഗന്ധർവനി'ൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളത്തിന്റെ എക്കാലത്തേയും അഭിമാനമായ പി.പത്മരാജനെക്കുറിച്ചൊരു ഡോക്യുമെന്ററി ഞാൻ എഴുതി സംവിധാനം ചെയ്യാൻ തുടങ്ങുന്നത് 2007 ലാണ്. പത്മരാജന്റെ തന്നെ അപ്രകാശിത തിരക്കഥയായ 'കടൽക്കാറ്റിലൊരു ദൂത്' എന്ന് നാമകരണവും ചെയ്തു. 2009-ൽ ചിത്രം പൂർത്തിയായപ്പോൾ അതുവരെ വരികളിലൂടെയും അഭ്രപാളികളിലൂടെയും മാത്രമറിഞ്ഞിരുന്ന ഒരുപാട് മഹാരഥന്മാരെ അടുത്തറിയാനും നെഞ്ചോട് ചേർത്തുപിടിക്കാനും ചേർന്ന് നിൽക്കാനും അവസരം ലഭിച്ചു. എന്റെ ജീവിതത്തിലെ എക്കാലത്തെയും പുണ്യമാണ് 'കടൽക്കാറ്റിലൊരു ദൂത്'.

Must Read
സിനിമയിലെ പ്രതിമയും രാജകുമാരിയും
ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ​ഗന്ധർവന്റെ ചിത്രം,'ഞാൻ ​ഗന്ധർവനി'ൽ നിന്ന്

ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി കേരളം മുഴുവൻ സഞ്ചരിച്ച യാത്രയിൽ കണ്ടുമുട്ടിയ ഒരു നക്ഷത്രത്തെക്കുറിച്ചാണ് ഈ കുറിപ്പ്. മലയാളത്തിന്റെ മറ്റൊരു അഹങ്കാരമായ ആർട്ടിസ്റ്റ് നമ്പൂതിരി. 'കടൽക്കാറ്റിലൊരു ദൂതി'ന്റെ ചരിത്രാന്വേഷണങ്ങൾക്കിടയിലാണ് ആർട്ടിസ്റ്റ് നമ്പൂതിരിയാണ് പത്മരാജന്റെ ഗന്ധർവ്വന്റെ രൂപകല്പന ചെയ്തതെന്നറിയുന്നു.

ആർട്ടിസ്റ്റ് നമ്പൂതിരി
ആർട്ടിസ്റ്റ് നമ്പൂതിരിഫോട്ടോ കടപ്പാട് -വിക്കിപ്പീഡിയ

'ഞാൻ ഗന്ധർവ്വൻ' എന്ന ചലച്ചിത്രത്തിന് ഗന്ധർവ്വനെ അണിയിച്ചൊരുക്കിയത് ആർട്ടിസ്റ്റ് നമ്പൂതിരിയാണെന്ന അറിവ് ആഹ്ലാദത്തെക്കാൾ അദ്ഭുതമായിരുന്നു നൽകിയത്. സൗഹൃദത്തിന്റെ ഊഷ്മളതയാണ് തുടർന്ന് അറിഞ്ഞത്. അദ്ദേഹത്തോട് കാണേണ്ട ആവശ്യം അറിയിച്ചപ്പോൾ സന്തോഷപൂർവ്വം സമ്മതം നൽകി. സ്വീകരിച്ചു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, നിശ്ശബ്ദ ഗൗരവം പൂണ്ട വരകളുടെ തമ്പുരാന്റെ അതിമനോഹരമായ ഗൃഹത്തിലേയ്ക്ക്...

