

മോഹൻലാൽ എഴുതിയ ഉള്ളം തൊട്ട ഉറവ വായിച്ചു. പുതിയ അറിവുകളാൽ, ഉൾക്കാഴ്ചകളാൽ, പുത്തൻ ഉണർവാൽ നിറഞ്ഞു. സ്വയം കണ്ടെത്താൻ ഭിക്ഷാംദേഹിയെപ്പോലെ അലഞ്ഞവന്റെ, മാനസഗുരുവിനുള്ള വാക്കുകളുടെ സ്നേഹോപഹാരമായി കാണാം ഈ പുസ്തകത്തെ. അത്രയ്ക്ക് ഹൃദയത്തിൽ തൊട്ടെഴുതിയ അധ്യായങ്ങൾ.
തന്റെ സ്വത്വത്തെ തൊടാൻ സഹായിച്ച വാക്കുകൾ സമ്മാനിച്ച ഓഷോയെ 'ഉള്ളം തൊട്ട ഉറവ' എന്നല്ലാതെ എങ്ങനെ വർണ്ണിക്കാൻ ആകും? ആ മുഖത്തെ ശാന്തതയ്ക്ക്, ലാളിത്യമാർന്ന ശീലങ്ങൾക്ക്, നടനവൈഭവത്തിന്, ബന്ധങ്ങളിലെ ആഴത്തിന്…എല്ലാം വറ്റാത്ത ഉറവ തന്നെ ആണ് ആ അദൃശ്യഗുരുവിന്റെ നിത്യസാന്നിധ്യമായ പ്രബോധനങ്ങൾ. ധൃതരാഷ്ട്രാലിംഗനം പോലെ വായനക്കാരനെയും വരിഞ്ഞുമുറുക്കുന്ന ഉൾക്കാഴ്ചയുടെ നിമിഷങ്ങൾ നൽകിയ പുസ്തകം.
പണ്ട് ബാംഗ്ലൂരിൽ മെഡിസിൻ പഠിക്കാൻ പോയപ്പോൾ, ഞാൻ ഏറ്റവും മിസ് ചെയ്തിരുന്ന ഒന്ന് വീട്ടിലെ കിണറ്റിലെ വെള്ളം ആയിരുന്നു. അതിനാൽ ആദ്യ കാലങ്ങളിൽ നാട്ടിൽ വന്നു പോകുമ്പോൾ ബാംഗ്ലൂർ ബസിന്റെ ലഗ്ഗേജ് ബേയിൽ ഒരു കന്നാസ് കിണർ വെള്ളം ഞാൻ കൊണ്ടുപോയിരുന്നു.(പിന്നീട് ബാംഗ്ലൂർ വെള്ളവും ഇപ്പോൾ കൊച്ചി കോർപറേഷന്റെ ക്ലോറിൻ വെള്ളവും നാവിന് ശീലമായി) പക്ഷേ ഇപ്പോഴും തറവാട്ട് വീട്ടിൽ എത്തുമ്പോൾ ഞാൻ തൊടിയിലെ കിണറ്റിൻകരയിൽ നിന്ന് ആഴങ്ങളിലേക്ക് എത്തി നോക്കും. നല്ല ഉറവ ഉള്ളതിനാൽ ആഴമുള്ള വറ്റാത്ത കിണർ നോക്കി കാണും.(അമ്മ കണ്ടാൽ ഇന്നും വഴക്ക് ഉറപ്പാണ്!)
മലയാളികൾക്ക് മോഹൻലാൽ എന്ന നടനും, അദ്ദേഹത്തിന്റെ നടനവും ഒരു വറ്റാത്ത ഉറവയുള്ള, ആഴമുള്ള കിണർ പോലെയാണ് എന്നെനിക്ക് തോന്നാറുണ്ട്. എത്ര നുകർന്നാലും തൊടിയിലെ കിണറ് വെള്ളം പോലെ ഗൃഹാതുരുത്വം ഊറുന്ന ഒരു സ്വകാര്യ അഹങ്കാരമായ രുചി. അതെന്നും നമുക്ക് വേണം, അല്പാല്പമായി നുകരാൻ, പഴയ കാലത്തേക്ക് സ്വപ്നങ്ങളുടെ തേരിൽ ഒന്നേറാൻ. ബാല്യകാല സ്മരണകളും കൗമാര സ്വപ്നങ്ങളും തഴുകി ഉണർത്താൻ.. ഇന്നും ലാലേട്ടന്റെ പാട്ടുകളോളം, സിനിമാ സീനുകളോളം എനിക്ക് മറ്റൊരു 'നൊസ്റ്റു ഹൈ മൊമന്റ്സ്' ഇല്ല. ദിനേന അതിൽ അല്പമെങ്കിലും നുകരാതെ ഞാൻ പോയിട്ടുണ്ടോ? സാദ്ധ്യതയില്ല.
