'നീലക്കുയിൽ' ഇനി ഇന്ത്യ മുഴുവൻ പാടിപ്പറക്കും

നീലക്കുയിൽ പുതിയ പോസ്റ്റർ
'നീലക്കുയിലി'ന്റെ പുതിയ ഒരു പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാളം അറിയാത്ത മറാത്തികൾ പോലും 'നീലക്കുയിൽ' കണ്ടപ്പോൾ വികാരഭരിതരായി. എഴുപതുവർഷം മുമ്പിറങ്ങിയ ഒരു മലയാളചിത്രം ചരിത്രത്തിന്റെ ഭാ​ഗമായ അത്യപൂർവ്വ നിമിഷങ്ങൾ. പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ അഭിമാനപൂർവ്വം രേഖപ്പെടുത്തുകയാണതിനെ. 'നീലക്കുയിലി'ന് കിട്ടിയ മഹത്തായ അംഗീകാരം.

നൂതന സാങ്കേതികവിദ്യകളിലൂടെ പഴയ ചിത്രങ്ങൾ ദൃശ്യമികവും ശബ്ദഭം​ഗിയും വരുത്തി ഡിജിറ്റൽ പ്രിന്റുകളാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ ദേശീയ ചലച്ചിത്ര പൈതൃക പദ്ധതി അനുസരിച്ചാണ് നീലക്കുയിൽ പുതിയ ആകാശങ്ങളിലേക്ക് പറക്കുന്നത്. പദ്ധതി പ്രകാരം പുതിയ ജീവൻ കിട്ടിയ ആദ്യ മലയാള ചലച്ചിത്രമാണ് 'നീലക്കുയിൽ'.

Must Read
അവസാനത്തെ ആൺകുയിലും ഓർമകളുടെ പാട്ടും
നീലക്കുയിൽ പുതിയ പോസ്റ്റർ

സെപ്റ്റംബർ 20ന് ആണ് 'നീലക്കുയിൽ' പൂനെയിൽ പ്രദർശിപ്പിച്ചത്. സബ്ടൈറ്റുകൾ ഉണ്ടായിരുന്നു. പ്രേക്ഷകരിൽ ഭൂരിപക്ഷവും മറാത്തികളായിരുന്നു; കുറച്ചു മലയാളികളും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും ചിത്രം കാണാൻ എത്തി. മലയാളം അറിയാത്തവർക്കു പോലും ചിത്രത്തിന്റെ വികാരവും നാടൻപാട്ടുകളുടെ മാധുര്യവും സത്യന്റെയും മിസ് കുമാരിയുടെയും അഭിനയത്തിന്റെ വൈകാരിക അനുഭൂതിയും ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് ഫിലിം ആർക്കൈവ് വക്താവ് പറയുന്നു. അവിടെ 'നീലക്കുയിൽ' അതിർത്തികളെ തോല്പിക്കുകയായിരുന്നു.

പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് കെട്ടിടം
പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ്അറേഞ്ച്ഡ്

ഇനി അരവിന്ദന്റെ 'തമ്പ്'

2022-ൽ ആണ് കേന്ദ്രസർക്കാർ പഴയ ചലച്ചിത്രങ്ങളെ വീണ്ടെടുത്ത് വീണ്ടും കാഴ്ചക്കാരിലെത്തിക്കുന്നതിനുള്ള പൈതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 360 കോടി രൂപ ഇതിനായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. നാഷണൽ ഫിലിം ആർക്കൈവ് ആണ് മേൽനോട്ടം വഹിക്കുന്നത്. പ്രശസ്ത ഹിന്ദി ചിത്രങ്ങളായ 'ദോ ആംഖേം ബാരാഹാത്',ദോ ബീഘ സമീൻ,ആവാര എന്നിവയും സത്യജിത് റായ് ചിത്രങ്ങളും ഈ പദ്ധതിയിലുൾപ്പെടുത്തി ദൃശ്യ-ശ്രാവ്യമികവ് വരുത്തി പുന:സൃഷ്ടിക്കും. അരവിന്ദൻ സംവിധാനം ചെയ്ത മലയാള ചിത്രമായ, 'തമ്പും' പദ്ധതിയിലുൾപ്പെടുത്തി പുതുക്കി ഇറക്കും.

