നാ​ഗലാന്റിലെ ആ​ദിമ നിവാസികളുടെ കഥ; അപൂർവബഹുമതിയുമായി 'ആങ്‌ഗ്'ടൊറന്റോ മേളയിൽ

'ആങ്‌ഗ്'എന്ന സിനിമയിൽ നിന്ന്
'ആങ്‌ഗ്'എന്ന സിനിമയിൽ നിന്ന്ഫോട്ടോകടപ്പാട്-ടിഐഎഫ്എഫ്
Published on

കാലം അറുപതുകളുടെ തുടക്കം. സ്ഥലം, അന്നത്തെ ബര്‍മയുടെ അതിര്‍ത്തി പങ്കിടുന്ന നാഗലാന്‍റിലെ ഒരു ഗ്രാമം. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടു ജീവിക്കുന്ന പതിനാറോളം ആദിമനിവാസികളുടെ ഗോത്രങ്ങളുണ്ട് ആ സംസ്ഥാനത്ത്. അവരില്‍ ഏറെപ്പേരും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളിലാകൃഷ്ടരായി മതം മാറുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് കിട്ടുന്ന പാരിതോഷികങ്ങളാണ്‌ അതിലെ പ്രധാനഘടകം തന്നെ.

സംസ്ഥാനം വികസനപാതയിലാണ്‌. ഗ്രാമങ്ങളില്‍ നിന്ന് പലരും നഗരങ്ങളിലേയ്ക്ക് ചേക്കേറിക്കഴിഞ്ഞു. ആ ഗ്രാമത്തിലെ കോണ്യാക് ഗോത്രത്തിലെ മൂപ്പനാണ്‌ ആങ്‌ഗ്‌ബ (Anghba) എന്നു വിളിക്കപ്പെടുന്ന കഥാനായകന്‍. കൂടെയുള്ളത് രോഗിണിയായ ജീവിതപങ്കാളിയും സംസാരശേഷിയില്ലാത്ത മകനും. ഒരു അമേരിക്കന്‍ മിഷണറിയുടെ വരവോടെ ആങ്‌ഗ്‌ബ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയാണ്‌ 'ആങ്‌ഗ്' എന്ന ചലച്ചിത്രത്തിന്‍റെ കഥാതന്തു. ടൊറോന്‍റോ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ പ്ലാറ്റ്‌ഫോം വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ് 'ആങ്‌ഗ്'.

Must Read
ടൊറോന്‍റോ ചലച്ചിത്രമേളയിൽ 'ഹാഫ്'; ജോൺ എബ്രഹാമിന് ആദരമായി 'അമ്മ അറിയാൻ'
'ആങ്‌ഗ്'എന്ന സിനിമയിൽ നിന്ന്

നാഗലാന്‍റില്‍ ജനിച്ചുവളര്‍ന്ന്, ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന തേജ റിയോ ആണ്‌ ചിത്രത്തിന്‍റെ സം‌വിധായകന്‍. ഇംഗ്ലണ്ടിലെ നാഷനല്‍ ഫിലിം ആന്‍റ് ടെലിവിഷന്‍ സ്കൂളില്‍ നിന്ന് ബിരുദം നേടിയ ആള്‍. ആങ്‌ഗ്‌ലോങ് കോണ്യാക് ആണ്‌ ഗോത്രത്തലവനായി വേഷമിടുന്നത്. ആമാ കോണ്യാക്, സോബിനോ രംഗ്‌മ എന്നിവരോടൊപ്പം, വിഖ്യാത ഇംഗ്ലീഷ് നടനായ ഡഗ്‌ളസ് ഹെന്‍ഷാള്‍ അമേരിക്കന്‍ പാതിരിയുടെ വേഷമിടുന്നു എന്നുള്ളതാണ്‌ ഈ ചിത്രത്തിന്‍റെ പ്രത്യേകത. ബാഫ്റ്റ (ബ്രിട്ടീഷ് അക്കദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ)പുരസ്ക്കാരജേതാവായ ഹെന്‍‌ഷാള്‍ സ്കോട്ടിഷ് യൂത്ത് തീയേറ്ററില്‍ നിന്നു പരിശീലനം ലഭിച്ച നടനാണ്‌.

