

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'പോക്കറ്റ് നോവല്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നടി മാളവിക മോഹനന്‍. വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം ഓര്‍ത്തെടുത്തുകൊണ്ട് വൈകാരികമായ ഒരു കുറിപ്പാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഒപ്പമുണ്ട്.
ചില സിനിമകള്‍ നിര്‍മാണ വേളയില്‍ തന്നെ ഒരു കുഞ്ഞു ലോകമായി മാറുമെന്നും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മാളവിക കുറിച്ചു. 'മാസ്റ്റര്‍', 'പേട്ട' എന്നീ സിനിമകളില്‍ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും വിജയ് സേതുപതിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ആ കാത്തിരിപ്പാണ് ഈ ചിത്രത്തിലൂടെ പൂര്‍ത്തിയായതെന്നും അവര്‍ വ്യക്തമാക്കി. ഏറെ പിന്തുണ നല്‍കുന്ന മികച്ചൊരു സഹപ്രവര്‍ത്തകനാണ് വിജയ് സേതുപതിയെന്ന് മാളവിക കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ വേറിട്ട കാഴ്ചപ്പാടുകളെയും ചിന്തകളെയും കുറിച്ച് സംസാരിച്ച മാളവിക, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചത് ജീവിതത്തിലെ വലിയൊരു അനുഭവമാണെന്ന് പറഞ്ഞു. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും കോസ്റ്റ്യൂം ഡിസൈനറുമായ ഏഴിൽമതിക്കും മാളവിക നന്ദി അറിയിച്ചു.
ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാജ് ബി ഷെട്ടി, കിഷോര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടൈലര്‍ ഡര്‍ഡന്‍ ആന്‍ഡ് കിനോ ഫിസ്റ്റ് എന്ന ബാനറില്‍ ത്യാഗരാജന്‍ കുമാരരാജ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
മാളവിക മോഹനന്റെ കുറിപ്പിന്റെ പൂർണരൂപം:
ചില സിനിമകൾ നമ്മൾ അതിൽ പ്രവർത്തിച്ചുകൊണ്ടിരി ക്കുമ്പോൾ തന്നെ സ്വന്തമായൊരു ചെറിയ ലോകമായി മാറും. അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ ഭാഗ്യവതിയാണെന്ന് തോന്നുന്നു.
സിനിമാ യാത്രയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്-സിനിമകൾ ഉണ്ടാക്കുന്നതിനെക്കാൾ പ്രധാനമാണ് അവ ഉണ്ടാക്കുന്ന ആളുകൾ. ഒരു സിനിമയുടെ ഭാഗമായി മാസങ്ങളോളം ഒരു വലിയ ടീമിനൊപ്പം ദിവസവും മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നു. പരസ്പരം അടുത്തറിയുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, മണിക്കൂറുകളോളം സംസാരിക്കുന്നു, നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഒരുമിച്ച് കടന്നുപോകുന്നു, വൈകാരികമായ ഉയർച്ചകളും താഴ്ചകളും ഒരുമിച്ച് അനുഭവിക്കുന്നു.
അറിയാതെ തന്നെ അവർ നിങ്ങളുടെ വീട്ടിൽ നിന്ന് അകലെ മറ്റൊരു വീടായി മാറുന്നു.
@actorvijaysethupathi-ഏറ്റവും കരുതലുള്ള, മറ്റുള്ളവർക്ക് വേണ്ടി എല്ലാം നൽകാൻ തയ്യാറുള്ള സഹതാരമായതിന് നന്ദി. ഈ യാത്ര നിങ്ങളോടൊപ്പം ചെയ്തതുകൊണ്ട്, മറ്റാരുടെയെങ്കിലും കൂടെ ഈ പ്രക്രിയയുടെ ഭാഗമായിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന് എനിക്ക് ചിന്തിക്കാനാകുന്നില്ല. എത്ര സമയമെടുത്താലും, എത്ര ബുദ്ധിമുട്ടുണ്ടായാലും, കാര്യങ്ങൾ ശരിയായി ചെയ്യാനും സ്വയം പരീക്ഷിച്ചുനോക്കാനും നിങ്ങൾ എനിക്ക് നൽകിയ പ്രോത്സാഹനവും ഒരുക്കിത്തന്ന ആ സുഖകരമായ അന്തരീക്ഷവും ഒരിക്കലും മറക്കാനാകില്ല.
‘പേട്ട’, ‘മാസ്റ്റർ’ എന്നീ രണ്ട് സിനിമകളിൽ നമ്മൾ ഒരുമിച്ച് ഭാഗമായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഈ അവസരം ഏറെക്കാലമായി കാത്തിരുന്നതായിരുന്നു. ഒടുവിൽ അത് സംഭവിച്ചതും ഇത്ര മനോഹരമായൊരു അനുഭവമായി മാറിയതും ഏറെ സന്തോഷം നൽകുന്നു.
TK-നിങ്ങൾ ശരിക്കും ഒരു കൂൾ ക്യാറ്റാണ്. ആളുകളെയും ഈ ലോകത്തെയും കാണാൻ നിങ്ങൾക്കുള്ളത് വളരെ അപൂർവമായൊരു കാഴ്ചപ്പാടാണ്. നിങ്ങളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണ്. അതിലുപരി, നിങ്ങളെ ഒരു വ്യക്തിയായും സുഹൃത്തായും അടുത്തറിയാൻ കഴിഞ്ഞത് ഏറെ വിലപ്പെട്ടതാണ്.
ഒരു മേക്കർ എന്ന നിലയിൽ, ശക്തിയും കരുണയും ഒരുപോലെ ചേർന്ന അതിമനോഹരമായൊരു വ്യക്തിത്വമാണ് നിങ്ങളുടേത്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം എങ്ങനെയാണ് ഇത്ര മനോഹരമായി ചെയ്യുന്നതെന്ന് കണ്ട് ഞാൻ എന്നും അത്ഭുതപ്പെടുന്നു.
@ezhilmadhi16-ഈ യാത്രയിലുടനീളം ഏറ്റവും സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും കരുതലോടെയും എല്ലാവർക്കും വേണ്ടി എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായതിന് നന്ദി.
ഓ, പിന്നെ വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മനോഹരമായ എല്ലാത്തരം കാര്യങ്ങൾ എന്നിവയിലുള്ള നമ്മുടെ ഒരേ ഇഷ്ടത്തിനും നന്ദി. അതുകൊണ്ട് ഒരുമിച്ച് ഓരോ കാര്യങ്ങളും തിരഞ്ഞെടുത്തും നോക്കിയും നടക്കുന്നത് കൂടുതൽ രസകരമായി.
പോക്കറ്റ് നോവൽ-നീ എനിക്ക് ഒരു സിനിമയേക്കാൾ ഒരുപാട് കൂടുതലാണ്.
തിയേറ്ററുകളിൽ ഉടൻ കാണാം.