

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി 41 തൊഴിലാളികള്‍ രണ്ടാഴ്ചയിലധികം കുടുങ്ങിക്കിടക്കുകയും, തുടര്‍ന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവരെ പുറത്തെത്തിക്കുകയും ചെയ്ത സംഭവം സിനിമയാകുന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. 'സിൽക്യാര 41' എന്നു പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായകൻ അമീർഖാനാണ്. 'ബജ്രംഗി ഭായ്ജാൻ', '83' എന്നീ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ ഹിറ്റ് മേക്കർ കബീർ ഖാൻ ആണ് സംവിധായകൻ.
ഇപ്പോഴിതാ അതേ സംഭവത്തെ ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നുവെന്ന വിവരമാണ് ബോളിവുഡിൽ നിന്നെത്തുന്നത്. 'ദ് റെയില്‍വേ മെന്‍' എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരീസിനുശേഷം യഷ് രാജ് ഫിലിംസിന്റെ ഡിജിറ്റല്‍ വിഭാഗമായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഇത് നിർമിക്കുന്നത്. 'ടണല്‍ മെന്‍' എന്നാണ് പ്രൊജക്ടിന് നല്‍കിയിരിക്കുന്ന പേര്. 'ദ് റെയില്‍വേ മെന്‍' സംവിധായകൻ ശിവ് റാവെയ്ൽ ആണ് ഷോ റണ്ണർ.
അംബിക പണ്ഡിറ്റ്, മനാൻ റാവത്ത് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലാകും സ്ട്രീമിങ്. യഷ് രാജ് ഫിലിംസും നെറ്റ്ഫ്ലിക്സും ചേര്‍ന്നാണ് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രവൃത്തികളും തിരക്കഥാരചനയും പുരോഗമിക്കുകയാണെന്ന് നിര്‍മാതാക്കളോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. യഥാര്‍ത്ഥ സംഭവത്തിന്റെ വൈകാരികതലവും രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തിയും ഒട്ടും ചോര്‍ന്നുപോകാതെയാണ് സീരീസ് ആസൂത്രണം ചെയ്യുന്നത്. പ്രധാന അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.
'സിൽക്യാര 41' എന്ന സിനിമ ആമിർ ഖാൻ പ്രൊഡക്ഷൻസും കബീർ ഖാൻ ഫിലിംസും ഓസ്ട്രേലിയയിലെ മൈൻഡ് ബ്ലോയിങ് ഫിലിംസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. രക്ഷാദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഓസ്ട്രേലിയൻ ടണലിങ് വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ റോളും ചിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കും. 'ദി വാട്ടർ ഡിവൈനർ' എന്ന വിഖ്യാത ചിത്രത്തിന്റെ രചയിതാവും ഓസ്ട്രേലിയൻ തിരക്കഥാകൃത്തുമായ ആൻഡ്രൂ അനസ്റ്റാസിയോസ് രചന നിർവഹിക്കുന്നു.
2023 നവംബറിലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് ഉത്തരകാശിയിലെ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ മലയിടിഞ്ഞുവീണത്. ഇരുളടഞ്ഞ തുരങ്കത്തിനുള്ളിൽ രണ്ടാഴ്ച മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞ് കൂടിയ 41 തൊഴിലാളികളെ വിവിധ ഇന്ത്യൻ ഏജൻസികളും വിദേശ വിദഗ്ധരും ഒത്തുചേർന്ന് 17 ദിവസം നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.