'ഞാൻ ​ഗന്ധർവൻ' പോസ്റ്റർ
'ഞാൻ ​ഗന്ധർവൻ' പോസ്റ്റർഅറേഞ്ച്ഡ്

'പ്രസാദം വദനത്തിങ്കൽ കാരുണ്യം ദർശനത്തിലും..' വരികൾ അന്വർത്ഥമാക്കുന്ന പ്രകൃതം. സംസാരിച്ചു തുടങ്ങിയപ്പോൾ കാലങ്ങൾക്കപ്പുറത്ത് നിന്ന് ഊഷ്മളമായൊരു ബന്ധം തുടരുന്നത് പോലെ...പഴയകാലങ്ങൾ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം ഓർത്തെടുത്തുകൊണ്ടേയിരുന്നു. ആഹ്ലാദകരമായ നിമിഷങ്ങൾക്കിടയിൽ ഉള്ളിലടക്കിവെച്ചിരുന്ന ഒരാഗ്രഹം സന്ദേഹത്തോടെ അറിയിച്ചു. ഗന്ധർവ്വനെക്കുറിച്ച് അങ്ങ് പറഞ്ഞതെല്ലാം വരകളിലൂടെ ഒന്ന് കാണിച്ചു തരുമെങ്കിൽ...നിറഞ്ഞ പുഞ്ചിരിയായിരുന്നു മറുപടി. സംസാരത്തേക്കാളും വരകളായിരുന്നു അദ്ദേഹത്തിന് ഹൃദ്യവും...

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച് രാജേഷ് ബി.മേനോന് സമ്മാനിച്ച ​ഗന്ധർവ്വന്റെ ചിത്രം
ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച് രാജേഷ് ബി.മേനോന് സമ്മാനിച്ച ​ഗന്ധർവ്വന്റെ ചിത്രംഫോട്ടോ-അറേഞ്ച്ഡ്

വരകളിലൂടെ അനായാസമായി ഗന്ധർവ്വൻ പ്രത്യക്ഷപ്പെടുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിയിരുന്നു. സംവിധാനം മറന്ന് കാണി മാത്രമായിത്തീർന്ന അവസ്ഥ. എനിക്കും എന്റെ സഹപ്രവർത്തകർക്കും മാത്രമായി വരകളുടെ തമ്പുരാൻ വിസ്മയം തീർക്കുകയാണ്. മനസ്സിൽ നിറയുന്ന വികാരം പ്രകടിപ്പിക്കുവാനാകാതെ കണ്ണീരായി തെളിയുന്ന നിമിഷങ്ങൾ. നിമിഷങ്ങൾക്കകം പി.പത്മരാജൻ എന്ന എഴുത്തുകാരൻ മനസ്സിൽ കണ്ട ഗന്ധർവ്വന്റെ ആദിരൂപം തെളിയുകയായി.

എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പത്മരാജൻ
പത്മരാജൻഫോട്ടോ-അറേഞ്ച്ഡ്

ഛായാഗ്രാഹകൻ ഷാൻ പി. റഹ്‌മാൻ അതെല്ലാം എക്കാലത്തേയ്ക്കും, എല്ലാവർക്കുമായി അതിമനോഹരമായി പകർത്തുകയും ചെയ്തു. വിസ്മയം അവിടം കൊണ്ടും തീർന്നില്ല. എന്റെ ആവശ്യപ്രകാരം അദ്ദേഹം വരച്ച ചിത്രം തിരികെ പോരുമ്പോൾ സമ്മാനമായി നല്കുക കൂടി ചെയ്തപ്പോൾ, ഒരു വാക്ക് പോലും പുറത്ത് വരാതെ മനസ്സിൽ നിറഞ്ഞ അക്ഷരക്കടലിന്റെ ഇരമ്പത്തിൽ പകച്ചു നിൽക്കുകയായിരുന്നു ഞാൻ. ജീവിതം അർഥപൂർണ്ണമായ നിമിഷം.

ധന്യത എന്ന പദത്തിന്റെ പൂർണ്ണമായ അർഥം തിരിച്ചറിഞ്ഞതും അന്നാണ്. കാലുകളിൽ തൊട്ട് യാത്രപറയുമ്പോൾ 'കടൽക്കാറ്റിലൊരു ദൂത്' എന്ന ഡോക്യുമെന്ററി ചെയ്യാൻ തോന്നിപ്പിച്ച നിമിഷത്തേയും പി.പത്മരാജൻ എന്ന മഹാപ്രതിഭയേയും മനസ്സാൽ വണങ്ങി. അദ്ദേഹം വരച്ച ഗന്ധർവ്വനെ ഒരു നിധി പോലെ ഇന്നും ഞാൻ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. കാലം ചെല്ലും തോറും ഓരോ കാഴ്ചയിലും ഒരായിരം ഓർമ്മകൾ വിതറിക്കൊണ്ട്... മുമ്പത്തേക്കാൾ തീവ്രതയോടെ...

Pappappa
pappappa.com