

പുതിയ രൂപഭാവത്തിൽ ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന ചിത്രം മനോരമ മാക്സ് ഒടിടിയിൽ സ്ട്രീം ചെയ്തു തുടങ്ങി. ശക്തമായ പ്രമേയവും വേറിട്ട അവതരണവുമായി കാലിക പ്രസക്തമായ വിഷയമാണ് സ്റ്റേഷൻ 5 പ്രേക്ഷകരിൽ എത്തിക്കുന്നത്. പ്രശാന്ത് കാനത്തൂരാണ് സംവിധായകൻ.
'നരിവേട്ട', പുറത്തിറങ്ങാനിരിക്കുന്ന പൃഥിരാജിൻ്റെ 'വിലായത്ത് ബുദ്ധ' തുടങ്ങിയ ചിത്രങ്ങളിൽ നായികയായ പ്രിയംവദ കൃഷ്ണനാണ് സ്റ്റേഷൻ 5 ൽ പ്രധാന വേഷത്തിലെത്തുന്നത്. ഡയാന ഹമീദും മികച്ച വേഷത്തിലുണ്ട്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ തിയേറ്ററിലെത്തിയ സ്റ്റേഷൻ 5 ൽ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, രാജേഷ് ശർമ്മ, പ്രയാൺ വിഷ്ണു, ദിനേഷ് വർമ്മ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, ജയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, നഞ്ചിയമ്മ തുടങ്ങിയ താരനിര തന്നെയുണ്ട്.
പ്രതാപ് നായർ രചനയും ഛായാഗ്രഹണവും നിർവഹിക്കുന്നു. സലീഷ് ലാലാണ് ചിത്രസംയോജനം. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവർ എഴുതിയ ഗാനങ്ങൾ കെ.എസ്.ചിത്ര, നഞ്ചിയമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ്, ശ്രീഹരി എന്നിവർ ആലപിക്കുന്നു.