മലയാളികൾക്ക് മോഹൻലാൽ എന്ന നടനും, അദ്ദേഹത്തിന്റെ നടനവും ഒരു വറ്റാത്ത ഉറവയുള്ള, ആഴമുള്ള കിണർ പോലെയാണ് എന്നെനിക്ക് തോന്നാറുണ്ട്.
ആ മനുഷ്യന്റെ മുഖത്തെ മിന്നും തേജസ്സിന്റെയും, വറ്റാത്ത നടനവൈഭവത്തിന്റെയും, കുറുമ്പിന്റെയും, സൗഹൃദത്തിന്റെയും, ചിരിയുടെയും 'ഉള്ളം തൊട്ട ഉറവ' ഏതെന്ന് വായിച്ചറിയാൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നി.ഞാൻ എന്നിലേക്ക് നോക്കിയ നിമിഷങ്ങൾ നൽകിയ ഒരു കൊച്ചുപുസ്തകം. വീണ്ടും വീണ്ടും വായിക്കാൻ സൂക്ഷിച്ചു വെക്കാൻ എടുത്ത് വച്ചിരിക്കാവുന്ന പുസ്തകം- 'ഉള്ളം തൊട്ട ഉറവ'.
ഹൃദയത്തിൽ നിന്നെഴുതിയ വാക്കുകളുടെ മിഴിവേറിയ കാഴ്ചകൾ നൽകിയ വശ്യമനോഹര പുസ്തകം.
'ഉള്ളം തൊട്ട ഉറവ'യിൽ മോഹൻലാൽ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സന്ദർഭത്തിലും ഓഷോ അദ്ദേഹത്തെ സ്പർശിച്ചതിനെക്കുറിച്ച് വിശദമായി, സ്വതസിദ്ധമായ ഭാഷയിൽ നമ്മോട് സംവദിക്കുന്നു.
കഠിനമായ നടുവേദന കൊണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് വലഞ്ഞപ്പോൾ കോയമ്പത്തൂർ ആര്യ വൈദ്യ ശാലയിൽ ചിൽകിത്സാമധ്യേ ആണ് ആദ്യമായി ഓഷോ രജനീഷിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നതും പ്രചോദിതൻ ആകുന്നതും. പിന്നീടങ്ങോട്ട് നിഴലായി ഓഷോ കൂടെ ഇന്നും ലാലേട്ടന് ഒപ്പമുണ്ട്.
ഓഷോ കമ്മ്യൂൺ സന്ദർശനവും ഓഷോ രചനകളുടെ വായനയും അറിവുകളും ദർശനങ്ങളും- താങ്ങായി, തണലായി, വഴി നീളെ ഇന്നും മോഹൻലാലിന് ഒപ്പം ഉണ്ടെന്ന് തോന്നുന്നതിനാലാണ് ഈ പുസ്തകത്തിലൂടെ ഒരു ഗുരുവന്ദനമാണ് അദ്ദേഹം നൽകിയിരിക്കുന്നതെന്ന് ഞാൻ കരുതുന്നത്. Red string theory എന്ന പൂർവേഷ്യൻ സംസ്കാരത്തിലെ വ്യക്തികൾ തമ്മിലുള്ള അദൃശ്യ ബന്ധം അവർ തമ്മിൽ ഉള്ളതായി വായനക്കാരനും അനുഭവവേദ്യമാകും. ഓഷോയിലേക്കുള്ള ഒരു ചെറു ജാലകമായി മാത്രം ഈ പുസ്തകത്തെ ലാൽ അവതരിപ്പിക്കുന്നു.
പ്രണയം, ഏകാന്തത, ആനന്ദം, ഭക്ഷണം, ധ്യാനം, സ്ത്രൈണം, ബന്ധങ്ങൾ, ചിരി, മരണം, ജയ പരാജയങ്ങൾ, ബുദ്ധൻ, ജിബ്രാൻ, അഭിനയം എന്ന ആത്മീയത, ശ്രീകൃഷ്ണൻ, ഇന്ത്യ, ഭഗവത് ഗീത, ലൈംഗികത എന്നിങ്ങനെ വിവിധ ചെറു അധ്യായങ്ങളിലൂടെ, മനോഹരമായ ചിത്രങ്ങളിലൂടെ ഒരു മന്ദമാരുതൻ പോലെ ഈ പുസ്തകം നിങ്ങളെ തഴുകി ഉണർത്തി പോകും.
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്, സ്വസ്ഥമായിരുന്ന് വായിക്കേണ്ട ഒരു പുസ്തകം. പലവുരു വായിക്കണം- അർത്ഥതലങ്ങൾ കണ്ടെത്താൻ…
Osho Never Born, Never Died. Only visited this planet earth between December 11,1931 to January 19, 1990. And he lives on through people like Mohanlal who have imbibed the essence of his words in day to day life and lives on as living examples of a life well lived- under spiritual guidance of his teachings.