ഹേമന്തജാലം,ഹേമലത,ദൂരദർശൻ വഴി 'പ്രസാർ ഭാരതി കുടുംബ യൂണിറ്റി'ലേക്ക് ഒരു 'തീർഥാടനം'

ഹേമന്തജാലം,ഹേമലത,ദൂരദർശൻ വഴി 'പ്രസാർ ഭാരതി കുടുംബ യൂണിറ്റി'ലേക്ക് ഒരു 'തീർഥാടനം'
Published on: 

'ഹേ വർണ്ണജാലം...ഹേമന്ത കാലം

മൗനഭംഗി പോലും...ലോലമെന്ത് ലോലം...'

'ബത്‍ലഹേം കുടുംബ യൂണിറ്റി'ലെ പാട്ട് കേട്ട് കൊണ്ടിരിക്കുന്നു...ഹേമന്ത കാലം എന്ന് കേട്ടപ്പോൾ ഒരു ഹേമയെ ഓർമ്മ വന്നു. ദൂരദർശനിൽ വാർത്ത വായിച്ചിരുന്ന ഹേമ അഥവാ ഹേമലത.

1985 ജനുവരി ഒന്നിന് തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം തുടങ്ങിയതിൻ്റെ അടുത്ത ദിവസം, അതായത് ജനുവരി രണ്ടിനാണ്, ആദ്യമായി മലയാള വാർത്ത സംപ്രേക്ഷണം ചെയ്ത് തുടങ്ങുന്നത്.. ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചത് ജി.ആർ കണ്ണൻ. അതിൻ്റെ തൊട്ടടുത്ത ദിവസം വാർത്ത വായിച്ചതോ ഹേമലതയും. അടുത്തടുത്ത ദിവസങ്ങളിൽ വാർത്ത വായിച്ച അവർ തമ്മിൽ അടുത്തു. പ്രണയത്തിൻ്റെ തിരനോട്ടം വിവാഹത്തിൻ്റെ ചിത്രഗീതത്തിൽ എത്തി.

Must Read
​ഗ്രീൻവിച്ചിലെ ബാറിൽ നിന്ന് കേരളത്തിലെ തിയേറ്ററുകളിലേക്കൊരു പ്രണയ'യാത്ര'
ഹേമന്തജാലം,ഹേമലത,ദൂരദർശൻ വഴി 'പ്രസാർ ഭാരതി കുടുംബ യൂണിറ്റി'ലേക്ക് ഒരു 'തീർഥാടനം'

ഇനിയല്പം ഫ്ലാഷ്ബാക്ക്! ആകാശവാണിയുടെ പ്രതാപ കാലത്ത് ബാലലോകം പരിപാടിയിലൂടെ 'റേഡിയോ അമ്മാവൻ' എന്ന പേരിൽ പ്രസിദ്ധനായ ബ്രോഡ്കാസ്റ്റിങ് ആർട്ടിസ്റ്റ് കരമന ഗംഗാധരൻ നായരായിരുന്നു ജി.ആർ കണ്ണൻ്റെ അച്ഛൻ. മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ 'ന്യൂസ് പേപ്പർ ബോയി'ൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം അടൂർ ഗോപാലകൃഷ്ണൻ്റെ പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സിനിമയിൽ ഗായകൻ, ഗാന രചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൻ്റെ അമ്മ ടി.പി രാധാമണിയും ആകാശവാണിയിലെ തന്നെ ഉദ്യോഗസ്ഥ ആയിരുന്നു. റേഡിയോ നാടകങ്ങളിലൂടെ ഏറെ പ്രസിദ്ധയായിരുന്നു. നിരവധി സിനിമകൾക്ക് ഡബ്ബിങ് ചെയ്തിട്ടുണ്ട്. സത്യൻ അന്തിക്കാടിൻ്റെ രസതന്ത്രം ഉൾപ്പടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

ജി.ആർ.കണ്ണൻ
ജി.ആർ.കണ്ണൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'അല്ല... ബെത്ലഹേമിലേ പാട്ടും ഇതും തമ്മിൽ?' എന്നല്ലേ ആലോചിച്ചത്.. ക്ഷമ മട്ടൻ ട്രോട്ടർ സൂപ്പിൻ്റെ ഗുണം ചെയ്യുമെന്നാ...Wait!

കണ്ണൻ്റെ സഹോദരനായ ചന്ദ്രമോഹൻ പ്രശസ്തനായ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. നടൻ ശങ്കറിന് നൂറ്റി അമ്പതിലേറെ സിനിമകളിൽ ശബ്ദം നൽകിയത് ചന്ദ്രമോഹനാണ്. തെലുങ്ക് ഡബ്ബിങ് സിനിമകളിൽ ചിരഞ്ജീവിയുടെ ശബ്ദമായതും ചന്ദ്രമോഹൻ തന്നെ. മോനിഷയ്ക്ക് സ്ഥിരമായി ശബ്ദം നൽകിയിരുന്ന പ്രശസ്ത ഡബ്ബിങ് കലാകാരി അമ്പിളി ആയിരുന്നു ചന്ദ്രമോഹൻ്റെ ഭാര്യ. കണ്ണൻ്റെ മറ്റൊരു സഹോദരൻ നന്ദകുമാറും ഡബ്ബിങ് കലാകാരനായിരുന്നു. റഹ്മാൻ, വിനീത് എന്നിവർക്കൊക്കെ ശബ്ദം നൽകിയിരുന്ന നന്ദകുമാർ തന്നെയാണ് 'ഞാൻ ഗന്ധർവ്വൻ' സിനിമയിൽ നിതീഷ് ഭരദ്വാജിൻ്റെ ശബ്ദമായതും.

ഹേമലത
ഹേമലതഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അപ്പുറത്ത് ഹേമലതയുടെ കുടുംബത്തിലും ഉണ്ട് സിനിമാ കണക്ഷൻ. റാം ഗോപാൽ വർമ്മയുടെ സിനിമകളിലെ സ്ഥിരം സൗണ്ട് ഡിസൈനർ ആയിരുന്ന ദ്വാരക് വാര്യർ (ഹരീന്ദ്രനാഥ്) ഹേമലതയുടെ സ്വന്തം സഹോദരനാണ്. പത്ത് വർഷങ്ങളിലേറെ ഡോൾബി ലാബിൻ്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ഭാഗവുമായിരുന്നു ദ്വാരക്.

'ഇതെല്ലാം ഇപ്പോ പറയാൻ കാരണം?' എന്ന് ആ മനസ്സ് ചോദിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. കാരണം ഇരുക്ക്...!

ദൂർശനിൽ വാർത്തവായിക്കുന്ന ഹേമലത, ജി.ആർ.കണ്ണൻ ഷൂട്ടിങ്ങിനിടെ
ദൂർശനിൽ വാർത്തവായിക്കുന്ന ഹേമലത, ജി.ആർ.കണ്ണൻ ഷൂട്ടിങ്ങിനിടെഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ദൂരദർശനിൽ വാർത്താ വായനയിൽ നിന്ന് പ്രോഗ്രാം പ്രൊഡക്ഷനിലേക്ക് പോയ ജി.ആർ കണ്ണൻ സാക്ഷാൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ജയറാം -സുഹാസിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'തീർഥാടനം' എന്ന സിനിമ സംവിധാനം ചെയ്തു. ഹേമലതയാകട്ടെ തൻ്റെ സ്വതസിദ്ധമായ താളത്തിൽ വാർത്താ വായന തുടർന്നു. റിട്ടയർ ചെയ്യുന്ന ദിവസവും വാർത്ത വായിച്ചു കൊണ്ടാണ് ജോലിയോട് വിട പറഞ്ഞതും.

കണ്ണൻ - ഹേമലത ദമ്പതിയുടെ മകൾ പൂർണിമ കണ്ണൻ റേഡിയോ മാംഗോയിൽ RJ ആയിരുന്നു. വിവാഹം കഴിച്ചിരിക്കുന്നത് സംഗീത സംവിധായകൻ വിഷ്ണു വിജയ്നെയാണ്. ആദ്യം പറഞ്ഞ പാട്ട് പാടിയിരിക്കുന്നതും പൂർണിമ കണ്ണനാണ്. ഹരിശങ്കറിനൊപ്പം...ഇപ്പോ ഒകെ ആയില്ലേ?

​ഹേമലതയും ജി.ആർ.കണ്ണനും മകൾ പൂർണിമ കണ്ണനും
​ഹേമലതയും ജി.ആർ.കണ്ണനും മകൾ പൂർണിമ കണ്ണനുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'ദൂരദർശൻ വാർത്താ വായനക്കാരായിരുന്ന കണ്ണൻ്റെയും ഹേമലതയുടെയും മകൾ പൂർണ്ണിമയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റി'ൽ സ്വന്തം ഭർത്താവ് വിഷ്ണു വിജയ് ഈണമിട്ട വർണ്ണജാലം എന്ന പാട്ട് പാടിയിരിക്കുന്നത്' എന്ന് പറയാവുന്ന കേസല്ലേ ഉള്ളൂ എന്നാണോ?

അതിലൊരു ത്രില്ലില്ല...വരുക...ഒരു ലോഡ് ട്രിവിയ വാരി വിതറുക...പോവുക...അത്രന്നെ!

വിഷ്ണു വിജയ്,ഭാര്യ പൂർണിമ കണ്ണൻ
വിഷ്ണു വിജയ്,ഭാര്യ പൂർണിമ കണ്ണൻഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

പിന്നെ, ഈ പാട്ടിൻ്റെ സംഗീത സംവിധായകൻ വിഷ്ണു വിജയ്നും ആകാശവാണി ബന്ധമുണ്ട്. പുല്ലാങ്കുഴൽ വിദ്വാനും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്ന അമ്പലപ്പുഴ വിജയനാണ് വിഷ്ണു വിജയൻ്റെ അച്ഛൻ. അദ്ദേഹം ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ഏറെക്കാലം ലളിതസംഗീതപാഠം എന്ന പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

'വർണജാലം' ​ഗാനത്തിന്റെ പോസ്റ്റർ
'വർണജാലം' ​ഗാനത്തിന്റെ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മൊത്തത്തിൽ ഒരു 'പ്രസാർ ഭാരതി കുടുംബ യൂണിറ്റ്' എന്ന് പ്രഖ്യാപിക്കാമെന്ന് തോന്നുന്നു അല്ലേ. ഇനി, ഈ പാട്ടെഴുതിയ വിനായക് ശശികുമാറിന് എന്തെങ്കിലും ആകാശവാണി/ദൂരദർശൻ ബന്ധമുണ്ടോ എന്ന് ചോദിച്ചിട്ട് വരാം...

(മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാ ബേസ്-m3db-യിൽ പങ്കുവെച്ച കുറിപ്പ്)

Pappappa
pappappa.com