

മഞ്ജു വാരിയർക്കെതിരേ സോഷ്യൽമീഡിയയിലൂടെയും ഓൺലൈൻ ചാനലുകളിലെയും അഭിമുഖങ്ങളിലൂടെ തുടരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സംവിധായകൻ സനൽകുമാർ ശശിധരന് പരോക്ഷമറുപടിയുമായി മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാരിയർ. മഞ്ജു സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന സനൽകുമാറിന്റെ വ്യാജപ്രചാരണത്തെ പരിഹസിക്കുന്ന കുറിപ്പാണ് അദ്ദേഹത്തിന്റെ പേരു പരാമർശിക്കാതെ മധു സമൂഹമാധ്യമങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അമ്മയ്ക്കും ഭാര്യയ്ക്കും മകൾക്കുമൊപ്പം മഞ്ജുവിനെ സന്ദർശിച്ചതിനെക്കുറിച്ചാണ് മധു എഴുതുന്നത്. മഞ്ജുവിനൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഞ്ജു വാരിയരെ സെക്സ്മാഫിയയുടെ തടവിൽ നിന്ന് മോചിപ്പിക്കുക,ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരൻ ഇന്നലെ നിരാഹരസമരം ആരംഭിച്ചിരുന്നു.
മധുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി.
അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പോ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.