

വിജയ് സേതുപതി, സായ് പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ഹിറ്റ് 'ബത്ത' ഒടിടി റിലീസിനൊരുങ്ങുന്നു. ബാലാജി തരണീതരൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തി ഏകദേശം ഒരു മാസത്തിനുശേഷമാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 29-ന് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാം.
തിയേറ്റര്‍ റിലീസിനുശേഷം ചിത്രം വ്യാജപ്പതിപ്പ് പ്രചരിച്ചതിനെത്തുടർന്നാണ് ഒടിടി റിലീസ് തിയതി പെട്ടെന്ന് പ്രഖ്യാപിച്ചത്. സിനിമയിലെ ചില രംഗങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും, ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ചത്ര കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല. സാക്നില്‍ക് കണക്കുകള്‍ പ്രകാരം ചിത്രം തിയേറ്ററുകളില്‍ നിന്ന് ഏകദേശം 33 കോടി രൂപ മാത്രമാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.
ഒരു ഗ്യാങ്സ്റ്ററെ (വിജയ് സേതുപതി), വിദ്യാര്‍ഥി (സായ് പൃഥ്വിരാജ്) സ്കൂള്‍ ടോയ്ലറ്റില് യാദൃച്ഛികമായി പൂട്ടിയിടുന്നതും പിന്നീട് തന്റെ തെറ്റ് മനസിലാക്കി അയാളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മുരത് ഖേതാനി, പ്രിയ അറ്റ്ലി, അലോക് ജെയിന്, അജിത് അന്ധാരെ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ അവതാരകന് അറ്റ്ലിയാണ്. ലിജോമോള്‍ ജോസ്, അജയ് ഘോഘ്, ശാന്തി ബാലചന്ദ്രന്, അര്ജുന് ചിദംബരം തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
ഫീല്‍ ഗുഡ് ചിത്രമായ 'ബത്ത' ആത്മാര്‍ഥമായ മനുഷ്യബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ബാലാജിയുടെ സംവിധാനവും, പ്രധാന താരങ്ങളുടെ അഭിനയവും, സായ് അഭ്യങ്കറിന്റെ സംഗീതവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.