തേജ റിയോ
തേജ റിയോഫോട്ടോകടപ്പാട്-ടിഐഎഫ്എഫ്

ബിബിസി യുടെ ക്രൈം ഡ്രാമയായ 'ഷെറ്റ്‌ലാന്‍ഡ്' (Shetland) കണ്ടിട്ടുള്ളവര്‍ക്ക് അതിലെ നായകനായ ഡിറ്റെക്‌ടീവ് ജിമ്മി പെരേസിനെ പെട്ടെന്ന് മറക്കാനാവില്ല. അതേപോലെ, ആഗത ക്രിസ്റ്റിയുടെ നോവെലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട 'മര്‍ഡര്‍ ഈസ് ഈസി' (Murder Is Easy), Netflix ന്‍റെ ത്രില്ലര്‍ സീരീസ് ആയ 'ഹൂ ഈസ് എറിന്‍ കാര്‍ട്ടെര്‍' (Who Is Erin Carter) എന്നിവയും ഹെന്‍‌ഷാളിനെ ലോകപ്രശസ്തനാക്കി. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പോളണ്ടുകാരനായ ആഡം പീക്കിവിക്‌സ് (Adam Pietkiewicz) ആണ്‌ നിര്‍‌വ്വഹിച്ചിരിക്കുന്നത്. ചിത്രസം‌യോജക - ടാനിയ ഛബ്രിയ.

'ആങ്‌ഗ്'എന്ന സിനിമയിൽ നിന്ന്
'ആങ്‌ഗ്'എന്ന സിനിമയിൽ നിന്ന്ഫോട്ടോകടപ്പാട്-ടിഐഎഫ്എഫ്

'ഇന്ത്യക്കാര്‍ക്കു പോലും ഇപ്പോഴും അജ്ഞാതമായി നിലകൊള്ളുന്ന ഒരു പ്രദേശത്തെ ജീവിതങ്ങളെക്കുറിച്ചാണ്‌ എന്‍റെ സിനിമ. സത്യസന്ധമായി സിനിമയിലൂടെ ജീവിതങ്ങള്‍ അനുഭവിച്ചറിയാനാഗ്രഹിക്കുന്നവര്‍ക്ക് എന്‍റെ ചിത്രം ഇഷ്ടമാകും'- റിയോ പറയുന്നു. 2021 ല്‍ ഹ്രസ്വചിത്രമായി ചെയ്ത ഈ സിനിമ ഫ്രാന്‍സിലെ ക്ലെര്‍മോണ്ട് - ഫെറന്‍ഡ് രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ പുരസ്ക്കാരം നേടിയിരുന്നു. അതേ ചിത്രമാണ്‌ ഇപ്പോള്‍ മുഴുനീള കഥാചിത്രമായി ടൊറോന്‍റോയിലെത്തുന്നത്.

ലഭിക്കപ്പെട്ട നാലായിരത്തിലധികം ചിത്രങ്ങളില്‍ നിന്ന്, കഥപറയലിലും സം‌വിധാനത്തിലും മികവു പുലര്‍ത്തുന്ന 12 ചിത്രങ്ങളാണ്‌ പ്ലാറ്റ്‌ഫോം വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ടൊറോന്‍റോ മേളയിലെ പ്ലാറ്റ്‌ഫോം വിഭാഗത്തില്‍ നിന്ന് പുരസ്‌കൃതമാകുന്ന ചിത്രം നേരിട്ട് ഓസ്കർ നോമിനേഷനിലേയ്ക്ക് ഈ വര്‍ഷം മുതല്‍ എത്തും എന്നുള്ള വാര്‍ത്തപോലും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ പ്രശസ്തിക്കുള്ള അംഗീകാരമാണ്‌.

Pappappa
pappappa.com