
കെ-ഡ്രാമ 'ടു ദ് മൂൺ' ടീസറിനെതിരേ ലോകമെമ്പാടും വ്യാപക പ്രതിഷേധം ഉയർന്നതിനു തൊട്ടുപിന്നാലെ ക്ഷമാപണം നടത്തി ദക്ഷിണ കൊറിയൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയായ എംബിസി. ഇന്ത്യൻ, അറേബ്യൻ സംസ്കാരങ്ങളെ ആക്ഷേപിക്കുന്നരീതിയിലുള്ളതായിരുന്നു ടീസർ. ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ വൈറലായിരുന്നു.
ടീസറിൽ നടന്മാരായ ലീ സൺ-ബിൻ, റാ മി-റാൻ, ജോ എ-റാം, കിം യങ്-ഡേ എന്നിവർ അറബ്, ഇന്ത്യൻ വസ്ത്രങ്ങളുടെ ആശയക്കുഴപ്പമുണ്ടാക്കുന്ന കോസ്റ്റ്യൂം ആണ് ഉപയോഗിച്ചത്. ഇൻഡോ-അറബ് മിശ്രിതം എന്നുവേണമെങ്കിലും പറയാം. സ്ത്രീ കഥാപാത്രങ്ങൾ ഇന്ത്യയിൽ പരമ്പരാഗതമായി പ്രാധാന്യമുള്ള ബിന്ദി (വിവാഹിതരായ സ്ത്രീകൾ തൊടുന്ന സിന്ദൂരം) യും അറബ് ശൈലിയിലുള്ള ശിരോവസ്ത്രങ്ങളും ധരിച്ചിരുന്നു. വേഷം ധരിച്ച് നൃത്തവും അരേങ്ങേറി. ഇന്ത്യൻ,അറബ് പാരമ്പര്യങ്ങളെ അപമാനിക്കുന്നതാണിതെന്നായിരുന്നു വിമർശനം.
മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങൾ, പഴയ ശിലാകെട്ടിടങ്ങൾ എന്നിങ്ങനെയുള്ളവ ഉപയോഗിച്ച പശ്ചാത്തലവും വിമർശനത്തിന് ഇടയാക്കി. കെ-ഡ്രാമയുടെ കഥാഗതിയുമായി യാതൊരുവിധ ബന്ധമില്ലെങ്കിലും അറബ്, ഇന്ത്യൻ സംസ്കാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണിതെന്നായിരുന്നു സോഷ്യൽമീഡിയയിലെ പൊതുവികാരം. കറുത്ത വർഗക്കാർക്കെതിരേ വംശീയത പുലർത്തുന്ന കൊറിയക്കാർ ഇപ്പോൾ മിഡിൽ ഈസ്റ്റിനോടും ഇന്ത്യക്കാരോടും വംശീയമായി പെരുമാറുകയാണെന്നും ചിലർ ആരോപിച്ചു. പ്രതിഷേധം തങ്ങളുടെ പുതിയ റിലീസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ എംബിസി ടീസർ നീക്കം ചെയ്യുകയും ഔദ്യോഗികമായി ക്ഷമാപണം നടത്തുകയുമായിരുന്നു.