

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന പ്രണയസിനിമ 30-ാം വർഷത്തിലും നിത്യേന പ്രദർശിപ്പിക്കുന്ന മുംബൈയിലെ 'മറാത്ത മന്ദിര്‍' എന്ന തിയേറ്ററിനെപ്പറ്റി
ഇന്ത്യന്‍ മനസുകളില്‍ കൊത്തിയെടുത്ത അനശ്വര പ്രണയശില്‍പ്പമാണ് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ' (ഡിഡിഎല്‍ജെ). 1995 ഒക്‌ടോബര്‍ 20ന് റിലീസ് ചെയ്ത ചിത്രം പ്രദര്‍ശനത്തിന്റെ മുപ്പതു വര്‍ഷം പിന്നിട്ടു. എന്നെങ്കിലും തകര്‍ക്കപ്പെടുമെന്ന് ഒരിക്കലും വിശ്വസിക്കാനാകാത്തവിധം ഷാരൂഖ്-കജോള്‍ ജോഡിയുടെ പ്രണയകാവ്യം, റിലീസ് ചെയ്ത ദിവസം മുതല്‍ ഇപ്പോഴും നിത്യേന പ്രദര്‍ശനം തുടരുന്നു മുംബൈയിലെ 'മറാത്ത മന്ദിര്‍' എന്ന തിയേറ്ററില്‍. മുപ്പതാണ്ട് പിന്നിട്ടിട്ടും അവധിദിനങ്ങളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ആണ് ചിത്രം. മുംബൈ എന്ന മഹാനഗരത്തിലെ 'ചലച്ചിത്രതീര്‍ഥാടനകേന്ദ്ര'മായി മറിയിരിക്കുന്നു ഇന്ന് മറാത്ത മന്ദിര്‍. മഹാനഗരം സന്ദര്‍ശിക്കാനെത്തുന്നവര്‍ ബൈക്കുളയിലെ മറാത്ത മന്ദിറും കാണാനെത്തുന്നു. ചിലര്‍ക്ക് രാജും (ഷാരൂഖ് ഖാന്‍) സിമ്രാനും (കജോള്‍) തങ്ങളുടെ യൗവനകാലത്തെ സ്വപ്‌നജോഡികളായിരുന്നു. തോരാതെ തോരാതെ പെയ്തുകൊണ്ടേയിരിക്കുന്ന പ്രണയത്തിന്റെ കാലാതീതമായ മഹാമഴക്കാലമായി ഈ അഭ്രകാവ്യം മാറിയിരിക്കുന്നു.
ആത്മാവിന്റെ പരിഭാഷപ്പെടുത്താനാകാത്ത അനുഭവം
മറാത്ത മന്ദിറില്‍ 1,500 ആഴ്ചകള്‍ പിന്നിടുകയാണ് ചിത്രം. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ ആഘോഷിക്കപ്പെടുന്നത്. ഒരു തിയേറ്റര്‍ സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഇടമാകുന്നതും. ഓരോ ദിവസവും പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതല്ലാതെ, കുറയുന്നില്ലെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറയുന്നു. മുപ്പതാണ്ടിനിടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മറാത്ത മന്ദിര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചിലര്‍ക്ക്, ഷാരൂഖ്-കജോള്‍ പ്രണയകാവ്യം മറാത്ത മന്ദിറില്‍ കാണുന്നത് ജീവിതത്തിന്റെ ഒഴിക്കാനാകാത്ത ഭാഗമായി മാറിയിരിക്കുന്നു. പ്രണയത്തിന്റെ ഭാഷയും സമീപനങ്ങളും ആഘോഷതലങ്ങളും മാറിയെങ്കിലും പുത്തന്‍ തലമുറയ്ക്കും ഡിഡിഎല്‍ജെ എന്ന അനശ്വരകാവ്യം പ്രിയപ്പെട്ടതാകുന്നു; പ്രണയം ആത്മാവിന്റെ പരിഭാഷപ്പെടുത്താനാകാത്ത അനുഭവമാണെന്നും അവരും തിരിച്ചറിയുന്നു!
പ്രണയോത്സവത്തിന്റെ കൊടിയേറ്റ്
സിനിമയുടെ സാങ്കേതികരീതിശാസ്ത്രങ്ങളല്ല, ഡിഡിഎല്‍ജെയെ ജനപ്രിയമാക്കിയത്. ആ ചിത്രം ചിലപ്പോഴൊക്കെ പ്രേക്ഷകര്‍ക്കുനേരെ പിടിച്ച കണ്ണാടിയാണ്. തങ്ങളുടെ അനുഭവങ്ങളുടെ ചില അംശങ്ങള്‍ അവര്‍ ഷാരൂഖിലും കജോളിലും കാണുന്നു. പ്രണയിച്ചതിന്റെ വേദനയില്‍ ജീവിക്കുന്നവരും പ്രണയിച്ചതിന്റെ വേദനയില്‍ മരിച്ചുജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. ചിലരുടെ മനസില്‍ പ്രണയോത്സവത്തിന്റെ കൊടിയേറ്റ് ആണിത്. എത്ര രാവും പകലും പകര്‍ന്നാടിയാലും അവസാനിക്കാത്ത മനസിന്റെയും ശരീരത്തിന്റെയും മഹോത്സവം! അങ്ങനെയങ്ങനെ... പ്രണയഹൃദയങ്ങളിലൂടെ സഞ്ചരിച്ച് ഡിഡിഎല്‍ജെ ഇതിഹാസകാവ്യമായി മാറി. 1995 മുതല്‍ ആഴ്ചയിലൊരിക്കലെങ്കിലും മറാത്ത മന്ദിറില്‍ സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലൊരാള്‍ പറഞ്ഞതിങ്ങനെയാണ്: 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ' ഇതിഹാസമായി മാറിയിരിക്കുന്നു.' തലമുറകളായി കൈമാറപ്പെടുന്നതുപോലെ കഥയും, ഓരോ രംഗവും, ഓരോ സംഭാഷണവും അയാള്‍ക്കു മന:പാഠമാണത്രെ!
