നീല ജീപ്പിന്മേൽ വെള്ള അക്ഷരങ്ങൾ; അതിലുള്ളത് എന്റെ പേരായിരുന്നു...

ഇന്നും എന്നെ വിശ്വസിച്ച് ഏല്പിക്കുന്നതെന്തും-അതൊരു പുസ്തകമാകട്ടെ,കൊലുസാകട്ടെ,ഇനി ഹൃദയരഹസ്യമാകട്ടെ-ഞാനത് പൊന്നുപോലെ സൂക്ഷിക്കും....അനുമോൾ എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു..
അനുമോൾ
അനുമോൾഫോട്ടോ-അറേഞ്ച്ഡ്
Published on

അച്ഛന്റേം അമ്മേടേം കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് ഞാൻ ജനിക്കണത്. അമ്മ അച്ഛന്റെ ഭാഗ്യമായിരുന്നു എന്ന് എനിക്ക് തോന്നീട്ടൊണ്ട്. അമ്മ വന്നതിന് ശേഷം അച്ഛന്റെ ജീവിതത്തിൽ ലേശമായിട്ടെങ്കിലും അടുക്കും ചിട്ടേമുണ്ടായി. ചാരായം വാറ്റൊക്കെ അച്ഛൻ അവസാനിപ്പിച്ചത് അമ്മ വന്നതിന് ശേഷമാണ്. എന്നുകരുതി അച്ഛന്റെ സ്വഭാവം പൂർണമായി മാറി എന്നും പറഞ്ഞുകൂടാ.

എന്റെ കൈകാലുകൾക്കൊപ്പം അച്ഛനും വളരാൻ തുടങ്ങി. ബിസിനസിൽ ഉയർച്ചയുണ്ടായി. കൂടുതൽ ഷാപ്പുകൾ ലേലത്തിനെടുത്തു. വണ്ടികൾ പലതുണ്ടായി. അതിനിടയിൽ രാജകുമാരിയായി ഞാനും. ഷാപ്പ്, ജങ്ഷനിൽ തന്നെയായതുകൊണ്ട് അതുവഴി വരുന്നവരും പോകുന്നവരുമെല്ലാം എന്നെയെടുത്ത് കൊഞ്ചിക്കും. കള്ളുഷാപ്പിന്റെ അന്തരീക്ഷത്തിൽ മുട്ടിലിഴയുകയും കളിച്ചുവളരുകയും ചെയ്യുന്ന കുട്ടിയെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾ ആദ്യമായിട്ടാകും കേൾക്കുന്നത്.അല്ലേ. അതായിരുന്നു എന്റെ ബാല്യം.

പക്ഷേ തൊട്ടപ്പുറത്ത് ഞാനുള്ളതിനാൽ അച്ഛൻ ഷാപ്പിൽ ഒരു നിയമം വച്ചിരുന്നു. ആരും തെറിപ്പാട്ട് പാടരുത്. അച്ഛന്റെ മറ്റൊരു ഷാപ്പിലുമില്ലാത്ത ചട്ടമായിരുന്നു അത്. ആരെങ്കിലും പാടിയാൽ അപ്പോ അടിയാണ്. ടേപ്പ്‌റെക്കോഡറിന്റെ വയറുകൊണ്ടും,ബെൽറ്റുകൊണ്ടും..അടിയെ പേടിച്ച് ആരും അവിടെ തെറിപ്പാട്ട് പാടിയതുമില്ല.

എനിക്ക് അഞ്ചര വയസ്സുള്ളപ്പോൾ അനിയത്തി കൂടി ഞങ്ങൾക്കിടയിലേക്ക് വന്നു-അഞ്ജു. അവൾ വന്നതോടെ എന്റെ കുറുമ്പ് കൂടി. അല്ലേൽ തന്നെ കട്ടിലിൽ ഇരുത്തിയാൽ 'കട്ടിൽ എന്നേം കൊണ്ട് പോകുവേ' എന്ന് നിലവിളിക്കുന്നയാളാണ് ഞാൻ. ആരെങ്കിലും ഒന്ന് നേരെ നോക്കിയാൽ കാറിക്കൂവി ബഹളമുണ്ടാക്കും. അച്ഛന്റേം അമ്മേടേം ഇടയിൽ ഇങ്ങനെ ഒറ്റയ്‌ക്കൊരു മകളായി അവരുടെ എല്ലാ സ്‌നേഹവും അനുഭവിച്ച് വളരുന്നതിനിടയ്ക്ക് മറ്റൊരാൾ അതിന്റെ പങ്കുപറ്റാൻ വന്നിരിക്കയാണ്. ദേഷ്യം വരാതിരിക്കില്ലല്ലോ. അങ്ങനെ വളർന്ന ഒരുപാട് പേർക്ക് പുതുതായി വരുന്ന അനിയനോടോ അനിയത്തിയോടോ തോന്നിയ ദേഷ്യവും കുശുമ്പും എനിക്കും തോന്നി. ആ തോന്നൽ ഇത്തരം ആദ്യത്തെക്കുട്ടികളുടെ കൂടെപ്പിറപ്പാണ്. ലോകത്തിൽ അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമില്ലാത്തയാളായിരിക്കും അല്ലെങ്കിൽ അവർ ശത്രുവായി കാണുന്നവരായിരിക്കും ഇളയ ആൾ.

അനുമോൾ
അനുമോൾഫോട്ടോ-അറേഞ്ച്ഡ്

എന്റെ ദേഷ്യം മാറ്റാനും അനിയത്തിയോട് എനിക്ക് ഇഷ്ടം തോന്നിപ്പിക്കാനും അച്ഛനൊരു സൂത്രം കണ്ടുപിടിച്ചു. ഞങ്ങൾക്കന്ന് പശുവളർത്തലുണ്ട്. പാലുകറക്കാൻ വരുന്നത് ഗോപാലൻനായർ എന്നൊരാളാണ്. മൂപ്പരുടെ രൂപം ഇന്നും കണ്ണിലൊണ്ട്. നിറം കുറഞ്ഞ് മെലിഞ്ഞ് വളഞ്ഞ് പ്രത്യേക തരത്തിലുള്ള ഒരാൾ. എപ്പോഴും ഒരു മുഷിഞ്ഞമണമുണ്ടാകും. കാലിന്റെ വിരലുകൾ അഞ്ചും അഞ്ചുദിശകളിലേക്ക് വളർന്നുനില്കുന്നു. പിങ്ക് നിറത്തിലുള്ള മോണേം മഞ്ഞപ്പല്ലുകളും.

പറഞ്ഞല്ലോ,അന്നേ വലിയ വാശിക്കാരിയാണ് ഞാൻ. അച്ഛൻ അനിയത്തിയെ തൊടാൻ പാടില്ല,എടുക്കാൻ പാടില്ല...അച്ഛന്റെ എല്ലാ ഉമ്മകളും സ്‌നേഹവും എനിക്ക് മാത്രം. എന്നോടുമാത്രമേ അച്ഛൻ അടുപ്പം കാണിക്കാവൂ. എനിക്ക് മാത്രം അവകാശപ്പെട്ടതാണ് അച്ഛൻ. അപ്പഴാണ് അച്ഛൻ ആ കഥ പറഞ്ഞത്. വീട്ടിലേക്ക് പുതുതായി വന്ന കുട്ടി ഗോപാലൻ നായരുടെ കുട്ടിയാണ്. ഗോപാലൻനായർക്ക് വീടില്ലാത്തതുകൊണ്ട് നമുക്ക് നോക്കാൻ തന്നതാണ്. അപ്പോ നമ്മൾ പൊന്നുപോലെ നോക്കണം.

