
ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം - മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം. അതിനായി അവർ ഒരുക്കിയ പദ്ധതിയോ? നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക.
പക്ഷേ അതിനൊരാൾ തടസവുമായെത്തി. നഗരത്തിലെ പാലിന്റെയും പുഷ്പ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞ അധോലോകം നിയന്ത്രിക്കുന്ന ക്രൂരനായ ഗ്യാങ്സ്റ്റർ. അതിന്റെ കഥയാണ് കൃഷാന്ത് ഒരുക്കുന്ന 4.5 ഗ്യാങ്. സോണി ലിവിന്റെ ഈ പുതിയ ഒറിജിനൽ സീരീസ് ഓഗസ്റ്റ് 29ന് സ്ട്രീം ചെയ്തുതുടങ്ങും.
ഈ വർഷത്തെ ഏറ്റവും വിചിത്രമായ ഗ്യാങ് എന്ന വിശേഷണത്തോടെയാണ് സോണി ലിവ് 4.5-നെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാർക്ക് ആക്ഷൻ കോമഡി ഒരുക്കിയിരിക്കുന്നത്.
ആവാസവ്യൂഹം,സംഘർഷഘടന,പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ കൃഷാന്ത് ഒരുക്കുന്നു എന്നതാണ് ഈ വെബ്സീരീസിന്റെ ഏറ്റവും വലിയ ആകർഷണം. കൃഷാന്തിന്റെ മുൻസിനിമകളിലെപ്പോലെ വ്യത്യസ്തമായ കഥപറച്ചിൽ രീതിയായിരിക്കും ഇതിലേതും. മാൻകൈൻഡ് സിനിമാസ് ആണ് നിർമാണം.
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം, വിഷ്ണു അഗസ്ത്യ എന്നിവർക്ക് പുറമേ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു.