

മോളിവുഡിലെ 'ത്രില്ലര്‍ മാസ്റ്റര്‍' ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസ് 'റോസ്ലിന്‍: സീക്രട്ട് സ്റ്റോറീസ് അണ്‍ഫോള്‍ഡ്' റിലീസിന് ഒരുങ്ങുന്നു. ദൃശ്യത്തിനുശേഷം മീനയും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. ഫെബ്രുവരി 27 ന് ഈ ഇന്‍വെസ്റ്റിഗേറ്റീവ് സൈക്കോളജിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരിലേക്ക് എത്തും. ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ്. മലയാളം കൂടാതെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമാകും.
പേരുപോലെ തന്നെ റോസ്ലിന്‍ എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സഞ്ജന ദിപു അവതരിപ്പിക്കുന്ന റോസ്ലിന്‍ പച്ചക്കണ്ണുകളുള്ള ഒരു അജ്ഞാതന്‍ തന്നെ പിന്തുടരുന്നു എന്ന ഭയത്താല്‍ വേട്ടയാടപ്പെടുന്ന പെണ്‍കുട്ടിയാണ്. മകളുടെ മാനസികാവസ്ഥയെ വെറും തോന്നലെന്നു കരുതി തള്ളിക്കളയുന്നു മാതാപിതാക്കള്‍. ഒടുവില്‍, റോസ്ലിന്‍ ഭയപ്പെടുന്ന ആ 'വേട്ടക്കാരന്‍' മാതാപിതാക്കളുടെ വിശ്വസ്തനായ അതിഥിയായി വീട്ടിലേക്ക് എത്തുന്നതോടെ കഥ മാറുന്നു. അയാള്‍ ആരാണ്? റോസ്ലിന്റെ പേടി വെറും തോന്നലാണോ അതോ ഭീകരമായ സത്യമോ? ഇതിനുള്ള ഉത്തരമാണ് സീരീസ് തേടുന്നത്.
സുമേഷ് നന്ദകുമാര്‍ ആണ് സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റോസ്ലിന്‍ എന്ന പ്രധാന കഥാപാത്രമായി സഞ്ജന ദിപുവും റോസ്‌ലിന്റെ അമ്മയായി മീനയും എത്തുന്നു. വിനീത്, ഹക്കിം ഷാ, ശങ്കര്‍ രാമകൃഷ്ണന്‍, ടി.ജി രവി, അനിഷ്മ അനില്‍കുമാര്‍, അരൂപ് ശിവദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
'1000 ബേബീസ്', 'കേരള ക്രൈം ഫയല്‍സ്' തുടങ്ങിയ മലയാളം വെബ് സീരീസുകള്‍ക്ക് ലഭിച്ച ആഗോള സ്വീകാര്യത 'റോസ്ലിനും' കിട്ടുമെന്നാണ് ജിയോ ഹോട്സ്റ്റാറിന്റെ പ്രതീക്ഷ.
ജീത്തു ജോസഫിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്നതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും സസ്‌പെന്‍സും ഈ സീരീസില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 27-ന് നിഗൂഢതകളുടെ ആ വാതില്‍ തുറക്കുമ്പോള്‍, റോസ്ലിന്റെ രഹസ്യങ്ങള്‍ ലോകമറിയും.