

മമ്മൂട്ടിയുടെ ആരാധകർക്ക് പ്രായഭേദമില്ല. ഏറ്റവും പുതിയ തലമുറയിലുള്ളവരുടെ മനസ്സിലേക്ക് പോലും അദ്ദേഹം കടന്നുചെല്ലുന്നു. എല്ലാ തലമുറയുടെയും നായകനാണ് അദ്ദേഹം. എട്ടുവയസ്സുകാരനെയും എൺപതുവയസ്സുകാരനെയും ഒരുപോലെ ആരാധകനാക്കുന്ന മാജിക്കിന്റെ പേരാണ് മമ്മൂട്ടി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം സ്വന്തം ജീവിതത്തിൽ നിന്ന് എടുത്തു കാട്ടുകയാണ് മമ്മൂട്ടിയുടെ പിആർഒയും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആന്റ് ഷെയർ ഇന്റർനാഷണലിന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ്.
ഓസ്ട്രേലിയയിലാണ് റോബർട്ട് സകുടുംബം താമസിക്കുന്നത്. അവിടെനിന്ന് ഇത്തവണ നാട്ടിൽ വന്നപ്പോൾ മമ്മൂട്ടിയെ കാണാൻ പോയ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ആറും പതിനൊന്നും വയസ്സ് പ്രായമുള്ള തന്റെ മക്കളുടെ മമ്മൂട്ടിയാരാധനയുടെ നിമിഷങ്ങൾ അതിൽ വിവരിക്കുന്നു. അവരുടെ തീവ്രമായ ഇഷ്ടം കണ്ട് 'നിങ്ങൾ അപ്പനേം വെട്ടുന്ന ഫാൻസ് ആണല്ലോ' എന്നാണ് പൊട്ടിച്ചിരിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞത്. തന്റെ ജീവിതത്തിൽ നിന്നുള്ള ഒരനുഭവം മമ്മൂട്ടിയുടെ നാലാംദേശീയ അവാർഡ് നേട്ടത്തിലുള്ള ആശംസയുമായി ചേർത്തുവയ്ക്കുകയാണ് റോബർട്ട് കുര്യാക്കോസ്. കുറിപ്പിന്റെ പൂർണരൂപം:
എന്നെക്കണ്ടല്ല, സിനിമകൾ കണ്ടുകണ്ടാണ് അവർ ആ മനുഷ്യനെ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം കാണാൻ ചെന്നപ്പോൾ രണ്ടുപേർക്കും ഓട്ടോഗ്രാഫ് വേണം. ഒരാൾ കൈത്തണ്ട നീട്ടി..മറ്റൊരാൾ ഷർട്ടിന്റെ കോളറും. 'മാഞ്ഞുപോകില്ലേ..' എന്ന് അദ്ദേഹം ചോദിച്ചപ്പോൾ 'ഞാനിത് ഇനി കഴുകില്ലെ'ന്ന് ഷർട്ടിൽ ഒപ്പുവാങ്ങിയവന്റെ മറുപടി. മറ്റവൻ ഉള്ളിൽ പറഞ്ഞുകാണും, 'കൈയിലല്ല,മനസ്സിലാണ് ഒപ്പിട്ടതെന്നും അതുകൊണ്ട് ഒരിക്കലും മായില്ലെന്നും..'ഒപ്പിനൊപ്പം ചോക്ലേറ്റ് നീട്ടിയപ്പോൾ മൂത്തവൻ പറഞ്ഞു: 'ഞങ്ങളിത് കഴിക്കില്ല,ഫ്രെയിം ചെയ്തുവയ്ക്കും...' 'നിങ്ങൾ അപ്പനേം വെട്ടുന്ന ഫാൻസ് ആണല്ലോ എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് മമ്മൂക്ക. ആറും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളുടെ ഉള്ളിൽപ്പോലും പതിഞ്ഞുകിടക്കുന്ന മുഖത്തിന്...ഏതുതലമുറയുടെ ഉള്ളിലെയും മായാത്ത കൈയൊപ്പിന്...ഒരിക്കലും അലിഞ്ഞുപോകാത്ത മധുരത്തിന്...അഭിമാനത്തോടെ ആശംസകൾ...