മറാത്ത മന്ദിറിലെ തീര്‍ഥാടകര്‍
ഒരര്‍ഥത്തില്‍, 1945 ഒക്‌ടോബര്‍ 16ന് പ്രവര്‍ത്തനം ആരംഭിച്ച മറാത്ത മന്ദിര്‍ ഇന്നൊരു തീര്‍ഥാടനകേന്ദ്രമായി മാറിയെന്നും പറയാം. ഡിഡിഎല്‍ജെ കാണാനെത്തുന്നവരെ തീര്‍ഥാടകരെന്നും വിശേഷിപ്പിക്കാം. പലരും തങ്ങളുടെ കൗമാരകാലത്തും യൗവനകാലത്തുമാണ് ആദ്യമായി ഡിഡിഡിഎല്‍ജെ കാണാനാവിടെയെത്തിയത്. മുപ്പതു വര്‍ഷമായി ചിലര്‍ ജീവിതചര്യപോലെ അതു തുടരുന്നു. ചിത്രത്തിന്റെ വിദേശ ലൊക്കേഷനുകളുടെ സൗന്ദര്യം, പ്രണയത്തിന്റെ അതിമനോഹരമായ പശ്ചാത്തലമായി മാറുന്നത് ആകര്‍ഷിച്ചവരേറെ. ചിത്രം കണ്ടതിനുശേഷം അവിടങ്ങളില്‍ പോകാനാഗ്രഹിച്ചവരേറെ... സന്ദര്‍ശിച്ചവരും ഏറെ!
ടിക്കറ്റ് ചാര്‍ജ് 50, 30 രൂപ!
കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് ഡിഡിഎല്‍ജെ മറാത്ത മന്ദിറില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബാല്‍ക്കണിക്ക് വെറും 50 രൂപയും ഡ്രസ് സര്‍ക്കിളിന് 30 രൂപയും മാത്രമാണ് ഈടാക്കുന്നത്. ഒരുപക്ഷേ, ഇന്ത്യന്‍ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്! എല്ലാ ദിവസവും രാവിലെ 11.30ന് ആണ് ഷോ.
തിരക്കേറിയ മുംബൈ സെന്‍ട്രലിന് അഭിമുഖമായി കമാനാകൃതിയിലുള്ള പ്രവേശന കവാടമുള്ള മറാത്ത മന്ദിര്‍, ഇപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയില്‍, പഴയ മുംബൈ മനോഹാരിതയുടെ മായാമുദ്രയായി നിലകൊള്ളുന്നു. ഡിഡിഎല്‍ജെയുടെ വ്യത്യസ്ത പോസ്റ്ററുകള്‍ പതിപ്പിച്ച് ചിത്രത്തോടുള്ള ബന്ധം ആത്മാഭിമാനത്തോടെ നിലനിര്‍ത്തുന്നു മുപ്പതാമാണ്ടിലും തിയറ്റര്‍ ഉടമകള്‍.
മാന്ത്രികത തേടിയെത്തുന്നവർ
മനോജ് പാണ്ഡെ പതിനഞ്ച് വര്‍ഷത്തിലേറെയായി മറാത്ത മന്ദിറിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നു. ഡിഡിഎല്‍ജെയുടെ മാന്ത്രികത ഇപ്പോഴും അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നു. 'ചിലര്‍ സ്വകാര്യ ഷോയ്ക്കായി മുഴുവന്‍ സീറ്റും ബുക്ക് ചെയ്യാറുണ്ട്. പ്രത്യേക ആഘോഷങ്ങളുടെ ഭാഗമായി ഡിഡിഎല്‍ജെ കാണാനെത്തുന്നവര്‍. ഇതിനായി വിദേശത്തുനിന്നുള്ള ആരാധകരും തിയറ്ററില്‍ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്നുള്ള ഒരു സംഘം പുന:സമാഗമത്തിനായി മുകളിലെ ബാല്‍ക്കണി പൂര്‍ണമായും ബുക്ക് ചെയ്തു. ഓരോ പാട്ടിലും അവര്‍ കൂടെ പാടുകയും ആടുകയും ചെയ്തു...' 2015-ല്‍ 20 വര്‍ഷത്തിനുശേഷം ചിത്രം പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് ആലോചിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടായതും പാണ്ഡെ ഓര്‍ക്കുന്നു. ആരാധകര്‍ തിയറ്ററിനു പുറത്ത് ശക്തമായി പ്രതിഷേധിച്ചു. കാരണം ഡിഡിഎല്‍ജെ അവരുടെ ജീവിത്തിന്റെയും ആത്മാവിന്റെയും ഭാഗമാണ്-പ്രണയം അത്രമേല്‍ ശക്തവും സത്യവുമാണ്!