

തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് മുന്നോടിയായി വൈകാരികമായ കുറിപ്പുമായി സംവിധായകൻ പ്രിയദർശൻ. കൂട്ടുകാരോടൊപ്പം ബിഗ് സ്‌ക്രീനിൽ ഈ സിനിമ കാണണമെന്നും ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ഇത് തന്റെ അഭ്യർഥനയാണെന്നും പ്രിയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒക്ടോബർ എട്ടിനാണ് 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തീയറ്റുകളിലെത്തുന്നത്. നേരത്തെ ഒക്ടോബർ ഒന്നിനാണ് റിലീസ് നിശ്ചിയിച്ചിരുന്നത്.
പ്രിയദർശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. രണ്ടു ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ.
മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞ്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.
എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്.
ഒക്ടോബർ 8ന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ.