

നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത് മലയാളസിനിമയിലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ.
'കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ. ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്'-മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.
നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ. ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൽ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.
സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി സ്വന്തമാക്കി സിനിമയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. നിവിന്‍ പോളിയും മമിത ബൈജുവും പ്രണയജോഡികളായെത്തിയ ഈ സിനിമ കല്യാണി പ്രിയദർശൻ നായികയായ ലോകയുടെ റെക്കോഡാണ് തകർത്തെറിഞ്ഞത്. 302.65 കോടിയായിരുന്നു ലോകയുടെ കളക്ഷൻ. ഇത് മറികടന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്'തിയേറ്ററുകളിൽ നിന്ന് ഏതാണ്ട് 320കോടിയോളം നേടി. ജിയോ ഹോട്സ്റ്റാറിലൂടെ ഒടിടിയിലെത്തിയപ്പോഴും വമ്പൻപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.ഗിരീഷ് എ.ഡിയും കിരൺജോസിയും ചേർന്നാണ് തിരക്കഥ. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം നിവിൻ-മമിത ജോഡിയുടെ സ്ക്രീൻ കെമിസ്ട്രിയായിരുന്നു.