

തിയേറ്ററിൽ റിലീസ് ചെയ്ത് രണ്ടുവർഷം പിന്നിടുമ്പോൾ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ഒടിടിയിലെത്തുന്നു. മെയ് 19 ന് സൈന പ്ലേയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. 2024 മെയ് 16ന് ആണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്.
സൂപ്പര്‍ഹിറ്റ് ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സുരേശന്‍, സുമലത എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ ചിത്രം ഒരുക്കിയത്. രാജേഷ് മാധവനും ചിത്രാ നായരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'ന്നാ താന്‍ കേസ് കൊടി'നു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക ശ്രദ്ധയോടെയാണ് സിനിമ എത്തിയത്. വേറിട്ട മേക്കിങ് ശൈലിയിലും അവതരണരീതിയിലുമെത്തിയ ചിത്രം പക്ഷേ തിയേറ്ററുകളിൽ സമ്പൂർണ പരാജയമായിരുന്നു. സാമ്പത്തികനഷ്ടത്തെച്ചൊല്ലി നിർമാതാവ് പരസ്യമായി രംഗത്തെത്തിയതും വാർത്തയായിരുന്നു. ഒടിടിയിലെത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.