

ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയും ടാറ്റ കുടുംബത്തിലെ വിവിധ തലമുറകളുടെ ജീവിതവും പറയുന്ന പുതിയ വെബ് സീരീസ് അണിയറയില്‍ ഒരുങ്ങുന്നു. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി' എന്ന സീരീസിന്റെ അണിയറപ്രവര്‍ത്തകരാണ് പുതിയ പ്രോജക്ടുമായി രംഗത്തെത്തുന്നത്. 'ദ് ടാറ്റാസ്' എന്നു പേരിട്ടിരിക്കുന്ന സീരീസ്, ഗിരീഷ് കുബേറിന്റെ പ്രശസ്തമായ 'ദ് ടാറ്റാസ്: ഹൗ എ ഫാമിലി ബില്‍റ്റ് എ ബിസിനസ് ആന്‍ഡ് എ നേഷന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി'യുടെ തിരക്കഥാകൃത്തായ കരണ്‍ വ്യാസ് തന്നെയാണ് ഈ പുസ്തകം സീരീസിനായി ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കേവലം ഒരു കോര്‍പ്പറേറ്റ് ചരിത്രമല്ലെന്നും ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ മനുഷ്യരുടെ കഥയാണെന്നും കരണ്‍ വ്യാസ് വ്യക്തമാക്കി. ഓള്‍മൈറ്റി മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സീരീസ് വികസിപ്പിക്കുന്നത്.
മള്‍ട്ടി-സീസണ്‍ ഡ്രാമയായി ഒരുങ്ങുന്ന സീരീസ് ടാറ്റാ കുടുംബത്തിലെ നാല് തലമുറകളുടെ കഥയാണ് പറയുന്നത്. ജംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ, സര്‍ ദൊറാബ്ജി ടാറ്റ, ജെആര്‍ഡി ടാറ്റ, രത്തന്‍ നവല്‍ ടാറ്റ എന്നിവരുടെ ജീവിതവും ഒപ്പം ഇന്ത്യയിലുണ്ടായ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും സീരീസിന്റെ ഭാഗമാകും.
ടാറ്റാ കുടുംബം വെറും ബിസിനസ് മാത്രമല്ല, ആധുനിക ഇന്ത്യയെന്ന ആശയത്തെയാണ് കെട്ടിപ്പടുത്തതെന്ന് ടി-സീരീസ് മേധാവി ഭൂഷണ്‍ കുമാര്‍ പറഞ്ഞു. 'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി'ക്ക് പ്രേക്ഷകര്‍ നല്‍കിയ വലിയ പിന്തുണയാണ് പുതിയ പ്രോജക്റ്റിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.