

സോഷ്യൽമീഡിയയിൽനിന്ന് മലയാള സിനിമയിലേക്കെത്തിയ പുതുനിര ഒന്നിച്ച 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' ബോക്‌സ് ഓഫീസില്‍ അവിശ്വസനീയമായ മുന്നേറ്റത്തിനു ശേഷം പ്രദര്‍ശനം അവസാനിപ്പിക്കുന്നു. വെറും 13 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കേരളത്തില്‍നിന്നു മാത്രം ഇതുവരെ 128 കോടി രൂപയാണ് ഗ്രോസ് കളക്ഷനായി നേടിയത്. ഇതോടെ 'ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ റെക്കോഡ് മറികടന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടവും 'വാഴ 2' സ്വന്തമാക്കി.
ഇതിനു തൊട്ടുപിന്നാലെ ഒടിടിയിലേക്ക് എത്തുകയാണ് വാഴ. ജിയോ ഹോട് സ്റ്റാറിൽ മെയ് എട്ടിന് സ്ട്രീമിങ് തുടങ്ങും. സവിന്‍ സ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. വിപിന്‍ ദാസിന്റെയാണ് തിരക്കഥ.
റിലീസ് ചെയ്ത ആദ്യ നാല് വാരങ്ങളിലും ബോക്‌സ് ഓഫീസില്‍ എതിരാളികളില്ലാതെയാണ് ചിത്രം മുന്നേറിയത്. ആദ്യ ആഴ്ചയില്‍ തന്നെ 57.20 കോടി നേടിയ ചിത്രം രണ്ടാം ആഴ്ചയില്‍ 42.55 കോടിയും നേടി. എന്നാല്‍ അഞ്ചാം വാരത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച 'പേട്രിയറ്റ്' എത്തിയതോടെ കളക്ഷനില്‍ ഇടിവ് സംഭവിച്ചു. എങ്കിലും നിലവില്‍ ആഗോളതലത്തില്‍ 250 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.