ദേശീയതലത്തിൽ ഏതാണ്ട് രണ്ടായിരത്തോളം ചിത്രങ്ങൾ ഈ പദ്ധതി അനുസരിച്ച് ഡിജിറ്റൽ രീതിയിലേക്ക് മാറ്റിയെടുക്കാനാണ് പൂനെ ആർക്കൈവ് അധികൃതർ ഉദ്ദേശിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറിയാണ് ആർക്കൈവിൽ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ആദ്യകാല ചിത്രങ്ങൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. ഡിജിറ്റൽ പ്രിന്റിലൂടെ അവയുടെ മേന്മ വർദ്ധിപ്പിച്ച് ഉന്നത നിലവാരത്തിൽ എത്തിക്കാൻ കഴിയും. ശബ്ദവും മെച്ചപ്പെടുത്താൻ കഴിയും. ചലച്ചിത്ര പൈതൃക പദ്ധതി വിജയം കാണുന്നത് ഇവിടെയാണ്.

പൂനെയിൽ നീലക്കുയിൽ പ്രദർശിപ്പിക്കുന്നതിന്റെ അറിയിപ്പ് പോസ്റ്റർ
പൂനെയിൽ നീലക്കുയിൽ പ്രദർശിപ്പിക്കുന്നതിന്റെ അറിയിപ്പ്അറേഞ്ച്ഡ്

വീണ്ടും കാലത്തിന്റെ കായലരികത്ത്...

പൈതൃക പദ്ധതി പ്രകാരം പുതുക്കിയെടുത്ത 'നീലക്കുയിലി'ന്റെ ആദ്യ ഡിജിറ്റൽ പ്രിന്റ് പ്രദർശിപ്പിച്ചത് ആ​ഗസ്റ്റ് 18ന് കൊച്ചി ചാവറ കൾച്ചറൽ സൊസൈറ്റിയിലാണ്. കൊച്ചിൻ ഫിലിം സൊസൈറ്റിയും നാഷണൽ ഫിലിം ആർക്കൈവുമാണ് അതിനു മുൻകൈയെടുത്ത്. ചിത്രത്തിന്റെ പ്രദർശനം വൻ വിജയമായി. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. കാലങ്ങൾ കഴിഞ്ഞിട്ടും ഒട്ടും പൊടിഞ്ഞുപോകാതെ 'നീലക്കുയിൽ' ദൃശ്യങ്ങൾ അവർ കണ്ടു. കാതുകളിൽ പുതിയ​ ​ഗാനങ്ങളുടെ ​ഗാംഭീര്യത്തോടെ 'എല്ലാരും ചൊല്ലണും..','കായലരികത്ത് വലയെറിഞ്ഞപ്പോഴും..' നിറഞ്ഞു.

1954-ൽ ആണ് നീലക്കുയിൽ റിലീസ് ചെയ്തത്. നീണ്ട 70 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. റീലീസ് ചെയ്തവർഷം രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ചിത്രത്തിന്റെ ജനപ്രീതി വർദ്ധിച്ചതിന്റെ തെളിവാണ് കൊച്ചിയിലെയും പൂനെയിലും പ്രദർശനം. ആർക്കൈവ് വക്താവ് തന്നെ ഇത് ശരിവയ്ക്കുന്നു. പരിമിതമായ സാങ്കേതിക വിദ്യകളിൽ നിന്നുകൊണ്ട് മലയാളചലച്ചിത്രത്തിന്റെ ശൈശവാവസ്ഥയിൽ നിർമിച്ച ചിത്രത്തിൽ ഇപ്പോഴും അതിന്റേതായ മികവുകൾ നിലനില്കുന്നുവെന്ന് പ്രേക്ഷകപ്രതികരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചിയിലെയും പൂനയിലെയും പ്രദർശനം വിജയിച്ചതോടെ ന്യൂഡൽഹിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നീലക്കുയിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ആർക്കൈവ് അധികൃതർ. തുടർന്ന് മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. ഇതോടെ നീലക്കുയിലിന്റെ ജനപ്രീതി രാജ്യമെങ്ങും നിറയും. പുതിയ പ്രദർശനങ്ങൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റുകൾ പരിഷ്കരിക്കുന്നുണ്ട്. അതിന്റെ പണിപ്പുരയിലാണ് ആർക്കൈവ് അധികൃതർ.

നാഷണൽ ഫിലിം ആർക്കൈവ് മേധാവിയായിരുന്ന പി.കെ.നായരുടെ ചിത്രം
നാഷണൽ ഫിലിം ആർക്കൈവ് മുൻ മേധാവി പി.കെ.നായർഅറേഞ്ച്ഡ്

ഓർമകളിൽ പി.കെ.നായർ

'നീലക്കുയിലി'ന് ആർക്കൈവിലൂടെ പുതിയ ഭം​ഗി കിട്ടുമ്പോൾ ആ സ്ഥാപനത്തിന് ഒരു മലയാളിയോടുള്ള കടപ്പാടുകൂടിയാകുന്നു അത്. 1964-ൽ മലയാളിയായ ചലച്ചിത്ര പണ്ഡിതൻ പി.കെ നായരാണ് നാഷണൽ ഫിലിം ആർക്കൈവ് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത്. അദ്ദേഹം തന്നെയാണ് അതിനെ നട്ടുനനച്ചുവളർത്തി രാജ്യത്തെ സിനിമാചരിത്രത്തിന്റെ ഏറ്റവും വലിയ ഈടുവയ്പായി മാറ്റിയതും. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തനായ പി.കെ.നായർ ആർക്കൈവിന്റെ ക്യുറേറ്ററും മേധാവിയുമായി ചെയ്ത വലിയ ദൗത്യങ്ങളുടെ സാർഥകമായ തുടർച്ചയാണ് മലയാളസിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ 'നീലക്കുയിലി'ന്റെ കാര്യത്തിൽ സംഭവിച്ചത്.

തമിഴ് ചലച്ചിത്ര ചരിത്രകാരനും പ്രശസ്ത വന്യജീവി ഫോട്ടോ​ഗ്രാഫറുമായ തിയഡോർ ഭാസ്കരന്റെ ഫോട്ടോ
തമിഴ് ചലച്ചിത്ര ചരിത്രകാരനും പ്രശസ്ത വന്യജീവി ഫോട്ടോ​ഗ്രാഫറുമായ തിയഡോർ ഭാസ്കരൻഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

എങ്ങനെ ഞങ്ങൾ മറക്കും കുയിലേ..

'നീലക്കുയിലി'ന് പണ്ടേ കിട്ടിയിട്ടുണ്ട് നിരൂപക പ്രശംസ. പ്രമുഖ ഇന്ത്യൻ ചലച്ചിത്ര ചരിത്രകാരന്മാരായ ഫിറോസ് റം​ഗൂൺവാലയും ബി.വി.ധറാപ്പും 'നീലക്കുയിലി'നെക്കുറിച്ച് ലേഖനങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. 'നീലക്കുയിലി'ലെ ഒരിക്കലും മറക്കാനാകാത്ത ഗാനമാണ് 'മാനെന്നും വിളിക്കില്ല..'എന്നു പറഞ്ഞത് പ്രമുഖ തമിഴ് ചലച്ചിത്ര ചരിത്രകാരനായ എസ്.തിയഡോർ ഭാസ്കനാണ്. മുൻ പോസ്റ്റ്മാസ്റ്റർ ജനറലായ അദ്ദേഹം പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ കൂടിയാണ്. ചെന്നൈയിൽ വെച്ചാണ് വർഷങ്ങൾക്കു മുമ്പ് താൻ 'നീലക്കുയിൽ' കണ്ടതെന്ന് തിയഡോർ ഭാസ്കരൻ ഓർക്കുന്നു. മലയാളം അറിയില്ലെങ്കിലും സത്യന്റെയും മിസ്കുമാരിയുടെയും മുഖഭാവങ്ങളിലൂടെ ചിത്രത്തിന്റെ ഹൃദയത്തുടിപ്പുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞു. പരിമിതികളിൽ നിന്നുകൊണ്ടുതന്നെ മഹത്തായ ഒരു ചിത്രത്തിന് പിറവി കൊടുക്കാൻ പി.ഭാസ്കരനും രാമു കാര്യാട്ടിനും കഴിഞ്ഞു. അവസ്മരണീയമായ ഒരു ചിത്രമാണ് 'നീലക്കുയിൽ'-തിയഡോർ ഭാസ്കരന്റെ വാക്കുകൾ.

'നീലക്കുയിലി'ന് മഹത്തായ സാമൂഹിക പ്രസക്തി ഉണ്ടെന്നാണ് ഫിലിം ആർക്കൈവ് അധികൃതർ പറയുന്നത്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. അതുകൊണ്ടുതന്നെ മലയാളചലച്ചിത്രരം​ഗത്ത് ചിത്രം ഒരു വഴിത്തിരിവാകുകയും ചെയ്തുവെന്ന് ആർക്കൈവ് അധികൃതർ പറയുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് പി.കെ.നായർ രേഖപ്പെടുത്തിയിരുന്നുവെന്ന് അറിയുമ്പോഴാണ് കാലചക്രത്തിന്റെ പൂർണത നമുക്ക് ബോധ്യപ്പെടുക.

Related Stories

No stories found.
Pappappa
pappappa.com