തീർന്നില്ല,അങ്ങനെയൊരു കഥയുണ്ടാക്കിപ്പറഞ്ഞശേഷം അച്ഛനൊരു ക്ലാസും തരികയാണ്. 'മറ്റൊരാളുടെ ഒരു സാധനം നമുക്ക് വിശ്വസിച്ച് നോക്കാൻ തരുമ്പോ നമ്മളത് നന്നായി,ഏറ്റവും ഭംഗിയോടെ നോക്കണം.' ഒരു നുണക്കഥയ്ക്ക് വിശ്വാസ്യതകൂട്ടാൻ പറഞ്ഞതാണെങ്കിലും അച്ഛൻ പകർന്നുതന്നത് വലിയൊരു ജീവിതപാഠമായിരുന്നു. ഇന്നും എന്നെ വിശ്വസിച്ച് ഏല്പിക്കുന്നതെന്തും-അതൊരു പുസ്തകമാകട്ടെ,കൊലുസാകട്ടെ,ഇനി ഹൃദയരഹസ്യമാകട്ടെ-ഞാനത് പൊന്നുപോലെ സൂക്ഷിക്കും.

ഗോപാലൻനായര്‌ടെ കുട്ടിയാണ് എന്ന് പറഞ്ഞതോടെ എനിക്ക് അനിയത്തിയോടുള്ള മനോഭാവം മാറി. അച്ഛൻ പറഞ്ഞതുപോലെ അവളെ ഏറ്റവും നന്നായി നോക്കുന്നത് എന്റെ കടമയുമായി. പോകപ്പോകെ എനിക്ക് മനസ്സിലായി അത് ഗോപാലൻനായരുടെ കുട്ടിയൊന്നുമല്ല, എന്റെ അമ്മയ്ക്കും അച്ഛനുമുണ്ടായ മകൾ തന്നെയാണെന്ന്. അപ്പോഴേക്കും എന്റെ മനോഭാവമൊക്കെ മാറിയിരുന്നു. ഞാൻ കുറേക്കൂടി മുതിർന്നിരുന്നു. ചേച്ചിയുടെ സ്ഥാനത്തേക്കുള്ള ഉയർച്ചയിൽ സന്തോഷിക്കുകയും ചെയ്തു. എനിക്കുള്ള പെർഫക്ട് പാവക്കുട്ടിയായി അവൾ. ആ രീതിയിലായി പിന്നെ ഞാനവളെ നോക്കുന്നത്. അത് ഇന്നും അങ്ങനെ തന്നെ.

അനുമോളുടെ അച്ഛൻ മനോഹരൻ  ജീപ്പിനരികെ
അനുമോളുടെ അച്ഛൻ മനോഹരൻ ജീപ്പിനരികെഎഐ ഉപയോ​ഗിച്ച് സംയോജിപ്പിച്ച ചിത്രം

ഞാൻ ജനിച്ച സമയത്ത് അച്ഛൻ വേറൊരു കാര്യം കൂടി ചെയ്തിട്ടുണ്ടായിരുന്നു. വീടിനൊപ്പം വലിയൊരു ഹാളു കൂടി പണിതു. അതോടെ അവിടെയായി എന്റെ പിച്ചവയ്ക്കൽ. അനിയത്തിയെ എല്ലാരും 'മൊട്ട' എന്നാ വിളിക്യാ. കൊറച്ചുകൂടി സ്‌നേഹം ചേരുമ്പോ മൊട്ടക്കൂട്ടീന്ന് ആകും. (ഇന്ന് അവൾ ജോലി ചെയ്യുന്ന വിമാനക്കമ്പനിയിലുള്ളവർ പോലും അവൾടെ ക്യാബിനിലേക്ക് വിളിച്ച് ചോദിക്കണത്,'മൊട്ടാ യൂ ദേർ' എന്നാണ്. നാട്ടിലെത്തി വീട്ടിലേക്കുള്ള വഴിചോദിക്കണത് 'മൊട്ടേടെ വീടേതാ' എന്നും.)

അവൾക്ക് 'മൊട്ട' എന്ന പേരുവന്നതും അച്ഛനുമായി ബന്ധപ്പെട്ടാണ്. അച്ഛൻ മുടിവെട്ടാനും ഷേവുചെയ്യാനുമൊക്കെ ഇറങ്ങുമ്പോ അവളും കൂടും. മുടിവെട്ടുന്നയാൾ മിക്കവാറും വീട്ടിലേക്ക് വരികയാണ് പതിവ്. വരാത്ത ചുരുക്കം അവസരങ്ങളിലേ ബാർബർഷോപ്പിലേക്ക് പോകൂ. അച്ഛൻ എപ്പോ മുടിവെട്ടിയാലും ഷേവുചെയ്താലും അനിയത്തിയും മൊട്ടയടിക്കും. അങ്ങനെ എല്ലാരും പറഞ്ഞ് പറഞ്ഞ് അവൾ മൊട്ടക്കുട്ടിയായി.

അവളുണ്ടായതിന് ശേഷം ഞങ്ങൾക്ക് പുതിയൊരു വീടായി. മൊട്ടേടെ 28ഉം വീടിന്റെ കുടീരിക്കലും ഒരേദിവസം ആയിരുന്നു. പുതിയ വീട് പണിയാൻ കാരണക്കാർ അച്ഛന്റെ സുഹൃത്തുക്കളായ എക്‌സൈസുകാരും പോലീസുകാരുമാണ്. അബ്കാരിയാകുമ്പോ ഈ രണ്ടുകൂട്ടരുമായും അടുപ്പം വരുന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ അച്ഛനുമുണ്ടായിരുന്നു പോലീസിലും എക്‌സൈസിലും കുറേ സുഹൃത്തുക്കൾ. അവരിൽ ചിലർ ഷാപ്പിൽ വരുമ്പോ അച്ഛനോട് പറയും:'നിനക്കിപ്പോ രണ്ട് പെൺകുട്ടികളായില്ലേ,കള്ളുഷാപ്പിന് പിന്നിൽ താമസിക്കണ്ട,വേറെ വീടുവയ്ക്കൂ'. അത് കേട്ടാണ് അച്ഛൻ പുതിയ വീടുപണിതത്.

അച്ഛനപ്പോഴേക്കും നല്ലോണം വലിയൊരു ബിസിനസുകാരനായിട്ടുണ്ടായിരുന്നു. പലസ്ഥലത്തും വീടും സ്ഥലവും വാങ്ങി. കവലേലെ പീടികമുറി വെലയ്‌ക്കെടുത്തു. ഊട്ടിയിൽപ്പോലും വൈൻഷോപ്പുകൾ തുറന്നു. ജീപ്പുകൾ പലത് മുറ്റത്തേക്ക് വന്നു. എല്ലാ ജീപ്പിന്റെയും പേര് 'അനുമോൾ' എന്നായിരുന്നു. നീല ജീപ്പിന്മേൽ വലിയ വെള്ള അക്ഷരങ്ങളിൽ പഴയ ലിപിയിലാണ് അത് എഴുതിവച്ചിരുന്നത്. തൊടികളിലൂടെ കുഞ്ഞുകുഞ്ഞു കള്ളത്തരങ്ങളുമായി ഞാനും റോഡിലൂടെ വലിയവലിയ കള്ളുപാത്രങ്ങളുമായി ജീപ്പുകളും ഒരേ പേരോടെ പാഞ്ഞോടിക്കൊണ്ടേയിരുന്നു...

(തുടരും)

അനുമോൾ
ഹണിമൂണിന് ബ്രഹ്മരക്ഷസ് കണ്ട അച്ഛനുമമ്മേം

Related Stories

No stories found.
Pappappa
pappappa.com